sections
MORE

കൊറോണ എന്താണ് ചിലരെ മാത്രം കൊല്ലുന്നത്? ചിലര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല– ഗവേഷകർ പഠിക്കുന്നു

coronavirus-
SHARE

കൊറോണ വൈറസിനെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രഹേളികളിലൊന്ന് ഇതാണ് - ചിലരെ കൊല്ലുന്നു, അതേസമയം ചിലര്‍ക്ക് ചെറിയ തലവേദന പോലും വരുത്താതെ, രോഗം വന്നുവെന്ന തോന്നാല്‍ പോലുമുണ്ടാക്കാതെ പോകുന്നതെന്താണ്? ഇതേക്കുറിച്ചു പഠിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടിഷ് ഗവേഷകര്‍. രോഗം മൂര്‍ച്ഛിച്ചവരുടെയും നിസ്സാര പ്രശ്‌നങ്ങള്‍ മാത്രമുള്ളവരുടെയും ജനിതക കോഡ് താരതമ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഗവേഷകര്‍.

ഏതെങ്കിലും പ്രത്യേക ജീന്‍ ആണോ ഒരാളെ കോവിഡ് ബാധിക്കാന്‍ സാധ്യതയുള്ളവനാക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് പഠിക്കാനാണ് അവരിറങ്ങുന്നത്. ഇതിനായി കൊറോണ വൈറസ് കഠിനമായി ബാധിച്ച പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഇപ്പോള്‍ കഴിയുന്നവരോ, രോഗത്തില്‍ നിന്നു രക്ഷപെട്ടവരോ ആയ 20,000 രോഗികളുടെ സാംപിളുകളും, നിസ്സാര ലക്ഷണങ്ങളുമായി രോഗം വന്നുപോയ 15,000 പേരുടെ സാംപിളുകളും ശേഖരിച്ചായിരിക്കും താരതമ്യ പഠനം നടത്തുക. തങ്ങള്‍ക്ക് കൊറോണ വൈറസിനെക്കുറിച്ചുള്ള അറിവ് അത്രമേല്‍ ഇല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാരണം ഈ രോഗം കഴിഞ്ഞ വര്‍ഷം അവസാന കാലത്താണല്ലോ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടത്. എന്തായാലും ചിലരുടെ മരണത്തിനു വരെ ഇടയാക്കുന്ന തരത്തില്‍ മൂര്‍ച്ഛിക്കുകയും എന്നാല്‍ വേറെ ചിലര്‍ക്ക് കാര്യമായ ലക്ഷണങ്ങള്‍ പോലും കാണിക്കുന്നില്ല എന്നത് തങ്ങള്‍ക്ക് അദ്ഭുതമുണ്ടാക്കുന്ന കാര്യമാണെന്നാണ് അവര്‍ പറയുന്നത്.

എന്നാല്‍, ഇതേക്കുറിച്ചുള്ള ചില വ്യക്തമായ ധാരണയുണ്ടാക്കാന്‍ രോഗികളുടെ ജനിതകഘടന വിശകലനം ചെയ്യുന്നതിലൂടെ സാധിച്ചേക്കുമെന്നാണ് അവര്‍ കരുതുന്നത്. കില്ലര്‍ വൈറസ് ചിലരെ വെറുതെ വിടുന്നതിലെ നഗൂഢത അനാവരണം ചെയ്യാന്‍ സാധിക്കുമോ എന്നാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോയ്ക്കു വേണ്ടി ഗവേഷണം നടത്തുന്ന ടീമിന്റെ മേധവാവിയും ഇന്റന്‍സിവ് കെയര്‍ ഡോക്ടറുമായ കെനിത് ബെയിലി പറയുന്നത്.

ഇക്കാര്യത്തില്‍ എന്തൊ ശക്തമായ ജനിതക ഘടകം പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യത്തില്‍ തന്റെ വീടു തന്നെ ബെറ്റുവയ്ക്കാന്‍ തയാറാണെന്നാണ് ബെയിലി പറയുന്നത്. ബ്രിട്ടന്റെ ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക്ക് ഇരുവിഭാഗത്തിലും പെട്ട ആളുകളോട് ഈ പ്രോഗ്രാമില്‍ ചേരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിങ്ങളോട് ജനിതക ഘടനയെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ദയവായി സഹകരിക്കണം. ഈ പഠനം നടത്തുന്നത് ജെനോമിക് ഇംഗ്ലണ്ട് ആണ്. കാരണം ഇതിലൂടെ നമുക്ക് രോഗമുമുണ്ടാക്കുന്ന ജനിതക കണ്ണികളെക്കുറിച്ച് അറിയാനായേക്കും. ഇത് വൈറസിനെക്കുറിച്ച് ഒരു ശാസ്ത്രീയമായ ചിത്രം ഉണ്ടാക്കാനും സഹായിച്ചേക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

ജീവനുള്ള എന്തിന്റെയും ഡീഓക്‌സീറൈബോയന്യൂക്ലിയക് ആസിഡ്, അഥവാ ഡിഎന്‍എയുടെ സമ്പൂര്‍ണ്ണ സമൂഹമാണ് ജീനോം. മനുഷ്യരില്‍ 300 കോടി ആധാര ജോടികളാണ് (base pairs) ആണുള്ളത്. എന്നാല്‍, ഇവയെ തമ്മില്‍ താരതമ്യം ചെയ്യുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമൊന്നുമല്ല. ഏതു രണ്ടു വ്യക്തികള്‍ തമ്മിലും ഇവയില്‍ 40 ലക്ഷം മുതല്‍ 50 ലക്ഷം വരെ വ്യത്യാസം കാണാം. അതിനാല്‍ തന്നെ വളരെയധികം ആളുകളില്‍ നിന്നുള്ള സാംപിള്‍ എടുത്താല്‍ മാത്രമെ ഇത് പഠനവിധേയമാക്കാന്‍ സാധിക്കൂ എന്നാണ് ബെയിലി പറയുന്നത്. ബ്രിട്ടനില്‍ ഉടനീളമുള്ള ഐസിയുകളും ജീനോമിക്‌സ് ഇംഗ്ലണ്ട് തുടങ്ങിയവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ബെയിലിയുടെ ഉദ്ദേശം.

വളരെയധികം ആളുകളുടെ ജനിതകഘടന മുഴുവന്‍ പഠിക്കാനായാല്‍ അവ തമ്മിലുള്ള വ്യത്യസ്തത മനസിലാക്കാനായേക്കും. ഇതേ തുടര്‍ന്ന് പുതിയ തരം തെറാപ്പികള്‍ കണ്ടുപിടിച്ച് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം മുന്നോട്ടു കൊണ്ടുപോകാനും സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ജീവന്‍ രക്ഷിക്കുക, ഭാവിയില്‍ രോഗം പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ശ്രമിക്കുക എന്നിവയാണ് ഇവരുടെ രണ്ടു ലക്ഷ്യങ്ങള്‍.

പഠനം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ 2,000 പേരാണ് പങ്കെടുക്കുന്നത്. ചില ഉത്തരങ്ങള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പോലും കിട്ടയേക്കാമെന്നും ബെയ്‌ലി പറഞ്ഞു. എന്നാല്‍, കൂടുതല്‍ പേരെ ടെസ്റ്റു ചെയ്താല്‍ മാത്രമെ തങ്ങള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. പഠനത്തിലെ കണ്ടെത്തലുകള്‍ ആഗോളതലത്തില്‍ ശാസ്ത്രജ്ഞര്‍ക്കു ലഭ്യമാക്കും. നിങ്ങള്‍ ഒരു രോഗം ബാധിച്ചു മരിക്കുമോ എന്ന കാര്യം നിങ്ങളുടെ ജീനുകളില്‍ ശക്തമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍, ക്യാന്‍സര്‍ വന്നു മരിക്കുമോ, ഹൃദയാഘാതം വന്നുമരിക്കുമോ എന്ന കാര്യം ഇത്ര സ്പഷ്ടമായി അറിയാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

English Summary: Why does coronavirus kill some, spare others? Experts to search patient genes for clues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA