sections
MORE

കൊറോണ ഭീതി: ലോകത്ത് വരാൻ പോകുന്നത് വൻ ദുരന്തം, ജനങ്ങളുടെ മനോനില തെറ്റുന്നു!

corona-italy
SHARE

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആഗോളതലത്തില്‍ മനുഷ്യരുടെ മാനസികാരോഗ്യം കുഴപ്പത്തിലാകുന്നുവെന്ന് യുഎന്‍ മുന്നറിയിപ്പ്. പലവിധ സമര്‍ദങ്ങള്‍ ഏറുന്നതോടെ മാനസികാരോഗ്യം തകരാറിലാകാനുള്ള സാധ്യത മുന്‍കാലത്തെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് യുഎന്‍ വിദഗ്ധ സമിതി. സാമൂഹ്യ അകലം പാലിക്കുന്നതിനെ തുടര്‍ന്നുള്ള ഒറ്റപ്പെടല്‍, രോഗഭീതി, ഉറ്റവരുടെ രോഗവും മരണങ്ങളും തുടങ്ങി നിരവധി കാര്യങ്ങള്‍ ലോകത്തിന്റെ മാനസികാരോഗ്യത്തിന് ഭീഷണിയാവുന്ന കാരണങ്ങള്‍ അനവധിയാണെന്നും യുഎന്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു വഴി ഭാവിയിൽ ലോകത്ത് വൻ ദുരന്തമാണ് വരാൻ പോകുന്നതെന്നാണ് ഒരു സംഘം ഗവേഷകരും പറയുന്നത്. മനോനില തെറ്റിയവരുടെ എണ്ണം കൂടുമെന്നത് സമൂഹത്തിന് വൻ ഭീഷണിയാകും.

ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് 3.15 ലക്ഷത്തിലേറെ മരിച്ചിട്ടുണ്ട്. 47 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ലോകമാകെ സാമ്പത്തിക പ്രതിസന്ധിയും വ്യാപിക്കുകയാണ്. നിരവധി പേരുടെ വരുമാനം നിലയ്ക്കുകയും ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയുമാണ്. ഇതെല്ലാം മനുഷ്യരിലെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഈ പ്രശ്‌നത്തെ ലോകം മുൻപത്തേക്കാളും പ്രാധാന്യത്തില്‍ ഉള്‍ക്കൊള്ളണമെന്നുമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറാസ് ഓര്‍മിപ്പിക്കുന്നത്.

കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നിലുള്ള ആരോഗ്യ പ്രവര്‍ത്തകരായിരിക്കും മാനസിക സംഘര്‍ഷം വലിയ തോതില്‍ അനുഭവിക്കേണ്ടി വരുന്ന ഒരു പ്രധാന വിഭാഗം. തുടര്‍ച്ചയായി സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കമുള്ളവരെ രോഗം ബാധിക്കുന്നതും ആരോഗ്യപ്രവര്‍ത്തകരുടെ മാനസികാരോഗ്യത്തെ വലിയ തോതില്‍ ബാധിക്കാം. ആരോഗ്യപ്രവര്‍ത്തകരിലെ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറാസ് പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ പറയുന്നു.

ചൈനയിലെ 36 പ്രവിശ്യകളിലെ 52,730 പേരില്‍ നടത്തിയ പഠനത്തില്‍ 35 ശതമാനം പേരും പലവിധ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരാണെന്നാണ് കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മഹാമാരിയെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ അറിയുന്നത് യുവജനങ്ങളില്‍ സംഘര്‍ഷം കൂട്ടുന്നുണ്ട്. ഇതിനൊപ്പം രോഗസാധ്യത കൂടുതലുള്ള മുതിര്‍ന്നപൗരന്മാരിലും കുടിയേറ്റ തൊഴിലാളികളിലും മാനസിക സംഘര്‍ഷത്തിന്റെ തോത് കൂടുതലാണെന്നാണ് ഷാങ്ഹായ് ജിയാവോ തോങ് സര്‍വകലാശാല നടത്തിയ പഠനം പറയുന്നു.

ചൈനയില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുവെന്ന് സമ്മതിച്ചവര്‍ 35 ശതമാനമാണെങ്കില്‍ അമേരിക്കയില്‍ 45 ശതമാനവും ഇറാനില്‍ 60 ശതമാനവുമാണ്. കാനഡയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 47 ശതമാനത്തിനും മാനസിക പിന്തുണ ആവശ്യമാണെന്ന് ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഏതാണ്ട് പകുതിയോളം ആരോഗ്യപ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലാണെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാനസികാരോഗ്യ വിഭാഗം തലവന്‍ ഡിവോറ കെസ്റ്റല്‍ പറയുന്നത്.

English Summary: Coronavirus pandemic may bring major mental health crisis un

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA