sections
MORE

ഇനി ട്രംപിന്റെ ഗതിയെന്താകും? വിലക്കിയ മരുന്ന് ഉപയോഗിക്കുന്നുവെന്ന് പ്രസിഡന്റ്!

US President Donald Trump
SHARE

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എങ്ങനെയാണ് മാസ്‌കും വയ്ക്കാതെ, ആത്മവിശ്വാസത്തോടെ കൊറോണ വൈറസ് വ്യാപകമായി പ്രചരിക്കുന്നിടത്ത് കയ്യുംവീശി നടക്കുന്നത് എന്ന ചോദ്യം ചോദിക്കാത്തവരില്ല. ഇന്നലെ അദ്ദേഹം പറഞ്ഞത് മുഖവിലയ്ക്ക് എടുക്കാമെങ്കില്‍, മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യം. അദ്ദേഹത്തിന്റെ സർക്കാർ തന്നെ പാടില്ലെന്നു വിലക്കിയിട്ടും അദ്ദേഹം അത് കഴിക്കുന്നു എന്നാണ് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി പറയുന്നത്. മരണകാരണമായേക്കാമെന്നതിനാല്‍, ഈ മരുന്ന് ആശുപത്രിയില്‍ വച്ചോ ഗവേഷകരുടെ നേതൃത്വത്തില്‍ മാത്രമോ രോഗികള്‍ക്കു പോലും നല്‍കാവൂ എന്നാണ് മുന്നറിയിപ്പ്.

താന്‍ കഴിഞ്ഞ ഒന്നരയാഴ്ചയായി ഓരോ ദിവസവും ഹൈഡ്രോക്സിക്ലോറോക്വിനും സിങ്ക് സപ്ലിമെന്റും കഴിച്ചുവരുന്നതായി ട്രംപ് തിങ്കളാഴ്ച റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ഹൈഡ്രോക്സിക്ലോറോക്വിന്‍ അമേരിക്കയിലെ പ്രധാന മെഡിക്കല്‍ പ്രൊഫഷണലുകളും ഈ മരുന്ന് ഉപയോഗിക്കരുതെന്ന നിലപാടാണ് കൈക്കൊണ്ടത്. ഇത് കൊറോണ വൈറസിനെതിരെ ഒന്നും ചെയ്യില്ലെന്നു മാത്രമല്ല, ഗുരുതരമായ പാര്‍ശ്വഫലവും ഉണ്ടാക്കുമെന്നാണ് അവര്‍ മുന്നറിയിപ്പു നല്‍കിവന്നത്.

തന്റെ ഡോക്ടര്‍ തനിക്ക് ഈ മരുന്നു തന്നില്ലെന്നും എന്നാല്‍ താന്‍ വൈറ്റ് ഹൗസിലെ ഫിസിഷ്യനോട് ചോദിച്ചുവാങ്ങി കഴിക്കുകയായിരുന്നു എന്നുമാണ് ട്രംപ് പറഞ്ഞത്. താനതു കഴിക്കാന്‍ തുടങ്ങിയത് നല്ലാതാണെന്ന് കരുതുന്നതുകൊണ്ടാണ്. അതേക്കുറിച്ച് കുറെ നല്ല വാര്‍ത്തകള്‍ താന്‍ കേട്ടുവെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹൈഡ്രോക്സിക്ലോറോക്വിന്‍ ട്രംപ് കഴിക്കുന്നുണ്ടെന്ന് ഡോക്ടറും

ഹൈഡ്രോക്സിക്ലോറോക്വിന്റെ ഫലപ്രാപ്തിയെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ട്രംപുമായി ‘നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷം’ അതിന് ദോഷത്തെക്കാളേറെ ഗുണം ഉണ്ടെന്ന നിഗമനത്തിലാണ് എത്തിയതെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ഡോക്ടര്‍ സീന്‍ കൊണെലി ഒരു പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, മരുന്നുകളുടെ കാര്യത്തില്‍ അമേരിക്കയിലെ അവസാന വാക്കായ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ എഫ്ഡിഎ കഴിഞ്ഞ മാസം നല്‍കിയ മുന്നറിയിപ്പു പ്രകാരം ഈ മരുന്ന് കോവിഡ്-19ന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാനേ പാടില്ല. ഗവേഷണശാലകളില്‍ ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തില്‍ വേണം ഇതു നല്‍കുകയാണെങ്കില്‍ നല്‍കാന്‍. രോഗികള്‍ക്കു പോലും ഈ മരുന്ന് നല്‍കുന്നത് മരണത്തിനിടയായേക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഗുരതരമായ പാര്‍ശ്വഫലം എന്താണെങ്കിലും പ്രതീക്ഷിക്കാമെന്ന നിലപാടാണ് എഫ്ഡിഎ സ്വീകരിച്ചത്.

hydroxychloroquine

ഈ മരുന്ന് ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുമെന്നും മരണകാരണമായി എന്നുമുള്ള കണ്ടെത്തലാണ് ഗവഷകര്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കരുതെന്ന് പറയാനുള്ള കാരണം. എന്നാല്‍, ഇത്തരം വാദങ്ങളൊന്നും തന്റെയടുത്തു ചെലവാകില്ലെന്നു തന്നെയാണ് ട്രംപ് പറയുന്നത്. എനിക്കിപ്പോള്‍ നിങ്ങളോട് ആകെ പറയാനുള്ളത് ഇതുവരെ എനിക്ക് ഒന്നിനും ഒരു കുഴപ്പവുമില്ല എന്നാണ്.

വൈറ്റ് ഹൗസിലെ രണ്ടു ജിവനക്കാര്‍ക്കെങ്കിലും കോവിഡ്-19 ഈ മാസം ആദ്യം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും എങ്ങനെ സംരക്ഷിക്കും എന്നതിനെക്കുറിച്ച് വന്‍ ചര്‍ച്ചകളാണ് ആരോഗ്യ രംഗത്തുള്ളവര്‍ നടത്തിവന്നത്. വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ പല തരത്തിലുള്ള ഐസൊലേഷനില്‍ എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. അതു കൂടാതെ ഫെയ്സ്മാസ്‌കുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങി നിരവധി പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, തനിക്കു നടത്തിയ കൊറോണാവൈറസ് ടെസ്റ്റുകളെല്ലാം നെഗറ്റീവാണെന്നാണ് ട്രംപ് പറയുന്നത്.

അദ്ദേഹത്തിന് ഇടക്കാല ചെക്ക്-അപ് അവസാനം നടത്തിയത് കഴിഞ്ഞ നവംബറിലാണെന്നും മുഴുവന്‍ ശരീര ചെക്-അപ് നടത്തിയത് 2019 ഫെബ്രുവരിയിലാണെന്നും പറയുന്നു. പല പ്രധാനപ്പെട്ട ഡോക്ടര്‍മാരും പറഞ്ഞത് ട്രംപിന്റെ പ്രസ്താവന കേട്ട് പല അമേരിക്കന്‍ പൗരന്മാരും അത് കഴിക്കാന്‍ തുടങ്ങിയേക്കുമെന്ന് തങ്ങള്‍ ഭയക്കുന്നുവെന്നാണ്. ട്രംപിന് കുഴപ്പമൊന്നുമില്ലല്ലോ, എന്നാല്‍ പിന്നെ തങ്ങള്‍ക്കും കഴിക്കാമല്ലോ എന്ന് ചിലരെങ്കിലും കരുതിയേക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

hydroxychloroquine

ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ്-19നെതിരെ ഗുണകരമാണ് എന്നതിന് ഒരു തെളിവും ഇല്ല. ഇതുവരെ കിട്ടിയിരിക്കുന്ന ഗവേഷണ ഫലങ്ങളൊന്നും യാതൊരു പ്രതീക്ഷയും നല്‍കുന്നില്ല, അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റ് പട്രിസ് ഹാരിസ് പറയുന്നു. ആളുകളാരും പ്രസിഡന്റിനെ കണ്ടു പഠിച്ചേക്കരുതെന്ന മുന്നറിയിപ്പാണ് വെന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഡെയ്‌വിഡ് അറോണോഫും മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ട്രംപ് ആണെങ്കില്‍ ഇന്ത്യയില്‍ നിന്ന് കുറെയധികം ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊണ്ടുപോയിട്ടുമുണ്ട്.

English Summary : What will happen to Trump? He says he takes hydroxychloroquine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA