ADVERTISEMENT

കൊറോണ വൈറസിനെതിരെ തങ്ങള്‍ വികസിപ്പിച്ച് മനുഷ്യരില്‍ പരീക്ഷിച്ച വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നുവെന്ന് അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ ഗവേഷകര്‍ അവകാശപ്പെട്ടു. ഈ വാക്‌സിന്‍ സുരക്ഷിതവും വൈറസിനെതിരെ രോഗപ്രതിരോധ വ്യൂഹത്തെക്കൊണ്ട് പ്രതികരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ കണ്ടെത്തലുകള്‍ മരുന്നിന്റെ വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച എട്ടുപേരെ അപഗ്രഥിച്ചതില്‍ നിന്നാണെന്നും അവര്‍ പറയുന്നു.

 

മാര്‍ച്ച് മുതലാണ് ഇവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. പരീക്ഷണത്തിന് നിന്നുകൊടുക്കാനുള്ള സന്നദ്ധതയുമായി എത്തിയ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ ഇവരില്‍ ആന്റിബോഡികള്‍ ഉണ്ടാക്കപ്പെട്ടുവെന്നും അവ എടുത്ത് ലാബുകളില്‍ വച്ച് മനുഷ്യ കോശങ്ങളില്‍ പരീക്ഷിച്ചു നോക്കിയെന്നും അവയ്ക്ക് വൈറസ് കോശങ്ങളില്‍ തനിപ്പകര്‍പ്പുണ്ടാക്കുന്നത് (replicate) തടയാനാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഫലവത്തായ വാക്‌സിനില്‍ ഏറ്റവുധികം വേണ്ട ഘടകമാണ് വൈറസ് തനിപ്പകര്‍പ്പുണ്ടാക്കുന്നത് തടയുക എന്നത്.

 

ഇവരുടെ ശരീരങ്ങളില്‍ നിന്നു ശേഖരിച്ച നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍ (neutralising antibodies) കൊറോണ വൈറസ് ബാധയില്‍ നിന്നു രക്ഷപെട്ട ആളുകളുടെ ശരീരങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന അതേ അളവില്‍ തന്നെ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. തങ്ങളുടെ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം 600 പേരിലായിരിക്കും നടത്തുക എന്നും അത് താമസിയാതെ തുടങ്ങുമെന്നും മോഡേണ അറിയിച്ചു. ഇതിനു ശേഷം മൂന്നാം ഘട്ടം ജൂലൈയില്‍ തുടങ്ങാനാണ് തങ്ങള്‍ ഇരിക്കുന്നതെന്നും ഇതില്‍ ആയിരക്കണക്കിന് സന്നദ്ധരായ ആളുകള്‍ പങ്കെടുക്കുമെന്നും കമ്പനി അറിയിച്ചു. അമേരിക്കയില്‍ വാക്‌സിന്റെ മികവിനെക്കുറിച്ചു തീര്‍പ്പു കല്‍പ്പിക്കുന്നത് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ എഫ്ഡിഎ ആണ്. ഈ മാസം ആദ്യം തന്നെ എഫ്ഡിഎ മോഡേണയ്കക്ക് രണ്ടാം ഘട്ട പരീക്ഷണവുമായി മുന്നോട്ടുപോകാനുള്ള അനുമതി നല്‍കിയിരുന്നു.

 

ഈ പരീക്ഷണങ്ങളെല്ലാം വിജയകരമാകുമെങ്കില്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വാക്‌സിന്‍ ലോകമെമ്പാടും എത്തുമെന്നാണ് കരുതുന്നതെന്ന് മോഡേണയുടെ പ്രധാന മെഡിക്കല്‍ ഓഫിസറായ ടാല്‍ സാക്‌സ് പറഞ്ഞത്. ഇതുവരെ ഈ വാക്‌സിന്റെ മൂന്ന് അളവിലുള്ള ഡോസുകളാണ് പരീക്ഷിക്കപ്പെട്ടത്. കുറഞ്ഞ അളവില്‍, ഇടത്തരം അളവില്‍, കൂടിയ അളവില്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പ്രതീക്ഷനല്‍കുന്ന ഫലങ്ങള്‍ കുറഞ്ഞ അളവിലും ഇടത്തരം അളവിലും നല്‍കിയതിന്റേതാണ്.

 

ഈ പരീക്ഷണത്തില്‍ ഇതുവരെ നിരീക്ഷിക്കപ്പെട്ട ഏക പ്രശ്‌നം, ഇവരില്‍ ഒരാള്‍ക്ക് കുത്തിവച്ചിടത്ത് ചുവപ്പുനിറവും വേദനയും അനുഭവപ്പെട്ടു എന്നതു മാത്രമാണെന്ന് കമ്പനി അറിയിച്ചു. എന്നാല്‍, മരുന്ന് കൂടിയ അളവില്‍ നല്‍കിയവരില്‍ മൂന്നു പേര്‍ക്ക് പനി, മസില്‍ വേദന, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി സാക്‌സ് പറയുന്നു. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഇല്ലാതായെന്നും സാക്‌സ് അറിയിച്ചു.

 

കൂടിയ അളവിലുള്ള പരീക്ഷണം നിർത്തുന്നു

 

എന്നാല്‍, അടുത്ത ഘട്ടങ്ങളില്‍ കൂടിയ അളവിലുള്ള വാക്‌സിന്‍ നല്‍കിയുള്ള പരീക്ഷണം വേണ്ടെന്നുവയ്ക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഇവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കണ്ടതുകൊണ്ടു മാത്രമല്ല, കുറഞ്ഞ അളവിലുള്ള വാക്‌സിന്‍ ഫലവത്താണ് എന്നതു കണ്ടതിനാല്‍ കൂടെയാണിതെന്നും അവര്‍ അറിയിച്ചു. കുറഞ്ഞ ഡോസിലാകുമ്പോള്‍ തങ്ങള്‍ക്ക് വളരെയേറെ ഡോസ് മരുന്ന് ഉണ്ടാക്കി വില്‍ക്കുകയും ചെയ്യാമെന്ന് മോഡേണ അറിയിച്ചു. മോഡേണയുടെ ഓഹരി പ്രീ-മാര്‍ക്കറ്റ് ട്രേഡിങില്‍ 40 ശതമാനം കുതിപ്പു കാണിച്ചു.

English Summary: First COVID-19 vaccine tested in the US shows promise in data from eight people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com