sections
MORE

ലോകത്തെ രക്ഷിക്കാൻ വാക്‌സിനിലേക്കുള്ള വഴികള്‍ ഇവയാണ്, അറിഞ്ഞിരിക്കാം 9 കാര്യങ്ങൾ

covid vaccine
SHARE

കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി 750 കോടി യൂറോ സമാഹരിക്കാന്‍ തീരുമാനിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍  ഇങ്ങനെ പറഞ്ഞു. 'വാക്‌സിന്‍ നിര്‍മിക്കാനായാല്‍ 21-ാം നൂറ്റാണ്ടില്‍  ലോകത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമായിരിക്കുമത്.' 

സാര്‍സ്-കോവ്-2 വൈറസിനെതിരായുള്ള തൊണ്ണൂറിലധികം വാക്‌സിനുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി വികസനത്തിന്റെ പല ഘട്ടങ്ങളിലാണെന്ന് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വകലാശാലകളുടെയും, ഔഷധക്കമ്പനികളുടെയും ഗവേഷണ സംഘങ്ങളാണ് പ്രധാനമായും ഈ ഭഗീരഥയത്‌നത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയത് ആറു വാക്‌സിനുകളെങ്കിലും മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലും മറ്റു ചിലത് മൃഗങ്ങളില്‍ പരീക്ഷിക്കപ്പെടുന്ന ഘട്ടത്തിലുമാണ് എത്തിയിട്ടുള്ളത്. 

വാക്‌സിനിലേക്കുള്ള വഴികള്‍

വൈറസിനെ അപകടകരമല്ലാത്ത രോഗമുണ്ടാക്കാത്ത എന്നാല്‍ രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്തുന്ന അളവിലും രൂപത്തിലും (antigen ) വാക്സിൻ വഴി ശരീരത്തിലെത്തിക്കണം. ചുരുങ്ങിയത് എട്ടു വഴികളെങ്കിലുമാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിനിലെത്താൻ ഗവേഷകര്‍ ഉപയോഗിക്കുന്നത്. 

വൈറസ് വാക്‌സിനുകള്‍

സാക്ഷാൽ സാര്‍സ്-കോവ്-2 വൈറസിനെ തന്നെ ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമമാണ് ഏഴോളം ഗവേഷണ സംഘങ്ങള്‍ പയറ്റുന്നത്. അഞ്ചാംപനി (Measles), പോളിയോ പോലുള്ള രോഗങ്ങള്‍ക്കെതിരെ നാം ഉപയോഗിച്ചുവരുന്നത് ഇത്തരം വൈറസ് വാക്‌സിനുകളാണ്. വിപുലമായ സുരക്ഷാപരിശോധനയ്ക്കുശേഷം മാത്രമേ ഇത്തരം വാക്‌സിനുകള്‍ നിത്യോപയോഗത്തിന് ഉപയോഗിച്ചു തുടങ്ങാന്‍ കഴിയുകയുള്ളൂ. Sinovac Biotec എന്ന ബെയ്ജിങ് കമ്പനി, നിര്‍വീര്യമാക്കപ്പെട്ട സാര്‍സ്-കോവ്-2 ഉപയോഗിച്ചുള്ള വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയതായി നേച്ചര്‍ ജേണല്‍ പറയുന്നു. മേൽപറഞ്ഞ വൈറസ് വാക്‌സിനുകള്‍ രണ്ടുരീതിയിലാണ് വികസിപ്പിക്കുന്നത്. ഒന്നാമത്തെ വഴി വൈറസിനെ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന രീതിയിലൂടെ ദുര്‍ബലമാക്കുകയാണ് (weakened virus). ഇതിനുവേണ്ടി വൈറസിനെ മൃഗങ്ങളുടെ അല്ലെങ്കില്‍ മനുഷ്യകോശങ്ങളിലൂടെ ആവര്‍ത്തിച്ചു കയറ്റിവിടുന്നു. തല്‍ഫലമായി വൈറസുകള്‍ക്ക് സംഭവിക്കുന്ന ജനിതക മാറ്റം (Mutation) മൂലം രോഗമുണ്ടാക്കാനുള്ള കഴിവ് അവര്‍ക്ക് നഷ്ടമാവുന്നു. ന്യൂയോര്‍ക്ക് ഫാമിംഗ്ഡെയ്‌ലിലെ Codagenix എന്ന കമ്പനി, പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഇത്തരം വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായി നേച്ചര്‍ ജേണലിലെ റിപ്പോര്‍ട്ടിലുണ്ട്. ജനിതക കോഡില്‍ വ്യതിയാനം വരുത്തി വൈറല്‍ പ്രോട്ടീനുകളുടെ ഉത്പാദനം കാര്യക്ഷമമല്ലാതാക്കി കൊറോണ വൈറസിനെ ദുര്‍ബലമാക്കുന്ന വഴിയാണത്രേ ഇവര്‍ പിന്‍തുടരുന്നത്. വൈറസ് വാക്‌സിനുകള്‍ ഉണ്ടാക്കാനുള്ള രണ്ടാമത്തെ വഴി നിര്‍വീര്യമാക്കപ്പെട്ട (Inactivated) വൈറസുകള്‍ ഉപയോഗിച്ചുള്ളതാണ്. ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള രാസവസ്തുക്കള്‍ അല്ലെങ്കില്‍ ചൂട് ഉപയോഗിച്ചാണ് വൈറസിന്റെ രോഗമുണ്ടാക്കാനുള്ള കഴിവ് നശിപ്പിക്കുന്നത്. രോഗകാരിയായ വൈറസ് വലിയ അളവില്‍ തുടക്കത്തില്‍ ആവശ്യമാണെന്നതാണ് ഈ മാർഗത്തിന്റെ ന്യൂനത. 

covid vaccine

ന്യൂക്ലിക് ആസിഡ് വാക്‌സിനുകള്‍

ചുരുങ്ങിയത് 20 ഗവേഷക കൂട്ടായ്മകളെങ്കിലും ന്യൂക്ലിക് ആസിഡ് വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ജനിതക പദാര്‍ഥത്തെ (ആര്‍എന്‍എ അല്ലെങ്കില്‍ ഡിഎന്‍എ) മനുഷ്യകോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണിത്. ഇലക്‌ട്രോപൊറേഷന്‍ (Electroporation) എന്ന രീതി ഉപയോഗിച്ച് കോശസ്തരങ്ങളില്‍ ഉണ്ടാക്കുന്ന ചെറുദ്വാരങ്ങള്‍ ഡിഎന്‍എയുടെ കോശത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നു. കൊഴുപ്പുകൊണ്ടുണ്ടാക്കിയ ഒരു കവചം നല്‍കുന്നതിനാല്‍ ആര്‍എന്‍എയ്ക്കും കോശപ്രവേശനം സാധ്യമാവുന്നു. ഇങ്ങനെ കോശങ്ങളിലെത്തുന്ന (RNA/DNA) നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് വൈറസ് പ്രോട്ടീന്റെ അനേകം പകര്‍പ്പുകള്‍ ഉണ്ടാക്കിയെടുക്കുന്നു.  സ്‌പൈക്ക് പ്രോട്ടീനുകള്‍ക്ക് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ കഴിയുന്നു. സുരക്ഷിതവും വികസിപ്പിക്കാന്‍ അനായാസവുമാണ് DNA/RNA വാക്‌സിനുകള്‍. വൈറസിന്റെ ആവശ്യം ഇവിടെയില്ല എന്നത് ഓർക്കുക. പകരം ജനിതക പദാര്‍ഥം മാത്രം മതി. പക്ഷേ ഇവയുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, നിലവില്‍ ലൈസന്‍സുള്ള ഒരു വാക്‌സിനുകളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുമില്ല.

വൈറല്‍-വെക്ടര്‍ വാക്‌സിനുകള്‍

വൈറല്‍-വെക്ടര്‍ (viral-vector) വാക്‌സിനുകളില്‍ ഗവേഷണം നടത്തുകയാണെന്നാണ് ഏകദേശം 25 ഓളം ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നത്. ഒരു വൈറസിനെ ഉദാഹരണത്തിന് അഞ്ചാംപനി അല്ലെങ്കില്‍ അഡിനോ വൈറസിനെ ജനിതക എൻജിനീയറിങിനു വിധേയമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. തല്‍ഫലമായി ഈ വൈറസുകള്‍ക്ക് കൊറോണ വൈറസിന്റെ പ്രോട്ടീനുകള്‍ നിര്‍മിക്കാന്‍ കഴിയുന്നു. ദുര്‍ബലമാക്കപ്പെടുന്നതിനാല്‍ വൈറസുകള്‍ രോഗമുണ്ടാക്കുകയുമില്ല. വൈറല്‍-വെക്ടര്‍ വാക്‌സിനുകള്‍ രണ്ടുതരമുണ്ട്. കോശങ്ങളില്‍ പെരുകാന്‍ ശേഷിയുള്ളവയും (ദുര്‍ബ്ബലമാക്കിയ അഞ്ചാംപനി വൈറസ് പോലെ) ,നിര്‍ണ്ണായക ജീനുകള്‍ നിശബ്ദമാക്കപ്പെട്ടതിനാല്‍ കോശങ്ങളില്‍ പെരുകാത്തവയും (അഡിനോ വൈറസ്) പുതുതായി അംഗീകാരം ലഭിച്ച എബോള വാക്‌സിന്‍ കോശങ്ങളില്‍ പെരുകുന്ന വൈറല്‍ വെക്ടര്‍ വാക്‌സിനാണ്. സുരക്ഷിതവും ശക്തമായ രോഗപ്രതിരോധ പ്രവര്‍ത്തനം ശരീരത്തിലുണ്ടാക്കാന്‍ കഴിയുന്നവയുമാണ് ഇത്തരം വാക്‌സിനുകള്‍. എന്നാല്‍, വാഹക വൈറസിനെതിരെ (Vector virus) ശരീരത്തിലുള്ള പ്രതിരോധശക്തിയുമായി ചേരുമ്പോള്‍ ഫലപ്രാപ്തി കുറയുന്ന പ്രശ്‌നമുണ്ട്. നിലവിലുള്ള ലൈസന്‍സ് വാക്‌സിനുകളൊന്നും കോശങ്ങളില്‍ പെരുകാത്ത രീതി ഉപയോഗിച്ചിട്ടില്ല. പക്ഷേ, ജീന്‍ ചികിത്സയിലും മറ്റും അവ കാലങ്ങളായി ഉപയോഗിച്ചുവരുന്നു. ഇത്തരം വാക്‌സിനുകള്‍ക്ക് രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസുകളും വേണ്ടിവരും. ലോകപ്രസിദ്ധമായ ജോണ്‍സണ്‍ & ജോണ്‍സണ്‍ കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ മാര്‍ഗ്ഗത്തിലാണെന്ന് നേച്ചര്‍ ജേണല്‍ പറയുന്നു.

vaccine

പ്രോട്ടീന്‍ അടിസ്ഥാനമാക്കിയ വാക്‌സിനുകള്‍

കൊറോണ വൈറസിന്റെ പ്രോട്ടീനുകളെ ശരീരത്തിലേക്ക് നേരിട്ട് കുത്തിവെക്കുന്ന രീതിയാണ് പല ഗവേഷകരും പിന്‍തുടരാന്‍ താല്‍പര്യപ്പെടുന്നത്. പ്രോട്ടീന്‍ ശകലങ്ങളോ, കൊറോണ വൈറസിന്റെ ബാഹ്യാവരണത്തോട് സാമ്യമുള്ള പ്രോട്ടീന്‍ തോടുകളോ ഉപയോഗിക്കാം. വൈറസ് പ്രോട്ടീന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് 28 ഓളം ഗവേഷക സംഘങ്ങള്‍ വാക്സിനുണ്ടാക്കാൻ ശ്രമം നടത്തുന്നത് സ്‌പൈക്ക് പ്രോട്ടീനിലോ അല്ലെങ്കില്‍ അവയുടെ റിസപ്റ്റര്‍ ബൈന്‍ഡിങ് ഭാഗത്തോ ആണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരം വാക്‌സിനുകള്‍ നൽകിയ കുരങ്ങുകള്‍ക്ക് സാര്‍സ് വൈറസിനെതിരെ പ്രതിരോധശേഷി ലഭിക്കുന്നതായി കണ്ടെത്തിയെങ്കിലും മനുഷ്യനില്‍ ഇവ പരീക്ഷിച്ചിട്ടില്ല. ഇത്തരം വാക്‌സിനുകള്‍ ഫലപ്രദമാകണമെങ്കില്‍  പ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിക്കുന്ന അഡ്ജുവന്റുകള്‍ കൂടി (adjuvants) വാക്‌സിനുള്ളില്‍ ചേര്‍ക്കണമെന്നു മാത്രമല്ല പല ബൂസ്റ്റര്‍ ഡോസുകളും ആവശ്യമായി വരും.

വൈറസ് കണികൾ വാക്സിൻ

ജനിതക പദാര്‍ഥമില്ലാതെ ശൂന്യമായ വൈറസിന്റെ പുറംതോടുകള്‍ വൈറസിനെ അനുകരിക്കുകയും പ്രതിരോധ ശേഷിയുണ്ടാക്കുകയും ചെയ്യാം. ജനിതക പദാര്‍ഥമില്ലാത്തതിനാല്‍ രോഗബാധയുണ്ടാക്കാനുമാവില്ല. ഇവയെ വൈറസ് പോലെയുള്ള കണികകള്‍ (virus-like particles) എന്നു പറയുന്നു. അഞ്ചോളം സ്ഥാപനങ്ങള്‍ ഇവയിലാണ് ഗവേഷണം നടത്തുന്നത്. ശക്തമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഇവ പക്ഷേ നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണ്. 

covid-19-vaccine

നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമോ ?

മേല്‍പറഞ്ഞ പാതകളെല്ലാം വിട്ട് ഒരു പറ്റം ഗവേഷകര്‍ പഠിക്കുന്നത് നിലവിലുള്ള വാക്‌സിനുകള്‍ (പോളിയോ, BCG തുടങ്ങിയവ) ക്ക് രോഗപ്രതിരോധശേഷിയില്‍ പൊതുവായി നല്‍കുന്ന ഉണര്‍വിലൂടെ കൊറോണയെ തുരത്താന്‍ കഴിയുമോ എന്നാണ്. മറ്റു ചിലരാകട്ടെ ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളില്‍ ജനിതകമാറ്റം വരുത്തി, അവയുപയോഗിച്ച് വൈറസിനെ നശിപ്പിക്കാന്‍ കഴിയുമോയെന്നും ശ്രമിക്കുന്നു. 

സുരക്ഷിതമായ, ഫലപ്രാപ്തിയുള്ള, ദീര്‍ഘകാലം സമൂഹത്തില്‍ പ്രതിരോധഫലം നല്‍കുന്ന ഒരു വാക്‌സിന്‍ വികസിപ്പിക്കുകയും അവ മനുഷ്യരില്‍ പ്രയോഗിക്കുകയും ചെയ്യുകയെന്നത് ഏറെ ശ്രമകരമായ ഒരു പ്രവൃത്തിയാണ്. പക്ഷേ 21-ാം നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ വിജയത്തിന് അത് ഏറെ അനിവാര്യമാണ്.

വൈറസും ശരീരത്തിന്റെ രോഗപ്രതിരോധവും 

മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ വൈറസ് അവയുടെ ദേഹം നിറയെ ഉയര്‍ന്നു നില്‍ക്കുന്ന പ്രോട്ടീന‍ മുനകള്‍ (spike proteins) ഉപയോഗിച്ച് മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ ഉപരിതലത്തിലെ ACE-2 എന്ന സ്വീകരണിയില്‍ ബന്ധം സ്ഥാപിക്കുന്നു. അതുവഴി മനുഷ്യ കോശത്തിനുള്ളില്‍ കടന്നുകൂടുന്ന വൈറസുകള്‍ അവയുടെ ജനിതകപദാര്‍ഥമായ ആര്‍എന്‍എ (RNA) യുടെ പുത്തന്‍ പതിപ്പുകളുണ്ടാക്കി പെറ്റുപെരുകുന്നു. ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ ഉള്‍പ്പെടെയുള്ള രോഗാണുക്കളെ തിരിച്ചറിയാന്‍ മനുഷ്യന്റെ ആര്‍ജ്ജിതരോഗ പ്രതിരോധശേഷിയ്ക്ക് കഴിവുണ്ട്. ഇങ്ങനെ രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്തി പ്രവര്‍ത്തനം തുടങ്ങാന്‍ പ്രേരകമാകുന്ന അന്യപദാര്‍ഥങ്ങളാണ് ആന്റിജനുകള്‍ (antigens). ഇവിടെ വൈറസാണ് ആന്റിജന്‍. ആന്റിജന്‍ ശരീരത്തില്‍ പ്രവേശിച്ചുവെന്നറിയുന്നതോടെ രോഗപ്രതിരോധ സംവിധാനം പലവിധ കോശങ്ങളുപയോഗിച്ച്  പ്രത്യാക്രമണം ആരംഭിക്കുന്നു. രക്തത്തിലെ ശ്വേതരക്താണുക്ക(WBC)ളാണ് പ്രധാന രോഗപ്രതിരോധ കോശങ്ങള്‍. സവിശേഷമായ ആന്റിജന്‍ പ്രസന്റിങ് കോശങ്ങള്‍ (Antigen-Presenting) വൈറസിനെ വിഴുങ്ങുകയും T-ഹെല്‍പ്പര്‍ കോശങ്ങളെ സജീവമാക്കുകയും ചെയ്യുന്നു. T-ഹെല്‍പ്പര്‍ കോശങ്ങളാണ് പ്രതിരോധത്തെ കൂടുതല്‍ പ്രതികരണങ്ങൾക്ക് പ്രാപ്തമാക്കുന്നത്. B-കോശങ്ങള്‍ രോഗപ്രതിരോധ പ്രോട്ടീനുകള്‍ അഥവാ ആന്റിബോഡികള്‍ (Antibodies) ഉത്പാദിപ്പിച്ചു തുടങ്ങുന്നു. ആന്റിബോഡികളാണ് വൈറസുകള്‍ കോശങ്ങളില്‍ പ്രവേശിക്കാതെ തടയുന്നത്. സൈറ്റോറ്റോക്സിക് - T കോശങ്ങള്‍ വൈറസ് ബാധിച്ച കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു. B, T മെമ്മറി കോശങ്ങള്‍ ദീര്‍ഘായുസ്സുള്ളവയാണ് (T, B memory cells). ഇവ മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ ശരീരത്തില്‍ റോന്തുചുറ്റുകയും സമാനമായ രോഗാണുവിനെതിരെ ഭാവിയില്‍ പ്രതിരോധം നല്‍കുകയും ചെയ്യും. ഈ പ്രതിരോധ ഓർമയാണ് വാക്‌സിനേഷന്റെ അടിസ്ഥാനതത്വം.

ആദ്യത്തെ രോഗബാധയുടെ സമയത്തുണ്ടാകുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന T, B മെമ്മറി കോശങ്ങളിലൂടെ ഈ പ്രതിരോധ ഓര്‍മ്മ നിലനില്‍ത്തപ്പെടുകയും അതേ രോഗാണു ഭാവിയില്‍ ശരീരത്തിലെത്തിയാല്‍ അതിവേഗം അവയെ തിരിച്ചറിഞ്ഞ് വര്‍ധിതവീര്യത്തോടെ പ്രതിരോധിക്കുകയും ചെയ്യുന്നു. 

covid-19-vaccine

വാക്‌സിനുകള്‍ ചെയ്യുന്നത്

രോഗബാധയുണ്ടാക്കാന്‍ കഴിവില്ലാത്ത രോഗാണുവിനെയോ, രോഗാണുവിന്റെ ഭാഗത്തെയോ, രോഗാണുവിന്റെ ഉത്പന്നത്തെയോ വാക്‌സിനായി ഉപയോഗിച്ച് ശരീരത്തിലേക്ക് കടത്തിവിടുന്നു. ശരീരം അവയെ ഭീഷണി (antigen)യായി കണക്കാക്കി പതിവു പോലെ രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്തുന്നു. വാക്സിൻ വഴി രോഗബാധയുണ്ടാകുന്നില്ലായെന്നതാണ് പ്രധാന വ്യത്യാസം. ശ്വേതരക്താണുക്കള്‍ സജജമാവുകയും, ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഒപ്പം പ്രതിരോധ ഓര്‍മ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മറ്റൊരു വേളയില്‍ വാക്‌സിനിലടങ്ങിയ രോഗാണു ശരീരത്തിലെത്തിയാല്‍ താമസംവിനാ ആന്റിബോഡികളും ശ്വേതരക്താണുക്കളും കൂടി അവയെ ആക്രമിച്ച് നശിപ്പിക്കുന്നു. ഇങ്ങനെ പെരുമാറാനുള്ള ഓര്‍മ രോഗപ്രതിരോധ സംവിധാനത്തിന് കൊടുക്കുകയാണ് വാക്‌സിന്‍ വഴി നമ്മള്‍ ചെയ്യുന്നത്. ആന്റിബോഡികളും മെമ്മറി കോശങ്ങളും ഉള്ളിടത്തോളം കാലം ശരീരം പ്രസ്തുത രോഗാണുവിനെ പ്രതിരോധിച്ചുകൊണ്ടിരിക്കും.

English Summary: Here are 9 things to know about vaccines to save the world

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA