ADVERTISEMENT

ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അമേരിക്കന്‍ മണ്ണില്‍ നിന്ന് ആദ്യമായി നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് കുതിക്കുന്നത്. തങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും മികച്ച രണ്ട് സഞ്ചാരികളേയാണ് നാസ ചരിത്ര ദൗത്യത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഡഗ് ഹര്‍ലിയും ബോബ് ബെന്‍കനുമാണ് ആ സഞ്ചാരികള്‍. 

 

2011 മുതല്‍ ഇതുവരെ റഷ്യക്ക് ദശലക്ഷകണക്കിന് ഡോളര്‍ നല്‍കിയായിരുന്നു അമേരിക്കന്‍ സഞ്ചാരികളുടെ യാത്ര. ഇക്കുറി റഷ്യയ്ക്ക് പകരം സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനിയാണ് നാസയുടെ സഞ്ചാരികളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ശ്രമം പോലും ഒരു സ്വകാര്യ കമ്പനി നടത്തുന്നത്. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം വിജയിച്ചിട്ടുള്ള മനുഷ്യരെ ബഹിരാകാശത്തെത്തിക്കുക എന്ന ഹിമാലയന്‍ നേട്ടത്തിനരികെയാണ് സ്‌പേസ് എക്‌സ്.

 

കോളജ് തലം മുതല്‍ പരസ്പരം അറിയാവുന്ന അനുഭവസമ്പന്നരായ ബഹിരാകാശ സഞ്ചാരികളാണ്  53കാരനായ ഹര്‍ലിയും 49 കാരനായ ബെന്‍കനും. ദൗത്യം കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ഒരു നോട്ടംകൊണ്ടോ മുഖഭാവം കൊണ്ടോ പോലും സംവേദനം സാധ്യമാകുന്നവരെയാണ് നാസ തിരഞ്ഞെടുത്തിരിക്കുന്നത്. 'അടുത്ത സുഹൃത്തിനൊപ്പം തന്നെ ബഹിരാകാശത്തേക്ക് പോകാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യമാണ്... പലരും സ്വപ്‌നം കാണുന്ന കാര്യമാണിതെന്നാണ് കൂട്ടുകാരൻ ബെന്‍കനൊപ്പമുള്ള യാത്രയെ ഹര്‍ലി വിശേഷിപ്പിച്ചത്. 

 

ഫാല്‍ക്കണ്‍ 9 ഇരുവരേയും കൊണ്ട് കുതിച്ചുയരുമ്പോള്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ന് മറ്റാരെക്കാളും വ്യക്തമായി അറിയുന്നവരാണ് ഇവരുടെ ജീവിത പങ്കാളികള്‍. കാരണം അവര്‍ ഇരുവരും ലോകം അറിയുന്ന ബഹിരാകാശ സഞ്ചാരികളാണെന്നതു തന്നെ. ഹര്‍ലിയുടെ ഭാര്യ കരന്‍ നെയ്ബര്‍ഗ് രണ്ട് തവണ ബഹിരാകാശത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്. സ്‌പേസ് ഷട്ടിലിലും റഷ്യന്‍ സോയുസ് റോക്കറ്റിലും. ഈ വര്‍ഷം നാസയില്‍ നിന്നും വിരമിക്കാനിരിക്കയാണ് കരന്‍. ഇവരുടെ പത്തുവയസുകാരന്‍ മകന്‍ ജാക്കിന് പോലും ബഹിരാകാശ യാത്രകളും അതിനുള്ള ഒരുക്കങ്ങളുമെല്ലാം സുപരിചിതം. ജാക്ക് ജനിച്ച് മാസങ്ങള്‍ക്കകമാണ് കരന്‍ നെയ്ബര്‍ഗ് ബഹിരാകാശ നിലയത്തിലേക്ക് ആറ് മാസത്തെ ദൗത്യത്തിനായി പോയത്. അതേസമയം നാവികസേനയിലെ കേണല്‍ കൂടിയായ ഹര്‍ലി അമേരിക്കയുടെ അവസാനത്തെ സ്‌പേസ് ഷട്ടില്‍ ദൗത്യത്തില്‍ പൈലറ്റ് ആവാനുള്ള ഒരുക്കത്തിലായിരുന്നു. 

 

അമേരിക്കന്‍ വ്യോമസേനയിലെ കേണലായ ബെന്‍കന്‍ വിവാഹം കഴിച്ചിരിക്കുന്നത് മേഗന്‍ മക്ആര്‍തറിനെയാണ്. 2009ല്‍ ഹബിള്‍ സ്‌പേസ് ടെലസ്‌കോപിന്റെ അവസാന ദൗത്യത്തിനു പോയ സംഘത്തില്‍ മേഗനും ഉള്‍പെട്ടിരുന്നു. അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള  2024ലെ ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ആദ്യമായി ചന്ദ്രനില്‍ കാലുകുത്താന്‍ സാധ്യതയുള്ള വനിതകളുടെ പട്ടികയില്‍ സജീവമായിട്ടുള്ളപേരാണ് മേഗന്‍ മക്ആര്‍തറിന്റേത്. ആറുവയസുകാരന്‍ തിയോയാണ് ഇവരുടെ മകന്‍. ഹര്‍ലി, ബെന്‍കന്‍, നെയ്ബര്‍ഗ്, മക് ആര്‍തര്‍ എന്നിവര്‍ ആദ്യമായി കണ്ടുമുട്ടുന്നത് 2000ത്തിലെ അസ്ട്രനൗട്ട് ക്ലാസില്‍ വെച്ചായിരുന്നു. അന്നത്തെ സൗഹൃദം ഇവര്‍ ഇന്നും തുടരുന്നു. 

 

ശരീരഭാഷയില്‍ നിന്നു തന്നെ ഞങ്ങള്‍ക്ക് പരസ്പരം മനസിലാകുമെന്നും ഒരാള്‍ അടുത്തത് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാനാകുമെന്നും സിഎന്‍എനിന് നല്‍കിയ അഭിമുഖത്തില്‍ ബെന്‍കന്‍ പറഞ്ഞിരുന്നു. 'ഞങ്ങള്‍ കുറേകാലമായി ഈ പണി തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ അധികമായുള്ള ഇരട്ട കരങ്ങള്‍ പോലെ പരസ്പരം സഹായിക്കാന്‍ ഞങ്ങള്‍ക്കാകും' 

 

ബെന്‍കന്റെ മുഖത്തെ ഭാവം ശ്രദ്ധിച്ചാല്‍ താന്‍ ഏറ്റവും ഒടുവില്‍ ചെയ്ത കാര്യം തൃപ്തിയായോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്നാണ് ഹര്‍ലി പറഞ്ഞത്. അതേസമയം കൂട്ടത്തില്‍ അനുഭവ പരിചയം കൂടുതല്‍ ഹര്‍ലിക്കാണെന്നാണ് ബെന്‍കന്‍ ചൂണ്ടിക്കാണിക്കുന്നത്. സൈനിക സ്‌കോളര്‍ഷിപ്പ് വഴിയാണ് ഇരുവരും എൻജിനീയറിങ് ബിരുദങ്ങള്‍ നേടിയത്. 

ഇന്ത്യന്‍ വംശജയായ കല്‍പന ചൗള അടക്കം ഏഴ് സഞ്ചാരികളുടെ ജീവന്‍ പൊലിഞ്ഞ കൊളംബിയ ഷട്ടില്‍ ദുരന്തത്തിന് മൂന്ന് വര്‍ഷം മുൻപാണ് ഹര്‍ലിയും ബെന്‍കനും നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ക്കായുള്ള ചുരുക്കപട്ടികയിലെത്തുന്നത്. 

കൊളംബിയ ദുരന്തത്തോടെ ഷട്ടില്‍ ദൗത്യം അവസാനിപ്പിക്കാനും ബഹിരാകാശ നിലയത്തിലേക്കുള്ള പോക്കുവരവുകള്‍ക്ക് സ്വകാര്യ കമ്പനികളെ ആശ്രയിക്കാനും അമേരിക്ക തത്വത്തില്‍ തീരുമാനിക്കുന്നു. അവസാന സ്‌പേസ് ഷട്ടില്‍ ദൗത്യത്തിന്റെ പൈലറ്റ് ഡഗ് ഹര്‍ലിയായിരുന്നു. മൂന്ന് തവണ ഹര്‍ലി ബഹിരാകാശത്തെത്തിയിട്ടുണ്ട്. രണ്ട് ദൗത്യങ്ങളിലായി 708 മണിക്കൂര്‍ ബഹിരാകാശത്ത് കഴിഞ്ഞതിന്റെ അനുഭവം ബെന്‍കനുണ്ട്. 

 

കഴിഞ്ഞ രണ്ട് വര്‍ഷമായി ബന്‍കനും ഹര്‍ലിയും സ്‌പേസ് എക്‌സ് ദൗത്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പൈലറ്റാവാന്‍ കൊതിക്കുന്ന ഏതൊരു വിദ്യാര്‍ഥിയുടേയും സ്വപ്‌നത്തിലാണ് തങ്ങളിപ്പോള്‍ ജീവിക്കുന്നതെന്ന് ഇരുവര്‍ക്കുമറിയാം. ഒപ്പം ആദ്യ സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ദൗത്യം എന്ന അപകട സാധ്യതകളും. എല്ലാ വെല്ലുവിളികളേയും മറികടന്ന് ദൗത്യം വിജയമാകുമെന്ന ശുഭപ്രതീക്ഷയാണ് ഈ ബഹിരാകാശ സഞ്ചാരികളെ മുന്നോട്ടു നയിക്കുന്നത്.

 

English Summary: Nasa SpaceX launch: Who are the astronauts?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com