ADVERTISEMENT

ചൊവ്വയിലെ മനുഷ്യ കോളനി പോലെ, കേള്‍ക്കുന്നവര്‍ 'വട്ടാണല്ലേ...' എന്ന് ചോദിച്ചു പോവുന്ന നിരവധി ആശയങ്ങളുണ്ട് ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിന്റെ തലയില്‍. എന്നാൽ ഇത്തരം ആശയങ്ങളെ പ്രായോഗിക തലത്തില്‍ എങ്ങനെ നടപ്പാക്കുന്ന ചുമതലയാണ് ഗ്വിന്‍ ഷോട്ട് വെല്ലിന്റേത്. ഇലോണ്‍ മസ്‌ക് സ്‌പേസ് എക്‌സിന്റെ ബുദ്ധിയും ചിന്തകളുമാണെങ്കില്‍ അത് യാഥാര്‍ഥ്യമാക്കുന്ന കൈകാലുകളാണ് ഗ്വിന്‍ ഷോട്ട്‌വെല്‍. ഒന്നില്ലെങ്കില്‍ മറ്റൊന്നിന്റെ നിലനില്‍പ് പോലും അസാധ്യം. അതുകൊണ്ടാണ് ഇവരെ രണ്ടു പേരെയും സ്‌പേസ് എക്‌സിന്റെ റോക്കറ്റ് മാനും റോക്കറ്റ് വുമണുമായി വിശേഷിപ്പിക്കുന്നത്.

 

പിറന്നിട്ട് ഇരുപത് വര്‍ഷം പോലുമായിട്ടില്ലെങ്കിലും ബഹിരാകാശ വ്യവസായത്തില്‍ സ്വന്തം പേരുണ്ടാക്കാന്‍ സ്‌പേസ് എക്‌സിനായിട്ടുണ്ട്. നാസ ആദ്യമായി ബഹിരാകാശ സഞ്ചാരികളെ സ്വകാര്യ റോക്കറ്റില്‍ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ തിരഞ്ഞെടുത്തത് സ്‌പേസ് എക്‌സിനെയാണ്. ബുധനാഴ്ച്ച നടക്കുന്ന വിക്ഷേപണം വിജയമായാല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടം കൂടി സ്‌പേസ് എക്‌സ് സ്വന്തം പേരിലാക്കും. നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് സ്‌പേസ് എക്‌സ് ഇന്നത്തെ നിലയിലെത്തിയിരിക്കുന്നത്. 

 

2008 സെപ്റ്റംബര്‍ 28 സ്‌പേസ് എക്‌സിനെ സംബന്ധിച്ച് നിര്‍ണ്ണായക ദിവസമായിരുന്നു. അന്നാണ് അവരുടെ ആദ്യ റോക്കറ്റായ ഫാല്‍ക്കണ്‍ 1ന്റെ നാലാമത്തെ വിക്ഷേപണം നടന്നത്. ആദ്യ മൂന്ന് വിക്ഷേപണങ്ങളും പരാജയമായിരുന്നു. ഇതോടെ കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലായി. ബാക്കിയുള്ളതെല്ലാം സ്വരുക്കൂട്ടി നാലാമതൊരു ശ്രമം കൂടി നടത്താന്‍ സ്‌പേസ് എക്‌സ് തീരുമാനിച്ചു. 'അന്ന് വിധി ഞങ്ങള്‍ക്കൊപ്പം നിന്നു' എന്നാണ് പിന്നീട് നാലാം ഫാല്‍ക്കണ്‍ പരീക്ഷണത്തെക്കുറിച്ച് ഇലോണ്‍ മസ്‌ക് പറഞ്ഞത്. അന്ന് മൂന്ന് പരീക്ഷണങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ നഷ്ടം ഒഴിവാക്കാന്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നെങ്കില്‍ മറ്റൊരു പരാജയപ്പെട്ട സംരംഭമായി സ്‌പേസ് എക്‌സ് മാറിയേനേ.

 

താന്‍ ശരിയെന്ന് വിശ്വസിക്കുന്നതിന് പിന്നാലെ എല്ലാം മറന്ന് പ്രയത്‌നിക്കാനുള്ള ഊര്‍ജ്ജം നേരത്തെയും ഇലോണ്‍ മസ്‌ക് പ്രകടിപ്പിച്ചിട്ടുണ്ട്. സാന്‍ഫോര്‍ഡില്‍ പിഎച്ച്ഡി ചെയ്യാന്‍ പോയി രണ്ടാം ദിവസം അത് തനിക്ക് ചേരില്ലെന്ന് തിരിച്ചറിഞ്ഞ് പഠനം നിര്‍ത്തിയവനാണ് ഇലോണ്‍ മസ്‌ക്. വൈകാതെ ഇന്റര്‍നെറ്റ് സാധ്യതകള്‍ മനസിലാക്കി സഹോദരനൊപ്പം ചേര്‍ന്ന് zip 2 എന്ന കമ്പനി തുടങ്ങി. 1994ല്‍ പ്രമുഖ ഐടി കമ്പനിയായ കോംപാക് Zip 2 വിനെ ഏറ്റെടുത്തു. ഏകദേശം 22 ദശലക്ഷം ഡോളറാണ്  ഈ വില്‍പ്പനയിലൂടെ ഇരുപതാം വയസില്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയത്. ഈ മൂലധനമാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള യാത്രകള്‍ക്ക് ഊര്‍ജ്ജമായത്. 

 

31–ാം വയസില്‍ 2002 മാര്‍ച്ച് 14നാണ് ഇലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് കമ്പനി സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവില്‍ ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും പോകാന്‍ സാധിക്കുന്ന റോക്കറ്റുകള്‍ നിര്‍മിക്കുകയായിരുന്നു കമ്പനിയുടെ സ്വപ്നം. തുടക്കത്തില്‍ തന്റെ ടീമില്‍ റോക്കറ്റ് എങ്ങനെ നിര്‍മിക്കുമെന്ന് അറിയുന്നവര്‍ പോലുമുണ്ടായിരുന്നില്ലെന്ന് ഇലോണ്‍ മസ്‌ക് സമ്മതിക്കുന്നു. താന്‍ സ്‌പേസ് എക്‌സിലെ ചീഫ് എൻജിനീയറായത് അതിനോടുള്ള ആഗ്രഹം കൊണ്ടല്ലെന്നും യോഗ്യരായ ആരും സ്‌പേസ് എക്‌സില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതുകൊണ്ടാണെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞിട്ടുണ്ട്. 

 

elon

സ്‌പേസ് എക്‌സ് എടുത്ത 11–ാമത്തെ ജീവനക്കാരിയായ ഗ്വിന്‍ ഷോട്ട്‌വെല്‍, ആ സ്ഥാപനത്തിന്റെ തലവര മാറ്റാന്‍ ശേഷിയുള്ളയാളായിരുന്നു. സ്‌പേസ് എക്‌സിന്റെ കച്ചവടം പ്രായോഗിക പദ്ധതികളിലൂടെ വിപുലീകരിക്കുകയായിരുന്നു ബിസിനസ് ഡെലപ്‌മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഗ്വിന്റെ ലക്ഷ്യം. വൈകാതെ അവര്‍ ഇലോണ്‍ മസ്‌കിന്റെ വലംകൈയായി മാറി. ഇപ്പോള്‍ ബഹിരാകാശ വ്യവസായത്തില്‍ ഏറ്റവും അറിയപ്പെടുന്ന പേരുകളാണ് ഇലോണും ഗ്വിന്നും. 

 

'ഇലോണിന് ആശയങ്ങളുണ്ട്. പക്ഷേ അത് പ്രായോഗികമായി നടപ്പാക്കാന്‍ ശേഷിയുള്ള ആള്‍ കൂടി നിങ്ങള്‍ക്കൊപ്പം വേണം. അതാണ് ഗ്വിന്‍' നാസയിലെ മുന്‍ ഗവേഷകനും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ സ്‌കോട്ട് ഹബ്ബാര്‍ഡ് പറയുന്നു. 2001ല്‍ സംരംഭക സ്വപ്‌നങ്ങളുമായി നടന്നിരുന്ന 30 കാരന്‍ മസ്‌കിനെയാണ് താന്‍ ആദ്യം പരിചയപ്പെടുന്നതെന്നും ഹബ്ബാര്‍ഡ് കൂട്ടിച്ചേര്‍ക്കുന്നു. 

 

2008 ആകുമ്പോഴേക്കും 56 കാരിയായ ഗ്വിന്‍ ഷോട്ട്‌വെല്‍ സ്‌പേസ് എക്‌സിന്റെ പ്രസിഡന്റും ചീഫ് ഓപറേറ്റിങ് ഓഫിസറുമായി മാറി. വിരസയായ ഒറ്റ ബുദ്ധിക്കാരിയായാണ് ഗ്വിന്‍ സ്വയം വിശേഷിപ്പിക്കുന്നത്. 'ഞാനൊരു വിശകലന വിദഗ്ധയാണ്. എനിക്ക് അതിഷ്ടവുമാണ്. പക്ഷേ, സൃഷ്ടിപരമായ ഒരു കഴിവും എനിക്കില്ല' എന്ന് 2013ല്‍ ഒരു അഭിമുഖത്തിനിടെ ഗ്വിന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. 

 

ഇലോണ്‍ മസ്‌ക് ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുമെന്ന് പറയും. അതിന്റെ പ്രായോഗിക തലങ്ങള്‍ വിശകലനം ചെയ്ത് നടപ്പാക്കുക ഗ്വിന്നാണ്. ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികള്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അതിന്റെ വെല്ലുവിളികള്‍ അടക്കം മനസിലാകുന്ന വിധത്തില്‍ വിശദീകരിച്ചുകൊടുക്കാറ് ഗ്വിന്‍ ഷോട്ട്‌വെല്ലാണ്. 

 

2006 ഓടെയാണ് സ്‌പേസ് എക്‌സിന് സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. അപ്പോഴും 80 ജീവനക്കാര്‍ (ഇപ്പോള്‍ 8000ത്തിലേറെ) മാത്രമായിരുന്നു സ്‌പേസ് എക്‌സിലുണ്ടായിരുന്നത്. എന്നിട്ടും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഇന്ധനം നിറക്കാനുള്ള നാസയുടെ കരാര്‍ സ്‌പേസ് എക്‌സിന് ലഭിച്ചു. അത് കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി.

 

പുനരുപയോഗിക്കാവുന്ന റോക്കറ്റുകളായിരുന്നു സ്‌പേസ് എക്‌സിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. ഇത് റോക്കറ്റ് വിക്ഷേപണത്തിന്റെ ചെലവ് കുറച്ചു. ഒറ്റകേന്ദ്രത്തില്‍ തന്നെ റോക്കറ്റിന്റെ എല്ലാ ഭാഗങ്ങളും നിര്‍മിച്ചതോടെ പലയിടത്തു നിന്നും റോക്കറ്റ് ഭാഗങ്ങള്‍ കൊണ്ടുവരുന്നതിന്റെ ചെലവും കുറഞ്ഞു. 2018ല്‍ റഷ്യ വിക്ഷേപിച്ചതിനേക്കാളും കൂടുതല്‍ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ സ്‌പേസ് എക്‌സിനായി. ആദ്യഘട്ടത്തിലെ തിരിച്ചടികളില്‍ പതറാതെ മുന്നോട്ടു നീങ്ങാന്‍ കാണിച്ച വര്‍ധിത വീര്യമാണ് സ്‌പേസ് എക്‌സിന്റെ വിജയത്തിന് കാരണമായത്. അതിന് മനസും ശരീരവും ആയതാകട്ടെ ഇലോണ്‍ മസ്‌കും ഗ്വിന്‍ ഷോട്ട്‌വെല്ലുമായിരുന്നു.

English Summary: Rocketman (and woman): Elon and Gwynne, the pair who made SpaceX

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com