ADVERTISEMENT

ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും കൊവിഡ്–19 അതിവേഗം പടരുന്നതിനിടെ ജപ്പാനിൽ ലോക്ഡൗണ്‍ അവസാനിപ്പിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് പ്രഖ്യാപനത്തിന് പിന്നില്‍. എന്തായിരിക്കും ജപ്പാനെ മറ്റു ലോകരാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത്? കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായക നേട്ടത്തിന് അവരെ പ്രാപ്തമാക്കിയത് എന്താണ് ?

 

ഇതുവരെ 16,500 ലേറെ കോവിഡ് കേസുകളാണ് ജപ്പാനില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇതില്‍ 14,147 പേര്‍ കോവിഡ് മുക്തരാവുകയും ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് മരണങ്ങള്‍ 882. മാര്‍ച്ച് അവസാനത്തോടെയും ഏപ്രില്‍ തുടക്കത്തിലുമാണ് ജപ്പാനിലെ കോവിഡ് കേസുകള്‍ വര്‍ധിച്ചു തുടങ്ങിയത്. ഇതിനെ നേരിടാനായി ഏപ്രില്‍ ഏഴിനാണ് ജപ്പാന്‍ ടോക്യോയിലും ബന്ധപ്പെട്ട ആറ് മേഖലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വൈകാതെ അടിയന്തരാവസ്ഥ രാജ്യം മുഴുവനാക്കി. 

 

സ്‌കൂളുകളും കോളേജുകളും അടക്കമുള്ളവ അടച്ചിരുന്നെങ്കിലും അത്യാവശ്യക്കാര്‍ക്ക് തങ്ങളുടെ കടകള്‍ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. അപ്പോഴും തീരുമാനം ഒരു പരിധിവരെ ജനങ്ങളുടേതായിരുന്നു. കാരണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ പ്രത്യേകിച്ച് ശിക്ഷയൊന്നും ജനാധിപത്യ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ജപ്പാനില്‍ നടപ്പാക്കിയിരുന്നില്ല. 

ലോക്ഡൗണ്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെ പ്രതിദിനം 700 ഓളം കോവിഡ് കേസുകളെന്നത് കുറഞ്ഞ് ഇരുപതില്‍ താഴെയായി. കോവിഡ് രോഗം പരിശോധിക്കുന്ന നിരക്കില്‍ ജപ്പാന്‍ ഇപ്പോഴും ലോകരാജ്യങ്ങളുടെ പട്ടികയിൽ പിന്നിലാണെന്നതും ശ്രദ്ധേയമാണ്. ഇതുവരെ ആകെ 2.70 ലക്ഷം കോവിഡ് പരിശോധനകള്‍ മാത്രമേ ജപ്പാന്‍ നടത്തിയിട്ടുള്ളൂ. ലോകത്തെ ഏഴ് വികസിത രാജ്യങ്ങളില്‍ ഇത് ഏറ്റവും കുറഞ്ഞ നിരക്കാണ്. 

 

കഴിഞ്ഞ ആഴ്ച്ച മുതല്‍ തന്നെ ജപ്പാന്റെ വടക്കന്‍ മേഖലയായ ഹോക്കിഡോയോട് ചേര്‍ന്ന പ്രദേശങ്ങളും ടോക്യോയുടെ പരിസരങ്ങളും ഒഴികെയുള്ള മേഖലകളില്‍ നിര്‍ണ്ണായക ലോക്ഡൗണ്‍ ഇളവുകള്‍ ജപ്പാന്‍ നല്‍കിയിരുന്നു. കോവിഡിനെതിരായ ജാപ്പനീസ് പ്രതിരോധത്തിന്റെ പ്രത്യേകതകളെന്തെന്ന് നോക്കാം.

 

ലോക്ഡൗണ്‍ അവസാനിപ്പിക്കുമ്പോള്‍ തന്നെ മൂന്ന് 'സി'കള്‍ ഒഴിവാക്കണമെന്ന് ജനതയോട് ആബെ ഓര്‍മിപ്പിക്കുന്നുണ്ട്. ക്ലോസ്ഡ് സ്‌പേസ് (അടച്ചിട്ട ഭാഗങ്ങള്‍), ക്രൗഡഡ് പ്ലേസസ് (ആള്‍ത്തിരക്ക്), ക്ലോസ് കോണ്‍ടാക്ട് (അടുത്ത സമ്പര്‍ക്കം) എന്നിവയാണ് ഒഴിവാക്കേണ്ട മൂന്ന് 'സി' കള്‍. 'ശ്രദ്ധിച്ചില്ലെങ്കില്‍ അതിവേഗത്തില്‍ രോഗം പടരും. കരുതലോടെയിരിക്കേണ്ടതുണ്ട്. പുതിയൊരു ജീവിതക്രമമാണ് വേണ്ടത്. ഇനി മുതല്‍ നമ്മുടെ ചിന്തകളില്‍ തന്നെ മാറ്റം വേണം' എന്നാണ് ആബെ പറയുന്നത്. 

 

അപ്പോഴും എന്താണ് കോവിഡിനെ ജപ്പാന്‍ മോഡലെന്നതിന്റെ ചില സൂചനകള്‍ ക്യോട്ടോ സര്‍വകലാശാലയിലെ ഇമ്യൂണോളജി പ്രൊഫസറായ ടസുകു ഹോന്‍ജോ നല്‍കുന്നുണ്ട്. വൈദ്യശാസ്ത്രത്തിന് 2018ല്‍ നോബല്‍ സമ്മാനം നേടിയ പ്രമുഖനാണ് അദ്ദേഹം. പൊതുവേ ജപ്പാന്‍കാര്‍ വൃത്തിയായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. തുടര്‍ച്ചയായി കൈ കഴുകുന്നവര്‍. പരസ്പരം അഭിസംബോധന ചെയ്യാന്‍ കെട്ടിപ്പിടിക്കലും ഉമ്മവെക്കലും ജപ്പാനില്‍ പതിവില്ല.

 

ബിസിജി കുത്തിവെപ്പ് നിര്‍ബന്ധമാണെന്നത് ജപ്പാന്‍കാര്‍ക്ക് കോവിഡിനെതിരായ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്നായിരിക്കാമെന്നും ടസുകു ഹോന്‍ജോ പറയുന്നു. കൊക്കേഷ്യന്‍ വംശജരെ അപേക്ഷിച്ച് ഏഷ്യന്‍ വിഭാഗക്കാര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായതും ജപ്പാനില്‍ പടര്‍ന്ന കൊറോണ വൈറസ് അത്രമേല്‍ അപകടകാരിയല്ലെന്നും കാര്യമായ ജനിതക മാറ്റങ്ങള്‍ നടക്കാനാവാത്തതുമൊക്കെ അനുകൂലമായിരിക്കാമെന്നാണ് ടസുകു ഹോന്‍ജോ വ്യക്തമാക്കുന്നത്.

English Summary: Japan Fully Lifts Coronavirus Emergency: How They Overcame COVID-19 Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com