ADVERTISEMENT

ജനങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ എടുത്തുമാറ്റി വൈറസുമൊത്തുള്ള ജീവിതത്തിന് ഒരുങ്ങുകയാണ് വിവിധ രാജ്യങ്ങള്‍. എന്നാല്‍, ഇതിനര്‍ഥം കൊറോണ-പൂര്‍വ കാലത്തേക്കു മടങ്ങുന്നു എന്നല്ല. പല കടുത്ത നിയന്ത്രണങ്ങളും തുടരും. അതോടൊപ്പം പൊതുസ്ഥലങ്ങളും മറ്റും കൊറോണവൈറസ് മുക്തമാക്കാന്‍ പുതിയ രീതികള്‍ അനുവര്‍ത്തിച്ചേക്കും. ഇതിനായി പരിഗണിക്കുന്ന സാങ്കേതികവിദ്യകളില്‍ ഒന്നാണ് അള്‍ട്രാവൈലറ്റ് (യുവി) രശ്മികള്‍ പ്രയോഗിക്കുക എന്നത്. ഇതു ഫലവത്താകുമോ? നമ്മുടെ ജീവിതത്തില്‍ യുവി രശ്മികള്‍ക്കുള്ള സ്ഥാനം വര്‍ധിക്കുമോ?

 

∙ നാളെ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍

 

മിക്ക രാജ്യങ്ങളിലും 'അകലംപാലിക്കല്‍' വിട്ടുവീഴ്ചയില്ലാതെ തുര്‍ന്നേക്കും. പല രാജ്യങ്ങളും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന നിബന്ധനയും കൊണ്ടുവന്നേക്കും. എന്നാല്‍, മറ്റു പല രാജ്യങ്ങളും ഇതിനൊപ്പം 'രോഗപ്രതിരോധശക്തി സര്‍ട്ടിഫിക്കറ്റുകള്‍' അല്ലെങ്കില്‍ 'റിസ്‌ക് ഇല്ലാത്തയാള്‍ എന്ന സര്‍ട്ടിഫിക്കറ്റും' കൂടെ കൊണ്ടു നടക്കാന്‍ ആവശ്യപ്പെട്ടേക്കും. പൊതു സ്ഥലത്തേക്ക് കടന്നുവരണമെങ്കില്‍ ഇത്തരം ചില സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നുവച്ചാല്‍ എന്തു ചെയ്യും എന്നാണ് സംശയമെങ്കില്‍ ആരോഗ്യ സേതു പോലെയുള്ള ആപ്പുകള്‍ ആയിരിക്കാം ഉപയോഗിക്കപ്പെടുക എന്നു കരുതാം. എന്നാല്‍, പൊതു സ്ഥലങ്ങള്‍ എങ്ങനെ ശുചിയാക്കും? അതിന് ഏറ്റവും എളുപ്പമുള്ള വഴി എന്തായിരിക്കും? വിവിധ സാധ്യതകളാണ് ശാസ്ത്രജ്ഞര്‍ പരിഗണിക്കുന്നത്. അതിലൊന്നാണ് അള്‍ട്രാവൈലറ്റ് ജേര്‍മിസൈഡല്‍ റേഡിയേഷന്‍ അഥവാ യുവിജിഐ. സ്‌കൂളുകള്‍, ഹോട്ടലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ യുവിലൈറ്റ് ഉപയോഗിച്ച് അണുമുക്തമാക്കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

 

∙ എന്താണ് അള്‍ട്രാവൈലറ്റ് റേഡിയേഷന്‍?

 

കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ളവയാണ് ഇവ എന്നതിനാല്‍ സാധാരണ പ്രകാശത്തെ പോലെ ഇതിനെ കാണാനാവില്ല. ഇത് സൂര്യനില്‍ നിന്നു വരുന്നു. സൂര്യനില്‍ നിന്നു ലഭിക്കുന്ന യുവി റേഡിയേഷനെ മൂന്നായി വിഭജിക്കാം– യുവി-എ, യുവി-ബി, യുവി-സി. ഇവയില്‍ യുവി-സി ആണ് ഏറ്റവും അപകടകാരി. ഇത് പൂര്‍ണ്ണമായും ഭൂമിയുടെ അന്തരീക്ഷം ആഗിരണം ചെയ്തു നശിപ്പിക്കുന്നു. യുവി-എ, യുവി-ബി എന്നിവയും അപകടകാരികളാണെങ്കിലും യുവി-ബിയുമായി ഇടപെടേണ്ടിവരുമ്പോള്‍ ജീവികളുടെ ഡിഎന്‍എയ്ക്കും കോശങ്ങള്‍ക്കും നാശം വരുന്നു. പ്രിന്‍സ്റ്റന്‍ പബ്ലിക് ഹെല്‍ത് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം പറയുന്നത് യുവി വെളിച്ചം കോശങ്ങളെ കൊല്ലുമെന്നാണ്. കൂടുതല്‍ നേരം യുവി പ്രകാശമടിച്ചാല്‍ അത് ക്യാന്‍സര്‍ ഉണ്ടാക്കും (carcinogenic) എന്നാണ് പറയുന്നത്. ത്വക് ക്യാന്‍സറിന്റെ പ്രധാന കാരണവും നേരിട്ട് സൂര്യപ്രകാശം അടിക്കുന്നതാണ്.

 

∙ അപ്പോള്‍ എങ്ങനെയാണ് ഇതു പ്രവര്‍ത്തിക്കുക?

 

യുവിജിഐയില്‍, യുവി പ്രകാശത്തിലെ വിനാശകാരിയായ ഘടകങ്ങളെ തന്നെയാണ് പകര്‍ച്ചരോഗാണുക്കള്‍ക്കെതിരെ ഉപയോഗിക്കുക. വായുവിനെ പോലും അണുമുക്തമാക്കാന്‍ ഇതിനു സാധിക്കുമെന്നും ഇതിനാല്‍ രോഗം പടരുന്നത് തടയാന്‍ കഴിയുമെന്നുമാണ് കരുതുന്നത്. യുവിജിഐ ഉപയോഗിച്ച് അണുബാധയേറ്റ ഓഫിസുകളും പൊതുസ്ഥലങ്ങളുമൊക്കെ ശുദ്ധിചെയ്യാം. വായുവും വെള്ളവും ഇങ്ങനെ അണുമുക്തമാക്കാമെന്നാണ് പറയുന്നത്. അമേരിക്കയുടെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള്‍, അഥവാ സിഡിസി പറയുന്നത് യുവിജിഐ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു രീതിയാണെന്നാണ്. എന്നാല്‍, ഇത് എത്ര ഫലവത്താകുമെന്നത് അതിന്റെ ഡോസ് അനുസരിച്ചായിരിക്കുമെന്നും അവര്‍ പറയുന്നു. ആശുപത്രികളില്‍, ടിബി പരക്കുന്നതു തടയാന്‍ ഇത് പ്രയോഗിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് 2005ല്‍ തന്നെ സിഡിസി മാറ്റം വരുത്തിയിരുന്നു. പകര്‍ച്ചവ്യാധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റു രോഗികള്‍ക്കും മറ്റും പകരാതിരിക്കാനുള്ള മുന്‍കരുതലായി ആയിരുന്നു ഇത്.

 

∙ വരുന്നത് സ്ഥിരം സംവിധാനങ്ങള്‍

 

ശാസ്ത്രജ്ഞര്‍ പറയുന്നത് സാധാരണ ഫ്‌ളൂറോസെന്റ് ലൈറ്റുകളെ പോലെ, യുവിജിഐ ലാമ്പുകള്‍ ഭിത്തികളില്‍ പിടിപ്പിക്കുകയോ, മേല്‍ക്കൂരയില്‍ നിന്നു തൂക്കിയിടുയോ ചെയ്യണം എന്നാണ്. ഇവ മുകള്‍ഭാഗത്ത് പ്രകാശം പരത്തുകയും ഇതില്‍ പകര്‍ച്ചവ്യാധി രോഗാണുക്കളെ കുരുക്കുയും ചെയ്യുമെന്നാണ്. ഇത്തരം പ്രദേശങ്ങളില്‍ ഒരു ഫാന്‍ വച്ച് വായു മുകളിലേക്ക് വലിക്കുന്നതും ഉപകരിക്കുമെന്ന് പറയുന്നു. ഇത് യുവിജിഐ പകര്‍ച്ചവ്യാധി രോഗാണുക്കളെ നശിപ്പിക്കുന്നതിന്റെ ആക്കം കൂട്ടുമെന്ന് പറയുന്നു. യുവിജിഐ ലാമ്പുകള്‍ മുറികളുടെ മൂലകളില്‍ പിടിപ്പിക്കാം. അല്ലെങ്കില്‍ വെന്റിലേറ്ററുകള്‍ക്ക് സമീപവും വയ്ക്കാം. കൊണ്ടു നടക്കാവുന്ന അല്ലെങ്കില്‍ പിടിപ്പിച്ചിരിക്കുന്ന വായു ശുദ്ധീകരണികള്‍ക്കൊപ്പവും ഇത് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, ഇവ പൊതുവെ തലയ്ക്കു മുകളിലായിരിക്കും പിടിപ്പിക്കുക. കാരണം ഇത്തരം രശ്മികളുടെ തരംഗദൈര്‍ഘ്യം ആളുകളുടെ കണ്ണുകള്‍ക്കും ത്വക്കിനും ചൊറിച്ചില്‍ ഉണ്ടാക്കാം.

 

∙ ഇതൊക്കെ പ്രായോഗികമാണോ?

 

പബ്ലിക് ഹെല്‍ത് റിപ്പോര്‍ട്ട്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുവിജിഐ ആണ് ചെറിയ ജല കണികളിലൂടെ പകരുന്ന വ്യാധികള്‍ക്കുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി. എന്നാല്‍, വലിയ തുള്ളികളിലുള്ള രോഗാണുക്കളെ ഇവയ്ക്കൊന്നും ചെയ്യാനാവില്ല. കൂടാതെ, നേരിട്ടുള്ള സ്പര്‍ശത്തില്‍ നിന്നു കിട്ടുന്ന രോഗാണുക്കള്‍ക്കും ഇതു പ്രതിവിധിയല്ല. യുവിജിഐ ഉപയോഗിക്കുമ്പോള്‍. സൂക്ഷ്മജീവികള്‍ക്ക് ഇതിനോട് പ്രതികരിക്കുന്നത് എങ്ങനെയാണെന്നു പഠിക്കണം, ഏതളവില്‍ ഉണ്ടെങ്കിലാണ് അത് പകര്‍ച്ചരോഗാണുക്കളെ കൊല്ലുന്നത് എന്നറിയണം. ഇതു പ്രയോഗിക്കുന്ന സ്ഥലത്തെ ഹ്യുമിഡിറ്റിയും (ഈര്‍പ്പം) കാലാവസ്ഥയും പരിഗണിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, യുവിജിഐ ലാമ്പ് മുറിയുടെ മുകളില്‍ പിടിപ്പിച്ചിരിക്കുകയാണെങ്കില്‍ മുകളിലേക്ക് വായു എത്തുന്നുണ്ട് എന്നുറപ്പാക്കാന്‍ വായു സഞ്ചാരം മുകളിലേക്ക് ആയിരിക്കണം. അപ്പോള്‍ മാത്രമെ യുവിജിഐക്ക് പകര്‍ച്ചവ്യാധി രോഗാണുവിനെ കുരുക്കാനാകൂ.

 

ഇതൊക്കെയാണെങ്കിലും സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, പൊതുസ്ഥലങ്ങള്‍, സിനിമാശാലകള്‍ തുടങ്ങി, വലിയൊരു പ്രദേശം മുഴുവന്‍ അണുമുക്തമാക്കേണ്ടിവരുമ്പോള്‍ അതിന് വലിയ ചെലവ് വരും. ഇത്തരം സാഹചര്യങ്ങളില്‍ മറ്റു പോംവഴികള്‍ തേടേണ്ടതായി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

English Summary: Can ultraviolet light help detect, kill the coronavirus?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com