ADVERTISEMENT

ലോകം പല മാര്‍ഗങ്ങളിലൂടെ കോവിഡില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തേടുകയാണ്. വാക്‌സിനുകളും ഫലപ്രദമായ മരുന്നുകളും വൈകുന്നതിനാല്‍ മറ്റു മാര്‍ഗങ്ങളും സജീവമാണ്. ഇപ്പോഴിതാ കൊറോണ വൈറസിനെ ഫലപ്രദമായി നശിപ്പിക്കുന്ന വസ്ത്രങ്ങള്‍ തന്നെ യാഥാര്‍ഥ്യമാകുന്നു. ഈ വസ്ത്രങ്ങളിലേക്ക് കൊറോണ വൈറസ് എത്തിയാല്‍ മിനിറ്റുകള്‍ക്കകം നശിക്കും. 

 

ഇന്റലിജന്റ് ഫേബ്രിക് ടെക്‌നോളജീസ് നോര്‍ത്ത് അമേരിക്ക (ഐഎഫ്ടിഎന്‍എ) എന്ന കനേഡിയന്‍ കമ്പനിയാണ് നിര്‍ണ്ണായകമായ നേട്ടത്തിന് പിന്നില്‍. PROTX2 AV എന്ന രാസവസ്തുവാണ് കോവിഡിന് കാരണമാകുന്ന സാർസ്-CoV-2 വൈറസിനെ നശിപ്പിക്കുന്നത്. പത്ത് മിനിറ്റുകൊണ്ട് ഈ രാസവസ്തു 99.9 ശതമാനം കൊറോണ വൈറസിനേയും നശിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒരിക്കല്‍ ഈ രാസവസ്തു വസ്ത്രത്തില്‍ പ്രയോഗിച്ചാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് സുരക്ഷ ലഭിക്കുകയും ചെയ്യും. 

 

ഈ രാസവസ്തുവിന്റെ കാര്യക്ഷമത സ്വതന്ത്രമായ മറ്റൊരു ലബോറട്ടറിയില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിക്കുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ടെക്‌സ്റ്റൈല്‍ കെമിസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോവിഡിനെ തോല്‍പിക്കുന്ന വസ്ത്രം ഒരുങ്ങുന്നെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

 

സോപ്പിനെ പോലെ കൊറോണ വൈറസിന്റെ പുറത്തെ പാളി നശിപ്പിച്ച് വൈറസിനെ ഇല്ലാതാക്കുകയാണ് ഈ കോവിഡ് പ്രതിരോധ വസ്ത്രം ചെയ്യുന്നത്. വസ്ത്രത്തില്‍ എത്തുന്ന രോഗാണുവിനെ പത്ത് മിനിറ്റിനകം നശിപ്പിക്കുന്നതോടെ കൊറോണ വൈറസിനെ ഇരട്ടിക്കാനുള്ള സാധ്യതയും ഇല്ലാതാവുന്നു. 

 

കോവിഡിനെക്കുറിച്ച് ലോകത്തിനുള്ള അറിവ് പരിമിതമാണെന്നതായിരുന്നു തങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് കമ്പനി സിഇഒ ജിയാന്‍കര്‍ലോ ബീവിസ് പറയുന്നു. ഇപ്പോള്‍ കോവിഡിനെ കൊല്ലുന്ന PROTX2 AV എന്ന രാസവസ്തു അടങ്ങിയ വാഷിങ് പൗഡറും ലിക്വിഡും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഐഎഫ്ടിഎന്‍എ. വൈകാതെ സ്വന്തമായി പിപിഇ കിറ്റുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.

English Summary: Antiviral Coating On Clothes Could Soon Kill COVID-19 On Contact And Save Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com