ADVERTISEMENT

അപ്രതീക്ഷിതമായി കോവിഡ്-19 ലോകമെമ്പാടും പടരുകയും ആളുകള്‍ മുഴുവനും തന്നെ 'തടവിലാക്കപ്പെടുകയും' ചെയ്യപ്പെട്ടിരിക്കുന്ന സമയത്ത് ഈ വൈറസ് എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റിയും എങ്ങനെയാണ് പടരുന്നത് എന്നതിനെക്കുറിച്ചും പല അഭ്യൂഹങ്ങളും പ്രചരിക്കുകയുണ്ടായി. ഉദാഹരണത്തിന് 5ജി സാങ്കേതികവിദ്യയാണ് വൈറസ് പരത്തുന്നതെ‌ന്ന് പറഞ്ഞ് ബ്രിട്ടനില്‍ 70തോളം 5ജി ടവറുകള്‍ തകര്‍ത്തിരുന്നു. യൂറോപ്പിലാകെ 5ജി ടവറുകള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. ഈ വൈറസ് വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പ്രചരിച്ചത് എന്നായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍, ഇത് വുഹാന്‍ വൈറോളജി ലാബില്‍ നിന്ന് 'ചാടിപ്പോയ' വൈറസാണെന്നും അതുകൊണ്ട് ചൈനയെ ഒരു പാഠം പഠിപ്പിക്കണം എന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ള പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഏകപക്ഷീയമായ ആരോപണം, ചൈനയുടെ തലയില്‍ കെട്ടിവച്ച് കൈകഴുകാമെന്ന അമേരിക്കയുടെ മോഹം നടക്കാത്തതിനു കാരണമുണ്ട്. വൂഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് അമേരിക്കയും കാനഡയും അടക്കമുള്ള രാജ്യങ്ങള്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ധനസഹായം ചെയ്തിട്ടുണ്ട്. എന്തിനാണ് ഈ ലാബിന് അമേരിക്ക സാമ്പത്തിക സഹായം ചെയ്തതെന്നു ചോദിച്ചപ്പോള്‍ അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് മൈക് പോംപിയോ പറഞ്ഞത് നിലവാരമില്ലാത്ത ലാബില്‍ നിന്ന് അമേരിക്കക്കാരെ രക്ഷിക്കാനാണ് എന്നാണ്. അതായത്, ഇത്തരം ഒരു ലാബ് അമേരിക്കയില്‍ സ്ഥാപിച്ച് അതില്‍നിന്ന് എന്തെങ്കിലും വൈറസ് ചാടിപ്പോകലോ മറ്റോ ഉണ്ടായാല്‍ അത് അമേരിക്കന്‍ പൗരന്മാരെ ബാധിക്കരുത്.

വുഹാന്‍ ലാബില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അടക്കം ജോലിയെടുത്തിട്ടുമുണ്ട് എന്നിരിക്കെ ഇത് ചൈനയുടെ തലയില്‍ മാത്രം എങ്ങനെ വച്ചുകെട്ടാം എന്നാണ് പലരും ചോദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കോവിഡ്-19ന്റെ കാര്യത്തില്‍ ഗൂഢാലോചനാ വാദികള്‍ക്ക് ചാകരയാണ്. അത്തരത്തിലൊരു അസ്ത്രം മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ബില്‍ ഗെയ്റ്റ്‌സിനു നേരെയും തൊടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലുള്ള അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങളില്‍ മഹാവ്യാധി ലോകത്തു പരക്കാമെന്ന പരാമര്‍ശവും കാണാമെന്നതും അദ്ദേഹത്തിനെതിരെ തിരിയാന്‍ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്.

ഗെയ്റ്റ്‌സ് – പാപിയോ പുണ്യവാളനോ?

ടെക്‌നോളജിയുടെ കാര്യത്തില്‍ ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിനെ പോലെ തന്നെ ഗെയ്റ്റ്‌സിനെയും ആരാധനാ മൂര്‍ത്തിയായി കണക്കാക്കുന്നവരുണ്ട്. നമ്മളുടെ ഡിജിറ്റല്‍ ലോകം സാധ്യമാക്കാന്‍ മുന്നില്‍ നിന്നവരില്‍ ഒരാള്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അതുകൂടാതെയാണ് മറ്റു പല കോടീശ്വരന്മാരെയും പോലെയല്ലാതെ തന്റെ പണം മാനവരാശിയുടെ ഉന്നമനത്തിനായി ചെലവഴിക്കുന്നത്. എന്നാല്‍, ലോകത്ത് ചെറിയൊരു ശതമാനം ആളുകളെങ്കിലും കോവിഡ്-19ന്റെ പിന്നില്‍ ബില്‍ ഗെയ്റ്റ്‌സ് തന്നെയാണെന്നു വിശ്വസിക്കുന്നു. ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം സാര്‍സ്-കോവ്2 ന്റെ പേറ്റന്റ് തന്നെ ബില്‍ ഗെയ്റ്റ്‌സിനാണെന്നു വിശ്വസിക്കുന്നവരുണ്ട്. ഇതിനെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ വേണ്ടിവരുമെന്നും ഇതിലൂടെ ഗെയ്റ്റ്‌സ് പണമുണ്ടാക്കുമെന്നുമാണ് ഗൂഢാലോചനാ വാദികള്‍ പറയുന്നത്. ഇംഗ്ലണ്ടിലെ പിര്‍ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് (The Pirbright Institute) വൈറസിന്റെ പേറ്റന്റ് ഉള്ളതെന്നും ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് ബില്‍ ആന്‍ഡ് മെലിൻഡാ ഗെയ്റ്റസ് ഫൗണ്ടേഷനില്‍ നിന്ന് ധനസഹായം ലഭിക്കുന്നു എന്നുമാണ് ആരോപണം. എന്നാല്‍, ഈ ആരോപണത്തില്‍ പിന്നീട് തിരുത്തല്‍ വരുത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിന് പേറ്റന്റ് ഉള്ളത് വേറൊരു കൊറോണാവൈറസിന്റെ കാര്യത്തിലാണെന്നും അത് കോഴികളെ മാത്രമേ ബാധിക്കൂവെന്നും ആരോപണം ഉയര്‍ത്തിയവര്‍ തന്നെ പിന്നെ സമ്മതിക്കുകയായിരുന്നു.

ഇടുത്തിടെ ഗെയ്റ്റ്‌സ് കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തില്‍ മുന്‍ നിരയില്‍ നിന്നു പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെ അനുമോദിച്ച് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടു. ഇതിന്റെ താഴെ ഗൂഢാലോചനാവാദികള്‍ പൊങ്കാലയായിരുന്നു. കോവിഡ്-19നെ എതിരിടാനായി ഇതുവരെ 300 ദശലക്ഷം ഡോളറാണ് ഗെയ്റ്റ്‌സ് ചെലവിട്ടിരിക്കുന്നത്. വാക്‌സിന്‍ നിര്‍മാണത്തിനായി ഏഴു ഫാക്ടറികള്‍ തുടങ്ങാനാണ് അദ്ദേഹം ഇരിക്കുന്നത്. തന്റെ ആസ്തിയായ 10200 കോടി ഡോളറില്‍ 5000 കോടിയും 2108ല്‍ വിവിധ ജീവകാരുണ്യപ്രവര്‍ത്ത സംഘടനകള്‍ക്കും നല്‍കുകയും ചെയ്തയാളായ ഗെയ്റ്റ്‌സ് ഇത്തരം ആക്രമണം അര്‍ഹിക്കുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഗെയ്റ്റസ് കൊണ്ടുവരുന്ന കൊറോണാവൈറസ് വാക്‌സിനില്‍ മൈക്രോചിപ്പ് അടങ്ങിയിരിക്കും എന്നെല്ലാമാണ് കമന്റ് ഇട്ടിരിക്കുന്നവര്‍ പറയുന്നത്.

ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും പോളിയോ രോഗത്തെ ആട്ടിയോടിക്കുന്ന കാര്യത്തിലും ഗെയ്റ്റ്‌സ് അകമഴിഞ്ഞു സംഭാവന ചെയ്തിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയില്‍നിന്ന് മലേറിയ തുടച്ചു നീക്കുന്ന കാര്യത്തിലും അകമഴിഞ്ഞ് സംഭാവന ചെയ്തിട്ടുള്ളയാളുമാണ് ഗെയ്റ്റ്‌സ്. ഗെയ്റ്റ്‌സിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണം അനുദിനം വര്‍ധിക്കുകയാണ്. ലോകാരോഗ്യ സംഘടനയ്ക്കു ഫണ്ട് നല്‍കുന്നതു നിർത്താനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ രംഗത്തുവന്ന ഗെയ്റ്റ്‌സിനെതിരെ 45,000 ലേറെ കമന്റുകളാണ് പോസ്റ്റു ചെയ്യപ്പെട്ടത്. ഈ പോസ്റ്റിനു ശേഷം അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇദ്ദേഹത്തിന്റെ പേര് ട്വിറ്ററില്‍ പരാമര്‍ശിക്കപ്പെട്ടത് 270,000 തവണയാണ്.

ഗെയ്റ്റ്‌സ് ഫൗണ്ടേഷന്റെ സിഇഒ മാര്‍ക്ക് സുസ്മാന്‍ ഇക്കാര്യത്തില്‍ തന്റെ ഉല്‍കണ്ഠ അറിയിച്ചിരിക്കുകയാണ്. ഗൂഢാലോചനവാദികളുടെ ആക്രമണങ്ങള്‍ വലിയ പ്രശനങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് അദ്ദഹം പറയുന്നത്. മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത തരം ആരോഗ്യപരവും ധനപരവുമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒറ്റെക്കെട്ടായി നിന്ന് പ്രതിസന്ധിയെ തരണം ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം തെറ്റായ പ്രചാരണങ്ങള്‍ നടത്തി ഭിന്നിപ്പുണ്ടാക്കിക്കാന്‍ ശ്രമിക്കുന്നത് വളരെ വേദനാജനകമാണെന്ന് അദ്ദേഹം പറയുന്നു. ഈ സമയത്ത് ചെയ്യാവുന്ന ഒരു കാര്യം കൊറോണാവൈറസിനെക്കുറിച്ചുള്ള വസ്തുനിഷ്ടമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുക എന്നതാണെന്നും, സുസ്മാന്‍ പറയുന്നു.

ഗെയ്റ്റ്‌സിനു കാശുണ്ടാക്കാനാണെങ്കില്‍ വാക്‌സിന്‍ വില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല, വയാഗ്ര ഉണ്ടാക്കി വിറ്റാല്‍ മതിയായിരുന്നു എന്നും പറയുന്നവരും ഉണ്ട്. ആദ്യം വന്ന കൊറോണാവൈറസുകളായ മേര്‍സിന്റെയും സാര്‍സിന്റെയും കാര്യത്തില്‍ ഗെയറ്റ്‌സിന്റെ പേരു പ്രചരിപ്പിക്കപ്പെട്ടിട്ടില്ല. ഇവ ഇത്തരം വൈറസുകള്‍ വ്യാപിക്കാമെന്നതിന്റെ വ്യക്തമായ സുചയയായിരുന്നു എന്നും, ആ മുന്നറിയിപ്പു മാനവരാശിക്കു നല്‍കിയ വ്യക്തികളില്‍ ഒരാളാണ് ഗെയ്റ്റ്‌സ് എന്നും അദ്ദേഹത്തെ പ്രതിരോധിക്കുന്നവര്‍ പറയുന്നു. ഹൃദയസ്തംഭനത്തിനു മുൻപ് വരുന്ന നെഞ്ചുവേദനകളെ പോലെ മേര്‍സ്, സാര്‍സ്, എച്1എന്‍1, എബോളാ, സികാ വൈറസ് ബാധകളെ ഇപ്പോള്‍ കാണാമെന്നു വാദിക്കുന്നവരുണ്ട്.

ഗെയ്റ്റ്‌സ് ഉയര്‍ത്തിയ മുന്നറിയിപ്പ് ആരും കാര്യമായി എടുത്തില്ല എന്നതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കാര്യമെന്നും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവര്‍ പറയുന്നു. വൈറസ് എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇപ്പോള്‍. അതിനെ എങ്ങനെ നിയന്ത്രിക്കാമെന്നാണ് അലോചിക്കേണ്ടത്. ഗൂഢാലോചന വാദികള്‍ ശാസ്ത്രജ്ഞരുടെയും മറ്റും ശ്രദ്ധ മാറ്റിക്കളയുന്നുവെന്നും വാദമുണ്ട്. വൈറസ് ചാടിപ്പോയതാണോ, തുളുമ്പിപ്പോയതാണോ എന്നുമൊക്കെ പിന്നെ ആലോചിക്കാമെന്നാണ് ചിലരെങ്കിലും വാദിക്കുന്നത്. ഗെയ്റ്റ്‌സ് പാപിയാണോ പുണ്യവാളനാണോ എന്നു വിലയിരുത്തേണ്ട സമയം ഇപ്പോഴാണോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com