ADVERTISEMENT

ഇന്ത്യയിലെ ആദ്യ സ്ഥിരീകരിച്ച കോവിഡ്-19 കേസ് കേരളത്തിലാണ്- ജനുവരി 30നാണ് അതു സംഭവിച്ചത്. എന്നാല്‍, അടുത്തിടെ നടത്തിയ എംആര്‍സിഎ (most recent common ancestor (MRCA) പ്രകാരം രാജ്യത്ത് പ്രചരിച്ച കൊറോണാവൈറസിന്റെ വകഭേദം 2019 നവംബറില്‍ രാജ്യത്തു പ്രവേശിച്ചിട്ടുണ്ടാകാമെന്ന പുതിയ അനുമാനത്തിലെത്തിച്ചേര്‍ന്നരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഇപ്പോള്‍ തെലങ്കാനയിലും മറ്റു ചില സംസ്ഥാനങ്ങളിലും പ്രചരിക്കുന്ന വൈറസാണ് നവംബര്‍ 26നും ഡിസംബര്‍ 25നും ഇടയില്‍ രാജ്യത്തെത്തിയിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. ഇതുപ്രകാരം, ഏകദേശം വുഹാനില്‍ പ്രചരിച്ച വൈറസിന്റെ പൂര്‍വ്വികന്‍ ഇന്ത്യയില്‍ എത്തിയ സമയമായി ഇപ്പോള്‍ കണക്കുകൂട്ടുന്നത് ഡിസംബര്‍ 11 ആണ്.

രാജ്യാന്തര സഞ്ചാരികളായിരിക്കുമോ വൈറസ് ജനുവരി 30ന് മുൻപ് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടാകുക എന്നത് കണ്ടെത്തുക എളുപ്പമല്ല. കാരണം ജനുവരി 30ന് രാജ്യത്ത് വ്യാപക ടെസ്റ്റിങ് ഒന്നും ഉണ്ടായിരുന്നില്ല. ഹൈദരാബാദിലെ സെല്ല്യുലര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജിയിലെ (സിസിഎംബി) ഗവേഷകര്‍, വിവിധ ഇനത്തില്‍ (strain) പെട്ട കൊറോണാവൈറസുകളെ പഠിച്ച്, മോസ്റ്റ് റീസന്റ് കോമണ്‍ അന്‍സെസ്റ്ററെ മാത്രമല്ല കണ്ടെത്തിയത്- അവര്‍ ഒരു പുതിയ ഇനം അല്ലെങ്കില്‍ ക്ലെയ്ഡിനെ (clade) തന്നെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇതിന് നിലവില്‍ അറിയപ്പെടുന്ന മറ്റൊരു വകഭേദത്തിനോടും സാമ്യമില്ല. ഇതിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര് ക്ലെയ്ഡ് എ/3ഐ (Clade I/A3i) എന്നാണ്.

പൊതു പൂര്‍വികനില്‍ നിന്നു ഉരുത്തിരിഞ്ഞുവന്ന എല്ലാ വംശജരെയും ഉള്‍ക്കൊള്ളുന്ന ഒരു ഗ്രൂപ്, എന്നാണ് ക്ലെയ്ഡിനു നല്‍കുന്ന നിര്‍വചനം. കേരളത്തില്‍ ആദ്യം കണ്ടെത്തിയ കോവിഡ്-19ന്റെ വൈറസല്‍ സ്‌ട്രെയ്‌നിന് വുഹാന്‍ പൂര്‍വികനുമായി ബന്ധമുണ്ട്. എന്നാല്‍, ഹൈദരാബാദില്‍ കണ്ടെത്തിയ ക്ലെയ്ഡ് എ/3ഐ ഒറ്റയാണ് (unique). ഇത് ചൈനയില്‍ നിന്ന് ഉത്ഭവിച്ചതല്ല. മറിച്ച് ദക്ഷിണേഷ്യയില്‍ മറ്റെവിടെ നിന്നോ തുടങ്ങിയതാണെന്ന് ഗവേഷകര്‍ പറയുന്നു. ഏതു രാജ്യത്തു നിന്നാണ് തുടങ്ങിയതെന്ന് കൃത്യമായി പറയാനാവില്ലെന്ന് സിസിഎംബി ഡയറക്ടര്‍ ഡോ. രാകേഷ് കെ മിശ്ര പറയുന്നു.

കൊറോണാവൈറസിന്റെ പുതിയ സ്‌ട്രെയ്ന്‍ ആയ ക്ലെയ്ഡ് എ/3ഐയുടെ മോസ്റ്റ് റീസന്റ് കോമണ്‍ അന്‍സെസ്റ്റര്‍ ജനുവരി 1നും ഫെബ്രുവരി 25നുമിടയില്‍ പ്രചരിച്ചിരിക്കാം. ഈ രണ്ടു തിയതികള്‍ക്കും മധ്യേയുള്ള ഫെബ്രുവരി 8 ആണ് ഇതു തുടങ്ങിയ തിയതിയായി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തിയ മറ്റൊരു പ്രധാന ക്ലെയ്ഡ് ആയ എ2എ (A2a)ന്റെ ടിഎംആര്‍സിഎ (tMRCA) ജനുവരി 2 ആണെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രചരിച്ചു തുടങ്ങുന്നത് 2019 ഡിസംബര്‍ 13നും, 2020 ജനുവരി 22നും ഇടയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (CSIR-IGIB), ഡല്‍ഹി, അക്കാദമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇനവേറ്റീവ് റസേര്‍ച്, ഗാസിയബാദ് എന്നിവടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന ടീമാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. അവര്‍ പറയുന്നത് തങ്ങള്‍ കണ്ടെത്തിയ ക്ലെയ്ഡ് ലോകത്ത് മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ല എന്നാണ്. നേരത്തെ തിരിച്ചറിഞ്ഞ 10 ക്ലെയ്ഡുകളെക്കാളും വിഭിന്നമാണിത് എന്നും ഗവേഷകര്‍ പറയുന്നു. ഒരു കേന്ദ്രത്തില്‍ നിന്നായിരിക്കണം പുതിയ ക്ലെയ്ഡ് ഇന്ത്യയിലേക്ക് എത്തുന്നതെന്ന് അവര്‍ നിരീക്ഷിക്കുന്നു. ഒറ്റ പൊട്ടിപ്പുറപ്പെടലിന്റെ ബാക്കി പത്രമായിരിക്കണം അതെന്നും പറയുന്നു. ഇത് അതിവേഗം രാജ്യമെമ്പാടും പടരുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഇത് അതിവേഗം എത്തി. തങ്ങളുടെ പഠനത്തിനായി സമ്പൂര്‍ണ്ണ ജീനോം സീക്വന്‍സിങ് (whole-genome sequencing) ആണ് നടത്തിയത്. 64 ജിനോമുകള്‍ ടെസ്റ്റു ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 361 ജീനോമുകള്‍ ഇതുവരെ ടെസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു ക്ലസ്റ്ററുകളിലുള്ള വൈറല്‍ ജീനോമുകളും വന്ന തിയതിയും മറ്റും കണ്ടെത്തിയിട്ടുമുണ്ട്.

ഇന്ത്യയില്‍ പരിശോധിക്കപ്പെട്ട 41 ശതമാനം ജീനോമുകളിലും ക്ലെയ്ഡ് എ/3ഐ കണ്ടെത്തിയതായി ഡോ. മിശ്ര പറഞ്ഞു. ലോകത്ത് കണ്ടെത്തിയ 3.5 ശതമാനം ജീനോമുകള്‍ ഏതെങ്കിലും ജില്ലയിലേക്കോ, ഉത്ഭവ സ്ഥാനത്തേക്കോ മാപ്പു ചെയ്യാനാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുതിയതായി കണ്ടെത്തിയ ക്ലെയ്ഡിന്റെ കാര്യവും അങ്ങനെയാണ്. ക്ലെയ്ഡ് എ/3ഐ 19ല്‍ 16 സംസ്ഥാനത്തും കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവടങ്ങളിലാണ് പുതിയ ക്ലെയ്ഡ് ഏറ്റവുമധികം കണ്ടെത്തിയിരിക്കുന്നത്. ബിഹാര്‍, കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവടങ്ങളിലും ഇതു പ്രചരിച്ചിട്ടുണ്ട്. പുതിയ കണ്ടെത്തലുകളില്‍ നിന്നുള്ള നിഗമനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

English Summary: Scientists estimate Covid may have entered India in November 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com