sections
MORE

കൊറോണ വാക്സിൻ കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീരണമെന്നില്ല; കാരണമെന്ത്?

Coronavirus-India
SHARE

ഫലപ്രദമായ വാക്‌സിനോ ഗുണപ്രദമായ മരുന്നോ കണ്ടെത്താനാകുന്നില്ലെങ്കില്‍ പുതിയ ലോകം സൃഷ്ടിക്കപ്പെടും. കൊറോണ വൈറസിനു മുന്നില്‍ മനുഷ്യജീവിതം അകലം പാലിക്കല്‍, അടച്ചിടലുകള്‍, വേണ്ടന്നുവയ്ക്കലുകള്‍, ഉപേക്ഷിക്കലുകള്‍ തുടങ്ങിയവയിലൂന്നി മുടന്തി മുടന്തിയായിരിക്കും മുന്നോട്ടു പോകുക. മാസ്‌കുകളും, ആവരണങ്ങളും മുന്‍കരുതുലുകളുമെല്ലാം ഉണ്ടെങ്കിലും ഏതു നിമിഷവും ദുരന്തം സംഭവിക്കാമെന്ന ബോധം ആളുകളെ വേട്ടയാടുകയും ചെയ്യും.

ആഗോള തലത്തില്‍ വാക്‌സിനുകള്‍ വികസിപ്പിച്ച് ആളുകള്‍ക്ക് പ്രതിരോധം ചമയ്ക്കാനുള്ള ശ്രമങ്ങള്‍ കാര്യമായി നടക്കുന്നുമുണ്ട്. അവയില്‍ പലതും ആശാവഹമായ പുരോഗതി കാണിക്കുന്നുമുണ്ട്. നിലവില്‍ 90ലേറെ വാക്‌സിനുകളാണ് സർക്കാരുകളും എന്‍ജിഒകളും സ്വകാര്യ കമ്പനികളും അടക്കമുള്ളവര്‍ നിര്‍മിച്ചുവരുന്നത്. ചിലത് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുകയുമാണ്. ഇവയില്‍ തന്നെ ചൈനയിലെ ഗവേഷണ കമ്പനി അമേരിക്കയിലെ ബയോടെക് കമ്പനിയായ മോഡേണ എന്നിവയാണ് നിലവില്‍ ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്നത്. എന്നാലും, വാക്‌സിന്‍ എങ്ങനെയാകും കോവിഡ്-19 എന്ന മഹാമാരിയുടെ കാര്യത്തില്‍ സ്വീകാര്യമാകുക എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം.

വാക്‌സിന്‍ എത്തിയാല്‍ മാത്രമെ അറിയൂ അതിന് രോഗത്തെ എന്നന്നേക്കുമായി തുടച്ചു നീക്കാന്‍ സാധിക്കുമോ, അതോ അതിന്റെ പിടി എന്നേക്കുമായി തുടരുമോ എന്നറിയാന്‍. ഇക്കാര്യത്തില്‍ ചില അതിപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിപ്പോള്‍. വാക്‌സിന്റെ വരവിന്റെ പ്രാധാന്യം നാലു രീതിയിലായരിക്കും വിലയിരുത്തപ്പെടുക – അത് എത്രമാത്രം ഫലവത്താണ്, എന്നത്തേക്ക് ലഭ്യമാകും, എത്ര ഡോസുകള്‍ ലഭ്യമാകും, ഇതിനിടയില്‍ ലോകത്തിന് എന്തു സംഭവിക്കും എന്നിവയാണ് അവ.

എത്രമാത്രം ഫലപ്രദമാണ്?

വാക്‌സിൻ കൊറോണ വൈറസില്‍ നിന്ന് എന്നേക്കുമായി ലോകത്തെ മോചിപ്പിക്കുമോ, അതോ വാക്‌സിനിലൂടെ ലഭിക്കുന്ന പ്രതിരോധം മാസങ്ങള്‍ക്കുള്ളിലോ, വര്‍ഷങ്ങള്‍ക്കുള്ളിലോ ക്ഷയിക്കുമോ? ഇത്രമാത്രം പരീക്ഷണങ്ങള്‍ നടക്കുന്നതിനാല്‍ ഒന്നിലേറെ വാക്‌സിനുകള്‍ ഉപയോഗപ്രദമായേക്കാമെന്നാണ് കണക്കുകൂട്ടലുകള്‍. ഏറ്റവും ഫലപ്രദമായ വാക്‌സിനാണ് കിട്ടുന്നതെങ്കില്‍ അതിന് 'സ്റ്റെറിലൈസിങ് ഇമ്യൂണിറ്റി' നല്‍കാനാകും. എന്നു പറഞ്ഞാല്‍, പിന്നീടൊരിക്കലും ഈ രോഗത്തെ ഭയക്കേണ്ടിവരില്ല. വസൂരിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്.

ചിലപ്പോള്‍ അപൂര്‍ണ്ണമായ വാക്‌സിനുകളായിരിക്കാം വികസിപ്പിക്കപ്പെടുക. ഒരാള്‍ക്ക് വൈറസ് ബാധയേറ്റാലും വാക്‌സിന് രോഗിയുടെ ശരീരത്തിന്റെ പ്രതിരോധ വ്യൂഹത്തെ വൈറസിനെ ചെറുക്കാനുള്ള കാര്യങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കും. രോഗ ബാധയേറ്റ ആള്‍ക്ക് ചില ലക്ഷണങ്ങളും മറ്റും വരും. അയാളില്‍ നിന്ന് രോഗം പടര്‍ന്നെന്നുമിരിക്കും. എന്നാല്‍, അപകടകരമായ അവസ്ഥകളിലേക്കു പോകാത്ത രീതിയില്‍ സംരക്ഷിച്ചു നിർത്താന്‍ വാക്‌സിനു സാധിച്ചേക്കും. ഇങ്ങനെയാണ് ഇന്‍ഫ്‌ളുവന്‍സാ വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള വാക്‌സിനുകളുടെ ശക്തി വര്‍ഷങ്ങല്‍ മാത്രമായിരിക്കാം നീണ്ടുനില്‍ക്കുക.

വാക്‌സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് എത്ര വേഗമാണ് പകര്‍ച്ചവ്യാധി രോഗാണുവിന് ഉള്‍പ്പരിവര്‍ത്തനം (mutation) സംഭവിക്കുന്നത് എന്നതാണ്. വൈറസിന് അതിവേഗം ഉള്‍പ്പരിവര്‍ത്തനം സംഭവിച്ചാല്‍ വാക്‌സിന്‍ ഫലപ്രദമാകാനുള്ള സാധ്യത കുറയും. സാര്‍സ്-കോവ്-2 എന്ന കോവിഡ്-19 വൈറസ് ഒറ്റ സ്ട്രാന്‍ഡ് ഉള്ള ആര്‍എന്‍എ വൈറസാണ്. ഇത്തരം വൈറസുകള്‍ ഉള്‍പ്പരിവര്‍ത്തനം വരുന്ന കാര്യത്തില്‍ കുപ്രസിദ്ധമാണ്. എന്നാല്‍, ഈ ഉള്‍പ്പരിവര്‍ത്തനങ്ങള്‍ വാക്‌സിനുകളുടെ ഫലത്തെ മോശമായി ബാധിക്കുമെന്ന് തീര്‍ച്ചയുള്ള കാര്യമല്ല. അഞ്ചാംപനി ഇങ്ങനെ ഒറ്റ സ്ട്രാന്‍ഡ് ഉള്ള ആര്‍എന്‍എ വൈറസാണ്. അതിന് ഉള്‍പ്പരിവര്‍ത്തനം വരുന്നുണ്ടെങ്കിലും വാക്‌സിന്റെ പ്രവര്‍ത്തന പരിധിയില്‍ നിന്നു മാത്രമാണ് അതു നടക്കുന്നത്. ഇന്‍ഫ്‌ളുവന്‍സയ്ക്ക് ഇടക്കിടെ പുതിയ വാക്‌സിന്‍ വേണം. എന്നാല്‍, അഞ്ചാംപനിക്കു വേണ്ട.

നിലവില്‍ ലഭ്യമായ തെളിവുകള്‍ പ്രകാരം സാധാരണ ആര്‍എന്‍എ വൈറസുകളുടെ അത്ര പോലും ഉള്‍പ്പരിവര്‍ത്തനം സാര്‍സ്-കോവ്-2 നു വരുന്നില്ല എന്നത് ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. മറ്റൊരു സുപ്രധാന കാര്യം ഒരാള്‍ കൊറോണവൈറസ് മുക്തനായാല്‍ അയാള്‍ക്ക് ശിഷ്ടകാലം പ്രതിരോധ ശേഷി കൈവരുമെന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്താനായിട്ടില്ല എന്നതാണ്. അവര്‍ക്ക് ഭാവിയില്‍ വീണ്ടും കോവിഡ്-19 വരുമോ ഇല്ലയോ എന്നു പറയാനായിട്ടില്ല. അങ്ങനെയാണെങ്കില്‍ വാക്‌സിന്‍ എടുത്താലും കുറച്ചുകാലം കഴിയുമ്പോള്‍ രോഗം വീണ്ടും വരാം.

പ്രായം

ഒരു തരത്തിലുള്ള വാക്‌സിനായിരിക്കും ചില പ്രായക്കാര്‍ക്ക് നല്‍കുന്നതെങ്കില്‍ വേറെ ഉള്ളവര്‍ക്ക് വേറെ രീതിയിലുള്ള വാക്‌സിന്‍ ആയിരിക്കാം നല്‍കുക എന്നതും ഒരു സാധ്യതയാണ്. ചില മാറാ രോഗങ്ങള്‍ പേറുന്നവര്‍ക്ക് വേറൊരു തരത്തിലുള്ള വാക്‌സിനുമാകാം നല്‍കുന്നത്. പൊതുജനത്തിനു മൊത്തത്തില്‍ ഒരു വാക്‌സിന്‍ എന്ന രീതിയേക്കാള്‍ ഇത്തരം സാധ്യതകള്‍ ഉയര്‍ന്നു വന്നേക്കാം. എല്ലാത്തരം ആളുകള്‍ക്കും കാലാകാലങ്ങളില്‍ വീണ്ടും കുത്തിവയ്‌ക്കേണ്ടതായും വന്നേക്കാം. ചില ആളുകളുടെ രോഗപ്രതിരോധവ്യൂഹം വാക്‌സിനുകളോടു പ്രതികരിക്കാതിരിക്കാനുള്ള സാധ്യത പോലും ഉണ്ടെന്നാണ് ടെക്‌സാസ് എആന്‍ഡ്എം യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആയ ബെഞ്ചമിന്‍ നൂയിമാന്‍ പറയുന്നത്.

എത്ര കാലമെടുക്കും?

2020നും വാക്‌സിന്‍ വരുന്ന കാലത്തിനുമിടയില്‍ അപ്രവചനീയമായ നിരവധി സംഭവവികാസങ്ങള്‍ ഉണ്ടായേക്കാം. ഈ കാലയളിവനുളളില്‍ പൊതുജനാരോഗ്യത്തെ സംബന്ധിച്ച് നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവന്നേക്കാം. വാക്‌സിന്‍ നിര്‍മാണം ത്വരിതപ്പെടുത്താനുള്ള ശ്രമം എല്ലാഭാഗത്തു നിന്നും നടക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ കാണുന്നതിനേക്കാള്‍ വേഗത്തില്‍ അതു മുന്നേറില്ല. ലോകത്ത് ഏറ്റവും വേഗം വികസിപ്പിക്കപ്പെട്ട വാക്‌സിന്‍ എന്ന റെക്കോഡ് മുണ്ടിനീരിനാണ് (mumps)-നാലു വര്‍ഷം! മറ്റു വാക്‌സിനുകളെല്ലാം അതിലേറെ കാലമെടുത്താണ് വികസിക്കപ്പെട്ടത്. ചിലതിന് ഒരു പതിറ്റാണ്ടിലേറെ തന്നെ വേണ്ടിവന്നിട്ടുണ്ട്.

എപ്പോഴാണ് വാക്‌സിന്‍ എത്തുക എന്നത് സുപ്രധാനമായ ഒരു കാര്യമാണ്. അടുത്ത രണ്ടുകൊല്ലത്തിനുള്ളില്‍ തന്നെ വാക്‌സിന്‍ വരുമെങ്കില്‍, കോവിഡ്-19 വ്യാപിച്ചാലും ലോകത്തെ ബഹുഭൂരിപക്ഷം പേരെയും അത് ബാധിക്കണമെന്നില്ല. ഇപ്പോള്‍ കൂടുതല്‍ പേരും പറയുന്നത് അടുത്ത 12-18 മാസത്തിനുള്ളില്‍ വാക്‌സിന്‍ വരുമെന്നാണ്. എന്നാല്‍, വൈകും തോറും വൈറസ് കൂടുതല്‍ ആളുകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കും. ഇതോടെ മരണസംഖ്യ കൂടും. ഇതു കൂടാതെ വിവിധ രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങളെ ആയാസപ്പെടുത്തിക്കൊണ്ടിരിക്കും. വാക്‌സിന്‍ വരാന്‍ കാലതതാമസം എടുത്താല്‍ ഇപ്പോള്‍ത്തന്നെ വിവാദമായ ലോക്ഡൗണുകളും മറ്റും ആവര്‍ത്തിച്ചു നടപ്പാക്കപ്പെടും. ഇതെല്ലാം മൊത്തത്തില്‍ സമൂഹങ്ങളെ ക്ഷീണിപ്പിക്കുന്ന നടപടികളായി തീരാം. എന്നാല്‍, പെട്ടെന്ന് പ്രതിബന്ധങ്ങള്‍ വേണ്ടെന്നു വച്ചാല്‍ രോഗം അതിവേഗം പടരുകയും ചെയ്യും.

ദോഷഫലങ്ങള്‍

കൊറോണ വൈറസിനുള്ള വാക്‌സിന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്, അല്ലെങ്കില്‍ നൂറുകണക്കിനു കോടി ആളുകള്‍ക്ക് നല്‍കേണ്ടതാണ്. ഇത് ചിലരിലെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ? ഏറ്റവും വലിയ പേടി സ്വപ്‌നങ്ങളിലൊന്നിനെ വിളിക്കുന്നത് വാക്‌സിന്‍ എന്‍ഹാന്‍മെന്റ് അഥവാ ഇമ്യൂണ്‍എന്‍ഹാന്‍സ്‌മെന്റ്. ചില ആളുകളില്‍ വാക്‌സിന്‍ കുത്തിവച്ചാല്‍ അവരുടെ രോഗപ്രതിരോധ വ്യൂഹം അമിതപ്രതികരണം നടത്താം. അപ്പോള്‍ രോഗം വഷളാകാം. ഇത് വിരളമായാണ് സംഭവിക്കുക. എന്നാലും ഇത് മനസില്‍ വച്ചു തന്നെവേണം മുന്നേറാന്‍. വേണ്ടത്ര സുരക്ഷിതമല്ലാത്ത വാക്‌സിന്‍ കുത്തിവയ്ക്കപ്പെട്ടേക്കാം എന്നുള്ളതാണ് നിലനില്‍ക്കുന്ന മറ്റൊരു ഭീഷണിയെന്ന് വിദഗ്ധര്‍ പറയുന്നു. കൂടുതലാളുകള്‍ക്കും സുരക്ഷിതമായ വാക്‌സിന്‍ എന്ന സുന്ദര സ്വപ്‌നം യാഥാര്‍ഥ്യമാക്കല്‍ അത്ര എളുപ്പമല്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് അടിയന്തര സാഹചര്യത്തില്‍ മാത്രം നല്‍കാന്‍ ഉപകരിക്കുന്ന ഒരു വാക്‌സിന്‍ തങ്ങള്‍ സെപ്റ്റംബറോടെ പുറത്തിറക്കിയേക്കുമെന്നാണ്.

സമൂഹ രോഗപ്രതിരോധ ശേഷി

സമൂഹ രോഗപ്രതിരോധ ശേഷി എന്ന ആശയം ചിലപ്പോള്‍ പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍, പലപ്പോഴും ഒരു സമൂഹത്തിലെ 60 മുതല്‍ 90 ശതമാനം വരെ ആളുകളിലേക്ക് രോഗം പകര്‍ന്നാടുമ്പോഴാണ് ഇതു കൈവരിക്കാനാകുക. ഇതിനിടയില്‍ വന്‍തോതില്‍ മരണവും സംഭവിക്കുമെന്ന കാര്യം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. അങ്ങനെ വരുമ്പോള്‍ പിന്നെയുള്ള മറ്റൊരു സാധ്യത വാക്‌സിനേഷന്‍ തന്നെയാണ്.

എല്ലാവരെയും കുത്തിവയ്ക്കാന്‍ രാജ്യങ്ങള്‍ തയാറാകുമോ?

ഒരു രാജ്യത്തെ ജനതയെ മുഴുവന്‍ കുത്തിവയ്ക്കാന്‍ സർക്കാർ തയാറാകുമോ? അതോ, ഗൂഢാലോചനയും മറ്റും ആരോപിച്ച് വേണ്ടന്നുവയ്ക്കുമോ? ഭൂമിയിലുള്ള എല്ലാവരെയും കുത്തിവയ്ക്കണമെങ്കില്‍ അതിന് ചെറിയൊരു പരിശ്രമം മാത്രം പോരെന്നു പറയേണ്ട കാര്യമില്ലല്ലോ. അതിന് വിഭവങ്ങളും അറിവും രാഷ്ട്രീയ തീരുമാനവും ഒത്തുവരേണ്ടിയിരിക്കുന്നു. ലോകത്തുള്ള എല്ലാ മനുഷ്യരെയും വാക്‌സിനേറ്റു ചെയ്യുക എന്ന കാര്യം മുൻപൊരിക്കലും നടന്നിട്ടുള്ള കാര്യമല്ല. ഗ്രൗണ്ടുകളിലും സിനിമാ ശാലകളിലും പഴയപോലെ ആളെത്തുന്നതിന്, മുത്തശ്ശിക്ക് പേരക്കിടാവിന്റെ കല്ല്യാണത്തിനെത്താനൊക്കെ പ്രതിരോധ കുത്തിവയ്പ്പ് എടുത്താല്‍ മാത്രമായിരിക്കും സാധിക്കുക. അതിന് വാക്‌സിന്റെ നൂറു കണക്കിനു കോടി ഡോസുകള്‍ വേണ്ടിവരും. ഇതെല്ലാം എത്തിച്ചുകൊടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ വളരെ ശ്രമകരമായിരിക്കും. അത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നും ഇന്നു നിലനില്‍ക്കുന്നില്ല. ഇതിന് സര്‍ക്കാരുകളും സ്വകാര്യ മേഖലയും മുൻപൊന്നുമില്ലാതിരുന്ന രീതിയില്‍ സഹകരിക്കുക തന്നെ വേണം. 

വിവിധ തരത്തിലുള്ള വാക്‌സിനുകളാണ് ഇപ്പോള്‍ ഓരോ കമ്പനികളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവയില്‍ ചിലത് എംആര്‍എന്‍എ ആണെങ്കില്‍ വേറേ ചിലത് വൈറല്‍ ഫ്രാഗ്‌മെന്റ്‌സ് ഗണത്തില്‍ വരുന്നവയാണ്. മറ്റു ചിലതാകട്ടെ പ്രവര്‍ത്തനം നിലച്ച വൈറസുകളെ കുത്തിവയ്ക്കുന്ന രീതിയാണ്. ഇവ ഓരോന്നിനും അടിമുടി വ്യത്യസ്ത സമീപനങ്ങളാണ് വേണ്ടതെന്നതാണ് കുഴപ്പിക്കുന്ന മറ്റൊരു കാര്യം. ഓരോന്നിനും അതിന്റെ സ്വന്തം അടിസ്ഥാന സൗകര്യം തന്നെ വേണം.

ലോകമെമ്പാടുമുള്ള എല്ലാവരെയും കുത്തിവയ്ക്കണമെങ്കില്‍ അതിന് ഒരു പട ആളുകള്‍ തന്നെ വേണ്ടിവരും. നിരൂപിച്ചിറങ്ങിയാല്‍ പോലും അതു പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണം. അതിനുള്ള പ്ലാനുകള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടാക്കണം. ഇപ്പോള്‍പ്പോലും ഒരു രാജ്യവും അതിന് ഒരുങ്ങുന്നില്ലെന്നുള്ളത് ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. തുടക്കത്തില്‍ എല്ലാവര്‍ക്കും നല്‍കാനുള്ള വാക്‌സിന്‍ ഉണ്ടാക്കപ്പെടില്ല. അങ്ങനെ വരുമ്പോള്‍ ആദ്യം നല്‍കേണ്ടത് ആര്‍ക്ക് എന്ന വിഷമംപിടിച്ച ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതായും വരും. ഇതിനെല്ലാമായി സർക്കാരുകളുംസ്വകാര്യ മേഖലയും കൈകോര്‍ക്കേണ്ട സമയമാണിത്.

വാക്‌സിനെ ഭയക്കുന്നവര്‍

ചുറ്റും ആളുകള്‍ മരിക്കുന്നതു കണ്ടാല്‍ പോലും വാക്‌സിനുകളെ ഭയക്കുന്നവര്‍ക്ക് മനംമാറ്റം ഉണ്ടാകണമെന്നില്ലെന്നും പറയുന്നു. ഇതിനായി രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്ന പ്രചരാണങ്ങൾ തുടങ്ങണമെന്ന ആവശ്യവും ഉയരുന്നു. ഇത്തരം സാധ്യതകളും പ്രതിബന്ധങ്ങളുമെല്ലാം ഭാവി എന്തായിരിക്കുമെന്നത് അപ്രവചനീയമാക്കുന്നു.

English Summary: COVID-19 vaccine may not be enough to end the pandemic. Here's why

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA