ADVERTISEMENT

മനുഷ്യരാഷിയുടെ പൊതു നന്മയക്കായി കോവിഡ്-19നുള്ള പരീക്ഷണത്തിലിരിക്കുന്ന വാക്‌സില്‍ തങ്ങളില്‍ പരീക്ഷിച്ചോളാന്‍ പറഞ്ഞ് മുന്നോട്ടുവന്നിരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍, എന്താണ് വാക്‌സിന്‍ പരീക്ഷണത്തിനു നിന്നുകൊടുക്കുക എന്നു പറഞ്ഞാല്‍? അതില്‍ അപകടമുണ്ടോ? ഇത്തരം ഒരു സാഹചര്യത്തില്‍ പോലും അത് മറ്റാരെങ്കിലും ചെയ്യട്ടെ എന്നു കരുതി മാറി നിൽ‌ക്കേണ്ടതുണ്ടോ? ഇതിലടങ്ങിയിരിക്കുന്ന ധാര്‍മികപ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? പരിശോധിക്കാം.

 

കൊറോണാവൈറസിനെതിരെ വാക്‌സിന്റെ പ്രതിരോധ കവചം ചമയ്ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് മനുഷ്യരാശി. മുന്‍നിരയില്‍ ശാസ്ത്രജ്ഞരും ഗവേഷകരും അടങ്ങുന്നവരുടെ നിര. ഇവര്‍ ഉണ്ടാക്കുന്ന വാക്‌സിന്‍ ആദ്യഘട്ടങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മനുഷ്യരില്‍ തന്നെ പരീക്ഷിച്ച് അതിന് കുഴപ്പിമില്ലെന്ന് ഉറപ്പിച്ച ശേഷം മാത്രമായിരിക്കും അത് വ്യാപകമായി കുത്തിവയ്ക്കാന്‍ സാധിക്കുക. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നതിനെ വിളിക്കുന്ന പേരാണ് ഹ്യൂമന്‍ ചലഞ്ച്. ബോധപൂര്‍വ്വം വാക്‌സിന്‍ കുത്തിവച്ച ശേഷം അതെങ്ങനെ പ്രതികരിക്കുന്നുവെന്നു നിരീക്ഷിച്ച് നിഗമനത്തിലെത്തുകയാണ് ചെയ്യുക. അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ ഹ്യൂമന്‍ ചലഞ്ച് പരീക്ഷണം തുടങ്ങാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ലോകാരോഗ്യ സംഘടന അതിന് അനുമതി നല്‍കിക്കഴിഞ്ഞു. എന്നാല്‍, അതിനു ചില നിബന്ധനകളും വച്ചിട്ടുണ്ട്.

 

നിയന്ത്രിത സാഹചര്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷിക്കുകയാണ് ചെയ്യുന്നതിനെയാണ് കണ്‍ട്രോള്‍ഡ് ഹ്യൂമന്‍ ഇന്‍ഫെക്ഷന്‍ സ്റ്റഡീസ്, അഥവാ ഹ്യൂമന്‍ ചലഞ്ച് സ്റ്റഡീസ് എന്നു വിളിക്കുന്നത്. ആരോഗ്യവാന്മാരും, ആരോഗ്യവതികളുമായ സന്നദ്ധരായ വ്യക്തികളില്‍ പരീക്ഷണത്തിലിരിക്കുന്ന വാക്‌സിന്‍ മനപ്പൂര്‍വ്വം കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. വാക്‌സിനുകള്‍ക്കു ഗുണമുണ്ടോ, ദൂഷ്യങ്ങളുണ്ടോ എന്ന് കണ്ടെത്താനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗം ഇതാണെന്നാണ് പറയുന്നത്. കാരണം, വളരെ കുറച്ചു പേരെ മാത്രം പരീക്ഷണത്തിലിരിക്കുന്ന വാക്‌സിന്‍ കുത്തിവച്ചാല്‍ മതിയാകും. അതിന്റെ ഫലസിദ്ധിയും സുരക്ഷയേയും കുറച്ചുള്ള പ്രാഥമിക നിഗമനങ്ങളിലെത്താന്‍ ഇതിലൂടെ ഗവേഷകര്‍ക്കു സാധിക്കും. കൂടാതെ, കൊറോണ വൈറസിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ പല വാക്‌സിനുകളുണ്ടെങ്കില്‍ ഇവ പരീക്ഷിച്ച ശേഷം ഏതാണ് ഏറ്റവും ഗുണകരമെന്ന തീരുമാനത്തിലെത്താന്‍ ഉചിതം കണ്ട്രോള്‍ഡ് ഹ്യൂമന്‍ ഇന്‍ഫക്ഷന്‍ എന്ന മാര്‍ഗമാണ്. ഫലങ്ങള്‍ വിലയിരുത്തിയ ശേഷം, കൂടുതല്‍ വിപുലമായ പഠനങ്ങളിലേക്ക് ഗവേഷകര്‍ക്കു കടക്കാം.

 

കോവിഡ്-19നെതിരെ, ലോകമെമ്പാടുമായി നിലവില്‍ നൂറിലേറെ വാക്‌സിന്‍ മൊഡ്യൂളുകളാണ് വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഇവയില്‍ രണ്ടെണ്ണമെങ്കിലും രണ്ടാം ഘട്ട പരീക്ഷണങ്ങളിലേക്കു കടന്നുകഴിഞ്ഞു- ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷകര്‍ വികസിപ്പിക്കുന്ന വാക്‌സിനും ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്‍സിനോ ബയളോജിക്‌സിന്റെ ഗവേഷകര്‍ സൃഷ്ടിച്ച വാക്‌സിനും. വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ നടത്തുന്നത് വേഗത്തിലാക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ പല അംഗങ്ങളും ആ രാജ്യത്തെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കമ്മിഷണര്‍ക്കും ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിന്റെ സെക്രട്ടറിക്കും എഴുതി കഴിഞ്ഞു. രോഗം ലോകമെമ്പാടും വരുത്തിവയ്ക്കുന്ന ഭീതി ചൂണ്ടിക്കാട്ടിയാണ് അവര്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

 

എന്തിനാണ് മനപ്പൂര്‍വ്വം കുത്തിവയ്ക്കുന്നത് എന്നു ചോദിച്ചാല്‍, പരീക്ഷണത്തിനായി തന്റെ ശരീരം ഉപയോഗിച്ചോളാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടുവന്നിരിക്കുന്നര്‍ക്ക് രോഗം പുറം ലോകത്തു നിന്ന് പകര്‍ന്നു കിട്ടട്ടെ എന്നു കരുതിയിരുന്നാല്‍ ധാരാളം വിലപ്പെട്ട സമയംനഷ്ടപ്പെടും എന്നതിനാലാണ്. അത്ര കാലം വാക്‌സിന്‍ ഫലവത്താണോ അല്ലയോ എന്ന് പരീക്ഷിക്കാനാവില്ല.

 

വാക്‌സിനുകള്‍ ഇതിനു മുൻപ് മനുഷ്യരില്‍ പരീക്ഷിച്ചിട്ടുണ്ടോ?

 

ഹ്യൂമന്‍ ചലഞ്ച് സ്റ്റഡീസ് ഒരു പതിവു പരിപാടി തന്നെയാണ്. മലേറിയ, ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സാ, കോളറ തുടങ്ങിയവയ്‌ക്കെതിരെ ഇത്തരം പരീക്ഷയണങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നോട്ടു പോയാല്‍, 1796ലാണ്, വസൂരിയുടെ വാക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്ന എഡ്വേഡ് ജെന്നര്‍താനുണ്ടാക്കിയ വാക്‌സിന്‍ തന്റെ തോട്ടക്കാരന്റെ കുട്ടിയില്‍ പരീക്ഷിച്ചത്. കുട്ടിക്കു രോഗം വന്നില്ലെന്നു കണ്ടെത്തിയ അദ്ദേഹം മരുന്ന മനപ്പൂര്‍വ്വം 6,000 പേരില്‍ കുത്തിവയ്ക്കുകയായിരുന്നു. വസൂരിയെ മനുഷ്യര്‍ പിടിച്ചുകെട്ടിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ വാക്‌സിനായിരുന്നു. അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് 1976ല്‍ കോളറയ്‌ക്കെതിരെ ഇതുപോലുള്ള മറ്റൊരു പഠനം നടത്തിയിരുന്നു.

 

അമേരിക്കയില്‍ വാക്‌സിന്‍ പ്രോത്സാഹിപ്പിക്കുന്നവരുടെ ഗ്രൂപ്പാണ്, ഒരു ദിവസം മുൻപെ എന്ന് അര്‍ഥം വരുന്ന വണ്‍ഡേസൂണര്‍ (1daySooner). വണ്‍ഡേസൂണറാണ് കോവിഡ്-19നുള്ള വാക്‌സിന്‍ തങ്ങളില്‍ കുത്തിവച്ചോളാന്‍ പറഞ്ഞ് സന്നദ്ധരായി എത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 2009ല്‍ വന്ന എച്1എന്‍1 പകര്‍ച്ചവ്യാധിക്കു ശേഷമാണ് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്, ഇന്‍ഫ്‌ളുവന്‍സാ എയ്‌ക്കെതിരെ (influenza A) ഹ്യൂമന്‍ ചലഞ്ച് സ്റ്റഡീസ് തുടങ്ങുന്നത്. ലോകാരോഗ്യ സംഘടന പറയുന്നത് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഹ്യൂമന്‍ ചലഞ്ച് സ്റ്റഡീസ് സുരക്ഷിതമായി പതിനായിരക്കണക്കിന് സന്നദ്ധരായ, ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായവരില്‍ വിജയകരമായി നടത്തിയിട്ടുണ്ട് എന്നാണ്. ഇത്തരം പഠനങ്ങളാണ്, ടൈഫോയിഡ്, കോളറാ തുടങ്ങിയവയ്‌ക്കെതിരെ വാസ്‌കിനുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിനു പിന്‍ബലം നന്‍കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

 

മനപ്പൂര്‍വ്വം കുത്തിവയ്ക്കല്‍ അനിവാര്യമാണോ?

 

നിലവില്‍ കോവിഡ്-19നെ ചെറുക്കാനുള്ള അംഗീകരിക്കപ്പെട്ട മരുന്നുകളൊന്നുമില്ല. ഇതിനെതിരെ മനുഷ്യര്‍ക്കു മുന്നില്‍ രണ്ടു വഴികളേയുള്ളു. ഒന്ന് ഹേര്‍ഡ് ഇമ്യൂണിറ്റി അഥവാ സാമൂഹ പ്രതിരോധം - ഒരു സമൂഹത്തിലെ നിശ്ചിത ശതമാനം ആളുകളില്‍ ഒരു രോഗം പടര്‍ന്നാല്‍ ആ സമൂഹത്തില്‍ രോഗത്തിനെതിരെ സ്വാഭാവികമായി കുറച്ചു പ്രതിരോധം സൃഷ്ടിക്കപ്പെടും. ഇതിലൂടെ കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് ഇല്ലാതായേക്കും. എന്നാല്‍, നിരവധി മരണങ്ങളും വ്യാകുലതകളും സമൂഹത്തെ ഗ്രസിക്കും. ഇങ്ങനെ ആര്‍ജ്ജിക്കുന്ന പ്രതിരോധം കോവിഡ്-19നെതിരെ എത്രകാലം നില്‍ക്കുമെന്നും ആര്‍ക്കുമറിയില്ല. പല വിലയിരുത്തലുകളും പറയുന്നത് 60-70 ശതമാനം പേരില്‍ രോഗം പകര്‍ന്നാലായിരിക്കാം ഹേഡ് ഇമ്യൂണിറ്റി കൈവരിക്കാനാകുക എന്നാണ്. ഇപ്പോള്‍ കൊറോണ വൈറസിനാല്‍ ഏറ്റവുമധികം മരണമുണ്ടായ സ്ഥലങ്ങളില്‍ പോലും 10 ശതമാനത്തില്‍ താഴെ മാത്രം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപ്പോള്‍, സമൂഹ പ്രതിരോധം നടക്കട്ടെ എന്നു പറഞ്ഞു കാത്തിരുന്നാല്‍ സമൂഹത്തിനുണ്ടാകാവുന്ന ആഘാതം അതിഭയങ്കരമായിരിക്കാം. അവസാനം രക്ഷപെടുന്നവര്‍ക്കു പോലു ഉറ്റവരെ നഷ്ടമായേക്കാം. രണ്ടാമത്തെ വഴി വാക്‌സിന്‍ കണ്ടെത്തുക എന്നതാണ്. അതാണ്, ലോകമെമ്പാടുമുള്ള ഗവേഷകര്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നത്. വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ തുടങ്ങി എന്നതും വാക്‌സിന്‍ ഉടന്‍ എത്തുമെന്നതിന്റെ സൂചനയല്ല. പലപ്പോഴും, 12-18 മാസം എടുക്കേണ്ട പ്രക്രിയയാണിത്.

 

ധാര്‍മിക പ്രശ്‌നങ്ങള്‍

 

എന്തു സംഭവിക്കും എന്നറിയാത്ത ഒരു വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവയ്ക്കുന്നത് ധാര്‍മികമായി ശരിയാണോ? എളുപ്പത്തില്‍ ഉത്തരം കണ്ടെത്താവുന്ന ചോദ്യമല്ല ഇത്. ഇതിനാലാണ് കുത്തിവയ്‌പ്പേല്‍ക്കാന്‍ സന്നദ്ധരായി വരുന്നവരില്‍ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം മാത്രം ആളുകളെ തിരഞ്ഞെടുക്കുന്നത്. തങ്ങള്‍ ഭവിഷ്യത്തുകള്‍ അറിഞ്ഞശേഷം ബോധപൂര്‍വ്വം ഈ പരീക്ഷണത്തിനു ശരീരം തരികയാണെന്ന് ഉറപ്പാക്കുകയാണ് ചെയ്യുക. മരുന്നു പ്രയോഗത്തിനു മുൻപ് അവരുടെ സമ്മതപത്രം വാങ്ങുകയും ചെയ്യും. ഇത്തരം കണ്‍ട്രോള്‍ഡ് ഹ്യൂമന്‍ ഇന്‍ഫെക്ഷന്‍ സ്റ്റഡീസ് ധാര്‍മികമായി വളരെ പ്രശ്‌നമുള്ള കാര്യങ്ങളാണെന്നു തന്നെയാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. ഇതിനാല്‍, ഇവ നടത്തുന്നത് പങ്കെടുക്കുന്നവര്‍ക്ക് ഏറ്റവും കുറച്ച് ആഘാതമേല്‍ക്കാന്‍ പാകത്തിനായിരിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു. അതിലൂടെ മാത്രമെ ഇത്തരിത്തിലുള്ള ടെസ്റ്റുകളില്‍ പൊതുജനത്തിന്റെ വിശ്വാസം പിടിച്ചുപറ്റാന്‍ സാധിക്കുകയുള്ളു എന്നും സംഘടന പറയുന്നു. ഗവേഷണത്തില്‍ പാലിക്കേണ്ട ധാര്‍മികത ഉറപ്പാക്കിയിട്ടു മാത്രമായിരിക്കണം ഇത്തരം പരീക്ഷണങ്ങളുമായി ഇറങ്ങേണ്ടത്. ഗവേഷണങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നു. ആരോഗ്യമുള്ളവരെ അപകടത്തിലാക്കിയേക്കാവുന്ന പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍, ഒരു മരുന്ന് ആദ്യമായി മനുഷ്യരില്‍ പരീക്ഷിക്കുമ്പോള്‍, സ്ഥിരത തോന്നാത്ത മരുന്നുകള്‍ പ്രയോഗിക്കുമ്പോള്‍ എല്ലാം അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് അവര്‍ പറയുന്നത്. അല്ലെങ്കില്‍ അടിയന്തര സാഹചര്യത്തില്‍ പോലും സന്നദ്ധസേവകരെ കിട്ടാതെ വരും.

 

നിലവിലുള്ള സാഹചര്യം വിലയിരുത്തി ലോകാരോഗ്യ സംഘന പറയുന്നത് സാര്‍സ്-കോവ്-2 വിനുള്ള വാക്‌സിന്‍ വെല്ലുവിളി ഏറ്റെടുക്കുന്നത് ആരോഗ്യമുള്ളവര്‍ക്ക് ചെറുപ്പക്കാര്‍ക്ക് പ്രശ്‌നമായേക്കില്ല എന്നാണ്. സന്നദ്ധരായി എത്തുന്ന 18-30 വയസിനിടയില്‍ പ്രയമുള്ളവര്‍ കൊറോണാവൈറസിനുള്ള വാക്‌സിന്‍ കുത്തിവച്ചാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരാന്‍ സാധ്യതയുള്ളത് ഏകദേശം 1 ശതമാനം ആളുകള്‍ക്കായരിക്കാമെന്നു പറയുന്നു. വാസ്‌കിന്‍ എടുക്കുന്നതിലൂടെ ഇത്തരക്കാര്‍ക്ക് ഉള്ള മരണ സാധ്യത ഏകദേശം 0.03 ആയിരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

English Summary: Setting ethical guidelines for controlled human COVID-19 infection studies on human volunteers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com