ADVERTISEMENT

ആരവങ്ങളില്ലാത്ത, ഒഴിഞ്ഞ ഗ്യാലറികള്‍ക്കു മുന്നിലായിരിക്കുമോ ഇനി കളികള്‍ അരങ്ങേറുക? കൊറോണവൈറസിനു പ്രതിവിധി വരാത്തിടത്തോളം കാലം നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയങ്ങള്‍ ഇനി ഓര്‍മയായേക്കും. പല ടെസ്റ്റുകളും എടുത്ത ശേഷം കളിക്കാര്‍ ഗ്രൗണ്ടുകളില്‍ ഏറ്റുമുട്ടുകയും കാണികള്‍ വീടുകളിലിരിക്കുകയുമാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗങ്ങളിലൊന്ന്. എന്നാല്‍, ഇത് കളിയുടെ ഉശിരു ചോര്‍ത്തുമെന്നു കരുതി ലോകത്ത് വിവിധ ഭാഗങ്ങളിലായി ഇതിനോടകം ചില പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞിരിക്കുകയാണ്. രസകമാണ് അവ ഓരോന്നും. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് പുനരാരംഭിക്കുമ്പോള്‍ ഇവയില്‍ ഏതെങ്കിലുമായിരിക്കുമോ പരീക്ഷിക്കപ്പെടുക? അതോ ഇതിലും നൂതന മാര്‍ഗങ്ങള്‍ കാണാന്‍ സാധിക്കുമോ?

 

ചെണ്ട കൊട്ടുന്ന റോബോട്ടുകള്‍

 

കഴിഞ്ഞ മാസം തുടങ്ങിയ തയ്‌വാന്റെ ബെയ്‌സ്‌ബോള്‍ ലീഗിലാണ് പുതിയ പരീക്ഷണങ്ങളിലൊന്ന് അരങ്ങേറിയത് - ഗ്യാലറികളില്‍ ചെണ്ട കൊട്ടുന്ന റോബോട്ടുകളെ അവതരിപ്പിച്ചാണ് കുറച്ച് ബഹളവും അനക്കവുമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചത്. ചെണ്ട കൊട്ടും ലൈവ് മ്യൂസിക്കും റോബോട്ടുകള്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റാര്‍ വാര്‍സ് സിനിമകളിലെ ഒരു രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അതെന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. റക്കൂട്ടെന്‍ മങ്കീസിന്റെ (Rakuten Monkeys) ആദ്യ കളിക്കിടെയാണ് റോബോട്ടുകള്‍ ചെണ്ട കൊട്ടി ശബ്ദമുണ്ടാക്കിയത്. ടീമിന്റെ ജേഴ്‌സി അണിഞ്ഞ മാനെക്വിനുകള്‍ (വസ്ത്രങ്ങള്‍ ധിരിപ്പിക്കാന്‍ ഉപയോഗിക്കുന്ന പാവ) സ്റ്റേഡിയത്തിനു ചുറ്റും വയ്ക്കാനും അവര്‍ മറന്നില്ല. ഫാന്‍സിന്റെയും, മാധ്യമ പ്രവര്‍ത്തകരുടെയും, കളിക്കാരുടെ കുടുംബാംഗങ്ങളുടെയും കാര്‍ഡ്‌ബോഡില്‍ തീര്‍ത്ത രൂപങ്ങളും സ്റ്റേഡിയത്തില്‍ അവിടവിടെയായി വയ്ക്കുകയും ചെയ്തു.

BNG-L-SEXDOLL2

 

കാര്‍ഡ്‌ബോര്‍ഡ് കട്ട്-ഔട്ടുകള്‍

 

തയ്‌വാനില്‍ കാര്‍ഡ്‌ബോര്‍ഡ് കട്ട്-ഔട്ടുകള്‍ വച്ചെങ്കിലും അതില്‍ ഒരുപടി കൂടെ മുന്നോട്ടു പോകുകയാണ് ജര്‍മനിയിലെ ഫുട്‌ബോള്‍ ക്ലബ് ആയ ബറൂസിയ മൗചെന്‍ഗ്ലഡ്ബാ (Borussia Moenchengladbach). അവര്‍ തങ്ങളുടെ ഫാന്‍സിനോടു പറഞ്ഞത് പൂര്‍ണ്ണകായ കട്ട്-ഔട്ടുകള്‍  വയ്ക്കാമെന്നാണ്. ഇതിന് 19 യൂറോ ചാര്‍ജ് ചെയ്യാനായിരുന്നു ക്ലബിന്റെ തീരുമാനം. ആയിരക്കണക്കിനു ഫാന്‍സ് ഈ രീതിയില്‍ ക്ലബിനെ സഹായിച്ചു. ബറൂസിയ-പാര്‍ക്ക് സ്റ്റേഡിയത്തില്‍ സമൂഹ അകലംപാലിക്കല്‍ നടത്തിക്കഴിഞ്ഞാല്‍ 213 സീറ്റുകളായിരുന്നു കാണികള്‍ക്ക് കയറിയിരുന്നു കാണാന്‍ ലഭ്യമാക്കിയത്. കൂടാതെയുള്ള സീറ്റുകളില്‍ കട്ട്-ഔട്ടുകള്‍ പരീക്ഷിക്കാനായിരുന്നു ശ്രമം. ക്ലബിന് വരുമാനവും ഫാന്‍സിന് സന്തോഷവുമായി. എന്നാല്‍, ഈ കളി നടത്തിപ്പിനിറങ്ങിയവര്‍ പറയുന്നത് തങ്ങള്‍ക്കു ലഭിച്ച ഓര്‍ഡറുകള്‍ മുഴുവന്‍ വച്ചു തീര്‍ക്കാന്‍ സാധിച്ചില്ല എന്നാണ്.

 

റെക്കോഡു ചെയ്ത ശബ്ദം

 

ആള്‍ക്കൂട്ടത്തിന്റെ കൈ മെയ് മറന്നുള്ള അലറലുകള്‍ കേട്ടുവന്ന സ്‌റ്റേഡിയങ്ങളില്‍, കളിക്കാരെ പ്രോത്സാഹിപ്പിക്കാനായി റെക്കോഡു ചെയ്ത ശബ്ദം കുറഞ്ഞ ഓഡിയോ ക്ലിപ്പുകള്‍ കേള്‍പ്പിക്കുക എന്നതായിരുന്നു ദക്ഷിണ കൊറിയയുടെ കെ-ലീഗില്‍ നടത്തിയ ഒരു പരീക്ഷണം. ആളുകള്‍ പൊതുവെ വിളിച്ചു പറയുന്ന കാര്യങ്ങള്‍ ഒഴിഞ്ഞ ഗ്യാലറികളില്‍ വച്ച സ്പീക്കറുകളിലൂടെ കേള്‍പ്പിക്കുകയായിരുന്നു നടത്തിപ്പുകാര്‍ ചെയ്തത്.

Key-Visual

 

ആരവം പിന്നെ ചേര്‍ക്കും

 

കളിക്കാര്‍ക്കാണ് ഇതുവരെ കണ്ട രീതികളെല്ലാം പ്രോത്സാഹനം പകര്‍ന്നതെങ്കില്‍ ഓസ്‌ട്രേലിയന്‍ റൂള്‍സ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇതിന്റെ മറ്റൊരു വകഭേദമായിരിക്കും ലഭിക്കുക. ടിവിയില്‍ കളി കാണാനിരിക്കുന്നവര്‍ക്കായി, കാണികളുടെ ആരവം വേണ്ടിടത്ത് ചേര്‍ത്ത് പ്രക്ഷേപണം ചെയ്യാനാണ് ബ്രോഡ്കാസ്റ്റര്‍മാരുടെ തീരുമാനം. ഇതിനായുള്ള പല പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞതായി വേണ്ടപ്പെട്ടവര്‍ അറിയിച്ചു. ഇതിനൊരു സ്വാഭാവികത വരുത്താനായി സിനിമാ സാങ്കേതിക വിദഗ്ധരുടെ അടക്കം നിരവധി ആളുകളുടെ സഹായം തേടിയതായി നടത്തിപ്പുകാര്‍ അറിയിച്ചു.

 

വീട്ടിലിരുന്നു കൈ കൊട്ടാം, സ്റ്റേഡിയത്തില്‍ കേട്ടോളും!

 

മൈഅപ്ലൗസ് (MyApplause) ആപ് ലക്ഷ്യമിടുന്നത് വീട്ടിലിരുന്നു കളി കാണുന്നവരുടെ പ്രതികരണം സ്‌റ്റേഡിയത്തില്‍ കേള്‍പ്പിക്കാനാണ്. ആപ്പില്‍ ആര്‍പ്പുവിളി, കൈകൊട്ടല്‍, സ്വരാലാപം ചെയ്യല്‍ (chanting), വിസിലടിക്കല്‍ തുടങ്ങിയ ഓപ്ഷനുകളാണ് ഉള്ളത്. ഇതില്‍ ഒന്നു സെലക്ടുചെയ്യുമ്പോള്‍ അത് സ്‌റ്റേഡിയത്തില്‍ കേള്‍പ്പിക്കും!

 

ഏറ്റവും ഹൈ-ടെക് മാര്‍ഗം

 

ഓണ്‍ലൈനായി കളികാണുന്ന ഫാന്‍സിന്റെ രൂപം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ നേരിട്ടു കാണിക്കാനുള്ളതാണ് ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും ഹൈ-ടെക് എന്നാണ് വിലയിരുത്തല്‍. ഇതും ദക്ഷിണ കൊറിയന്‍ ബെയ്‌സ്‌ബോള്‍ കളിയിലാണ് നടക്കുക.

 

ബെയ്‌സ്‌ബോള്‍ ബാര്‍ബിക്യൂ

 

കൊറോണാവൈറസിനിടയില്‍ നടത്തപ്പെട്ട സ്‌പോര്‍ട്‌സുകളില്‍ ഏറ്റവും ആവേശത്തോടെ സ്വീകരിക്കപ്പെട്ടത് ഇതുവരെ പരീക്ഷിക്കാത്ത മറ്റൊരു രീതിയാണ്. ഇതു നടന്നത് തയ്‌വാനിലാണ്. സ്‌റ്റേഡിയത്തിലെ ചീയര്‍ ലീഡര്‍മാര്‍ക്ക് കളിക്കിടയില്‍ ഫാന്‍സിനോട് ലൈവ് ആയി സംസാരിക്കാന്‍ അവസരം നല്‍കുക എന്നതാണ് ഒരു രീതി. തങ്ങളുടെ സ്മാര്‍ട് ഫോണിലൂടെ ഫാന്‍സുമായി ചാറ്റു ചെയ്യുകയും ഡാന്‍സ് രീതികള്‍ പരിചയപ്പെടുത്തുക്കൊടുക്കുകയുമൊക്കെ അവര്‍ ചെയ്തു. ഒരു ചീയര്‍ ലീഡര്‍ പവലിയനിലിരുന്ന് ബാര്‍ബിക്യൂ കുക്കു ചെയ്യുകയും കഴിക്കുകയും പോലും ചെയ്തു. ഇതെല്ലാം ഇന്റര്‍നെറ്റിലൂടെ സ്ട്രീം ചെയ്യുകയും ചെയ്തു. കളിക്കിടയില്‍ ചെറിയ നുറുങ്ങുകള്‍ ബ്രോഡ്കാസ്റ്റു ചെയ്യുക വഴി പുതിയൊരു കളികാണല്‍ സംസ്‌കാരം കൊണ്ടുവരാനും ഫാന്‍സിനെ സദാ സജീവമാക്കി നിർത്താനുമാണ് ശ്രമം. ഇതെല്ലാം വന്‍ വിജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുൻപെങ്ങും സംഭവിക്കാത്തതരം ഒരു വിജയമായിരുന്നു ഇതെന്നാണ് സംഘാടകര്‍ പറയുന്നത്. സ്‌പോര്‍ട്‌സിന് ഇനി ഭാവിയില്ലെന്ന് ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് ആ ധാരണ തിരുത്താം.

 

ഒപ്പം വിവാദവും

 

പല തരം സാധ്യതകള്‍ ആരായുന്നതിനിടയില്‍ ഫൈന്‍ കിട്ടിയത് ദക്ഷിണ കൊറിയയുടെ എഫ്‌സി സോളിനാണ്- കുറച്ചൊന്നുമല്ല 100 മില്ല്യന്‍ വണ്‍ (ഏകദേശം 81,000 ഡോളർ) ആണ് അവര്‍ക്ക് പിഴ കിട്ടിയത്. തങ്ങളുടെ മത്സരങ്ങള്‍ ഒന്ന് ഉഷാറാക്കാനായി അവര്‍ സ്‌റ്റേഡിയത്തില്‍ സെക്‌സ് ഡോളുകളെവച്ചു എന്ന കുറ്റത്തിനാണ് ഇത്ര വലിയ പിഴ അടിച്ചു കിട്ടിയത്. പിഴ അടിച്ചു കിട്ടിയ ക്ലബ് അധികൃതര്‍, അധികാരികളുടെ അടുത്തു ചെന്നു പറഞ്ഞത് ഇത് സെക്‌സ് ഡോള്‍ ആണെന്നൊന്നും തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ്. തങ്ങള്‍ കരുതിയത് മാനിക്വിന്‍സ് ആണെന്നാണ്. എന്നാല്‍, ഇത്തരത്തിലുള്ള ന്യായമൊന്നും പറഞ്ഞ് ഇങ്ങോട്ടു വരേണ്ട. നിങ്ങള്‍ക്ക് സാമാന്യ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കില്‍ മനസിലാക്കാവുന്ന കാര്യമല്ലെ ഉള്ളു എന്ന് പറഞ്ഞാണ് അവരില്‍ നിന്ന് പിഴ ഈടാക്കിയത്. ഈ സെക്‌സ് ഡോള്‍സിനെ കൊണ്ടുവന്നു വച്ചത് തങ്ങളുടെ സ്ത്രീ ഫാന്‍സിന്റെ വികാരത്തെ മുറിവേല്‍പ്പിക്കുകയും ലീഗ് മത്സരങ്ങളുടെ തന്നെ ധര്‍മനീതി നശിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത് എന്നാണ് അധികാരികള്‍ പറഞ്ഞത്. ഇത് തങ്ങള്‍ക്കു പറ്റിയ പിഴവാണ് എന്നു സമ്മതിച്ച എഫ്‌സി സോള്‍ അധികാരികളുടെ തീരുമാനം അംഗീകരിക്കുകയും പിഴയൊടുക്കുകയും ക്ഷമ പറയുകയും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ആണയിടുകയും ചെയ്തുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English Summary: How COVID-19 is likely to impact sports in future

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com