sections
MORE

നാസ എന്തുകൊണ്ടാണ് ബഹിരാകാശ ദൗത്യങ്ങള്‍ നിർത്തിവച്ചത്? വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തെല്ലാം?

spacex-demo2-docking
SHARE

ലോകത്തെ ഏക ബഹിരാകാശ കേന്ദ്രീകൃത ലാബ് ആയ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലേക്ക് രണ്ട് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ നടത്തിയ യാത്ര പലര്‍ക്കും ഉത്തേജനം പകര്‍ന്നിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ്. അങ്ങോട്ട് നൂറുകണക്കിനു തവണ യാത്രകളും നടത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒമ്പതു വര്‍ഷമായി നാസ സ്വന്തം പേടകങ്ങള്‍ അയയ്ക്കാതിരുന്നത് എന്തുകൊണ്ടാണ്? സാങ്കേതികവിദ്യാ പരമായി യാതൊരു മുന്നേറ്റവും പുതിയ ദൗത്യത്തിലൂടെ നടക്കുന്നില്ലെന്നിരിക്കെ, എന്താണ് പുതിയ യാത്രയില്‍ ആവേശംകൊള്ളാനിരിക്കുന്നത്?

സ്വകാര്യ കമ്പനി നിര്‍മിച്ച ബഹിരാകാശ വാഹനം ഉപയോഗിച്ചാണ് നാസയുടെ ബഹിരാകാശ യാത്രികരുടെ റോബര്‍ട്ട് ബെന്‍കെനും ഡഗ്ലസ് ഹേളിയും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറന്നത് എന്നതാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത എന്ന് ഏവര്‍ക്കും അറിയാം. ടെസ്‌ല മോട്ടോഴ്‌സ് കമ്പനിയുടെയും ഉടമയായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ക്രൂ ഡ്രാഗണാണ് ദൗദ്യത്തിന് ഉപയോഗിച്ചത്. എല്ലാത്തരത്തിലുമുള്ള പുതിയ തലമുറയിലെ വാഹനങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ടെസ്‌ല ഒരു പടി മുന്നിലാണ്. ബഹിരാകാശ വാഹനത്തെ ഫാൽക്കണ്‍–9 എന്ന റോക്കറ്റും നിര്‍മിച്ചത് സ്‌പെയ്‌സ് എക്‌സ് ആണ്. എന്നാല്‍, വിക്ഷേപിക്കാന്‍ ഉപയോഗിച്ച സംവിധാനങ്ങള്‍ നാസയുടേതു തന്നെയാണ്. ഇവിടെ നിന്നാണ് അമേരിക്കയുടെ അപ്പോളോ അടക്കമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ മുൻപ് കുതിച്ചുയര്‍ന്നിരിക്കുന്നത്. അപ്പോളോ ദൗദ്യങ്ങളിലാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുന്നത്. പുതിയ ദൗത്യത്തിന് ഡെമോ-2 എന്നാണ് പേരിട്ടിരിക്കുന്നത്. അതായത് ഇതൊടു പരീക്ഷണപ്പറക്കലാണ്. ഇത് വിജയകരമായാല്‍ അടുത്ത മാസങ്ങളില്‍ ഇത്തരം കൂടുതല്‍ ദൗത്യങ്ങള്‍ നടക്കും.

നാസയ്ക്ക് എന്താണ് മെച്ചം?

കഴിഞ്ഞ ഒൻപത് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് അമേരിക്കയുടെ മണ്ണില്‍ നിന്ന്, അമേരിക്കന്‍ നിര്‍മിത ബഹിരാകാശ പേടകത്തില്‍ സഞ്ചാരികളെ അയയ്ക്കാനാകുന്നത് എന്നതാണ് നാസയുടെ ഭാഗത്തു നിന്നു നോക്കിയാലുള്ള ഗുണം. നാസയ്ക്ക് അഞ്ചു സ്‌പെയ്‌സ്ഷിപ്പുകള്‍ നിരന്നു കിടന്നിരുന്ന കാലമുണ്ടായിരുന്നു. ഇവ എല്ലാം കൂടെ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലേക്ക് 135 പറക്കലുകള്‍ നടത്തിയിട്ടുമുണ്ട്. 1981 നും 2011നുമിടയിലുള്ള 30 കൊല്ലമാണ് ഇവയുടെ സേവനം പ്രയോജനപ്പെടുത്തിയത്. ഇവയില്‍ ചലഞ്ചര്‍ 1986 ലും, കൊളംബിയ 2003ലും അപകടങ്ങളില്‍ പെട്ട് തകര്‍ന്നിരുന്നു. ഈ അപകടങ്ങളില്‍ ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊളംബിയയ്ക്ക് 2003ല്‍ ഉണ്ടായ അപകടത്തിലാണ് ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരിയായ കല്‍പ്പന ചൗളയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഈ അപകടത്തെ തുടര്‍ന്ന് സ്‌പെയ്‌സ് ഷട്ടില്‍ പ്രൊഗ്രാം അവസാനിപ്പിച്ചേക്കാന്‍ അമേരിക്കന്‍ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

ശേഷിച്ച സ്‌പെയ്‌സ്ഷിപ്പുകളായ ഡിസ്‌കവറി, അറ്റ്‌ലാന്റിസ്, എന്‍ഡവര്‍ എന്നിവയ്ക്ക് 2011ല്‍ സമ്പൂര്‍ണ്ണ വിശ്രമം വിധിച്ചതോടെയാണ് പരീക്ഷണപ്പറക്കലുകള്‍ 2011 മുതല്‍ നിലയ്ക്കുന്നത്. ഇവയക്ക് പിന്നെയും പല പറക്കലുകള്‍ നടത്താനുള്ള കഴിവുണ്ടായിരുന്നു എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇനിയും പുതിയ ബഹിരാകാശ പേടകങ്ങള്‍ നിര്‍മിച്ച് ദൗത്യങ്ങള്‍ സംഘടിപ്പിക്കുക എന്നത് അര്‍ഥരഹിതമായ കാര്യമാണ് എന്ന തീരുമാനത്തിലാണ് അധികാരികള്‍ എത്തിയത്. ഭീമമായ തുക മുടക്കണമെന്നു മാത്രമല്ല, ശാസ്ത്ര വസ്തുക്കളും വന്‍തോതില്‍ ഉണ്ടാക്കി ഉപയോഗിച്ചാല്‍ മാത്രമേ ദൗത്യങ്ങള്‍ തുടരാനാകുമായിരുന്നുള്ളു. ബഹിരാകാശ ഗതാഗതം മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ സ്വകാര്യ കമ്പനികളെ ആശ്രയിച്ചാല്‍ മതി എന്നായിരുന്നു തീരുമാനം. തുടര്‍ന്നാണ് സ്വകാര്യ കമ്പനികള്‍ക്ക് പിന്തുണ നല്‍കാനുളള തീരുമാനം എടുക്കുന്നത്. സ്വകാര്യ കമ്പനികളുടെ സേവനം മറ്റു രാജ്യങ്ങള്‍ക്കു മാത്രമല്ല സ്വകാര്യ വ്യക്തികള്‍ക്കും ഉപയോഗിക്കുകയും ചെയ്യാം. സ്‌പെയ്‌സ്എക്‌സുമായും ബോയിങുമായും ഇത്തരത്തിലുള്ള സഖ്യങ്ങളില്‍ ഏര്‍പ്പെടാന്‍ നാസയെ പ്രേരിപ്പിച്ചതും ഇതാണ്.

TOPSHOT-US-space-NASA-SpaceX-aerospace-science

അതേസമയം, നാസ 2011നു ശേഷം വെറുതെയിരിക്കുകയായിരുന്നില്ല. അവര്‍ റഷ്യയുടെ സ്‌പെയ്‌സ്ഷിപ്പുകള്‍ ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റഷനിലേക്ക് പതിവായി ഗവേഷകരെ അയച്ചിരുന്നു. ഒരോ യാത്രയ്ക്കും ദശലക്ഷക്കണക്കിനു ഡോളര്‍ നല്‍കേണ്ടിവന്നിരുന്നു എന്നത് വേറെ കാര്യം. സ്‌പെയ്‌സ്എക്‌സ് മുന്നോട്ടുവയ്ക്കുന്ന സാധ്യത ചെലവു കുറയ്ക്കാന്‍ നാസയെ സഹായിക്കുമെന്നാണ് കരുതുന്നത്. സ്വന്തം രാജ്യത്തു നിന്നു തന്നെ സഞ്ചാരികളെ അയയ്ക്കാനാകുമെന്നതും വിദേശ രാജ്യത്തെ, പ്രത്യേകിച്ചും എതിര്‍ ചേരിയിലുള്ള ഒരു രാജ്യത്തെ ആശ്രയിക്കേണ്ടതില്ലെന്നതും ഗൂണകരമായാണ് കാണുന്നത്.

പത്തു വര്‍ഷത്തോളമായി സ്വകാര്യ കമ്പനികള്‍ ഇത്തരത്തിലുള്ള ഉദ്യമത്തിനു ശ്രമിക്കുകയായിരുന്നു. ഈ കമ്പനികള്‍ യാത്രയുടെ സാങ്കേതികവശങ്ങളേക്കുറിച്ച് ശ്രദ്ധിക്കുമ്പോള്‍ നാസയ്ക്ക് ബഹിരാകാശത്തെ വിവരശേഖരണത്തിനായി തങ്ങളുടെ ഊര്‍ജ്ജം ചെലവഴിക്കാം. മനുഷ്യനെ ചൊവ്വായിലിറക്കാനും വീണ്ടും ചന്ദ്രനിലെത്തിക്കാനുമുള്ള ശ്രമങ്ങളും കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാം. ഇതു കൂടാതെ സാധിക്കുമെങ്കില്‍ ഏതെങ്കിലും ഛിന്നഗ്രഹത്തില്‍ മനുഷ്യനെ ഇറക്കാനുള്ള ശ്രമവും നാസയുടെ ലക്ഷ്യങ്ങളുടെ പട്ടികയിലുണ്ട്.

സ്വകാര്യ കമ്പനികളുടെ സഹായം സ്വീകരിക്കുക എന്നത് പുതിയ ആശയമാണോ? 

ഒരിക്കലുമല്ല. ലോകമെമ്പാടും ഇക്കാര്യത്തില്‍ പൊതുമേഖലയും സ്വകാര്യമേഖലയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ കക്ഷികള്‍ക്കായി വാണിജ്യ ആവശ്യത്തിനുള്ള സാറ്റലൈറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന നൂറുകണക്കിനു കമ്പനികള്‍ ഉണ്ട്. എന്നാല്‍, വിക്ഷേപണ സംവിധാനങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഇപ്പോഴും സ്വകാര്യ മേഖല പൂര്‍ണ്ണ സജ്ജമല്ല. പക്ഷേ, ഇക്കാര്യത്തിലും മാറ്റം വന്നേക്കും. സ്‌പെയ്‌സ്എക്‌സ്, ബോയിങ് എന്നിവ കൂടാതെ റിച്ചഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗ്യാലറ്റിക് അടക്കമുള്ള ചില കമ്പനികള്‍ ഈ മേഖലയിലേക്കും കടന്നു വരുന്നുണ്ട്. ഈ കമ്പനികളെല്ലാം ബഹിരാകാശ യാത്രകള്‍ നടത്തുകയും ഇനി പണം മുടക്കാൻ ശേഷിയുള്ള ആര്‍ക്കും ബഹിരാകാശയാത്ര സാധ്യമാക്കിക്കൊടുക്കാനുള്ള ഒരുക്കത്തിലുമാണ്. കഴിഞ്ഞ വര്‍ഷം നടന്ന, അധികം ശ്രദ്ധിക്കപ്പെടാതോ പോയ ഒരു സംഭവവികാസമുണ്ട്- സ്‌കെയില്‍ഡ് കോംപോസിറ്റ്‌സ് (Scaled Composites) എന്നറിയപ്പെടുന്ന അമേരിക്കന്‍ കമ്പനി ഒരാളുമായി സ്വന്തമായി നിര്‍മിച്ച സ്‌പെയ്‌സ്‌ക്രാഫ്റ്റില്‍ ബഹിരാകശത്തേക്ക് അയച്ചിരുന്നു. യാത്ര ഹൃസ്വ ദൂരത്തേക്കായിരുന്നു എങ്കിലും ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന പേര് അവര്‍ക്കു സ്വന്തമായി.

spacex-rocket

ഇന്ത്യയില്‍

ബഹിരാകാശ് സ്വപ്‌നങ്ങളുമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലുമുണ്ട്. ഇവയില്‍ മിക്കവയും ഇസ്രോയുമായി (ISRO) സഹകരിച്ചു പ്രവര്‍ത്തിക്കുന്നവയാണ്. റോക്കറ്റുകളുടെയും സാറ്റലൈറ്റുകളുടെയും ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുക എന്ന ജോലിയാണ് ഇവ നടത്തുന്നത്. ഇതു കൂടാതെ, സ്വന്തം ആവശ്യത്തിനായും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായും സാറ്റലൈറ്റുകള്‍ നിര്‍മിക്കുന്ന കമ്പനികളും ഇന്ത്യയിലുണ്ട്. എന്നാലും, ഈ കമ്പനികള്‍ക്കും സ്വന്തമായി വിക്ഷേപണ സൗകര്യങ്ങളില്ല. ഇസ്രോയും സ്വകാര്യ കമ്പനികളുമായുള്ള സഹകരണം നാള്‍ക്കുനാള്‍ വളരുകയാണെങ്കിലും തോന്നുമ്പോഴൊക്കെ ബഹിരാകാശ ദൗത്യം സംഘടിപ്പിക്കാന്‍ സാധിക്കുന്നതരം സഹകരണം ഇനിയും ലഭ്യമായിട്ടില്ല.

ഏറ്റവും ശ്രദ്ധേയമായ കാര്യം

പുതിയ ദൗത്യത്തേക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം ബഹിരാകാശ പര്യവേക്ഷണങ്ങളിലേക്ക് സ്വകാര്യ മേഖലയുമായുള്ള സഹകരണം വര്‍ധിക്കുന്നു എന്നതാണ്. വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ പരസ്പരം ഡേറ്റ കൈമാറുകയും സഹകരിക്കുകയും ചെയ്യുന്നുവെന്നതും പുതിയ മാറ്റമാണ്. ഇതിനുള്ള ഉത്തമോദാഹരണം ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ തന്നെയാണ്. ഇത് 2028ല്‍ അവസാനിപ്പിച്ചേക്കും. പകരം ഉണ്ടാക്കാന്‍ പോകുന്ന സജ്ജീകരണത്തില്‍ 10 രാജ്യങ്ങളെങ്കിലും പങ്കാളികളാകും. സ്വകാര്യ മേഖലയുടെ സഹകരണവും ചിലപ്പോള്‍ തേടിയേക്കും. രാജ്യങ്ങള്‍ സഹകരിച്ചുള്ള ദൗത്യങ്ങളും ഇനി സാധാരണമായേക്കും.

ബഹിരാകാശ ദൗത്യങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ നടത്തേണ്ടിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യങ്ങളിലൊന്ന്. ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ട് കൊല്ലം അമ്പതായി. ചൊവ്വ, മറ്റു ഗ്രഹങ്ങള്‍ തുടങ്ങിയവയിലേക്കുള്ള ദൗത്യങ്ങളും നടക്കണം. സ്‌പെയ്‌സ്എക്‌സ് പറയുന്നതു വിശ്വസിക്കാമെങ്കില്‍ ചൊവ്വാ ദൗത്യം 2024ല്‍ നടക്കും. എന്നാല്‍, നാസ പറയുന്നത് അതിന് 2028 എങ്കിലും ആകുമെന്നാണ്. സ്വകാര്യ കമ്പനികള്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English Summary: Why NASA stopped manned space expeditions for a while? What will be the future of missions?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA