sections
MORE

ചൈന മറച്ചുവെച്ചു, തെളിവുമായി ഉപഗ്രഹചിത്രങ്ങള്‍, അന്ന് ആശുപത്രികളിൽ സംഭവിച്ചതെന്ത്?

wuhan-satellite
SHARE

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമെന്നു കരുതപ്പെടുന്ന ചൈനീസ് പട്ടണമായ വുഹാനിൽ കഴിഞ്ഞ ഓഗസ്റ്റിൽതന്നെ രോഗവ്യാപനം തുടങ്ങിയിരുന്നതായി ഹാർവഡ് സർവകലാശാല പഠനം. ഉപരിപ്ലവമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള ഗവേഷകരുടെ കണ്ടെത്തൽ ‘ശുദ്ധ വിഡ്ഢിത്ത’മെന്നു ചൈനയുടെ പ്രതികരണം. 

കൊറോണാവൈറസ് കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതല്‍ വുഹാനില്‍ വ്യാപിക്കുന്നുണ്ടായിരിക്കാമെന്നാണ് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ നിരീക്ഷിക്കുന്നത്. വുഹാനിലെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്. വുഹാനിലെ പ്രധാന ആശുപത്രികളിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം ഇക്കാലത്ത് നാടികീയമായി വര്‍ധിച്ചു എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം. വാണിജ്യ സാറ്റലൈറ്റുകളില്‍ നിന്നു ശേഖരിക്കുന്ന ചിത്രങ്ങള്‍ വിശകലനം ചെയ്യുന്ന രീതി നിലവിലുണ്ട്. ഈ മാതൃക സ്വീകരിച്ചാണ് ഹാര്‍വാഡ് സംഘം വുഹാനിലെ അഞ്ച് പ്രധാനപ്പെട്ട ആശുപത്രികള്‍ക്കു പുറത്തും അസ്വാഭാവികമായ തരത്തിലുള്ള തിരക്ക് കണ്ടെത്തിയതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഹാര്‍വാഡ് മെഡിക്കല്‍ പ്രൊഫസറായ ജോണ്‍ ബ്രൗണ്‍സ്റ്റൈന്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ പഠനം അവിശ്വസനീയമായ രീതിയില്‍ പരിഹാസ്യമാണെന്നാണ് ചൈന പ്രതികരിച്ചത്.

ഉന്നത റെസലൂഷനിലുള്ള ചിത്രങ്ങളാണ് ടീം വിശകലനം ചെയ്തത്. ഡിസംബര്‍ 2019ല്‍ രോഗം പടര്‍ന്നു തുടങ്ങി എന്നാണ് ഇതുവരെ പ്രചരിച്ച വിവരം. എന്നാല്‍, വുഹാനില്‍ അതിന് നാലു മാസം മുൻപുള്ള ഇന്റര്‍നെറ്റ് സേര്‍ച്ചുകളില്‍ ചുമ, അതിസാരം തുടങ്ങിയ കൊറോണാവൈറസിന്റെ രോഗലക്ഷണങ്ങളെക്കുറിച്ചുള്ള സേര്‍ച്ചുകള്‍ നടന്നിരിക്കുന്നതായും ഗവേഷകര്‍ പറയുന്നു. ഇതൊന്നും മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടില്ല. ഇതെല്ലാം നേരത്തെ കൊറോണാവൈറസ് വന്നുവെന്നത് പൂര്‍ണ്ണമായും തെളിയിക്കാന്‍ പര്യാപ്തമല്ല. പക്ഷേ, അടുത്ത കാലത്തു പുറത്തുവന്ന പല പഠനങ്ങളും പറയുന്നത് വുഹാനിലെ ഹുആനാന്‍ സമുദ്രോല്‍പ്പന്ന മാര്‍ക്കറ്റില്‍ വച്ച് കൊറോണാവൈറസിനെ തിരിച്ചറിയുന്നതിനു മുൻപ് തന്നെ രോഗം അവിടെ ഉണ്ടായിരുന്നു എന്നാണെന്ന് ഗവേഷകര്‍ പറയുന്നു.

ഈ കണ്ടെത്തലുകള്‍ ദക്ഷിണ ചൈനയില്‍ വൈറസ് സ്വാഭാവികമായി ഉണ്ടായി വന്നുവെന്ന വാദത്തെയും ശരിവയ്ക്കുന്നു. വുഹാനില്‍ പ്രചരിക്കുന്നതിനു മുൻപ് തന്നെ വൈറസ് ചൈനയില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വാദിക്കുന്നു. വുഹാനിലെ ടിയാന്യോ ആശുപത്രിയില്‍ 2018 ഒക്ടോബറില്‍ 171 കാറുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്നതു കണ്ടു. എന്നാല്‍, 2019ല്‍ ഇത് 67 ശതമാനം വര്‍ധിച്ചതായി കണ്ടുവെന്ന് ഗവേഷകര്‍ പറയുന്നു. ഏതോ തരത്തിലുള്ള സാമൂഹ്യ പ്രശ്‌നങ്ങള്‍ അവിടെ ഉടലെടുത്തിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. കൊറോണാവൈറസ് നേരത്തെ എത്തി എന്നതിന്റെ സൂചന തന്നെയുമാകാം. സേര്‍ച്ച് ഡേറ്റയും പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് അസ്വാഭാവികമായ എന്തൊക്കെയോ അവിടെ സംഭവിക്കുന്നുണ്ടായിരുന്നു എന്നാണെന്ന് ബ്രൗണ്‍സ്‌റ്റെയ്ന്‍ പറയുന്നു. എന്നാല്‍, നടന്നത് എന്താണെന്ന് പൂര്‍ണ്ണമായും വ്യക്തമാക്കപ്പെടണമെങ്കില്‍ കൂടുതല്‍ ഗവഷണം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. എന്താണ് ശരിക്കും നടന്നതെന്ന് അറിയുന്നത് ഗുണകരമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഈ പഠനവും മറ്റു ഗവേഷകര്‍ പീയര്‍ റിവ്യൂ നടത്തിയിട്ടില്ല.

പരിഹാസ്യമായ നരീക്ഷണങ്ങള്‍

പഠനത്തിനെതിരെ രംഗത്തെത്തിയ ചൈനയുടെ വിദേശകാര്യ വകുപ്പിന്റെ വക്താവു പറഞ്ഞത് ഇത് പരിഹാസ്യമാണ്, അവിശ്വസനീയമായ രീതിയില്‍ പരിഹാസ്യമാണ് എന്നാണ്. അതേസമയം, യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോയിലെ വൈറോളജി വിദഗ്ധനായ പോള്‍ ഡിഗഡ് പറയുന്നത് സേര്‍ച് എൻജിൻ ഡേറ്റയും സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നുള്ള ഡേറ്റയും ഉപയോഗിച്ചു നടത്തിയ പഠനങ്ങള്‍ താത്പര്യജനകമാണെന്നും അതു കുറച്ചു യുക്തിസഹമാകാം എന്നുമാണ്. എന്നാല്‍, ഗവേഷകര്‍ പുറത്തുവിട്ട ഡേറ്റ എങ്ങനെ രോഗവുമായി ബന്ധപ്പെടുത്താമെന്നതിനെ കുറിച്ച് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

satellite-images-wuhan-harvard

ബ്രിട്ടനിലെ നോട്ടിങാം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കീത് നീല്‍ പറയുന്നതും താത്പര്യജനകമായ പഠനമാണിതെങ്കിലും അത് നമ്മെ കൊറോണാവൈറസിനെതിരെയുള്ള യുദ്ധത്തില്‍ മുന്നോട്ടുകൊണ്ടു പോകുമോ എന്നറിയില്ല എന്നാണ്. എന്നാല്‍, ചൈനയിലെ തന്നെ വുഹാനു വെളിയിലുള്ള നഗരങ്ങളിലെ സ്ഥിതി കൂടെ പഠിച്ചിരുന്നെങ്കില്‍ ഈ പഠനം കൂടുതല്‍ ഗുണകരമാകുമായിരുന്നുവെന്നു പറഞ്ഞ ഗവേഷകരും ഉണ്ട്.

English Summary: Coronavirus May Have Been Spreading In China Last August, Harvard Research Suggests

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA