ADVERTISEMENT

കൊറോണവൈറസിനെ നേരിടാനായി ന്യൂസിലൻഡില്‍ നടപ്പാക്കിയിരുന്ന സുരക്ഷാ നടപടികള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ പോകുന്നതറിഞ്ഞ് ജനം ആലിംഗന ബദ്ധരായി, കടകളില്‍ ഷോപ്പിങ് നടത്തി, പാര്‍ട്ടികള്‍ നടത്താന്‍ തയാറെടുക്കുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാകട്ടെ ലോകം മുഴുവന്‍ ഈ വൈറസിനെതിരെ എങ്ങനെ പോരാടണമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്ന സമയത്താണു താനും. ദക്ഷിണ പസിഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന, 50 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യമാണ് ആദ്യമായി കോവിഡ്-19 മുക്തമെന്നു പ്രഖ്യാപിച്ച ദേശങ്ങളിലൊന്ന്. ഹോട്ടലുകളിലും മാളുകളിലും സ്‌റ്റേഡിയങ്ങളിലും നിശാ ക്ലബുകളിലും സ്വകാര്യ പാര്‍ട്ടികളിലുമെല്ലാം ഇനി ആളുകള്‍ ഒത്തുകൂടും. മിക്കവാറും കാര്യങ്ങളൊക്കെ ന്യൂസിലൻഡില്‍ പൂര്‍വ്വസ്ഥിതി പ്രാപിച്ചിരിക്കുന്നു. തത്കാലത്തേക്കെങ്കിലും. ഇതോടെ ഭൂമിശാസ്ത്രപരമായി ന്യൂസിലൻഡിന്റെ കിടപ്പ് ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേക്കും. കുടിയേറ്റം ശക്തമാകാനും ഇടയുണ്ട്. വിജയത്തിന്റെ മറ്റൊരു കാര്യം ന്യൂസിലൻഡിൽ കൊറോണവൈറസിന്റെ പേരിൽ ആരും രാഷ്ട്രീയം കളിച്ചില്ലെന്നതും ഒന്നിച്ചു പ്രവർത്തിച്ചു എന്നതുമാണ്.

 

തങ്ങളുടെ അവസാനത്തെ കോവിഡ്-19 രോഗിയും സുഖംപ്രാപിച്ചുവെന്നു കേട്ടപ്പോള്‍ താന്‍ നൃത്തം വച്ചു എന്നാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസിന്‍ഡാ ആര്‍ഡേണ്‍ പറഞ്ഞത്. രാജ്യത്തെ മറ്റു പൗരന്മാര്‍ക്കും ആഹ്ലാദനൃത്തം വയ്ക്കാന്‍ അവകാശമുണ്ട്. വൈറസിനെതിരെ ലോകത്തെ ഏറ്റവും ഫലവത്തായ നീക്കങ്ങളിലൊന്ന് നടത്തിയത് ന്യൂസിലൻഡ് ആണ്. രാജ്യത്തെ ജോണ്‍ ഹോപ്കിന്‍സ് യുണിവേഴ്‌സിറ്റിയിലെ കൊറോണാവൈറസ് റിസോഴ്‌സ് സെന്ററിന്റെ കണക്കു പ്രകാരം രാജ്യത്ത് 1504 കേസുകളാണ് ഉണ്ടായത്. അവരില്‍ 22 പേര്‍ മരണപ്പെടുകയും ചെയ്തു. ഇനി ഇതൊരു കൊച്ചു രാജ്യമായിട്ടല്ലെ എന്നു വാദിക്കാം. മറ്റൊരു കൊച്ചു രാജ്യമായ അയര്‍ലൻഡില്‍ ഏകദേശം 25,000 പേര്‍ക്ക് രോഗം ബാധിക്കുകയും 1,679 പേര്‍ മരിക്കുകയും ചെയ്തു. അപ്പോള്‍ രോഗത്തിനെതിരെ ന്യൂസിലൻഡ് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ്?

 

ഒട്ടും അമാന്തിക്കാതെ ലോക്ഡൗണ്‍

 

നമുക്ക് അതിശക്തമായ നടപടികള്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്താമെന്നാണ് പ്രധാനമന്ത്രി ആര്‍ഡേണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 15ന് വെറും 100 കോവിഡ്-19 കേസുകളെ രാജ്യത്തുണ്ടായിരുന്നുള്ളു. രാജ്യാതിര്‍ത്തി പരിപൂര്‍ണ്ണമായി അടയ്ക്കുകയും, രാജ്യത്തേക്കു വരുന്നവര്‍ക്ക് 14-ദിവസ ക്വാറന്റീന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നെ, 10 ദിവസത്തിനു ശേഷം സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാജ്യാന്തര നിലവാരം വച്ചു നോക്കിയാല്‍പോലും 'പൂര്‍ണ്ണമെന്നു' വിളിക്കാവുന്ന രീതിയിലായിരുന്നു ഇത്. പലചരക്കു കടകള്‍, മരുന്നു കടകള്‍, ആശുപത്രികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവ ഒഴികെ ഒന്നും തുറക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. വാഹനങ്ങളും, യാത്രയും ആവശ്യത്തിനു മാത്രം അനുവദിച്ചു. ബഹുഭൂരിപക്ഷം പേരും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുന്നുവെന്ന് ഉറപ്പുവരുത്തി. ഇതെല്ലാം ഒരു മാസം വരെ പൂര്‍ണമായി നടപ്പാക്കി. പിന്നെ ഇവ ഘട്ടംഘട്ടമായി എടുത്തുമാറ്റി. ഇപ്പോള്‍ എല്ലാ സാമൂഹിക നിയന്ത്രണങ്ങളും എടുത്തുമാറ്റി. പക്ഷേ രാജ്യാതിര്‍ത്തിയില്‍ വിലക്കുകള്‍ തുടരുന്നു.

 

നിയമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമായി ജനങ്ങളെ അറിയിച്ചു

 

ലോക്ഡൗണ്‍ ആരംഭിക്കുന്നതിനു മുൻപ് സർക്കാർ പൗരന്മാര്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ചു. ഈ സന്ദേശം ന്യൂസിലൻഡിനു മുഴുവനായുള്ളതാണ്. 'ഞങ്ങള്‍ നിങ്ങളെ ആശ്രയിക്കുന്നു...നിങ്ങള്‍ ഇന്നു രാത്രി എവിടെ ചെലവഴിക്കുന്നോ അവിടെയായിരിക്കും ഇനി നിങ്ങള്‍ താമസിക്കുക. ഈ കടുത്ത നടപടികള്‍ ആഴ്ചകള്‍ നീണ്ടു നിന്നേക്കാം,' എന്നായിരുന്നു സന്ദേശം. സാഹചര്യങ്ങള്‍ മാറിയപ്പോഴും ആര്‍ഡേണ്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. മറ്റൊരു രാജ്യത്തിനും ചെയ്യാനാവാത്ത കാര്യം ചെയ്യാന്‍ നമുക്ക് അവസരം കൈവന്നിരിക്കുകയാണ്. വൈറസിനെ ഇല്ലായ്മ ചെയ്യാന്‍ എന്നാണ് പ്രധാനമന്ത്രി ഏപ്രില്‍ 16ന് പറഞ്ഞത്.

 

സർക്കാർ അവസരത്തിനൊത്ത് ഉയര്‍ന്നു എന്നാണ് വെല്ലിങ്ടണില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞത്. രണ്ടാഴ്ച എങ്കിലും കഴിഞ്ഞാലെ ലോക്ഡൗണിന്റെ ഫലം കണ്ടു തുടങ്ങുമെന്ന് തങ്ങളെ അറിയിച്ചിരുന്നു. ഇത് ലോക്ഡൗണിന്റെ ഉദ്ദേശം മനസിലാക്കാനും അതനുസരിച്ചു പെരുമാറാനും തങ്ങളെ സജ്ജരാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാർ നിരന്തരം സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ആരോഗ്യത്തെക്കുറിച്ചും മറ്റുമായിരുന്നു ഇത്. കൂടാതെ പ്രധാനമന്ത്രി നേരിട്ട് രാജ്യത്തെ - കുട്ടികളെ അടക്കം- ദിവസവും അഭിസംബോധന ചെയ്തുവെന്നതും തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നാണ് പൊതുവെയുള്ള അഭിപ്രായം.

 

ടെസ്റ്റിങിന്റെ എണ്ണം ഉയര്‍ത്തി

 

തങ്ങള്‍ക്ക് ദിവസവും 8,000 ടെസ്റ്റ് വരെ നടത്താമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജനസംഖ്യാ ആനുപാതികമായി നോക്കിയാല്‍ ലോകത്തെ തന്നെ ഉയര്‍ന്ന സംഖ്യകളില്‍ ഒന്നാണിത്. അവര്‍ ഏകദേശം 295,000 ആളുകളെയാണ് മൊത്തം ടെസ്റ്റു ചെയ്തത്. ടെസ്റ്റിങും കോണ്‍ടാക്ട് ട്രെയ്‌സിങും വേണ്ട രീതിയില്‍ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് ന്യൂസിലൻഡ്.

 

ഭൂമിശാസ്ത്രപരമായി രാജ്യത്തിന്റെ കിടപ്പ്

 

താരതമ്യേന ഒറ്റപ്പെട്ട ഒരു ദ്വീപാണ് എന്നത് ന്യൂസിലൻഡിന് വളരെയധികം ഗുണകരമായി. മറ്റു പല രാജ്യങ്ങളെയും പോലെയല്ലാതെ തങ്ങളുടെ രാജ്യത്തേക്ക് ആരുവരുന്നു എന്നകാര്യം കൂടുതല്‍ നിയന്ത്രിക്കാനായി. രാജ്യം ജനനിബിഢമല്ല എന്നതും വളരെയധികം സഹായകമായി. ആള്‍ത്തിരക്കുള്ള രാജ്യങ്ങളെ പോലെയല്ലാതെ വൈറസിന് എളുപ്പത്തില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്താന്‍ സാധിക്കാതെ വന്നു. ഇതു രണ്ടുമാണ് ഏറ്റവും ഗുണകരകമായ കാര്യമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. മറ്റു രാജ്യങ്ങള്‍ക്കൊക്കെ അതിര്‍ത്തി അടച്ച് കോവിഡ്-19നെ ഇതുപോലെ ഓടിച്ചുവിടാനാവില്ല. എന്നാലും, ന്യൂസിലൻഡിന്റെ നേട്ടം എടുത്തുവച്ച് മറ്റു രാജ്യങ്ങള്‍ക്കു പഠിച്ചുകൂടാ എന്നില്ല.

 

ഏറ്റവും നല്ല നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കി

 

ന്യൂസിലൻഡ് സർക്കാരാണ് ജനങ്ങള്‍ക്ക് രോഗത്തെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ഏറ്റവും നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിജയത്തിലേക്ക് നയിച്ച ഘടകങ്ങളിലൊന്ന്, ഓരോ രാജ്യവും, രോഗികളെ കണ്ടെത്തി, മാറ്റിപ്പാര്‍പ്പിച്ച്, ഓരോ രോഗിക്കും വേണ്ട ചികിത്സ നല്‍കി, കോണ്ടാക്ട് ട്രെയ്‌സിങ് നടത്തി, വേണ്ടവരെ ക്വാറന്റീന്‍ ചെയ്യണമെന്ന ഉറച്ച വിശ്വാസത്തോടെ സർക്കാർ മുന്നേറിയതാണ്. ഇതാണ് ഓരോ രാജ്യത്തിനും കോവിഡ്-19നെതിരെ ഉയര്‍ത്താവുന്ന ഏറ്റവും വലിയ പ്രതിരോധം. വൈറസിനെ ഇല്ലാതാക്കി എന്നു പറഞ്ഞാല്‍ ന്യൂസിലൻഡിന് ഇനി സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവന്ന് മുന്നോട്ടു പോകാം.

English Summary: Five ways New Zealand can keep Covid-19 cases at zero

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com