sections
MORE

രക്ഷയില്ല! ചൈനീസ് തലസ്ഥാനത്തും കൊറോണ, മാർക്കറ്റുകൾ പൂട്ടി, പേടിച്ചുവിറച്ച് ജനം

Beijing
SHARE

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിംഹാസനമായ ബെയ്ജിങിലെ ഒരു മാര്‍ക്കറ്റില്‍ ഏതാനും കൂട്ടം (cluster) കൊറോണാ വൈറസ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികാരികള്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ലക്ഷണങ്ങളുമായും അല്ലാതെയുമുള്ള രോഗബാധയേറ്റ ഡസന്‍ കണക്കിനാളുകളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ചൈന ദ്രുത നീക്കം തുടങ്ങിയിരിക്കുന്നത്. സമൂഹ നിയന്ത്രണ നിയമങ്ങള്‍ നിലനില്‍ക്കുന്നടത്തുപോലും അപ്രതീക്ഷിതമായി എത്തി വ്യാപിക്കാമെന്നത് വൈറസിന്റെ മാരകവും കുപ്രസിദ്ധവുമായ പ്രഹരശേഷിക്ക് അടിവരയിടുന്ന സംഭവമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആരും മഹാമാരി പടരാതിരിക്കാനായി ഉയര്‍ത്തിയിരിക്കുന്ന പ്രതിരോധ സംവിധാനങ്ങളെ ഒരു നിമിഷത്തേക്കു പോലും മറക്കരുത്. വൈറസുമായുള്ള ദീര്‍ഘകാല യുദ്ധത്തിന് നമ്മള്‍ ഒരുങ്ങിയിരിക്കണമെന്ന് ബെയ്ജിങ് മുനിസിപ്പല്‍ സർക്കാർ വക്താവ് ഷൂ ഹെജിയാന്‍ അറിയിച്ചു. പുറത്തു നിന്നുവന്ന രോഗവാഹകരില്‍ നിന്നു വൈറസ് പകര്‍ന്നു കിട്ടാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നു. നമ്മുടെ നഗരത്തിലെ വ്യാധി നിയന്ത്രണം സങ്കീര്‍ണ്ണവും ഗൗരവമുള്ളതുമാണ്. നിയന്ത്രണങ്ങള്‍ വളരെ കാലതേതക്കു പ്രതീക്ഷിക്കാമെന്നും വക്താവ് അറിയിച്ചു.

മാര്‍ക്കറ്റുകള്‍ രോഗം പരത്തുന്നു

അധികാരികള്‍ മാര്‍ക്കറ്റുകളെ ചുറ്റിപ്പറ്റി വര്‍ധിച്ചുവരുന്ന കേസുകളെക്കുറിച്ച് ബോധമുള്ളവരാണ്. കാരണം അങ്ങനെയാണ് കൊറോണാവൈറസ് വ്യാപിക്കുന്നത്. വുഹാന്‍ നഗരത്തിലെ ഹുആനന്‍ മാര്‍ക്കറ്റില്‍ നിന്നു തുടങ്ങി എന്നു കരുതുന്ന വൈറസ് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നല്ലോ. ഹൂആനന്‍ മാര്‍ക്കറ്റില്‍ വിറ്റ, അസാധാരണമായ ഏതോ വന്യജീവിയില്‍ നിന്നാണ് ആദ്യമായി വൈറസ് പടര്‍ന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, അത്തരത്തിലുള്ള ഒരു വില്‍പ്പനയും ഇപ്പോള്‍ ബെയ്ജങില്‍ വൈറസ് കണ്ടെത്തിയ സിന്‍ഫാദി മാര്‍ക്കറ്റില്‍ നടന്നതിന്റെ യാതൊരു തെളിവുകളും ഇതുവരെ കണ്ടെത്തയിട്ടില്ലെന്നും പറയുന്നു. എന്തായാലും, സിന്‍ഫാദി മാര്‍ക്കറ്റ് സന്ദര്‍ശിച്ച ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള ചൈനാ മീറ്റ് ഫുഡ് റിസേര്‍ച് സെന്ററിലെ രണ്ടു ഗുണനിലവാര പരിശോധകര്‍ക്കും മറ്റ് അഞ്ചു പേര്‍ക്കും രോഗം കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

ഇതേതുടര്‍ന്ന് എല്ലാം മറന്ന് ആളുകളെ ടെസ്റ്റു ചെയ്യുകയായിരുന്നു ചൈന. പ്രധാനപ്പെട്ട മാര്‍ക്കറ്റുകളില്‍ പണിയെടുക്കുന്ന 1940 ജോലിക്കാരെ ടെസ്റ്റു ചെയ്തു. ഇവയില്‍ നിന്ന് രോഗലക്ഷണങ്ങളുള്ള നാലു പേരെ കണ്ടെത്തി. ഇവരില്‍ മൂന്നു പേര്‍ സിന്‍ഫാദി മാര്‍ക്കറ്റിലെ സമുദ്രോത്പന്ന വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും ഒരാള്‍ അവിടം സന്ദര്‍ശിച്ചയാളുമായിരുന്നു. ഇവരിലാരും ബെയ്ജിങിനു പുറത്തേക്ക് അടുത്തകാലത്തു പോയിട്ടില്ല. എന്നു പറഞ്ഞാല്‍ രോഗം പടര്‍ന്നു കിട്ടിയത് നഗരത്തിനുള്ളില്‍ നിന്നു തന്നെയാണ്. മാര്‍ക്കറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 45 പേരില്‍ യാതൊരു രോഗ ലക്ഷണങ്ങളുമില്ലെങ്കിലും കൊറോണാവൈറസ് സ്ഥിരീകരിച്ചു. ആളുകള്‍ സ്പര്‍ശിക്കാനിടയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നായി 5,424 സാംപിളുകളും ശേഖരിച്ചു പരിശോധിച്ചു. ഹൈഡിയാന്‍ ജില്ലയിലെ മര്‍ക്കറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വേറൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ആളുകള്‍ സ്പര്‍ശിക്കാനിടയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നായി എടുത്ത 40 സാംപിളുകളില്‍ വൈറസ് കണ്ടെത്തി. ഇതില്‍ ഇറക്കുമതി ചെയ്ത സാമന്‍മത്സ്യം (salmon) വെട്ടാന്‍ ഉപയോഗിക്കുന്ന ഒരു ബോര്‍ഡില്‍ അടക്കം വൈറസ് കണ്ടെത്തുകയായിരുന്നു.

കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ഈ കണ്ടെത്തലുകളെ തുടര്‍ന്ന് അതിവേഗം പ്രതിരോധ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ ബെയ്ജിങ് നിര്‍ബന്ധിതമാകുകയായിരുന്നു. നഗരത്തിലെ ജനജീവിതം സാധാരണഗതിയിലേക്ക് ആയിത്തുടങ്ങുന്ന സമയത്താണ് വീണ്ടും വൈറസ് വ്യാപിച്ചിരിക്കുന്നതെന്നത് ചൈനയ്ക്ക വലിയൊരു തിരച്ചടിയാണ്. സിന്‍ഫാദി മാര്‍ക്കറ്റ് അടക്കം അഞ്ചു മാര്‍ക്കറ്റുകള്‍ അടച്ചു. ഇവിടങ്ങളിലും ഗുണനിലവാര പരിശോധകര്‍ സന്ദര്‍ശിച്ചിരുന്നു. ചില മാര്‍ക്കറ്റുകള്‍ ഭാഗികമായാണ് അടച്ചിരിക്കുന്നത്. 

സിന്‍ഫാദി മാര്‍ക്കറ്റിലൂടെയാണ് ബെയ്ജിങുകാര്‍ വാങ്ങുന്ന 70 ശതമാനം പച്ചക്കറിയും 80 ശതമാനം പഴങ്ങളും വില്‍പ്പന നടക്കുന്നത്. എന്നതിനാല്‍, അധികാരികള്‍ രണ്ടു താത്കാലിക മാര്‍ക്കറ്റുകള്‍ ഒരുക്കിയാണ് ഇവയുടെ വിതരണം സുഗമാമയും വില വര്‍ധിക്കാതെയും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയത്. മാര്‍ക്കറ്റുകളില്‍ ഉണ്ടായിരുന്ന സാമന്‍ മത്സ്യം മുഴുവന്‍ ശേഖരിച്ച് നശിപ്പിച്ചു. തുടര്‍ന്ന് ഫ്രീസറുകളിലുള്ള മാംസം പരിശോധിച്ചുവരികയാണ്. മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിച്ചുവന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകളും അടച്ചു. അവയിലേക്ക് ആളുകളുടെ പ്രവേശനം കര്‍ശന നിയന്ത്രണത്തിലാക്കുകയും ചെയ്തു.

പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിങ് ആര്‍ട്‌സിന്റെ പ്രവര്‍ത്തനം നിർത്തിവച്ചു. സ്‌പോര്‍ട്‌സ് അടക്കമുള്ള പല പരിപാടികളും നിർത്തി. എന്നാല്‍, കൂടുതല്‍ പ്രശ്‌നങ്ങളാണ് വരാനിരിക്കുന്നതിന് വ്യക്തമായ സൂചന നല്‍കി വടക്കു കഴക്കന്‍ ഭാഗത്തുള്ള ലിയഓണിണ് പ്രവശ്യയിലും രണ്ട് രോഗലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞു. ഇവര്‍ ബെയ്ജിങുമായി സമ്പര്‍ക്കത്തില്‍ വന്നവരായിരുന്നു. 

എല്ലാവര്‍ക്കും മുന്നറിയിപ്പ്

വ്യാപനം പൂജ്യമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ എത്ര വിഷമംപിടിച്ചതാണെന്നതിന്റെ വ്യക്തമായ സൂചനകളാണ് ബെയ്ജിങില്‍ നിന്നു ലഭിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെമ്പാടുമുള്ളവര്‍ ബോധപൂര്‍വവും പരിപൂര്‍ണ സഹകരണത്തോടെയും പ്രവര്‍ത്തിച്ചാല്‍ മാത്രമെ വ്യാപനത്തെ തടുത്തു നിർത്താന്‍ സാധിക്കൂവെന്ന് അവര്‍ പറയുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിച്ചു വന്ന നഗരമാണ് ബെയ്ജിങ്. അവിടെയാണ് വൈറസ് വ്യാപിച്ചു തുടങ്ങുന്നതെന്ന് ഓര്‍ക്കണമെന്നും അവര്‍ പറയുന്നു. വിദേശത്തു നിന്നു വന്നവരെയെല്ലാം ഹോട്ടലുകളില്‍ പാര്‍പ്പിച്ചുവന്ന സ്ഥലത്താണ് ഇപ്പോള്‍ വിണ്ടും വ്യാപനം കണ്ടെത്തിയിരിക്കുന്നത് എന്നത് മനുഷ്യരാശിക്ക് പുതിയ മുന്നറിയിപ്പാണ് നല്‍കുന്നത്.

English Summary: Beijing goes into ‘wartime mode’ as virus emerges at market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA