ADVERTISEMENT

കൊറോണാവൈറസ് പലരിലും അധികം രോഗലക്ഷണങ്ങള്‍ വരുത്താതെ, അല്ലെങ്കില്‍ കഠിനമാകാതെ വന്നുപോയിരിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. എല്ലാവരും തന്നെ ഭയക്കുന്ന ഈ രോഗം ഓരോ ചുമയും തുമ്മലും പനിയും വരുമ്പോള്‍ ആളുകളില്‍ പരിഭ്രാന്തി പരത്തുന്നു. ചിലര്‍ക്കെങ്കിലുംഅറിയാതെ രോഗം വന്നിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. കാരണം പല രോഗലക്ഷണങ്ങളും ചിലരില്‍ അത്രമേല്‍ പ്രകടമാകാറില്ല. വലിയൊരു ശതമാനം പേര്‍ക്കും യാതൊരു ലക്ഷണവും കാണിക്കുന്നില്ല. അതിനാല്‍ ചിലര്‍ക്കെങ്കലും രോഗം വന്നു പോയിരിക്കാം. ഇതുവരെ നടത്തിയിരിക്കുന്ന പഠനങ്ങളില്‍ നിന്ന് ലഭിക്കുന്ന ചില രോഗ ലക്ഷണങ്ങള്‍ പരിശോധിക്കാം.

 

ചിലപ്പോള്‍ പലര്‍ക്കും രോഗം വന്നിരിക്കാം. എന്നാല്‍, അവര്‍ക്ക് രോഗപ്രതിരോധ ശക്തി ഉണ്ടായിരുന്നതിനാല്‍ അത് ഏശിയിട്ടുണ്ടാവില്ല എന്ന വാദത്തിന് ശക്തി കൂടി വരികയാണ്. അത്തരക്കാര്‍ക്ക് ചിലപ്പോള്‍ ശരീരത്തില്‍ ആന്റിബോഡി (പ്രതിദ്രവ്യം) ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടു പോലുമുണ്ടാകാം. മറ്റൊരു സാധ്യത, അധികം രോഗലക്ഷണങ്ങള്‍ കാട്ടാതിരുന്നവരെ ആക്രമിച്ചത് പ്രഹരശേഷി കുറഞ്ഞ തരത്തിലുള്ള ഉള്‍പ്പരിവര്‍ത്തനം വന്ന വൈറസുകളുമായിരിക്കാം. ഇതിനാല്‍ തന്നെ, അത് രോഗിയില്‍ നിന്ന് അധികം പേരിലേക്ക് പടര്‍ന്നിട്ടുമില്ലാതിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.

 

മൂക്കൊലിപ്പ്, തൊണ്ടയടപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാലാവസ്ഥ മാറുമ്പോള്‍ പലരിലും കാണാറുണ്ട്. എന്നാല്‍, ഈ രോഗലക്ഷണങ്ങള്‍ക്ക് എന്ത് പരിണാമമാണ് പിന്നെ വന്നത് എന്നത് പ്രാധാന്യമര്‍ക്കുന്ന കാര്യങ്ങളിലൊന്നാണത്രെ. നിങ്ങള്‍ക്ക് മൂക്കൊലിപ്പ്, തൊണ്ടയടപ്പ് എന്നിവ വരികയും അതിനൊപ്പം പെട്ടെന്നു പനികൂടുന്ന അവസ്ഥയും വരണ്ട, കഠിനമായ ചുമയും വന്നിരുന്നവെങ്കല്‍ അത് കൊറോണാവൈറസ് ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

 

ഗന്ധമറിയാതിരിക്കുന്ന അവസ്ഥ പൊതുവെ വരുന്നത് ശക്തമായ മൂക്കടപ്പു വരുമ്പോഴാണ്. ചിലരില്‍ ഇത് പ്രായാധിക്യത്താലും സംഭവിക്കും. എന്നാല്‍, ഗന്ധവും രുചിയും അറിയാതിരിക്കുക എന്നുള്ളത് കൊറോണാവൈറസിന്റെ രോഗലക്ഷണങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ പെടുത്തുന്നു. കൊറോണാവൈറസ് ബാധിച്ച ചില യുവതീയുവാക്കള്‍ക്ക് ചുമയും പനിയുമടക്കമുള്ള മറ്റു പല രോഗലക്ഷണങ്ങളും വരുന്നില്ല. എന്നാല്‍, അവര്‍ക്ക് മണവും രുചിയുമറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതായി കാണുന്നു. ഇതിര്‍ഥം വൈറസുകള്‍ മൂക്കില്‍ തമ്പടിച്ചിരുന്നു എന്നായിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

 

തലവേദന പലപ്പോഴും പനിയുടെ ലക്ഷണമാണ്. എന്നാല്‍, നെറ്റിക്കിരുവശവും കടുത്ത, കുത്തിക്കുത്തിയുള്ള വേദന കോവിഡ്-19ന്റെ ലക്ഷണവും ആകാം. അതികഠിനമായ തലവേദന, ശരീരത്തിന്റെ രോഗപ്രതിരോധ വ്യൂഹം വൈറസിനെ ചെറുക്കാനായി സൈറ്റോകൈനുകള്‍ (cytokines) ഉത്പാദിപ്പിച്ചപ്പോള്‍ സംഭവിച്ചതുമാകാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

 

കോവിഡ്-19ന്റെ ഏറ്റവും സാധാരണ രക്ഷണങ്ങളിലൊന്നായി പറയുന്നത് ശ്വാസം കിട്ടാതെ വരുന്നതാണ്. കൊറോണാവൈറസ് പരത്തുന്ന സാര്‍സ്-എന്‍കോവ് 2 (SARS-nCOV2) ആക്രമിക്കുന്നത് ശ്വാസനാളത്തിന്റെ മേല്‍ഭാഗത്തെയാണ്. തുടര്‍ന്ന് അത് ശ്വാസകോശത്തിന്റെ ചുറ്റുമുള്ള ഉള്‍ശീലകള്‍ക്കു (linings) നാശംവരുത്തുന്നു. ആ സമയത്ത് ശ്വാസോച്ഛ്വാസത്തിന് അതികഠിനമായ പ്രശ്‌നം നേരിടുന്നു. തുടര്‍ന്ന് വരണ്ട ചുമയും വര്‍ധിച്ച ഹൃദയമിടിപ്പും അനുഭവിക്കാം. ചില കോവിഡ്-19 ബാധിതരില്‍ രോഗം അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ശ്വാസോച്ഛ്വാസത്തിന് പ്രശ്‌നം നേരിടുന്നു. 

 

കോവിഡ് കാല്‍വിരലുകള്‍ (COVID toes) ആണ് കുട്ടികളില്‍ രോഗം വന്നതിന്റെ ശക്തമായ ഒരു ലക്ഷണം. കുട്ടികളില്‍ പൊതുവെ ഈ രോഗം അത്രമേല്‍ ഏശില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തലുകള്‍ പറയുന്നത്. ഫ്രോസ്റ്റ്‌ബൈറ്റ് (frostbite-തണുപ്പുകാലത്ത് ഉണ്ടാകുന്ന ശരീരവീക്കം) പോലെയാണ് കോവിഡ് കാല്‍വിരലുകള്‍ തോന്നിപ്പിക്കുന്നത്. ഇത് ചില മുതിര്‍ന്നവരിലും കാണാം. കൊറോണാവൈറസ് ബാധ വരുമ്പോള്‍ ഇതു സംഭവിക്കുന്നത് രക്തചംക്രമണം കുറയുന്നതിനാലാണെന്ന് ഗവേഷകര്‍ പറയുന്നു. രക്തം കട്ടിയാകുകയും ചെയ്യാം. ഇതിനാല്‍ തന്നെ, ഏതു ഘട്ടത്തിലും ഈ രോഗലക്ഷണങ്ങള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നവയാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

 

തലകറക്കം മറ്റൊരു രോഗസൂചനയായിരിക്കാം. നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങളും വരികയും രോഗിക്ക് തലകറക്കവും ബലഹീനതയും അനുഭവപ്പെടുകയും ചെയ്യാം. അസ്വസ്ഥത തോന്നുക, മടുപ്പു തോന്നുക, ഉന്മത്തത തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാലോ, പോഷകാംശ നഷ്ടത്താലോ ആകാം. ഇത് കോവിഡ്-19ന്റെ താരതമ്യേന സൗമ്യമായ ലക്ഷണങ്ങളാകാം. എന്നാല്‍, അതൊരിക്കലും കണ്ടില്ലെന്നു നടിക്കരുതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഓര്‍ക്കുക, നേരത്തെ ചികിത്സ തുടങ്ങിയാല്‍ രക്ഷപെടാനുള്ള സാധ്യതയും വര്‍ധിക്കുന്നു.

 

കൊറോണാവൈറസ് പൊതുവെ പകരുന്നത് ഉച്ഛ്വാസ കണങ്ങളിലൂടെയാണ്. എന്നാല്‍, കണ്ണിലെ ദ്രവങ്ങളിലൂടെയും പകരാമെന്നും കണ്ണിനെയും ബാധിക്കാമെന്നും പറയുന്നു. ഇളംചുവപ്പു നിറമുള്ള (Pink) കണ്ണുകള്‍ കോവിഡ് പോസിറ്റീവായ ആളുകളില്‍ സാധാരണമായി കാണപ്പെടാറുണ്ടെന്നു പറയുന്നു. ജാമാ ഓപ്താല്‍മോളജിയില്‍ (JAMA ophthalmology) പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് രോഗം കടുത്തവരിലാണ് ഈ ലക്ഷണം കാണുന്നതെന്നാണ്.

 

കോവിഡ് തടിപ്പുകള്‍ (COVID rashes) എന്നു വിശേഷിപ്പിക്കപ്പെടുന്നത് ത്വക്കില്‍ ഉണ്ടാകുന്ന ചുവന്ന തടിപ്പുകളെയാണ്. ഇതും അത്രമേല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങളിലൊന്നാണ്. കുളിരുവരുന്നത് സാധാരണഗതിയില്‍ വിട്ടുകളയാവുന്ന ഒരു പ്രശ്‌നമായാണ് കാണുന്നത്. എന്നാല്‍ അതുമൊരു കൊറോണാവൈറസ് ലക്ഷണമാകാമെന്ന് ഗവവേഷകര്‍ പറയുന്നു. അതിനൊപ്പം, വിറയല്‍, നീലനിറം ബാധിച്ച ചുണ്ടുകളും ത്വക്കും എന്നിവയും ഉണ്ടെങ്കില്‍ അത് കോവിഡ്-19 ആയേക്കാം.

English Summary: Did you have the coronavirus infection before? Here are some possible signs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com