sections
MORE

ചൈനയിലേത് അതിഭീകരം! ശ്മശാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ഞെട്ടിക്കുന്നത്, ചെയ്തത് വലിയ ചതി!

china-corona
SHARE

ചൈന കൊറോണാവൈറസ് എന്ന രോഗാണുവിനെ ഉണ്ടാക്കിവിട്ടുവെന്നും മറ്റുമുള്ള ഗൂഢാലോചനാ വാദങ്ങള്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളുന്നവര്‍ പോലും പുതിയ ഡേറ്റാ-കേന്ദ്രീകൃത റിപ്പോര്‍ട്ട് ഗൗരവത്തോടെ കണ്ടേക്കും. തങ്ങളുടെ രാജ്യത്ത് താണ്ഡവമാടിയ വൈറസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ചൈന വേണ്ടസമയത്തു പുറത്തുവിട്ടിരുന്നെങ്കില്‍ എല്ലാ രാജ്യങ്ങളും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുമായിരുന്നു എന്നുവേണം ഇപ്പോള്‍ കരുതാന്‍. ജനുവരി മുതല്‍ ചൈന തങ്ങളുടെ രാജ്യത്തു പടര്‍ന്ന വ്യാധിയുടെ യഥാര്‍ഥ ചിത്രം മറച്ചുവയ്ക്കുകയാണെന്ന ആരോപണം കേള്‍ക്കുന്നതാണ്. രാജ്യത്തിന്റെ മെഡിക്കല്‍ രംഗവും, മാധ്യമങ്ങളും, ഉദ്യോഗസ്ഥരും പുറത്തുവിട്ടുവന്ന റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി പഠിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നത് ചൈന രോഗ ബാധയുടെ ഭയാനകത ലോകത്തിന്റെ മുന്നില്‍ നിന്നു മറച്ചുവച്ചു എന്നാണ്.

കൊറോണാവൈറസിനെക്കുറിച്ച് ബെയ്ജിങ് പുറത്തുവിട്ട വിവരങ്ങള്‍- രോഗബാധിതരുടെ എണ്ണം, മരണസംഖ്യ- തുടങ്ങിയവ ഒട്ടും വിശ്വാസയോഗ്യമല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. രോഗത്തിന്റെ യഥാര്‍ഥ മുഖം കണ്ടിരുന്നെങ്കില്‍ മറ്റു രാജ്യങ്ങള്‍ എത്രയും വേഗം പ്രതിരോധമുയര്‍ത്തുമായിരുന്നു എന്നാണ് വാദം. മെഡ്‌റക്‌സിവ് ( medRxiv) പ്രസിദ്ധീകരിച്ച പ്രബന്ധം ഇനിയും പിയര്‍ റിവ്യൂ നടക്കാനിരിക്കുന്നതേയുള്ളു എന്ന കാര്യവും മനസില്‍വയ്ക്കണം. ഇതില്‍ തെറ്റുകള്‍ കണ്ടെത്തപ്പെടാം.

ജനുവരി ആദ്യമാണ് വുഹാനില്‍ വൈറസ് വ്യാപനമുണ്ട് എന്ന് ചൈന ഔദ്യോഗികമായി സമ്മതിക്കുന്നത്. എന്നാല്‍, വുഹാനില്‍ വിചിത്രമായ, ന്യൂമോണിയ പോലെയുള്ള ഒരു രോഗം പടര്‍ന്നു തുടങ്ങിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനം മുതല്‍ ചൈനീസ് മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളില്‍ കാണാം. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇനി പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞ് സർക്കാർ റിപ്പോര്‍ട്ടുകള്‍ എഴുതിയ ഡോക്ടര്‍മാരെ നിശബ്ദരാക്കി. ഇതോടെ, പിന്നീടു സംഭവിച്ച പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയി.

ജനുവരി അവസാനമായപ്പോഴേക്കും വുഹാനിലെ ആശുപത്രികള്‍ രോഗികള്‍ക്ക് ഇടംനല്‍കാനാകാതെ വലയുകയായിരുന്നുവെന്ന് ചൈനയ്‌ക്കെതിരെ ഇപ്പോള്‍ ഇറക്കിയിരിക്കുന്ന റിപ്പോര്‍ട്ട് പറയുന്നു. ആശുപത്രികളില്‍ ആക ഉണ്ടായിരുന്നത് 90,000 ബെഡുകളാണ്. എന്നാല്‍ 100,000 ബെഡുകള്‍ കൂടെ സ്‌കൂളുകളിലും ഹോട്ടലുകളിലുമായി സജ്ജീകരിച്ചു. അപ്പോഴും ഔദ്യോഗികമായി ബെയ്ജിങ് പുറത്തുവിട്ട രോഗികളുടെ എണ്ണം 33,000 ആയിരുന്നു. മാര്‍ച്ച് 23 ആകുമ്പോള്‍ വൂഹാനിലേക്ക് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടക്കം 42,600 പേരെ ചൈന ജോലിക്കുവച്ചു. വുഹാനില്‍ ഉണ്ടായിരുന്ന 90,000 ആരോഗ്യപ്രവര്‍ത്തകര്‍ക്കു പുറമേയാണിത്. ആ സമയത്ത് ബെയ്ജിങ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 50,000 ആണ്. എവിടെ പുകയുണ്ടോ അവിടെ തീയും കാണും എന്ന ചിന്തയാണ് പുതിയ ഗവേഷകരെ ഇതിന്റെ ചുവടുപിടിച്ചു അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്.

ഭയപ്പെടാന്‍ ഒന്നുമില്ല എന്ന തോന്നല്‍ വരുത്താനായിരുന്നു ചൈനയുടെ ഭരണാധികാരികളുടെ ശ്രമമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്കയിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെയും ഒഹായോ സ്‌റ്റെയ്റ്റ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍, രോഗബാധയുടെ ആദ്യഘട്ടത്തില്‍ ചൈനീസ് സർക്കാർ പുറത്തുവിട്ട ഡേറ്റയും, സമൂഹ മാധ്യമങ്ങളില്‍ നിന്നു ശേഖരിച്ച ഡേറ്റയും തമ്മില്‍ തട്ടിച്ചുനക്കിയപ്പോഴും വ്യത്യാസങ്ങള്‍ കണ്ടു. ഇവിടെയാണ് വുഹാനിലെ എട്ട ശ്മശാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ജനുവരി 25നും മറ്റും ഈ ശ്മശാനങ്ങള്‍ 24 മണിക്കൂറും ഇടതടവില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു എന്നും വിശദീകരിക്കാനാകാത്ത കാര്യമാണിതെന്നും ഗവേഷകര്‍ പറയുന്നു. ഇതെല്ലാം പരിഗണിച്ച് ഫെബ്രുവരിക്കു മുൻപ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ചൈനയുടെ ഔദ്യോഗിക കണക്കുകളുടെ പത്തിരട്ടിയെങ്കിലും വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലോകത്തെ 188 രാജ്യങ്ങളിലേക്ക് കൊറോണാവൈറസ് എത്താന്‍ ഏതാനും ആഴ്ചകള്‍ മാത്രമാണ് എടുത്തത്. ഈ ആറുമാസത്തിനുള്ളില്‍ 7 ദശലക്ഷത്തോളം ആളുകള്‍ രോഗബാധിതരാകുകയും, കുറഞ്ഞത് 400,000 പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. രോഗം കൂടുതല്‍ വ്യാപിക്കുമ്പോള്‍ ലോകത്തിന്റെ ശ്രദ്ധ വീണ്ടും ചൈനയുടെ പ്രവൃത്തിയിലേക്ക് ക്ഷണിക്കപ്പെടുകയാണ്. കമ്യൂണിസ്റ്റ് സർക്കാരിന്റെ കുപ്രസിദ്ധമായ ഡേറ്റാ മറച്ചുവയ്ക്കല്‍ രീതികളും വാര്‍ത്തകളുടെ സെന്‍സറിങും ചോദ്യംചെയ്യപ്പെടുന്നു. ലോകത്ത് അംഗീകരിക്കപ്പെട്ട മെഡിക്കല്‍ മാനദണ്ഡങ്ങള്‍ക്കു വെളിയിലാണ് ചൈന പുറത്തുവിട്ട കണക്കുകള്‍ എന്നത് രാജ്യത്തെ വെട്ടിലാക്കിയേക്കും. അതാണ് രോഗം ലോകത്താകാമാനം ഇങ്ങനെ പടരാന്‍ ഇടയാക്കിയതെന്നാണ് ഗവേഷകര്‍ ഉയര്‍ത്തുന്ന ആരോപണം. ചുരുക്കി പറഞ്ഞാല്‍, ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ചൈന ഉയര്‍ത്തിയിരിക്കുന്ന വന്മതിലായി അറിയപ്പെടുന്ന, ദി ഗ്രെയ്റ്റ് ഫയര്‍വോള്‍ ഓഫ് ചൈനയില്‍ വിള്ളല്‍ വീണേക്കും.

എന്നാല്‍, ചൈനീസ് സ്വകാര്യ മാധ്യമങ്ങളെ ഇക്കാര്യത്തില്‍ പഴിചാരാനാവില്ലെന്നും പറയുന്നു. ഔദ്യോഗിക കണക്കുകളുടെ സത്യസന്ധത അവര്‍ അക്കാലത്തു തന്നെ ചോദ്യംചെയ്തിരുന്നു. ഒരു പക്ഷേ, ചൈന സ്വകാര്യ ക്ലിനിക്കുകളില്‍ എന്തു നടക്കുന്നു എന്നതു പരിഗണിക്കാതെ ആയിരിക്കാം സർക്കാർ നിയന്ത്രിത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നു വരാമെന്നും പറയുന്നു. ഇതായിരിക്കാം റിപ്പോര്‍ട്ടിങ്ങില്‍ വന്ന വലിയൊരു പിഴവ്. എന്നാല്‍, അത്തരം കാര്യങ്ങളൊന്നും ഇനി അധികം ചര്‍ച്ചചെയ്യേണ്ട, മറിച്ച് ശ്മശാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പരിഗണിക്കൂ എന്നാണ് അമേരിക്കന്‍ ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

സാധാരണഗതിയില്‍ വുഹാനില്‍ ശ്മശാന ബിസിനസ് ഏകദേശം 4 മണിക്കൂറാണ് ഒരു ദിവസം പ്രവര്‍ത്തിക്കുന്നത്. ഇത് പലപ്പോഴും രാവിലെ ആയിരിക്കുകയും ചെയ്യും. കാരണം അതാണ് അവിടുത്തെ ആചാരമര്യാദ. ജനുവരി 25 മുതല്‍ ആറിരട്ടി സമയം ഇവ പ്രവര്‍ത്തിച്ചിരുന്നു- അവ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയായിരുന്നു. തൊണ്ണൂറു ലക്ഷത്തോളം പേര്‍ വസിക്കുന്ന ഒരു നഗരത്തിലെ ശരാശരി മരണസംഖ്യ ഒരു ദിവസം ഏകദേശം 136 ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വര്‍ധിപ്പിച്ച സമയം പരിശോധിച്ചാല്‍ മനസിലാകുന്നത് ഏകദേശം ദിവസം 816 മരണം നടന്നിരിക്കാമെന്നാണ്. ഈ സംഖ്യ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ 2100 ആയിട്ടുണ്ടാകാം.

വിറ്റുപോയ ശവസംസ്‌കാര കുംഭങ്ങളുടെ കണക്കും ഗവേഷകര്‍ എടുത്തിട്ടുണ്ട്. ജനുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ 36,000 എണ്ണം വിറ്റിട്ടുണ്ടെന്നാണ് കാണുന്നത്. വുഹാനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ജനുവരി 23നാണ്. ആസമയത്തിനുള്ളില്‍ പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്നു പറയുന്നു. മാര്‍ച്ച് 23 വരെയുള്ള ശ്മശാനങ്ങളില്‍ നിന്നുള്ള ഡേറ്റാ പ്രകാരം ഏകദേശം 36,000 പേര്‍ മരിച്ചിട്ടുണ്ടാകും. എന്നാല്‍, ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്കു പ്രകാരം മരണസംഖ്യ 2524 ആണ്.

ഗവേഷകരുടെ അനുമാനപ്രകാരം ചൈനയില്‍ 305,000നും 1.27 ദശലക്ഷത്തിനുമിടയില്‍ കോവിഡ്-19 രോഗികള്‍ ഫെബ്രുവരി 7 നു മുൻപ് ഉണ്ടായിട്ടുണ്ടാകാം. ഏകദേശം 6800 - 7200  പേര്‍ മരിച്ചിട്ടുമുണ്ടാകാം. ഈ സമയത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 13,600 പേര്‍ക്കു രോഗബാധയേല്‍ക്കുകയും 545 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യത്യാസമാണ് ഉള്ളതെന്നു തെളിഞ്ഞാല്‍ അത് ചൈനയ്ക്ക് വൻ തിരിച്ചടിയായേക്കും. ഇതിനെല്ലാം പുറമേയാണ് രോഗം ഓഗസ്റ്റ് മുതല്‍ പടരുന്നുണ്ടായിരുന്നിരിക്കാമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

English Summary: Coronavirus: Crematorium data prove China was lying about COVID-19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA