sections
MORE

കൊറോണ: ഇന്ത്യയിൽ കാര്യങ്ങൾ ശുഭകരമല്ല, നാളെ എന്തു സംഭവിക്കും? പ്രവചന ടൂളുമായി ഗവേഷകർ

CORONAVIRUS-VACCINE
SHARE

വരും ആഴ്ചകളില്‍ ഓരോ പ്രദേശത്തും എത്ര കൊറോണാവൈറസ് കേസുകള്‍ പുതിയതായി ഉണ്ടാകുമെന്നു പ്രവചിക്കുന്ന വെബ്‌സൈറ്റ് ഇന്ത്യയിലും സജീവമാകുകയാണ്. ഇതാകട്ടെ ഇന്ത്യക്കാര്‍ തന്നെ നിർമിച്ചതുമാണ്. ഇന്ത്യയ്ക്കും അന്തര്‍ദേശീയ നിലവാരമുള്ള ഡിജിറ്റല്‍ പ്രൊഡക്ടുകള്‍ ഉണ്ടാകണമെന്ന താത്പര്യത്താല്‍ ഒത്തുകൂടിയവരാണ്, പൊതുവെ പ്രശസ്തി ആഗ്രഹിക്കാത്ത ഈ പത്തു കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍. അവരിപ്പള്‍ അവതരിപ്പിക്കുന്ന കോവിഡ്-19 പ്രവചന മോഡലായ ഇന്ത്യാകോവിഡ്‌മോഡല്‍.ഇന്‍ (indiacovidmodel.in) എന്ന പബ്ലിക് ഡൊമെയിനിലുള്ള വെബ്‌സൈറ്റില്‍ ജില്ലാ, സംസ്ഥാന, രാജ്യ തലത്തില്‍ ഇഴപിരിച്ചുള്ള ദൃശ്യചിത്രീകരണം പൊതുജനത്തിനും ലഭ്യമാക്കും. 

ഈ വെബ്‌സൈറ്റ് ഏറെ നിര്‍ണായകമായ സമയത്താണ് എത്തുന്നത്. രാജ്യത്ത് വൈറസ് വ്യാപനം അതിവേഗം തുടരുകയാണിപ്പോഴും. ബ്രിട്ടനിലേതിനേക്കാള്‍ കേസുകളുമായി രാജ്യാന്തര തലത്തില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജ്യമിപ്പോള്‍. രാജ്യത്ത് 300,000 ലേറെ കേസുകളാണ് ഇപ്പോഴുള്ളതെന്നത് പേടിയുണര്‍ത്തുന്ന വാസ്തവമാണ്.

വെബ്‌സൈറ്റ് സമ്പൂര്‍ണ്ണമായി ആശ്രയിക്കാവുന്നത് ആകണമെങ്കില്‍ അതിലേക്കെത്തുന്ന ഡേറ്റയും കൃത്യമായിരിക്കണം. വരും ആഴ്ചകളില്‍ എത്ര പുതിയ കേസുകള്‍ ഉണ്ടാകുമെന്ന പ്രവചനത്തെക്കാളേറെ, ഇപ്പോഴത്തെ രോഗപ്രവണതയായിരിക്കും പ്രാധാന്യമുള്ളത്. പ്രവണത പരിശോധിച്ചാല്‍ ഒരു പ്രദേശത്തുള്ള ഓരോ പൗരനും ഏതുതരം ജാഗ്രതയാണ് വേണ്ടതെന്നു മനസിലാക്കാം. തന്റെ ജില്ലയില്‍ കോവിഡ് രോഗികള്‍ക്കുള്ള ബെഡ് ഇല്ലതെ വരികയാണോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് ഈ ഡിജിറ്റല്‍ പദ്ധതിയുടെ സീനിയര്‍ ടീം ലീഡര്‍മാരില്‍ ഒരാളായ വിവേക് രാഘവന്‍ പറഞ്ഞത്. ഉദാഹരണത്തിന് ഒരു ജില്ലയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം 20 ശതമാനത്തിലേറെയാണ്. അതേസമയം മരണ നിരക്ക് 10 ശതമാനവുമാണെങ്കില്‍ അതില്‍ നിന്ന് മനസിലാക്കേണ്ട കാര്യം ആ ജില്ലയില്‍ ടെസ്റ്റിങ് വേണ്ടവിധം നടക്കുന്നില്ല എന്നാണെന്നും അദ്ദേഹം പറഞ്ഞു.

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ചീഫ് പ്രൊഡക്ട് മാനേജറും ബയോമെട്രിക് ആര്‍ക്കിടെക്ടുമായ രാഘവന്‍ സ്വന്തം നിലയിലാണ് ഈ പദ്ധത്തിക്കു വേണ്ടി പ്രവര്‍ത്തിച്ചത്. അദ്ദേഹമടക്കമുള്ള പത്ത് എൻജിനീയര്‍മാരും ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ പ്രൊഡക്ട് ഇന്‍ഡസ്ട്രി റൗണ്ട്‌ടേബ്‌ന്റെ (iSPIRT) ബാനറിലാണ് ഒത്തു ചേര്‍ന്ന് പുതിയ പ്രൊജക്ട് നിര്‍മിച്ചത്. ഇതില്‍ ഇന്ത്യയുടെ ടെക്‌നോളജി സെക്ടറിലൂള്ള ഏറ്റവും സീനിയറായ ശാസ്ത്രജ്ഞരും ചില മിടുക്കരായ യുവ ടെക്കികളുമാണ് പ്രവര്‍ത്തിച്ചത്. തോട്ട്‌വര്‍ക്‌സില്‍ (Thoughtworks) ടെക്‌നിക്കല്‍ എൻജിനീയറായി പ്രവര്‍ത്തിക്കുന്ന സത്യന്‍ സേതുമാധവന്‍, യുഐഡിഎഐഎല്‍ ഡേറ്റാ ശാസ്ത്രജ്ഞനായ അര്‍ക് കോണര്‍, അവ്‌നി ഹിര്‍പാര എന്നിവരാണ് പുതിയ ആശയത്തെ മികവുറ്റ ഒന്നാക്കിയതെന്ന് പറയുന്നു. പതിനെട്ടു വയസു മാത്രം പ്രായമുളള യാഷ്വി ജാജു ആണ് ടീമിലെ ബേബി. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ഉദിച്ചുയരുന്ന താരങ്ങളിലൊരാളാണ് യാഷ്വി.

പുതിയ ടൂള്‍ നാലു കാര്യങ്ങളിലായിരിക്കും ശ്രദ്ധിക്കുക- രോഗബാധിതരാകാന്‍ സാധ്യതുള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, രോഗബാധിതര്‍, രോഗമുക്തി നേടിയവര്‍. ലോഞ്ച് സമയത്ത് ഇന്ത്യാകോവിഡ്‌മോഡല്‍.ഇനില്‍ ഒരു ഉപയോക്താവിന് പരിശോധിക്കാവുന്ന തരത്തിലുള്ള ഒരു ഇന്ററാക്ടീവ് മോഡലായിരിക്കും ഉണ്ടാകുക. ലാന്‍ഡിങ് പേജില്‍ നിന്ന് വിവിധ ജില്ലകളിലേക്ക് പോകാം. അടുത്ത 15-30 ദിവസത്തേക്ക് ഓരോ ജില്ലയിലും എന്തു സംഭവിക്കുമെന്നുള്ള പ്രവചനം ലഭിക്കും. ഇതില്‍ ഉപയോഗിക്കുന്നത് കോവിഡ്-19ന്റെ ക്ലൗഡ്‌സോഴ്‌സ്ഡ് ഡേറ്റാബെയ്‌സ് ആയിരിക്കും. ഈമാതൃക ഉരുത്തിരിഞ്ഞു വരുന്ന ഒന്നാണ്. ഇതിനായുള്ള ശ്രമം മാര്‍ച്ച് മാസത്തിലെ, ഇന്ത്യയുടെ ആദ്യ ലോക്ഡൗണിന് രണ്ടു ദിവസം മുൻപ് തന്നെ തുടങ്ങിയിരുന്നതായി പറയുന്നു. ഇത് കഴിഞ്ഞ ആറ് ആഴ്ചയോളമായി ലഭ്യമായിരുന്നു. എന്നാല്‍, ഇതുവരെ ഇത് പൊതുജനത്തിന് തുറന്നുകൊടുത്തിരുന്നില്ല.

കൃത്യമായ ഡേറ്റാ ഇന്‍പുട്ടുകള്‍ ലഭിക്കുകയാണെങ്കില്‍ മികച്ച രീതിയില്‍ ഇതു പ്രവര്‍ത്തിച്ചേക്കും. അടുത്തതായി എന്താണ് നിങ്ങളുടെ പ്രദേശത്ത് സംഭവിക്കുന്നതെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിച്ചാല്‍, പല കാര്യങ്ങളെക്കുറിച്ചും കാലേക്കൂട്ടി തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് ഉപകരിക്കുമെന്ന് കരുതുന്നു. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കു പോലും മികച്ച മോഡല്‍ സമ്മാനിക്കാനാണ് സംരംഭകരുടെ ഉദ്ദേശം. രാജ്യത്ത് ഒരു ആരോഗ്യ വ്യവസ്ഥ കൊണ്ടുവരുന്നതിന്റെ ഭാഗമായും ഇതിനെ കാണാമെന്നും പറയുന്നു.

English Summary: India’s first public domain COVID-19 predictive model goes live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA