ADVERTISEMENT

പോര്‍ട്ട്‌ലൻഡില്‍ നിന്നുള്ള സാറാ ബോവന്റെ അനുഭവം പറഞ്ഞാണ് എന്‍ബിസിന്യൂസ് കൊറോണ വൈറസ് ടെസ്റ്റുകളുടെ കൃത്യതയെക്കുറിച്ചുള്ള വാര്‍ത്ത തുടങ്ങുന്നത്. ഒരു ഡോക്ടറുടെ ഓഫിസില്‍ ജോലിയെടുക്കുന്ന 31 കാരിയായ സാറയ്ക്ക് അത്ര പന്തിയല്ലെന്നു തോന്നിയ ഒരു തൊണ്ട വേദന വരുന്നു. അവര്‍ മെയ് 8ന് കോവിഡ്-19 ടെസ്റ്റ് എടുക്കുന്നു. അതു നെഗറ്റീവ് ആയിരുന്നു. ഡോക്ടര്‍ പറഞ്ഞത് ലക്ഷണങ്ങള്‍ അലര്‍ജിയുടെയോ മറ്റേതെങ്കിലും വൈറസ് ബാധയുടേതോ ആകാമെന്നാണ്. എന്നാല്‍, സാറയുടെ രോഗലക്ഷണങ്ങൾ കൂടി. തലവേദന, മൂക്കടപ്പ്, വിട്ടുമാറാത്ത തലവേദന തുടങ്ങിയവയും യുവതിക്ക് അനുഭവപ്പെട്ടു തുടങ്ങി. ആറാം ദിവസം കൂടുതൽ വയ്യാതായെന്ന് സാറ പറയുന്നു. വല്ലാത്ത തളര്‍ച്ചയും നെഞ്ചില്‍ കത്തുന്ന അനുഭവവും തോന്നി. സ്‌റ്റെയര്‍കെയ്‌സ് കയറുമ്പോഴും മറ്റും ശ്വാസം കിട്ടാതെ വരുന്നു. അല്‍പ്പമെങ്കിലും നടക്കുമ്പോള്‍ രോഗലക്ഷണങ്ങൾ വഷളാകുകയും ചെയ്തുകൊണ്ടിരുന്നു.

 

രണ്ടു ദിവസം കൂടെ കഴിഞ്ഞ് സാറാ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി. അതും നെഗറ്റീവ് ആയിരുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍ സാറയ്ക്ക് കൊറോണാവൈറസ് ബാധിച്ചിരിക്കാമെന്ന് സംശയിക്കാന്‍ പോലും തയാറായില്ലെന്ന് എന്‍ബിസിന്യൂസ് പറയുന്നു. അക്കാലത്ത്, സാറാ താമസിച്ചിരുന്നിടത്ത് അധികം കൊറോണാവൈറസ് ബാധിതര്‍ ഇല്ലായിരുന്നു എന്നതും ഡോക്ടറുടെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നിരിക്കാം. എന്തായാലും, പ്രതീക്ഷ നഷ്ടപ്പെട്ട സാറാ വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചു. സാറയുടെ ടെസ്റ്റുകള്‍ കോവിഡ്-19 ഉണ്ടെന്നോ ഇല്ലെന്നോ സ്ഥിരീകരിച്ചിട്ടില്ല. പനി വന്ന് സുഖമില്ലാതാകുന്നത് ഒരു കാര്യം. മഹാവ്യാധി ചുറ്റും താണ്ഡവമാടുമ്പോള്‍ രോഗലക്ഷണങ്ങളുമായി ചികിത്സ കിട്ടാതെ കിടക്കേണ്ടവുന്നത് തന്നെ ഭ്രാന്തുപിടിപ്പിക്കുന്നുവെന്ന് സാറാ പറയുന്നു. എന്തായാലും കൂടുതല്‍ കൂടുതല്‍ ആളുകള്‍ കൊറോണ വൈറസ് ടെസ്റ്റുകള്‍ എടുത്തു തുടങ്ങിയിരിക്കുന്ന ഈ സമയത്ത്, ഒരു കാര്യം വ്യക്തമാകുകയാണത്രെ- തെറ്റായി നെഗറ്റീവ് എന്നു പറഞ്ഞ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു.

 

കോവിഡ്-19 രോഗം വ്യാപിച്ചു തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും, രോഗമുണ്ടോ എന്നറിയാന്‍ നടത്തുന്ന ടെസ്റ്റുകളുടെ കൃത്യതയെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്ന് പല അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് അംഗീകരിക്കപ്പെട്ട ഏകദേശം 70 ടെസ്റ്റിങ് രീതികളാണ് നിലവിലുള്ളത്. ഇവയില്‍ പലതും വളരെ പെട്ടെന്ന് തട്ടിക്കൂട്ടിയവയാണ്. ഒരു ടെസ്റ്റും പരിപൂര്‍ണ്ണ കൃത്യത കാണിക്കുന്നില്ലെന്നതു കൂടാതെ, പല ടെസ്റ്റുകളുടെയും 20 ശതമാനം ഫലങ്ങള്‍ തെറ്റാകാമെന്നുമാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പറയുന്നത്.

 

ടെസ്റ്റിങ് രീതിയാകണമെന്നില്ല തെറ്റ്

 

പല ടെസ്റ്റുകളും തെറ്റുന്നതിന്റെ മുഖ്യ കാരണവും കണ്ടെത്തിയിട്ടുണ്ട്- ഇതിനായി സാംപിളുകള്‍ ശേഖരിക്കുമ്പോള്‍ വരുന്ന പിഴവുകളാകാം പ്രധാന പ്രശ്‌നം. ഈ അഭിപ്രായമാണ് യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ അലന്‍ വെല്‍സിനും ഉള്ളത്. പല ടെസ്റ്റുകള്‍ക്കും ഉപയോഗിക്കുന്നത് പൊളിമെറെയ്‌സ് (polymerase) ചെയിന്‍ റിയാകക്ഷന്‍, അഥവാ പിസിആര്‍ ആണ്. അതിലൂടെ കൊറോണ വൈറസിന്റെ ജനിതക ദ്രവ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇതിനായി നീളമുള്ള ഒരു നെയ്‌സോഫാരിങ് ഗിയൽ സ്വോബ് ഉപയോഗിച്ച് രോഗിയുടെ തൊണ്ടയില്‍ നിന്ന് സാംപിള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ് വൈറസ് വസിക്കുന്നതെന്ന വിശാസമാണ് ഇതിനു പിന്നില്‍. എന്നാല്‍, ഈ രിതിയില്‍ തെറ്റുണ്ടാകാമെന്നാണ് ചില ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത്.

 

നിങ്ങള്‍ കണ്ണടച്ചാണ് സാംപിള്‍ ശേഖരിക്കുന്നത്. തൊണ്ടയാണ് ശരിയായ സ്ഥലം എന്ന് വെറുതെയങ് അനുമാനിച്ച് ശ്രവം ശേഖരിക്കുകയാണ്. രോഗം വര്‍ധിക്കുന്നതോടെ വൈറസുകളെല്ലാം രോഗിയുടെ ശ്വാസകോശത്തിലേക്ക് വാസം മാറ്റിയിരിക്കാന്‍ ഇടയുണ്ടെന്നും ഡോ. വെല്‍സ് പറയുന്നു. തൊണ്ടയില്‍നിന്നു പോയിക്കഴിഞ്ഞ വൈറസിനായി നെയ്‌സോഫാറിങ്ഗിയല്‍ സ്വോബ് ഉപയോഗിച്ചിട്ടു കാര്യമുണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നു. ശ്രവം ശേഖരിക്കുന്നത് ശരിയായ സ്ഥലത്തു നിന്ന് ശരിയായ സമയത്തായിരിക്കണമെന്ന് അദ്ദേഹം പറയുന്നു.

 

മറ്റൊരു ടെസ്റ്റ് തൊണ്ടയിലെ ശ്രവം ശേഖരിക്കലെന്ന, ആളുകളെ അസ്വസ്ഥമാക്കുന്ന ടെസ്റ്റ് പാടെ വേണ്ടന്നുവയ്ക്കുന്നു. പകരം ഉമിനീര് ടെസ്റ്റ് ട്യൂബില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഈ സാംപിളും ലാബില്‍ എത്തിക്കഴിഞ്ഞാല്‍ പിസിആര്‍ ടെസ്റ്റ് തന്നെ നടത്തുന്നു. ഇത് കൂടുതല്‍ തെറ്റാനുള്ള സാധ്യതയുണ്ടെന്നാണ് ഡോ. വെല്‍സ് പറയുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളുടെ കാര്യത്തില്‍ ഈ ടെസ്റ്റ് അമ്പതു ശതമാനം വരെ പരാജയപ്പെടാമെന്നാണ് അദ്ദേഹം പറയുന്നത്.

 

എപ്പോള്‍ ടെസ്റ്റു നടത്തുന്നു എന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നാണ് ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ പറയുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. രോഗം പകര്‍ന്നു കിട്ടി അധികം താമസിയാതെ ടെസ്റ്റുചെയ്യുന്നവര്‍ക്ക് നെഗറ്റീവ് ഫലം കിട്ടാനുള്ള സാധ്യത കൂടുതലാണെന്നാണ് അവരുടെ പഠനം പറയുന്നത്. ചെറിയ ചില ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാലും ഏതാനം ദിവസം കാത്തിരുന്ന ശേഷം ടെസ്റ്റ് നടത്തുന്നതായിരിക്കും ഉചിതമെന്ന് ഗവേഷകര്‍ പറയുന്നു. രോഗം പകര്‍ന്നു കിട്ടി മൂന്നു ദിവസത്തിനുശേഷം നടത്തുന്ന ടെസ്റ്റുകളാണ് കൂടുതല്‍ ഫലപ്രദമാകുന്നതെന്നും പഠനം പറയുന്നു. 

 

ഇതൊന്നും കൂടാതെ, ചില ടെസ്റ്റുകളുടെ തന്നെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരിയായ സമയത്തു തന്നെ സാംപിള്‍ ശേഖരിച്ചാലും തെറ്റായ ഫലം കിട്ടിയ ടെസ്റ്റുകളും ഉണ്ടെന്നു പറയുന്നു. ഏപ്രിലില്‍ 'മായോ ക്ലിനിക് പ്രൊസീഡിങ്‌സില്‍' പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പിസിആര്‍ ടെസ്റ്റുകളെ ആശ്രയിക്കുന്നതിനെ വിമര്‍ശിച്ചിട്ടുണ്ട്. ഇതിലൂടെ 90 ശതമാനം ഫലങ്ങളും ശരിയായാല്‍ പോലും കുറെയധികം ആളുകള്‍ക്ക് തെറ്റായ ഫലം നല്‍കേണ്ടി വരുന്നു എന്നാണ് വിമര്‍ശനം. ലേഖനത്തിന്റെ രചയിതാക്കളില്‍ ഒരാളായ മായോ ക്ലിനിക്കിലെതന്നെ പകര്‍ച്ചവ്യാധി സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന ഡോക്ടര്‍ പ്രീയ സമ്പത്കുമാര്‍ കാലിഫോര്‍ണിയയെ തന്നെയാണ് ഉദാഹരണമായി സ്വീകരിച്ചിരിക്കുന്നത്. ഇവിടത്തെ മൊത്തം ജനസംഖ്യ 40 ദശലക്ഷമാണ്. ഇവരെ എല്ലാവരെയും ടെസ്റ്റു ചെയ്താല്‍ പോലും 20 ലക്ഷം ഫോള്‍സ് നെഗറ്റീവ് ഫലം ലഭിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു ശതമാനം മാത്രമാണ് പിഴവു വരുന്നതെങ്കില്‍ പോലും 20,000 പേര്‍ക്ക് ഫോള്‍സ് നെഗറ്റീവ് ഫലം ലഭിക്കുമെന്ന് അവര്‍ പറയുന്നു. രോഗമുള്ളവര്‍ക്ക് തെറ്റായ സുരക്ഷാബോധം നല്‍കുന്നുവെന്നതാണ് ഇതുകൊണ്ടുള്ള പ്രശ്‌നമെന്ന് ഡോ. വെല്‍സ് പറയുന്നു.

 

അമേരിക്കയില്‍ നടത്തി വരുന്ന മറ്റൊരു തരം കോവിഡ് രോഗം തിരിച്ചറിയല്‍ ടെസ്റ്റ് ആബട്ട് ലാബ്‌സിന്റെ ഐഡി നൗ പോയിന്റ്-ഓഫ്-കെയര്‍ ടെസ്റ്റാണ്. കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ തന്നെ ഇതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അത് എല്ലായ്‌പ്പോഴും ശരിയായിരിക്കണമെന്നില്ല എന്നാണ് എഫ്ഡിഎ നേരിട്ടിറക്കിയിരിക്കുന്ന മുന്നറിയിപ്പ്. പിസിആര്‍ ടെസ്റ്റിനോട് സാമ്യമില്ലാത്തതാണ് ഇസോതെര്‍മല്‍ ന്യൂക്ലിയയ്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ എന്നറിയപ്പെടുന്ന ഈ ടെസ്റ്റ്. കേവലം അഞ്ചു മുതല്‍ 13 മിനുറ്റിനുള്ളില്‍ ഫലംവരുമെന്നതാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലൊട്ടാകെ ഉപയോഗിക്കപ്പടുന്നതും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ സ്റ്റാഫിനെയുമടക്കം ടെസ്റ്റു ചെയ്യാന്‍ ഉപയോഗിച്ചത് എന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്നതാണ് ഈ ടെസ്റ്റ്. മറ്റു പല ടെസ്റ്റുകളും പോസിറ്റീവായി കണ്ടെത്തിയ സാംപിളുകളില്‍ 50 ശതമാനം വരെ തെറ്റായ രീതിയിലാണ് ഈ ടെസ്റ്റില്‍ കണ്ടെത്തിയ്‌തെന്ന് ഒരു പഠനം പറയുന്നു. ഈ പഠനം ഇനിയും പിയര്‍ റിവ്യൂ നടത്താനിരിക്കുന്നതേയുള്ളു. എന്നാല്‍, ആബട്ടിന്റെ സ്വന്തം പഠനം പറയുന്നത് തങ്ങളുടെ ടെസ്റ്റിന് ചിലപ്പോള്‍ 100 ശതമാനം വരെകൃത്യതയുണ്ട് എന്നാണ്. പ്രത്യേകിച്ചും രോഗികള്‍ക്ക് രോഗം പകര്‍ന്നു കിട്ടി അധികം താമസിയാതെ നടത്തുന്ന ടെസ്റ്റുകളാണെങ്കില്‍ അതിന്റെ കൃത്യത വര്‍ധിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, അമേരിക്കയിലെ 10 മെഡിക്കല്‍ സെന്ററുകളും ആശുപത്രികളും പറഞ്ഞത് തങ്ങള്‍ ഈ ടെസ്റ്റ് ഉപയോഗിക്കാറേ ഇല്ലെന്നാണ്. 

 

എന്നാല്‍, പ്രധാന പ്രശ്‌നം ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നവര്‍ വേണ്ടത്ര ശാസ്ത്രീയമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരായിട്ടില്ല എന്നതാണെന്നു പറയുന്നു. ഇത് കോവിഡ്-19ന്റെ കാര്യത്തില്‍ മാത്രമല്ല. റാപിഡ് സ്‌ട്രെപ് ത്രോട്ട് ടെസ്റ്റുകളുടെ കൃത്യത 86 ശതമാനമാണ്. ഫ്‌ളൂ ടെസ്റ്റുകളുടെ കൃത്യത അതിലും മോശമാണ്- ഏകദേശം 50 മുതല്‍ 70 ശതമാനം വരെയാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ഇത്തരം ടെസ്റ്റുകളുടെയെല്ലാം ഫലങ്ങള്‍ അല്‍പം സംശയദൃഷ്ടിയോടെ മാത്രമെ ഡോക്ടര്‍മാര്‍ കാണാവൂ എന്നാണ് ഡോ. അനിയവാജെന്‍ബെര്‍ഗ് പറയുന്നത്. നമുക്ക് ഇനിയും ധാരാളമായി പഠിക്കാനുണ്ട്. അതേസമയം, ടെസ്റ്റിങിന് അതീവ പ്രാധാന്യവുമുണ്ട്. കൃത്യത കുറവുണ്ടെന്നതു കൊണ്ട് അത് ഉപയോഗപ്രദമല്ല എന്നു പറയാനാവില്ലെന്ന് ഡോ. അനിയ പറയുന്നു.

English Summary: Questions about COVID-19 test accuracy raised across the testing spectrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com