ADVERTISEMENT

തങ്ങളുണ്ടാക്കിയ മാസ്‌ക് വീണ്ടും ഉപയോഗിക്കാവുന്നതാണെന്നും അതിനെ മൊബൈല്‍ ഫോണ്‍ ചാര്‍ജറമായി കണക്ടു ചെയ്താല്‍ കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുമെന്നും ഇസ്രയേലി ഗവേഷകര്‍ അവകാശപ്പെട്ടു. വൈറസ് മുക്തമാക്കാന്‍ 30 മിനിറ്റ് വേണ്ടിവരും. ചാര്‍ജറുമായി കണക്ടു ചെയ്തിരിക്കുന്ന സമയത്ത് മാസ് ഉപയോഗിക്കരുതെന്നും ഈ മാസ്‌ക് ഉണ്ടാക്കിയ ടെക്‌നിയോണ്‍ യൂണിവേഴ്‌സിറ്റി ടീമിലെ പ്രധാനിയായ യായിര്‍ എയിന്‍-എലി പറഞ്ഞു. മാസ്‌കിന് ഒരു യുഎസ്ബി പോര്‍ട്ട് ഉണ്ട്. സെല്‍ഫോണ്‍ ചാര്‍ജറിലൂടെ മാസ്‌കിന്റെ ഉള്ളിലെ പാളിയിലേക്ക് 70 ഡിഗ്രി സെല്‍ഷ്യസ് ചൂടു കടത്തിവിട്ടാണ് വൈറസുകളെ കൊല്ലുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ ചൂടില്‍ എല്ലാ വൈറസുകളും ചത്തുപോകുമെന്നും അവര്‍ പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന മാസ്‌കുകള്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നമായിരിക്കും സൃഷ്ടിക്കാന്‍ പോകുക. അതിനാല്‍ വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ എന്ന ആശയമാണ് എന്തുകൊണ്ടും നല്ലത്. ഇതിന്റെ നിര്‍മാണം പ്രോട്ടോടൈപ് ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. എന്‍95 മാസ്‌കുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് നിര്‍മിതി. ഇതിനുളള പെയ്റ്റന്റ് തങ്ങള്‍ക്കു ലഭിക്കാനായി അപേക്ഷ നല്‍കിയതായി ഗവേഷകര്‍ അറിയിച്ചു. വില 1 ഡോളറായിരിക്കും.

reusable-self-cleaning-mask

∙ ക്വാല്‍കമിന്റെ 600 സീരിസ് എത്തി

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിപ് നിര്‍മാതാവായ ക്വാല്‍കം തങ്ങളുടെ പുതിയ സ്മാര്‍ട് ഫോണ്‍ പ്രോസസര്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 690. തങ്ങളുടെ 600 സീരിസിലെ ആദ്യ 5ജി സപ്പോര്‍ട്ടു ചെയ്യുന്ന പ്രോസസറാണിതെന്ന് കമ്പനി അറിയിച്ചു. ഇതില്‍ സ്നാപ്ഡ്രാഗണ്‍ എക്‌സ്51 5ജി മോഡം-ആര്‍എഫ് (X51 5G Modem-RF) സിസ്റ്റം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിലൂടെ പല ജിബി സ്പീഡ് വില കുറഞ്ഞ ഫോണുകളിലേക്കും എത്തും. കൂടാതെ, ക്വാല്‍കമിന്റെ 5-ാം തലമുറയിലെ എഐ എൻജിനും, ക്വാല്‍കം ഹെക്‌സഗണ്‍ ടെന്‍സര്‍ ആക്‌സിലറേറ്ററും പുതിയ ചിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്മാര്‍ട് ക്യാമറ, വിഡിയോ, ശബ്ദ തര്‍ജ്ജമ, കൂടുതല്‍ വളര്‍ച്ച പ്രാപിച്ച എഐ-കേന്ദ്രീകൃത ഇമേജിങ്, എഐയുടെ മികവു വര്‍ധിപ്പിച്ച ഗെയ്മിങ് അനുഭവം തുടങ്ങിയവ നല്‍കാന്‍ പുതിയ ചിപ്പിനു നല്‍കാനാകുമെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പുതിയ പ്രോസസര്‍ ഉപയോഗിച്ചുള്ള ഫോണുകള്‍ എത്തും. 190 എംപി വരെ ക്യാമറ, 4കെ എച്ഡിആര്‍ വിഡിയോ റെക്കോഡിങ്, 120 ഹെട്‌സ് റിഫ്രഷ് റെയിറ്റുള്ള ഡിസ്‌പ്ലെ തുടങ്ങിയവയും പുതിയ പ്രോസസര്‍ സപ്പോര്‍ട്ട് ചെയ്യും.

Qualcomm-Snapdragon-690-5G

∙ സാംസങ് ഗ്യാലക്‌സി എ21എസ് എത്തി – തുടക്ക വില 16,499 രൂപ

തങ്ങളുടെ എ സീരിസിലെ ഏറ്റവും പുതിയ മോഡല്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു വേരിയന്റുകളാണ് ഉള്ളത്- 4ജിബി റാം 64ജിബി സ്റ്റോറേജ് ശേഷിയുള്ളതും, 6ജിബി റാമും 128ജിബി സ്റ്റോറേജ് ശേഷിയുള്ളതും. ഇവയുടെ വില യഥാക്രമം 16,499 രൂപയും 18,499 രൂപയുമായിരിക്കും. ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന് അതിന്റെ പിന്നിലെ നാലു ക്യാമറ സെറ്റ്-അപ് ആണ്. പ്രധാന ക്യാമറയ്ക്ക് 48 എംപി (എഫ്/2.0) റെസലൂഷനായിരിക്കും ഉണ്ടകുക. ഇതു കൂടാതെ, 8 എംപി (എഫ്/2.2 അള്‍ട്രാ-വൈഡ്, 2എംപി (എഫ്/2.4) മാക്രോ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

samsung-galaxy-a21s

സെല്‍ഫി ക്യാമറ 13 എംപി (എഫ്/2.2) ആണ്. മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍ 5000 എംഎഎച് ബാറ്ററിയാണ്. ഇക്കാലത്ത് ഇടത്തരം ഫോണില്‍ നിന്നു പ്രതീക്ഷിക്കാവുന്ന എല്ലാ കണക്ടിവിറ്റി ഫീച്ചറുകളും ഉള്‍ക്കൊളളിച്ചിട്ടുണ്ട്. സാംസങിന്റെ എക്‌സിനോസ് 850 പ്രോസസറാണ് ഫോണിന് ശക്തിപകരുന്നത്. സ്‌ക്രീന്‍ സൈസ് 6.5-ഇഞ്ചാണ്. റെസലൂഷന്‍ 720x1600 അഥവാ എച്ഡി പ്ലസ് ആണ്. എന്നാല്‍, ഈ വിലയ്ക്ക് ഫുള്‍എച്ഡി പ്ലസ് സ്‌ക്രീനുകളുള്ള ഫോണുകള്‍ ലഭ്യമാണെന്ന കാര്യവും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പരിഗണിക്കണം.

∙ വാവെയുമായി ചര്‍ച്ച നടത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതി

huawei

ചൈന-അമേരിക്ക പ്രശ്‌നങ്ങളിലെ കരടായ വാവെയ് കമ്പനിയെ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. കമ്പനിയുമായി സമ്പര്‍ക്കം കുറയ്ക്കാന്‍ അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരോട് ട്രംപ് ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, 5ജി സാങ്കേതികവിദ്യയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനായി തങ്ങളുടെ കമ്പനികളോട് വാവെയുമായി ചര്‍ച്ച നടത്തിക്കോളാൻ അമേരിക്കയുടെ വാണിജ്യ വകുപ്പ് തങ്ങളുടെ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. അമേരിക്കന്‍ കമ്പനികള്‍ വാവെയ്ക്ക് ടെക്‌നോളജി കൈമാറുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണന്നു പറഞ്ഞാണ് അമേരിക്ക കമ്പനികളെ വാവെയുമായി ഇടപാടുകള്‍ നടത്തുന്നതിൽ നിന്ന് വിലക്കിയത്. എന്നാല്‍, ഈ വിലക്കുകള്‍ ടെക്‌നോളജി വ്യവസായത്തിന് ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ വന്‍ തിരിച്ചടി നല്‍കിയെന്നാണ് ടെക്‌നോളജി വ്യവസായവും സർക്കാർ ഉദ്യോഗസ്ഥരും പറയുന്നത്. ഏതെല്ലാം വിവരങ്ങളാണ് വാവെയുമായി ചര്‍ച്ചചെയ്യാവുന്നത് എന്ന് തിട്ടമില്ലാത്തത് ടെക്‌നോളജി കമ്പനികള്‍ക്ക് പ്രതിബന്ധങ്ങള്‍ സമ്മാനിച്ചു. എന്നാല്‍, 5ജിയ്ക്കു വേണ്ട നിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വാവെയുമായി സഹകരിക്കാമെന്നാണ് സർക്കാർ പുതിയ ഉത്തരവില്‍ പറയുന്നത്.

∙ ഐഫോണിനൊപ്പം ഫ്രീ ഹെഡ്‌ഫോണ്‍ ഇനി കിട്ടിയേക്കില്ല

iPhone-12

 

ഈ വര്‍ഷം ഇറങ്ങിയേക്കുമെന്നു പ്രതീക്ഷിക്കുന്ന ഐഫോണ്‍ 12 മുതല്‍ ഫ്രീയായി ഇയര്‍ഫോണുകളോ, ഇയര്‍പോഡോ നല്‍കുന്ന പരിപാടി നിര്‍ത്തുന്ന കാര്യം ആപ്പിള്‍ കമ്പനി പരിഗണിക്കുകയാണെന്ന് വെഡ്ബുഷ് കമ്പനിയുടെ വിശകലന വിദഗ്ധന്‍ ഡാന്‍ ഐവ്‌സ് അവകാശപ്പെടുന്നു. ഇതിലൂടെ തങ്ങളുടെ വയര്‍ലെസ് ഇയര്‍ഫോണായ ഇയര്‍പോഡ്‌സിലേക്ക് ഉപയോക്താക്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് കരുതുന്നത്. ഫ്രീ ഇയര്‍ഫോണ്‍ പരിപാടി നിർത്തിയാല്‍, ആപ്പിള്‍ ടെക് പരിസ്ഥിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ എയര്‍പോഡ്‌സ് വാങ്ങാന്‍ ശ്രമിച്ചേക്കുമെന്ന ചിന്തയാണ് ആപ്പിളിനെ നയിക്കുന്നതെന്നാണ് മറ്റൊരു വിദഗ്ധനായ മിങ്-ചി കുവോയും കരുതുന്നത്.

English Summary: Self-cleaning mask can kill viruses with heat from phone charger, researchers say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com