sections
MORE

കൊറോണ ഭീതി: സിനിമക്കാര്‍ പോണ്‍ വ്യവസായത്തില്‍ നിന്നുള്ള പാഠം ഉള്‍ക്കൊള്ളണമെന്ന്

movie-shoot
SHARE

കൊറോണാവൈറസിനു ശേഷം എത്ര പേര്‍ തിയേറ്ററുകളിൽ എത്തുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ സേവനങ്ങളിലെങ്കിലും സിനിമകള്‍ എത്തിക്കണമെങ്കില്‍ ഷൂട്ടു ചെയ്യണം. അകലമൊക്കെ പാലിച്ച് എങ്ങനെ ഷൂട്ടിങ് നടത്തും? സെറ്റിലുള്ളവരുടെ ഒക്കെ സുരക്ഷ എങ്ങനെ ഉറപ്പാക്കും തുടങ്ങിയവയൊക്കെ വിനോദവ്യവസായം ഉത്തരം തേടുന്ന ചോദ്യങ്ങളാണ്. പല രാജ്യങ്ങളിലും മാസ്‌ക് വച്ചേ പുറത്തിറങ്ങാവൂ എന്നു നിയമം നിലനില്‍ക്കെ നടീനടന്മാര്‍ മാസ്‌ക് ഇല്ലാതെ അഭിനയിച്ചാല്‍ കുറ്റകരമാവില്ലെ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നു. എന്തായാലും പുതിയ സാഹചര്യത്തെ നേരിടാന്‍ ഹോളിവുഡിനെക്കാള്‍ സജ്ജരാണ് പോണ്‍ വ്യവസായം എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. എയിഡ്‌സ് പിറന്നതോടെ പോണ്‍ വ്യവസായം അവസാനിച്ചു എന്നു വിധിയെഴുതിയവരെ അതിശയിപ്പിച്ച് അത് ഇത്രകാലം നിലനിന്നത് ചില മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്താന്‍ തയാറായതിനാലാണ്.

പോണ്‍ വ്യവസായം നിലനിന്നു പോന്നത് എങ്ങനെ?

ലോസ് ആഞ്ചൽസിലെ പോണ്‍ വ്യവസായത്തിന് 1990കള്‍ മുതല്‍ സ്വന്തമായി വിപുലമായ ടെസ്റ്റിങ് സംവിധാനങ്ങളും ഡേറ്റാശേഖരവും ഉണ്ടായിരുന്നു. ഇതായിരുന്നു നടീനടന്മാര്‍ രോഗബാധിതരാകാതെ സംരക്ഷിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോണ്‍ വ്യവസായം ഇപ്പോള്‍ കോവിഡ്-19നെതിരെ സ്വീകരിക്കേണ്ട നിയമങ്ങൾ തയാറാക്കിവരികയാണെന്നു പറയുന്നു.

കോവിഡ്-19 പടര്‍ന്ന ശേഷം മുന്നോട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ മനസിലായത് തങ്ങള്‍ക്കു മുന്നോട്ടുപോകാനുള്ള പല സജജീകരണങ്ങളും നിലവിലുണ്ട് എന്നതാണ്. വ്യവസായത്തിനുള്ളില്‍ തന്നെ വിപുലമായ ടെസ്റ്റിങ് സംവിധാനങ്ങള്‍ ഉണ്ട്. കോണ്‍ടാക്ട് ട്രെയ്‌സിങും, ആവശ്യം വന്നാല്‍ ഷൂട്ടിങ് നിർത്തിവയ്ക്കുക തുടങ്ങിയ മാനദണ്ഡങ്ങളും തങ്ങള്‍ നേരത്തെ മുതല്‍ ഉപയോഗിച്ചുവന്നിരുന്നു, അമേരിക്കയില്‍ പ്രായപൂര്‍ത്തിയായവര്‍ക്കു വേണ്ടിയുള്ള സിനിമാ നിര്‍മാണ വ്യവസായവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഫ്രീ സ്പീച്ച് കോആലിഷന്റെ വക്താവ് മൈക് സ്റ്റേബിലെ പറയുന്നു.

1990കളില്‍ തീരുമാനിച്ച പല ഔദ്യോഗിക മാനദണ്ഡങ്ങളും കോവിഡ്-19ന്റെ കാര്യത്തിലും ഉപയോഗപ്രദമാണ് എന്നതാണ് പോണ്‍ വ്യവസായത്തിന് ആശ്വാസകരമായി തീര്‍ന്നിരിക്കുന്നത്. തൊണ്ണൂറുകളില്‍ ഒരു നടന്‍ തെറ്റായ റിസള്‍ട്ട് കാണിച്ച് അഭിനയിക്കാനെത്തുകയും തുടര്‍ന്ന് പലര്‍ക്കും എയിഡ്‌സ് പകര്‍ന്നു നല്‍കുകയും ചെയ്തതോടെയാണ് വ്യവസായം ഉണര്‍ന്ന് സ്വന്തം ടെസ്റ്റിങ് സെന്ററുകൾ തുറന്നതും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും.

ഒരു മുന്‍ പോണ്‍ സ്റ്റാറും പിന്നീട് മനുഷ്യ ലൈംഗികതാ വിഷയത്തില്‍ ഡോക്ടറേറ്റ് എടുക്കുയും ചെയ്ത ഷാരണ്‍ മിച്ചല്‍ ആണ് പെര്‍ഫോര്‍മര്‍ അവയിലബിലിറ്റി ഷെഡ്യൂളിങ് സര്‍വീസ്, അഥവാ പാസ് എന്നറിയപ്പെടുന്ന ടെസ്റ്റിങ് സിറ്റം അവതരിപ്പിച്ചത്. ഇതനുസരിച്ച് ഓരോ പോണ്‍ നടനും നടിയും 14 ദിവസം കൂടുമ്പോള്‍ ലൈംഗിക പകര്‍ച്ചവ്യാധി ഉണ്ടോ എന്ന് പരിശോധിക്കണം. ഇവിടെ കിട്ടുന്ന റിസള്‍ട്ടുകള്‍ ഡേറ്റാശേഖരത്തലേക്ക് അയയ്ക്കുന്നു. ഇത് പരിശോധിച്ച് ഡയറക്ടര്‍ക്ക് നടീനടന്മാരെ തിരഞ്ഞെടുക്കാം. ആരെല്ലാമാണ് ക്ലീന്‍ എന്ന കാര്യത്തില്‍ തീര്‍ച്ച വരുത്തിയ നടപടിയായിരുന്നു ഇത്.

ഇതിലൂടെ ഒരു കാര്യം തീര്‍ച്ചപ്പെടുത്താനായി. ഒരാള്‍ക്ക് അഭിനയിക്കാമോ ഇല്ലയോ എന്നും സ്റ്റേബിലെ പറയുന്നു. പക്ഷേ, കൊറോണാവൈറസ് എളുപ്പം പകരുന്നതാണ്. കൂടുതല്‍ സങ്കീര്‍ണ്ണമാണ്. എന്നാല്‍, പോണ്‍ വ്യവസായം തങ്ങളുടെ അനുഭവജ്ഞാനം ഹോളിവുഡുമായി പങ്കുവയ്ക്കാന്‍ തയാറാണെന്നും സ്റ്റേബിലെ പറയുന്നു. സ്‌പോര്‍ട്‌സ്, ഹോളിവുഡ്, പോണ്‍ തുടങ്ങിയവയൊക്കെ പുതിയ സാഹചര്യത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളാണ് നേരിടുന്നത്. എന്നാല്‍, ഈ മേഖലകള്‍ക്കെല്ലാം ഉള്ള അനുഭവസമ്പത്ത് പരസ്പരം പങ്കുവയ്ക്കുന്നത് നിലനില്‍പ്പിന് ഉപകരിക്കുമെന്നും സ്റ്റേബിലെ പറഞ്ഞു.

ഹോളിവുഡ് സ്റ്റുഡിയോകളും ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളും ഒരാഴ്ചയിലേറെയായി മുന്നോട്ടുള്ള പാതയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. എങ്ങനെ പ്രൊഡക്ഷന്‍ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് അവരെല്ലാം ചര്‍ച്ചചെയ്യുന്നത്. നടീനടന്മാര്‍ മുതല്‍ മെയ്ക്-അപ് ആര്‍ട്ടിസ്റ്റുകള്‍ക്കും ക്യാമറ വിഭാഗത്തിലുള്ളവര്‍ക്കും വരെ സുരക്ഷ ഉറപ്പാക്കുകയും വേണം.

ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്ന ഒരാശയം സിനിമയ്ക്കു വേണ്ട എല്ലാവരെയും ഷൂട്ടിങ് തീരുന്നതുവരെ ക്വാറന്റീന്‍ ചെയ്യുക എന്നതാണ്. സെറ്റില്‍ ഡോക്ടര്‍മാരുടെ സേവനം അത്യാവശ്യമായി വേണ്ടിവരും. ഓരോ 12 മണിക്കൂറും എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കേണ്ടിവരും. എക്‌സ്ട്രാ നടീനടന്മാരും ആള്‍ക്കൂട്ടവും ഒക്കെ കംപ്യൂട്ടറില്‍ സൃഷ്ടിച്ചാല്‍ മതി എന്നൊക്കെയാണ് അവര്‍ എത്തിച്ചേര്‍ന്ന ചില തീരുമാനങ്ങളെന്നാണ് ചോര്‍ന്നു കിട്ടിയ വാര്‍ത്തകളില്‍ പറയുന്നത്.

യൂറോപ്പിലെ സിനിമാ, ടിവി പ്രൊഡക്ഷന്‍ നേരത്തെ ഹോളിവുഡിനു മുൻപെ തുടങ്ങിയേക്കുമെന്നു പറയുന്നു. എന്നാല്‍, നടീനടന്മാര്‍ക്കും സിനിമയ്ക്കും ഒക്കെ ഇന്‍ഷ്വറന്‍സ് ലഭിക്കുന്ന കാര്യവും ആരെല്ലാം ഒരു പരിധിവട്ട് യാത്രചെയ്യാന്‍ തയാറാകുമെന്ന കാര്യവും എല്ലാം കണ്ടറിയേണ്ടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും, 1990കള്‍ മുതല്‍ പോണ്‍ വ്യവസായം തുടര്‍ന്നുവന്നതിനേക്കാള്‍ പിപുലമായ ടെസ്റ്റിങ് സംവിധാനങ്ങള്‍ ഒരുക്കുക എന്നതായിരിക്കും സിനിമാ വ്യവസായത്തിന് ആദ്യം ചെയ്യേണ്ടിവരികയത്രെ.

English Summary: Lessons from porn industry could help Hollywood adapt to coronavirus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA