sections
MORE

ജനങ്ങൾക്ക് ഭീഷണി! ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റങ്ങള്‍ പുലിവാലാകുമോ?

facial-Recognition
SHARE

മനുഷ്യന്റെ മുഖത്തു നോക്കി അയാളുടെ വികാരങ്ങള്‍ വായിക്കാമെന്ന വിശ്വാസം ഒന്നാന്തരം മണ്ടത്തരമാണെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരാളുടെ മുഖത്ത് പുഞ്ചിരിയാണോ, നീരസഭാവമാണോ എന്നു കണ്ട് അയാള്‍ സന്തുഷ്ടനാണെന്നോ അല്ലെന്നൊ വിധിയെഴുതാന്‍ വയ്യ. ഇത്രയും കാലം നമ്മള്‍ അങ്ങനെയാണ് കരുതിയിരുന്നതെന്നും അവര്‍ പറയുന്നു. മുഖത്തു പ്രകടമാകുന്ന വികാരങ്ങള്‍ ഒരാളുടെ മനസിലുള്ളത് പ്രതിഫലിപ്പിക്കണമെന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഒരു മുഖഭാവം അയാളുടെ ആ സമയത്തെ ശരിക്കുള്ള വികാരത്തെ പ്രതിനിധീകരിക്കണമെന്നില്ല. മുഖത്തെ വികാരമനുസരിച്ച് ഒരാളുടെ വികാരം കണ്ടുപിടിക്കാന്‍ തങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ഏതാണ്ടു നൂറുശതമാനം തെറ്റായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

അമേരിക്കയിലെ ഒഹായോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അലക്‌സ് മാര്‍ട്ടിനെസ് പറയുന്നത് തങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചത് മുഖഭാവം കണ്ട് ഒരാളുടെ ആ സമയത്തെ വികാരം കണ്ടുപിടിക്കാനാകുമോ എന്നായിരുന്നുവെന്നാണ്. ഇതിലെ കണ്ടെത്തല്‍ – ഇല്ല, നിങ്ങള്‍ക്കത് സാധിക്കില്ല എന്നാണ്. ചിരിക്കുന്ന എല്ലാവരും സന്തുഷ്ടരല്ല. സന്തുഷ്ടരായ എല്ലാവരും ചിരിക്കുന്നുമില്ല. ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷം അനുഭവിച്ചെങ്കില്‍ അന്നു മുഴുവന്‍ നിങ്ങള്‍ വഴിയിലൂടെ നടക്കുമ്പോള്‍ ചിരിച്ചുകൊണ്ടിരിക്കില്ല. നിങ്ങള്‍ സന്തോഷവാനോ, സന്തോഷവതിയോ ആണ്. അത്രമാത്രം.

ചിലർ പറയും ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് മുഖഭാവം നോക്കി കണ്ടുപിടിക്കാമെന്ന്; ചിലര്‍ പറയും കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവരുടെ മുഖത്തു നിന്ന് അറിയാമെന്ന്. ഞങ്ങളുടെ ഗവേഷണം പറയുന്നത് അത് പരിപൂര്‍ണ്ണ മണ്ടത്തരമാണ് എന്നാണ്. അത്തരം കാര്യങ്ങള്‍ അറിയാന്‍ ഒരു മാര്‍ഗവുമില്ല. ഇതുകൂടാതെ, അങ്ങനെയുള്ള തീരുമാനത്തിലെത്തിച്ചേരുന്നത് അപകടകരവുമാണെന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ ഒരു ഫോട്ടോ ക്രോപ്പു ചെയ്ത് ഒരാളുടെ മുഖം മാത്രം കാണിച്ചു. അയാള്‍ കരയുകയാണെന്നാണ് തോന്നിച്ചത്. ഇതു കണ്ടവര്‍ പറഞ്ഞത് അയാള്‍ക്ക് കാര്യമായി എന്തോ പ്രശ്‌നം സംഭവിച്ചിരിക്കുന്നു എന്നാണ്. എന്നാല്‍ ആ ചിത്രം മുഴുവന്‍ കാണിച്ചപ്പോള്‍ അതില്‍ ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ താനടിച്ച ഗോള്‍ സെലബ്രേറ്റ് ചെയ്യുന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മുഖത്തെ പേശീ ചലനത്തെ ഗവേഷകര്‍ പഠനവിധേയമാക്കുകയായിരുന്നു. ഈ ചലനങ്ങളും അവരുടെ വികാരവും തമ്മിലുള്ള പൊരുത്തമാണ് അവര്‍ അന്വേഷിച്ചത്. ഇവ തമ്മില്‍ ഏകദേശം നൂറുശതമാനം പൊരുത്തക്കേടാണ് ഉള്ളതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഓരോരുത്തരും അവസരത്തിനനുസരിച്ചുള്ള ഒരു മുഖഭാവമായിരിക്കും അണിയുക. ചിരി ചിലപ്പോള്‍ ചില സാമൂഹ്യ സാഹചര്യങ്ങളില്‍ ആവശ്യം പോലും ആകാം. ഇതെല്ലാം ഒരാളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു പറയുന്നതില്‍ അര്‍ഥമില്ല.

എന്നാല്‍, ഇതൊന്നും നിത്യജീവിതത്തില്‍ ഒരു പ്രശ്‌നമല്ല. പ്രശ്‌നം ഇത്തരം മുഖഭാവങ്ങള്‍ നോക്കി ഒരാളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റങ്ങള്‍ ഉപയോഗിച്ച് ആളുകളെ അളക്കാന്‍ തുടങ്ങുമ്പോഴാണ്. ലണ്ടന്‍ പോലെയൊരു നഗരത്തില്‍ ധാരാളം സുരക്ഷാ ക്യാമറകളുണ്ട്. അവയെല്ലാം ഭാവിയില്‍ ഒരാളുടെ മുഖഭാവം നോക്കി അയാളെക്കുറിച്ചു പഠിക്കാന്‍ ശ്രമിച്ചാല്‍ അത് അപകടകരമായ നീക്കമായിരിക്കുമെന്നും പ്രൊഫസര്‍ മാര്‍ട്ടിനെസ് പറയുന്നു. പുതിയ കണ്ടെത്തലുകള്‍, സിയാറ്റിലിലുള്ള അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ്ഓഫ് സയന്‍സില്‍ മാസങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ചിരുന്നു.

പല രാജ്യങ്ങളിലും ഫേഷ്യല്‍ റെക്കഗ്നിഷന്‍ ക്യാമറകള്‍ നിരത്തുകളില്‍ സ്ഥാപിക്കുകയാണ്. ഇതിലൂടെ നിരന്തരം സ്ട്രീം ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ നിയമപാലകരും മറ്റും പരിശോധിച്ചുകൊണ്ടിരിക്കാനും വഴിയുണ്ട്. മുഖഭാവം കണ്ട് നിരപാരാധികളെ സംശയിക്കുന്ന സാഹചര്യങ്ങള്‍ വരുമോ എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. ഈ കണ്ടെത്തലുകളെക്കുറിച്ചു പ്രതികരിച്ചവര്‍ നടീനടന്മാരുടെ ഭാവങ്ങള്‍ വച്ച് അവരെ അളക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.

English Summary: We Shouldn’t Trust Facial Expressions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA