ADVERTISEMENT

ചരിത്ര പ്രാധാന്യമുള്ള പുരാവസ്തുക്കള്‍ വരെ ഫെയ്‌സ്ബുക്കിലൂടെ വില്‍പ്പന നടത്തിവന്ന വിരുതന്മാര്‍ക്ക് തിരിച്ചടിയായി അത്തരം കച്ചവടം നിരോധിച്ചു. ഓരോ രാജ്യത്തും നിന്നുളള പുരാവസ്തുക്കള്‍ ഫെയ്‌സ്ബുക്കിലൂടെ അതിവേഗം കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് ഗവേഷര്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് ബിബിസി നടത്തിയ അന്വേഷണവും ഫലം കാണുകയായിരുന്നു. ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള മോഷ്ടിച്ച പുരാവസ്തുക്കള്‍ ഫെയ്‌സ്ബുക്കിലൂടെ കച്ചവടം നടത്തിവരുന്നതായാണ് ബിബിസി കണ്ടെത്തിയത്.

 

ഇക്കാര്യത്തില്‍ ബോധവല്‍ക്കരണ പരിപാടിയുമായി ഇറങ്ങിയിരുന്ന ഒരു വിദഗ്ധന്‍ ഫെയ്‌സ്ബുക്കിന്റെ നടപടിയെ സ്വാഗതം ചെയ്തു. പക്ഷേ, എന്തെങ്കിലും മാറ്റം വരണമെങ്കില്‍ ഫെയ്‌സ്ബുക്കുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പുരാവസ്തു വില്‍പ്പന ശൃംഘലകള്‍ തന്നെ നീക്കം ചെയ്യണം. അല്ലാതെ ഓരോ വ്യക്തിയെ നിരോധിച്ചിട്ടു കാര്യമില്ല. ഇതിനായി വിദഗ്ധരുടെ ഒരു ടീമിനെ തന്നെ നിയമിക്കണം എന്നാണ് അദ്ദേഹത്തന്റെ അഭിപ്രായം. എല്ലാത്തരത്തിലുമുള്ള പുരാവസ്തുക്കളുടെ ഫെയ്‌സ്ബുക്കിലൂടെയുള്ള വിപണനം നിരോധിച്ചിരിക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പുതിയ ഫെയ്‌സ്ബുക് കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സിലാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കള്‍ വില്‍ക്കുന്നതും വാങ്ങുന്നതും അതിനു പ്രോത്സാഹിപ്പിക്കുന്നതും അംഗീകരിക്കില്ലെന്നാണ് കമ്പനിയുടെ നിലപാട്. പുരാതന ലിഖിതങ്ങള്‍, എഴുത്തോലകള്‍, ലേപനം ചെയ്തു സൂക്ഷിച്ചുവന്ന ശരീരഭാഗങ്ങള്‍, പുരാതന നാണയങ്ങള്‍ എന്നിവയൊക്കെ വിറ്റുവരുന്നതായി കണ്ടെത്തിയിരുന്നു. ചരിത്ര അവശിഷ്ടങ്ങള്‍ വ്യക്തിപരവും സാംസ്കാരികവുമായി വിലപിടിപ്പുള്ള വസ്തുക്കളാണ്. അവയുടെ വില്‍പ്പന ഹാനികരമാണ് എന്നാണ് ഫെയ്‌സ്ബുക്കിന്റെ പബ്ലിക് പോളിസി മാനേജരായ ഗ്രെഗ് മന്‍ഡെല്‍ പറഞ്ഞത്. ഇതിനാലാണ് തങ്ങള്‍ക്ക് ഇത്തരത്തിലുള്ള വസ്തുക്കളുടെ വില്‍പ്പന തടയുന്ന നിയമങ്ങള്‍ ഉണ്ടായിരുന്നത്. അതു കൊണ്ടു ഫലമില്ലെന്നു കണ്ടതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും ഇതിലൂടെ ഈ പുരാവസ്തുക്കള്‍ക്കും തങ്ങളുടെ ഉപയോക്താക്കള്‍ക്കും സരക്ഷിതത്വം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു മുതല്‍ ഫെയ്‌സ്ബുക്കിലൂടെയോ ഇന്‍സ്റ്റഗ്രാമിലൂടെയോ പുരാവസ്തുക്കളുടെ വില്‍പ്പനയും വാങ്ങലും നിരോധിക്കുന്നതായി കമ്പനി അറിയിച്ചു.

 

ഓഹായോയിലെ ഷാണി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അമര്‍ അല്‍-അസം ഫെയ്‌സ്ബുക്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് കമ്പനിയുടെ മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതു നടപ്പാക്കാനുള്ള മതിയായ ശ്രമം കൂടെ നടത്തിയില്ലെങ്കില്‍ ഈ പ്രഖ്യാപനം കൊണ്ട് ഗുണമുണ്ടാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമ ഭീമനായി ഫെയ്‌സ്ബുക് ഇതിനായി ഓട്ടോമേറ്റഡായ സിസ്റ്റങ്ങള്‍ സൃഷ്ടിച്ചു വരികയാണ്. ചിത്രങ്ങളും കീവേഡുകളും പരിശോധിച്ചായിരിക്കും ഇത്തരം സാധനങ്ങള്‍ കണ്ടെത്തുക. എന്നാല്‍, പ്രൊ. അലാം പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും ഉപയോക്താക്കളുടെ റിപ്പോര്‍ട്ടിനെയും ആശ്രയിച്ചു മുന്നോട്ടുപോകുന്നത് മതിയായ ഒരു നടപടിയല്ല എന്നാണ്. സിറിയിയില്‍ ഇപ്പോഴും ലഭ്യമായ, റോമാക്കരുടെ കാലത്തുനിന്നുള്ള അലങ്കാരപ്പണി ചെയ്ത മാര്‍ബിളും മറ്റും ഫെയ്‌സ്ബുക്കില്‍ വില്‍പ്പനയ്ക്കുവച്ചരിക്കുന്നത് ബിബിസി 2019ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചില പ്രദേശങ്ങള്‍ തന്നെ കുഴിച്ചെടുത്ത് കൊണ്ടുവന്ന് വില്‍ക്കാനുള്ള ഓര്‍ഡറുകള്‍ ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരുന്നു. 'കൊള്ളയടിച്ചു' കൊണ്ടുവന്നു വില്‍ക്കാനുള്ള ആവശ്യങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. ഇസ്‌ലാമിക് കാലഘട്ടത്തിലെ ലിഖിതങ്ങള്‍ തുർക്കിയില്‍ വാങ്ങാന്‍ സാധ്യമാക്കണം തുടങ്ങിയ തരത്തിലുള്ള ആവശ്യങ്ങളും കാണാമായിരുന്നു.

 

ബിബിസിയുടെ അന്വേഷണ പരമ്പര വന്നതിനു ശേഷം ഇത്തരത്തിലുള്ള കച്ചവടത്തിലേര്‍പ്പെട്ടിരുന്ന 49 ഗ്രൂപ്പുകളെ തങ്ങള്‍ നിരോധിച്ചതായി ഫെയ്‌സ്ബുക് പറഞ്ഞു. ഇത്തരത്തിലുള്ള ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്നില്‍ കഴിഞ്ഞ വര്‍ഷം 150,000 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 437,000ലേറെ ആയിരിക്കുകയാണ് എന്നത് ഇത്തരത്തിലുള്ള വില്‍പ്പനയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. ഇതില്‍ ഇടപെട്ടിരിക്കുന്നത് കരിഞ്ചന്തക്കാരും ക്രിമിനല്‍ സംഘങ്ങളുമാണ്.

English Summary: Facebook bans 'loot-to-order' antiquities trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com