ADVERTISEMENT

ചൊവ്വയിലെ 'തുടയെല്ലിന്റെ' ചിത്രം അതിവേഗമാണ് സോഷ്യല്‍മീഡിയയിലും ടാബ്ലോയിഡുകളിലും പ്രചരിച്ചത്. ചൊവ്വയില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ മനുഷ്യന്റെ തുടയെല്ലിനോട് സാമ്യമുള്ള ഒരു വസ്തു കണ്ടെത്തിയതാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. എന്നാൽ ഇത് അന്യഗ്രഹ ജീവിയുടേതാകാമെന്ന് വാദിക്കുന്നവരുണ്ട്. തുടയെല്ല് മാത്രമല്ല ചൊവ്വയില്‍ മനുഷ്യന്റെ മുഖവും പോരാളിയായ വനിതയും സ്പൂണും കൂണുമൊക്കെ പലരും കണ്ടെത്തിയിട്ടുണ്ട്. കാണുന്ന വസ്തുക്കളെ നമുക്ക് പരിചയമുള്ള വസ്തുക്കളാണെന്ന് വിശ്വസിപ്പിക്കുന്ന തലച്ചോറിന്റെ കുട്ടികളികളാണ് ഇതിന് പിന്നില്‍.

2014 ഓഗസ്റ്റ് 14നാണ് ഈ 'തുടയെല്ല്' ചിത്രം നാസയുടെ ക്യൂരിയോസിറ്റി എടുത്തത്. കോൺസ്പിറസി തിയറിസ്റ്റുകളുടെ ഇഷ്ടവിഷയമായ ചൊവ്വയിലെ, ജീവന് തെളിവ് നല്‍കുന്നത് എന്ന വിശേഷണത്തില്‍ ഈ ചിത്രം ആറ് വര്‍ഷം മുൻപ് തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു. നാസ നേരത്തെ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതുമാണ്. കാണാന്‍ തുടയെല്ല് പോലുള്ള ഈ വസ്തു ഫോസിലല്ല പാറയാണെന്നും കോടിക്കണക്കിന് വര്‍ഷങ്ങളിലെ കാറ്റും ചൂടും വെള്ളവുമൊക്കയാവാം ഇതിന്റെ രൂപം ഇങ്ങനെയാക്കിയതെന്നുമായിരുന്നു നാസയുടെ വിശദീകരണം.

ചൊവ്വയില്‍ ജീവനുണ്ടെങ്കില്‍ തന്നെ അത് മനുഷ്യന്റേതു പോലുള്ള സങ്കീര്‍ണ്ണമായ വലിയ ജീവികളാവില്ലെന്നാണ് നാസ കരുതുന്നത്. ഓക്‌സിജന്‍ കുറവുള്ള, ജീവന് നിരവധി വെല്ലുവിളികളുള്ള ചൊവ്വയില്‍ സൂഷ്മ ജീവികള്‍ക്കാണ് സാധ്യത. അതുകൊണ്ടുതന്നെ വലിയ ജീവികളുടെ ഫോസിലുകള്‍ ചൊവ്വയില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് നാസയുടെ നിരീക്ഷണം. 

നാസ എന്തൊക്കെ പറഞ്ഞാലും ഇനിയും കോൺസ്പിറസി തിയറിസ്റ്റുകൾ ഇത്തരം വസ്തുക്കള്‍ക്ക് പിന്നാലെ പോകും. നമ്മുടെ അറിവിലുള്ള വസ്തുക്കളുമായുള്ള സാമ്യം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. മനുഷ്യന്റെ തലച്ചോറിന്റെ ഈ പ്രവര്‍ത്തനത്തെ പാരെയ്‌ഡോലിയ എന്നാണ് വിശേഷിപ്പിക്കുന്നത്. ചെടികളും നിഴലുകളും മറ്റും കാണുമ്പോള്‍ ഏതെങ്കിലും രൂപങ്ങളായി ചിലപ്പോഴൊക്കെ തോന്നാറില്ലേ? പാരെയ്‌ഡോലിയ തന്നെയാണ് ഇതിന് പിന്നിലും. 

1976ല്‍ പുറത്തുവന്ന ചൊവ്വയിലെ പ്രതലത്തിന്റെ ചിത്രം ഇതുപോലെ വലിയ തോതില്‍ പ്രചരിച്ചിരുന്നു. സൈഡോണിയ എന്ന് പേരിട്ട ചിത്രത്തിന് വലിയൊരു മനുഷ്യ മുഖത്തിന്റെ സാദൃശ്യമുണ്ടായിരുന്നു. പിന്നീട് നടന്ന വിശദമായ പഠനത്തില്‍ കൂടുതല്‍ വലിയ ചിത്രങ്ങളില്‍ അത് പാറകളുടെ കൂട്ടമാണെന്ന് വ്യക്തമാവുകയും ചെയ്തു.

സൈഡോണിയയെ പോലെ ബിഗ്ഫൂട്ടും, പീരങ്കിയും, സ്പൂണും, പോരാളിയായ സ്ത്രീയും, കൂണും, അസീറിയന്‍ ദൈവവുമൊക്കെ ചൊവ്വയില്‍ പലരും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വയിലെ പാറകളുടെ പ്രത്യേക ആകൃതിയെ തുടര്‍ന്നുള്ള ഭാവനയില്‍ വിരിയുന്ന വസ്തുക്കളല്ലാതെ ഇവക്ക് യാഥാര്‍ഥ്യവുമായി വലിയ ബന്ധമില്ലെന്നാണ് ഇതുവരെ തെളിഞ്ഞിട്ടുള്ളത്. 

1960കള്‍ മുതല്‍ ചൊവ്വയുമായി നമുക്ക് നേരിട്ട് ബന്ധമുണ്ട്. മനുഷ്യ നിര്‍മിത പേടകങ്ങള്‍ ചൊവ്വയെ ചുറ്റി പടമെടുക്കുകയും ചൊവ്വയിലിറങ്ങി ചിത്രങ്ങളും ദൃശ്യങ്ങളും ഭൂമിയിലേക്കയക്കുകയും ചെയ്തിട്ടുണ്ട്. വലിയ തോതില്‍ ജീവന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ഇതിനകം തന്നെ നമുക്ക് വിവരം ലഭിച്ചേനേ. എങ്കിലും ചൊവ്വയിലെ ജീവനുണ്ടാവുമെന്ന് തന്നെയാണ് ഗവേഷകരില്‍ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍, അത് സൂഷ്മജീവികളുടെ രൂപത്തിലാകുമെന്നാണ് ചുരുങ്ങിയപക്ഷം നാസയെങ്കിലും കരുതുന്നത്.

English Summary: That 'Human Bone' Found in a NASA Mars Photo Isn't Even New. Here's The Real Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com