ADVERTISEMENT

അമേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ്-19 നോട്ടിഫിക്കേഷന്‍ സാങ്കേതികവിദ്യ ഇന്ത്യയിലെ ചില ഫോണുകളിലും മറ്റും ലഭ്യമാക്കി തുടങ്ങിയിരിക്കുകയാണ്. എന്നാല്‍, ഇതിലൂടെ എക്‌സ്‌പോഷൻ നോട്ടിഫിക്കേഷന്‍ ഇപ്പോഴും ലഭിക്കില്ല. വരും ദിവസങ്ങളില്‍ അത് കിട്ടിക്കൂടെന്നില്ല. മറ്റൊരു സാധ്യത, ഇന്ത്യയുടെ കോണ്‍ടാക്ട്  ട്രെയ്‌സിങ് ആപ്പായ ആരോഗ്യ സേതുവില്‍ ഇതുക്കൂടെ ഉള്‍പ്പെടുത്തുക എന്നതാണ്. അതിനുള്ള സാധ്യതയും കുറവാണ്. കാരണം ആരോഗ്യസേതു ഉപയോക്താവിന്റെ ലൊക്കേഷന്‍ പരിഗണിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഗൂഗിളിന്റെയും ആപ്പിളിന്റെയും സേവനം ഇപ്പോള്‍ത്തന്നെ പല യൂറോപ്യന്‍ രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലൻഡ്, ഓസ്ട്രിയ, ഇറ്റലി, പോളണ്ട്, ജര്‍മനി തുടങ്ങി പല രാജ്യങ്ങളും ഇത് അംഗീകരിച്ചു കഴിഞ്ഞു.

 

ഗൂഗിളും ആപ്പിളും തങ്ങളുടെ സേവനത്തില്‍ എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ നല്‍കാന്‍ ഓരോ രാജ്യത്തെയും ആരോഗ്യ രംഗത്തെ അധികാരികള്‍ക്കു മാത്രമെ അനുവാദം നല്‍കുന്നുള്ളു. സർക്കാരുകളും ആരോഗ്യവകുപ്പുകളും ഇറക്കുന്ന ഇത്തരം ആപ്പുകള്‍ക്ക് ചില ഗുണഗണങ്ങള്‍ വേണം താനും. ഉദാഹരണത്തിന് ഉപയോക്താവിന്റെ സ്വകാര്യത, സുരക്ഷ, ഡേറ്റാ ഉപയോഗം എന്നിവയുടെ അധികാരം ഉപയോക്താവിനാണ് എന്നാണ് ഈ കമ്പനികളുടെ നിലപാട്. അതിലേക്കു കടന്നുകയറാന്‍ സർക്കാരുകളെയും അനുവദിക്കില്ല. ഉപയോക്താവിനു ലഭിക്കുന്ന എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ ഉപയോക്താവിന്റെ ഉപകരണത്തില്‍ മാത്രമേ ലഭ്യമാകൂ. ഉപയോക്താവിനും ആപ്പിനും മാത്രമായിരിക്കും തങ്ങള്‍ക്ക് കോവിഡ് ഉണ്ടോ, തങ്ങള്‍ എപ്പോഴെങ്കിലും കോവിഡ് ബാധിതന്റെ അടുത്തുകൂടെ പോയോ എന്ന കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഉപയോക്താവ് ആരാണെന്ന കാര്യം മറ്റാരുമായും പങ്കുവയ്ക്കില്ല. ഇരു കമ്പനികളും പോലും അതറിയില്ല എന്നാണ് അവര്‍ നല്‍കുന്ന വാഗ്ദാനം.

arogya-setu-app-covid

 

ഗൂഗിളും ആപ്പിളും കടുത്ത സ്വകാര്യതാ സംരക്ഷണമാണ് തങ്ങളുടെ സേവനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റു പല രാജ്യങ്ങളും വികസിപ്പിച്ചെടുത്ത കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുകളുമായി ഒത്തു പ്രവര്‍ത്തിക്കാന്‍ ഇതിനു സാധിക്കുമെങ്കിലും ആരോഗ്യ സേതുവുമായി ഒത്തു പ്രവര്‍ത്തിക്കില്ല. ആരോഗ്യ സേതുവിനെതിരെ പല പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ ആപ്പിള്‍-ഗൂഗിള്‍ ഉദ്യമത്തെ ആരോഗ്യസേതുവില്‍ ഉള്‍ക്കൊള്ളിക്കാന്‍ സർക്കാർ ശ്രമിക്കുമോ എന്നൊക്കയുള്ള കാര്യങ്ങള്‍ വരും ആഴ്ചകളില്‍ മാത്രമായിരിക്കും അറിയാനാകുക.

 

∙ കോവിഡ്-19 ട്രാക്കര്‍ ഫോണിലിരുന്ന് പണി തുടങ്ങിയോ?

aarogya-setu-app

 

അതുപോലെ, ഈ സംവിധാനം ചില ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തന സജ്ജമായെന്നും അത് ഇപ്പോള്‍ത്തന്നെ ആളുകളെ ട്രാക്കു ചെയ്തു തുടങ്ങിയെന്നും തുടങ്ങിയ ചില ഭീതിപരത്തുന്ന കിംവദന്തികളും പ്രചരിക്കുന്നുണ്ട്. അതായത് കോവിഡ്-19 ട്രാക്കര്‍ കണ്ടു തുടങ്ങിയ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങള്‍ ഉപയോഗിച്ച്  ഉപയോക്താക്കളെ അവരറിയാതെ ട്രാക്കു ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍. എന്നാല്‍, ഫോണിലേക്ക് ഒരു ഹാക്കര്‍ കയറി ഇത് ഇന്‍സ്‌റ്റാള്‍ ചെയ്തതല്ല, മറിച്ച് ആപ്പിളും ഗൂഗിളും ഓരോ രാജ്യത്തെയും സർക്കാരുകള്‍ക്ക് തങ്ങളുടെ സേവനം വേണമെങ്കില്‍ ഉപയോഗിക്കാന്‍ പാകത്തിന് നല്‍കിയിരിക്കുന്നു എന്നേയുള്ളു. സാങ്കേതികമായി പറഞ്ഞാല്‍ ഇതൊരു എപിഐ അഥവാ ആപ്‌ളിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് മാത്രമാണ്. അംഗീകരിക്കപ്പെട്ട ആപ്പുകള്‍ക്കു മാത്രമായിരിക്കും ഇത് ഉപയോഗിക്കാന്‍ അനുവാദം നല്‍കുക. ഐഒഎസ് 13.5 ല്‍ ഇതു കാണാം. സെറ്റിങ്‌സ്-പ്രൈവസി-ഹെല്‍ത്ത് എന്ന പാത്തില്‍ ഇതു കാണാം. എന്നാല്‍, ഒരു അംഗീകരിക്കപ്പെട്ട ആപ്പിനൊപ്പം മാത്രമായിരിക്കും ഇത് പ്രവര്‍ത്തിക്കുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡില്‍ സെറ്റിങ്‌സ്- ഗൂഗിള്‍ എന്ന പാത്തില്‍ ഇതു കാണാം. ഇതുകണ്ടെന്നു കരുതി നിങ്ങള്‍ ട്രാക്കു ചെയ്യപ്പെടുന്നുവെന്നു കരുതി ഭയക്കരുതെന്നും പറയുന്നു.

Moon

 

∙ ഗൂഗിളും ആപ്പിളും സർക്കാരിനെ സമീപിച്ചു

 

കോവിഡ്-19 ട്രാക്കറുമായി ബന്ധപ്പെട്ട മറ്റൊരു സംഭവവികാസത്തില്‍ ഗൂഗിളും ആപ്പിളും തങ്ങളുടെ സേവനം ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ സർക്കാരിനെ സമീപിച്ചു കഴിഞ്ഞു. സർക്കാർ സഹകരിക്കുകയാണെങ്കില്‍ കൂടുതല്‍ ഫങ്ഷണാലിറ്റി ലഭിക്കും. തങ്ങളുടെ എപിഐ ആരോഗ്യ സേതുവില്‍ ഉള്‍ക്കൊള്ളിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇരു കമ്പനികളും സർക്കാരുമായി ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ ലോകത്ത് ഇരുപതിലേറെ രാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, തങ്ങളുടെ ഫോണില്‍ ഈ സേവനം വന്നതിനെതിരെ ചില ഉപയോക്താക്കള്‍ തങ്ങളുടെ സന്ദേഹം അറിയിച്ചു കഴിഞ്ഞു.

 

∙ പിഎസ്4ല്‍ നിര്‍ണായകമായ ബഗിനെ കണ്ടെത്തിയാല്‍ 50,000 ഡോളര്‍

 

എത്തിക്കല്‍ ഹാക്കര്‍മാര്‍ക്ക് സോണിയുടെ പ്ലേസ്റ്റേഷന്‍ 4 (പിഎസ്4) പരിശോധിച്ച് അതില്‍ മുൻപ് കണ്ടെത്തിയിട്ടില്ലാത്ത ഏതെങ്കിലും നിര്‍ണായക പിഴവ് കണ്ടെത്തി കമ്പനിയെ അറിയിച്ചാല്‍ കാത്തിരിക്കുന്നത് 50,000 ഡോളര്‍ സമ്മാനമാണ്. പ്ലേസ്റ്റേഷന്‍ നെറ്റ്‌വര്‍ക്കില്‍ പിഴവുകണ്ടെത്തുന്നവര്‍ക്ക് 3,000 ഡോളറും നല്‍കും.

 

∙ ചന്ദ്രനില്‍ ഉപയോഗിക്കാവുന്ന ടോയ്‌ലറ്റ് നിര്‍മിച്ചാല്‍ നാസ തരും 20,000 ഡോളര്‍

 

ചന്ദ്രനില്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന ഒരു ടോയ്‌ലറ്റ് ഉണ്ടാക്കിയാന്‍ 20,000 ഡോളര്‍ നല്‍കുമെന്ന് നാസ അറിയിച്ചു. തങ്ങളുടെ അടുത്ത ചാന്ദ്ര ദൗത്യങ്ങളില്‍ ഉപയോഗിക്കാനായിരിക്കും ഇത്. വിജയിക്ക് 20,000 ഡോളറും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 10000, 5000 ഡോളര്‍ വീതവും നല്‍കുമെന്ന് നാസ അറിയിച്ചു.

 

English Summary: Tech capsules- Apple-Google Covid tracking in India-Do they track you? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com