sections
MORE

രക്ഷയില്ല! കൊറോണവൈറസ് വിട്ടുപോകില്ല, ശ്രദ്ധിക്കുക, നമുക്ക് ചെയ്യാനുള്ളത് ചെയ്യുക, ചിലത് നടപ്പിലാക്കുക

covid-tunnel
SHARE

കൊറോണ വൈറസ് എന്ന മഹാവ്യാധി പരക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ആറുമാസം കഴിയുകയാണ്. ഒരു കോടിയിലേറെ ജനങ്ങളെ അതു ബാധിച്ചും കഴിഞ്ഞു. ഇതാദ്യമായി ഈ രോഗം എങ്ങനെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കു പകരുക എന്ന കാര്യത്തില്‍ കുറച്ചൊരു വ്യക്തത വന്നിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. അണുബാധയുള്ള ഒരു പ്രതലത്തില്‍ നിന്ന് വൈറസ് പകര്‍ന്നു കിട്ടുക എന്നത് സാധാരണമല്ലെന്നും, രോഗബാധിതരുമായി തുറസായ സ്ഥലത്തുവച്ച് ചെറിയൊരു സമ്പര്‍ക്കത്തില്‍ വന്നാല്‍ പകരണമെന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, രണ്ടു വ്യക്തികള്‍ തമ്മില്‍ മുഖാമുഖം നിന്ന് കുറച്ചു നേരത്തേക്കു സംസാരിച്ചാല്‍ അവരില്‍ ഒരാള്‍ രോഗവാഹകനാണെങ്കില്‍ രണ്ടാമത്തെയാള്‍ക്ക് അതു പകര്‍ന്നു കിട്ടിയേക്കാം. ആള്‍ക്കൂട്ടമെത്തുന്ന പരിപാടികള്‍, ആവശ്യത്തിന് വായുസഞ്ചാരം കുറവുള്ള ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ ഉറക്കെ സംസാരിക്കുകയോ, പാട്ടുപാടുകയോ ചെയ്യുന്നുണ്ടെങ്കില്‍ രോഗം പകരാനുള്ള സാധ്യത പരമാവധിയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഈ കണ്ടെത്തലുകള്‍ സർക്കാരുകള്‍ക്കും അധികാരികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും മുന്നോട്ടുള്ള വഴികാട്ടികളായേക്കുമെന്നു കരുതുന്നു. ഇവയെ കേന്ദ്രീകരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞാല്‍ സമ്പത്‌വ്യവസ്ഥകളെ കൂടുതല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്താതെ പിടിച്ചു നിർത്താനായേക്കുമെന്നും വാദമുണ്ട്. പ്ലെക്‌സി ഗ്ലാസുകള്‍ വേണ്ടിടത്തൊക്കെ സ്ഥാപിക്കുക, കടകളിലും മറ്റുമെത്തുന്ന ആളുകള്‍ മാസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുക, മുറികളുടെ വായുസഞ്ചാരം ഉറപ്പാക്കാനായി പുതിയ രീതികള്‍ കൊണ്ടുവരിക, ജനലുകള്‍ എപ്പോഴും തുറന്നിടുക തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്. അടുത്തു നടത്തിയ രണ്ടു പഠനങ്ങള്‍ പ്രകാരം, ലോകമെമ്പാടും നടപ്പിലാക്കിയ ലോക്ഡൗണുകള്‍, വീട്ടില്‍ തന്നെ തുടരണമെന്ന ഉത്തരവുകള്‍, കൂട്ടംചേരലിനെതിരെയുള്ള ഉത്തരവുകള്‍ തുടങ്ങിയവയെല്ലാം വല്ലാതെ ഗുണം ചെയ്തുവെന്നാണ്. അല്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഈ പഠനങ്ങള്‍ സമര്‍ഥിക്കുന്നു. രോഗവ്യാപനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നതോടെ, ഇവ ഉള്‍ക്കൊള്ളിച്ച് അടുത്തു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാമെന്നു പറയുന്നു. ചില പ്രശ്‌ന മേഖലകളെ മാത്രമായി എടുത്ത് അവയ്ക്കു വേണ്ട പരിചരണം നല്‍കി വൈറസിന്റെ പ്രചാരണം കുതിക്കുന്നില്ലെന്ന് ഉറപ്പാക്കാമെന്നും ഗവേഷകര്‍ പറയുന്നു.

നേഴ്‌സിങ് ഹോമുകളും ധാരാളം കുടുംബങ്ങള്‍ അടുത്തടുത്തു പാര്‍ക്കുന്ന സ്ഥലങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കാം. അകലം പാലിക്കലും, മാസ്‌ക് വയ്ക്കലും, വലിയ ആള്‍ക്കൂട്ടമുള്ള പരിപാടികള്‍ - പ്രത്യേകിച്ചു കെട്ടിടങ്ങള്‍ക്കുള്ളില്‍-  വേണ്ടന്നു വയ്ക്കുന്നതും ഗുണകരമാകുമെന്നും പറയുന്നു. ഇനി ലോക്ഡൗണുകളെക്കുറിച്ചല്ല ആലോചിക്കേണ്ടത്. അകലംപാലിക്കല്‍ ഉറപ്പാക്കുന്ന കാര്യത്തേക്കുറിച്ചാണ് എന്നാണ് റിസോള്‍വ് റ്റു സേവ് ലൈവ്‌സ് എന്ന സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ടോം ഫ്രെയ്ഡന്‍ പറയുന്നത്. അകലംപാലിക്കല്‍ നടക്കുന്നുണ്ടെങ്കില്‍ തുറസായ സ്ഥലങ്ങളിലുള്ള പരിപാടികള്‍ ചെറുതായി പ്രോത്സാഹിപ്പിക്കാം. ഓഫിസുകളിലേക്ക് നടന്നോ സൈക്കിളിലോ വരട്ടെ. കടകള്‍ക്കുള്ളിലേക്കു പ്രവേശിക്കാതെ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കുന്നത് അടക്കമുള്ള പുതുമയുള്ള പരിപാടികള്‍ നടപ്പിലാക്കാവുന്നതാണ്. പക്ഷേ, അകലംപാലിക്കല്‍ നിര്‍ബന്ധമായിരിക്കണം. ഇതിലൂടെ മാത്രമെ സാമ്പത്തികമായ ഇടപാടുകള്‍ വീണ്ടും ആരംഭിക്കാനും രോഗം അതിവേഗം പകരുന്നതു തടയാനും കഴിയൂ.

ഇതിനൊപ്പം ടെസ്റ്റിങ് കൂടുതല്‍ വ്യാപകമാക്കണം. കോണ്ടാടക്ട് ട്രെയ്‌സിങും രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതും തുടരണം. പ്രശ്‌നമില്ലെന്നു തോന്നാവുന്ന പ്രവര്‍ത്തനങ്ങളാണ് സംസാരവും ശ്വാസോച്ഛ്വാസവും. എന്നാല്‍, ഇവയിലൂടെ ഉച്ഛ്വാസ കണങ്ങള്‍ വായിവിലെത്തുകയും അവ അടുത്തു നില്‍ക്കുന്നവരെ ബാധിക്കുയും ചെയ്യാം. ആരോഗ്യ ഏജന്‍സികളുടെ പഠനം പറയുന്നത് ഇതാണ് രോഗംപകരുന്നതില്‍ ഏറ്റവും പ്രധാനമെന്നാണ്. രോഗബാധിതനില്‍ നിന്നു പുറപ്പെടുന്ന ദ്രാവക കണങ്ങള്‍, കണ്ണിലോ, മൂക്കിലോ, വായിലോ വീണാല്‍ അതു രോഗം പരത്താം. പക്ഷേ, ഇവ കൂടുതലും നിലത്തും മറ്റു പ്രതലങ്ങളിലുമാണ് വീഴുക.

എന്നാല്‍, ഇതിലേറെ പ്രശ്‌നകരമാണ് എയ്‌റോസോളുകള്‍ (ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കുന്നത്) എന്നു പറയുന്നവരുമുണ്ട്. ഇവ വായുവില്‍ കുറച്ചു നേരത്തേക്ക തങ്ങിനില്‍ക്കുകയും അവ നേരിട്ടു ശ്വസിക്കപ്പെടുകയും ചെയ്യാം. ഇതായിരിക്കാം ചൈനയിലെ ഗൗങ്ഷൗവിലെ (Guangzhou) ഹോട്ടലില്‍ സംഭവിച്ചത്. രോബബാധിതന്‍ അടുത്തുളള മേശകളിലിരുന്ന ഭക്ഷണം കഴിച്ച അഞ്ചുപേര്‍ക്കു വൈറസ് പകര്‍ന്നു നല്‍കുകയായിരുന്നു. ഇവിടെ വായു സഞ്ചാരം കുറവായിരുന്നു. എക്‌സോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല എന്നാണ് ഒരു പഠനം പറയുന്നത്. മറ്റൊരു കാരണം ദീര്‍ഘനേരത്തേക്ക് സമ്പര്‍ക്കത്തില്‍ വരുക എന്നതാണ്. പതിനഞ്ചു മിനിറ്റു നേരത്തക്ക് പ്രതിരോധമൊന്നുമില്ലാതെ, ആറടി വരെ അകലെ നില്‍ക്കുന്ന രോഗബാധിതനുമായി ഇടപെട്ടാല്‍ രോഗം പിടിപെടാം. എന്നാല്‍, തുമ്മലോ മറ്റോ ഉണ്ടാകുകയോ, അടുത്തിടപഴകുകയോ ചെയ്താല്‍ ഇതിലും കുറച്ചു സമയം കൊണ്ടും രോഗം പിടിപെടാം. 

വാഷിങ്ടണില്‍ പളളിയിലെ സംഗീത പരിശീലനം കേട്ടു നിന്ന 87 ശതമാനം പേര്‍ക്കും രോഗം പിടിപെട്ടത് മറ്റൊരു ഉദാഹരണമാണ്. കുറച്ച് ആളുകള്‍ വളരെയധികം പേരിലേക്ക് രോഗം പകരുന്നത് ചില കൂട്ടം ചേരലുകളിലൂടെയാണ്. ജിംനേഷ്യങ്ങള്‍ പോലെയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ശക്തിയോടെ ശ്വാസമെടുത്തു പുറംതള്ളുന്നതും രോഗവ്യാപനത്തിന് ഇടവരുത്താം. പാട്ടുകച്ചേരികള്‍, നടകങ്ങള്‍, കോണ്‍ഫറന്‍സുകള്‍, കല്യാണങ്ങള്‍, പിറന്നാള്‍ പാര്‍ട്ടികള്‍ തുടങ്ങിയവയൊക്കെ പ്രശ്‌നകരമാകാം. ഏകദേശം 10 ശതമാനം പേരാണ് 80 ശതമാനം പേര്‍ക്കും രോഗം നല്‍കിയത് എന്നു വിലയിരുത്തപ്പെടുന്നു. ചിലരോഗവാഹകര്‍ക്ക് കൂടുതല്‍ വൈറസ് ലോഡ് ഉണ്ടാകാം. ഇവര്‍ ശ്വസിക്കുമ്പോഴും, സംസാരിക്കുമ്പോഴും മറ്റും കൂടുതല്‍ കണങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു. വായു സഞ്ചാരമില്ലാത്ത സ്ഥലത്താണ് ഇതു നടക്കുന്നതെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ഇതു ലഭിക്കാം. വീട്ടില്‍ രോഗം പകര്‍ന്നു കിട്ടാനുള്ളസാധ്യത 4.6 ശതമാനം മുതല്‍ 19.3 ശതമാനം വരെയാണ്. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലാണെങ്കില്‍ അത് 27.8 ശതമാനമാണ് എന്നാണ് ചൈനയില്‍ നടത്തിയ ഒരു പഠനം പറയുന്നത്. തുറസായ സ്ഥലങ്ങള്‍ തരതമ്യേന സുരക്ഷിതമാണ്. ഇവിടെ വൈറസ് കണങ്ങള്‍ പെട്ടെന്ന് നേര്‍പ്പിക്കപ്പെടുന്നു. എന്നാല്‍, ഇവിടവും പൂര്‍ണമായി സുരക്ഷതമൊന്നുമല്ല. എന്തുമാത്രം വൈറസ് പ്രവേശിച്ചാലാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നതെന്ന് ഇതുവരെ സ്പഷ്ടമല്ല എന്നതും ഓര്‍ത്തുവയ്ക്കണം.

രോഗം പിടിപ്പിച്ചെടുക്കാനുള്ള നല്ലൊരു സാധ്യതയാണ് വിമാനത്തില്‍ യാത്രചെയ്യുക എന്നതെന്നും ചില ഗവേഷകര്‍ പറയുന്നു. പരസ്പരം സ്പര്‍ശിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പ്ലെക്‌സി ഗ്ലാസ് പ്രതിരോധം വിമാനങ്ങളില്‍ ഉപയോഗിക്കുന്നതു ഗുണകരമായേക്കാം. പിന്നില്‍ നിന്ന് കയറി മുന്നിലേക്കു പോകുക, മധ്യേയുള്ള സീറ്റ് ഒഴിച്ചിടുക തുടങ്ങിയവയൊക്കെ ഇപ്പോള്‍ പരീക്ഷിച്ചുവരുന്നു. കൂടുതല്‍ മാറ്റങ്ങള്‍ താമസിയാതെ വന്നേക്കും.

ജോലിക്കെത്തുന്നവര്‍ മാസ്‌ക് ധരിക്കുക, പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക, കെട്ടിപ്പിടുത്തവും കൈപിടിക്കലും ഒഴിവാക്കുക തുടങ്ങിയവ ഓര്‍ത്തുവയ്ക്കണം. പ്ലാസ്റ്റിക് മറകള്‍ ഉപയോഗിക്കാം. രണ്ടു ജോലിക്കാർ തമ്മില്‍ ആറടി അകലം നല്ലതാണ്. എന്നാല്‍, ഈ പഠനംനടത്തിയവര്‍ ഓഫിസുകളിലെ എയ്‌റോസോളുകളെക്കുറിച്ച് പറയാത്തതെന്താണെന്നും ചോദ്യമുയരുന്നു. ഇത് ശരിക്കം പേടിപ്പിക്കുന്ന ഒന്നാണെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധയോടെ വേണം ഓഫിസുകള്‍ തുറക്കാനെന്നു പറയുന്നു. എന്നാല്‍, എയ്‌റോസോളുകളിലൂടെ രോഗം പകരാമെങ്കിലും അത് എല്ലാത്തിനും ഒരു വിശദീകരണമല്ലെന്നു വാദിക്കുന്നവരും ഉണ്ട്. വായുവിലൂടെ അധികദൂരം അത് സഞ്ചരിച്ചേക്കില്ല. ക്ഷയത്തിന്റെയും വസൂരിയുടെയും രോഗാണുക്കളെപ്പോലെ വായുവിലൂടെ കൊറോണാവൈറസ് സഞ്ചരിക്കുന്നതായി തോന്നിയിട്ടില്ലെന്നു പറയുന്നു.

English Summary: How Exactly Do You Catch Covid-19? There Is a Growing Consensus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA