ADVERTISEMENT

പീപ്പിൾസ് ലിബറേഷൻ ആർമിയും ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയും വികസിപ്പിച്ചെടുത്ത പരീക്ഷണാത്മക കൊറോണ വൈറസ് വാക്സിൻ സൈനിക ഉപയോഗത്തിന് ചൈന അംഗീകാരം നൽകി. ഇത് ആദ്യമായാണ് ഒരു രാജ്യം വികസിപ്പിച്ചെടുത്ത കൊറോണവൈറസ് വാക്സിൻ സൈനിക ഉപയോഗത്തിന് അംഗീകാരം നൽകുന്നത്.

 

മേജർ ജനറൽ ചെൻ വെയുടെ നേതൃത്വത്തിലുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസിലെ ഒരു സംഘവും ടിയാൻജിൻ ആസ്ഥാനമായുള്ള കാൻ‌സിനോ ബയോളജിക്‌സും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. രണ്ട് ഘട്ടങ്ങളായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെയാണ് വാക്സിൻ കടന്നുപോയതെന്ന് കാൻസിനോ തിങ്കളാഴ്ച പറഞ്ഞു. ഇത് സുരക്ഷിതമാണെന്നും ആന്റിജനുമായി, താരതമ്യേന ഉയർന്ന രോഗപ്രതിരോധ പ്രതികരണ ശേഷിയുണ്ടെന്നും സൂചിപ്പിച്ചു.

 

വാക്സിനിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത് സ്വീകർത്താക്കളെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമോ എന്ന് സ്ഥിരീകരിക്കും. ഒരു വർഷമായി സൈന്യം ഇതിന്റെ ഉപയോഗം അംഗീകരിച്ചിട്ടുണ്ടെങ്കിലും സിവിലിയൻ ആവശ്യങ്ങൾക്കായി അംഗീകരിച്ചിട്ടില്ല. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രത്യേക മരുന്നുകളുടെ കാറ്റലോഗിലേക്ക് Ad5-nCoV ചേർക്കുന്നത് അർഥമാക്കുന്നത് അത് വലിയ പകർച്ചവ്യാധികൾക്ക് പ്രയോഗിക്കാമെന്നതാണ്.

 

ചെൻ വികസിപ്പിച്ചെടുത്ത എബോള വാക്സിൻ അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചത്. ഇതിനകം 10 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 500,000 ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ ശാസ്ത്രജ്ഞരെല്ലാം ഓടുകയാണ്. അമേരിക്കയിലും ഇന്ത്യയിലും പുതിയ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച തുടർച്ചയായ മൂന്നാം ദിവസവും 40,000 പുതിയ കേസുകൾ യുഎസ് സ്ഥിരീകരിച്ചു.

 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 17 വാക്സിൻ കാൻഡിഡേറ്റുകളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിൽ 7 എണ്ണം ചൈനയിൽ വികസിപ്പിച്ചെടുത്തതാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനെക്കയും വികസിപ്പിച്ച ഒരു വാക്സിൻ മൂന്നാം ഘട്ട പഠനത്തിലാണ്. ഒന്ന്, രണ്ട് പഠനങ്ങൾ സാധാരണയായി ഒരു വാക്സിൻ സുരക്ഷിതമാണോയെന്നും അത് സ്വീകർത്താക്കളിൽ നിന്ന് രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കാൻ കഴിയുമോ എന്നും പരിശോധിക്കുന്നതാണ്. പക്ഷേ, വാക്സിനുകൾ ലൈസൻസ് ലഭിക്കാൻ മൂന്ന് ഘട്ട പരീക്ഷണങ്ങളും പൂർത്തിയാക്കണം.

 

ജൂൺ 11 ന് രണ്ടാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി കാൻസിനോ പറഞ്ഞു. എന്നാൽ, കമ്പനി ഇതുവരെ പഠനത്തിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആദ്യ ഘട്ടത്തിലെ വിവരങ്ങൾ മെയ് മാസത്തിൽ ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. മറ്റ് മൂന്ന് ചൈനീസ് വാക്സിൻ കാൻഡിഡേറ്റുകൾ രണ്ടാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി. അവരുടെ ഡെവലപ്പർമാരുടെ അഭിപ്രായത്തിൽ മികച്ച ഫലങ്ങൾ നൽകുന്നതാണ് ഇവയും. പക്ഷേ ഡേറ്റ പുറത്തുവിട്ടിട്ടില്ല.

 

വാക്സിനേഷന്റെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ചൈനയിൽ കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ പല ചൈനീസ് വാക്സിനുകളും മറ്റ് രാജ്യങ്ങളിലാണ് മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആസൂത്രണം ചെയ്യുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ കാൻ‌സിനോ കനേഡിയൻ സർക്കാരുമായി ധാരണയിലെത്തിയെങ്കിലും പഠനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

 

ചില വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിനായി സെപ്റ്റംബർ ആദ്യം തന്നെ അംഗീകാരം നൽകാമെന്ന് ചൈനീസ് അധികൃതർ നേരത്തെ പറഞ്ഞിരുന്നു. അതായത് രോഗ സാധ്യത കൂടുതലുള്ള ആളുകൾക്ക് വാക്സിനുകൾ നൽകാം.

കമ്പനിയിൽ നിന്നുള്ള ആയിരത്തിലധികം സന്നദ്ധ പ്രവർത്തകർക്ക് അവരുടെ നിർദ്ദിഷ്ട വാക്സിനുകൾ നൽകാൻ അപേക്ഷിച്ചതായി രണ്ട് വാക്സിനുകൾക്ക് പിന്നിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭീമനായ സിനോഫാർമ പറഞ്ഞു.

ചൈനീസ് മിലിട്ടറി വികസിപ്പിച്ചെടുത്ത എം‌ആർ‌എൻ‌എ വാക്സിൻ, ചൈനീസ് അക്കാദമി ഓഫ് സയൻസസ് വികസിപ്പിച്ചെടുത്ത പ്രോട്ടീൻ സബ്യൂണിറ്റ് വാക്സിൻ എന്നിവയിലും ഒന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

English Summary: China’s military becomes world’s first to use experimental coronavirus vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com