ADVERTISEMENT

വംശം, നിറം, രാഷ്ട്രം... മനുഷ്യര്‍ക്കിടയിലെ ദൃശ്യവും അദൃശ്യവുമായ വേര്‍തിരിവുകള്‍ നിരവധിയാണ്. പ്രകടമായ ഈ വേര്‍തിരിവുകള്‍ക്കെല്ലാം അപ്പുറത്ത് മനുഷ്യര്‍ തമ്മില്‍ ഒരു കാണാച്ചരടുകൊണ്ട് ബന്ധിച്ചിട്ടുണ്ട്. ആ കാണാചരട് കോവിഡിനെ തുടര്‍ന്നുള്ള കാലത്ത് കൂടുതല്‍ തെളിഞ്ഞു കാണുന്നതിന്റെ തെളിവുകളാണ് മൂന്ന് ബഹിരാകാശ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത്.

 

കോവിഡ് ലോകത്തെങ്ങുമുള്ള മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വിലയിരുത്തുകയാണ് മൂന്ന് ബഹിരാകാശ ഏജന്‍സികള്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി (ജെഎഎക്‌സ്എ) എന്നിവ ചേര്‍ന്നാണ് പുതിയോരു കൊറോണ വൈറസ് ഡാഷ്‌ബോര്‍ഡ് പുറത്തുവിട്ടിരിക്കുന്നത്. ബഹിരാകാശത്തു നിന്നുള്ള 17 സാറ്റലൈറ്റുകളില്‍ നിന്നും ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച വിവരങ്ങളാണ് ഡാഷ്‌ബോര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

covid-19-dashboard

 

കോവിഡിനെ തുടര്‍ന്നു വന്ന നിയന്ത്രണങ്ങള്‍ എത്രത്തോളം ഭൂമിയിലെ അന്തരീക്ഷമലിനീകരണത്തേയും ജലമലിനീകരണത്തേയും കുറച്ചുവെന്ന് കണക്കുകള്‍ നിരത്തി ഈ ഡാഷ് ബോര്‍ഡ് വ്യക്തമാക്കുന്നു. വന്‍നഗരങ്ങളിലെ രാത്രി വെളിച്ചത്തിലുണ്ടായ കുറവും രാജ്യാതിര്‍ത്തികളില്‍ കാത്തുകിടക്കുന്ന വാഹനങ്ങളുടെ വന്‍ നിരയും കാണാനാകും.

covid-map

 

അമേരിക്കക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പുറമേ ഏഷ്യയിലെ ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യങ്ങളും ഡാഷ്‌ബോര്‍ഡിലുണ്ട്. ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ ഏഷ്യന്‍ രാജ്യങ്ങളാണ് ഡാഷ്‌ബോര്‍ഡിലുള്ളത്. ലോകത്തെ പല തുറമുഖ നഗരങ്ങളിലും നിര്‍ത്തിയിട്ടിരിക്കുന്ന കപ്പലുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ കൂടിയതായും ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും വെളിവാകുന്നുണ്ട്. 

 

ഇന്ത്യയില്‍ നിന്നും ഡല്‍ഹിയിലേയും മുംബൈയിലേയും വായുമലിനീകരണത്തിന്റേയും ഹരിതഗൃഹവാതകങ്ങളുടേയും തോതാണ് രേഷപ്പെടുത്തിയിരിക്കുന്നത്. 2018 ജൂലൈ മുതല്‍ 2020 ജൂണ്‍ 22 വരെയുള്ള വായു മലിനീകരണത്തിന്റെ തോതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് വായുമലിനീകരണത്തിലുണ്ടായ കുറവ് ഗ്രാഫില്‍ വ്യക്തമാണ്. ഡല്‍ഹിയിലും മുംബൈയിലും കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറവിലേക്ക് ഈ വര്‍ഷത്തെ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് എത്തിയതായും ഡാഷ്‌ബോര്‍ഡില്‍ വ്യക്തമാണ്.

 

കോവിഡിനെ തുടര്‍ന്നുള്ള ആറ് മാസങ്ങള്‍ ഭൂമിയിലെ മനുഷ്യജീവിതം സമാനതകളില്ലാത്തവിധം മാറിമറിഞ്ഞിരുന്നു. അതുകൊണ്ടുതന്നയാണ് 'ഭൂമിയില്‍ നമ്മളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു' എന്ന് എര്‍ത്ത് ഒബ്‌സര്‍വിങ് ഡാഷ്‌ബോര്‍ഡ് പുറത്തുവിട്ടുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നാസയുടെ പ്രതിനിധി തോമസ് സുര്‍ബുച്ചന്‍ പറഞ്ഞത്.

English Summary: NASA teams with Japan, Europe for COVID-19 global impacts project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com