ADVERTISEMENT

2024ല്‍ ചന്ദ്രനില്‍ ആദ്യമായി ഒരു വനിതയെ ഇറക്കാന്‍ ലക്ഷ്യമിടുകയാണ് അമേരിക്കയുടെ ആര്‍ട്ടിമിസ് ദൗത്യം. ചൊവ്വയിലേക്കുള്ള ഭാവി യാത്രകള്‍ക്കുള്ള അടിത്തറയായാണ് ഈ ചാന്ദ്ര ദൗത്യത്തെ നാസ കാണുന്നത്. ഭൂമിക്ക് ഏറ്റവും അടുത്തുള്ള ആകാശഗോളത്തില്‍ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയുകയും അനുഭവങ്ങള്‍ ഊര്‍ജ്ജമാക്കുകയുമാണ് ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ലക്ഷ്യം. 

 

∙ എന്തുകൊണ്ട് ആര്‍ട്ടിമിസ്?

 

മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിച്ച നാസയുടെ ചാന്ദ്ര ദൗത്യത്തിന് അപ്പോളോ എന്നാണ് പേരിട്ടിരുന്നത്. ഗ്രീക്ക് പുരാണത്തിലെ അപ്പോളോ ദേവന്റെ പേരാണ് ഇത്രകാലം അമേരിക്ക ചന്ദ്രനിലേക്കുള്ള ദൗത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. പുതിയ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസിന് അപ്പോളോയുമായി അഭേദ്യബന്ധവുമുണ്ട്.

 

യവനപുരാണത്തില്‍ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആര്‍ട്ടിമിസ്. പുതിയ ദൗത്യത്തില്‍ ആദ്യ സ്ത്രീയും ചന്ദ്രനിലെത്തുമെന്നതാണ് ഈ പേരിലെ കാവ്യനീതി. മുന്‍ അപ്പോളോ ദൗത്യങ്ങള്‍ അമേരിക്കയുടേത് മാത്രമായിരുന്നു. എന്നാല്‍ ഇനിയുള്ള ദൗത്യങ്ങളില്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ഭാഗമാണ്. ചൊവ്വയിലേക്കുള്ള കുതിച്ചുചാട്ടത്തിന് മുന്നോടിയായുള്ള കാല്‍വെപ്പായാണ് ചന്ദ്രദൗത്യത്തെ നാസയും ലോകവും കാണുന്നത്. 

 

∙ ദൗത്യം പ്രഖ്യാപിക്കുന്നു

 

artemis-1-update

നേരത്തെ 2028ല്‍ ചന്ദ്രനിലേക്ക് വീണ്ടും പോകുമെന്നാണ് നാസ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ചന്ദ്ര ദൗത്യം 2024ലേക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ ആഗ്രഹം പരസ്യമാക്കിയതോടെയാണ് നാസയുടെ ലക്ഷ്യം തന്നെ പുനര്‍നിശ്ചയിക്കപ്പെടുന്നത്. ഭരണ തുടര്‍ച്ചയുണ്ടായാല്‍ അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് ആര്‍ട്ടിമിസ് പൂര്‍ത്തിയാക്കുകയെന്ന ട്രംപിന്റെ രാഷ്ട്രീയ ലക്ഷ്യവും ഇതിലുണ്ട്. 

 

മൈക്ക് പെന്‍സിന്റെ പ്രഖ്യാപനം ഏറ്റെടുത്ത നാസ പ്രവര്‍ത്തികളുടെ വേഗം കൂട്ടാന്‍ ഒരു ബില്യണ്‍ ഡോളര്‍ അധിക തുക അനുവദിക്കണമെന്ന് കോണ്‍ഗ്രസിനെ അറിയിച്ചു. 2024ലേക്ക് നേരത്തെയാക്കിയ ദൗത്യത്തിന് ആര്‍ട്ടിമിസ് എന്നാണ് പേരെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

 

∙ വനിതാ സാന്നിധ്യം

 

1969 ജൂലൈ 16നാണ് അപ്പോളോ ദൗത്യമായ അപ്പോളോ 11 ആദ്യമായി മനുഷ്യരേയും വഹിച്ച് ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നത്. മനുഷ്യരേയും വഹിച്ചുള്ള അവസാന ചാന്ദ്ര ദൗത്യമായ അപ്പോളോ 17 സംഭവിച്ചത് 1972 ഡിസംബര്‍ ഏഴിനായിരുന്നു. ഇതിനിടെ ആറ് തവണയായി 12 പുരുഷന്മാര്‍ ചന്ദ്രനില്‍ പോയി. പിന്നീട് 48 വര്‍ഷം നീണ്ട ഇടവേളക്കുശേഷം ഇപ്പോഴാണ് നാസ ചന്ദ്രനിലേക്കുള്ള മനുഷ്യയാത്രയെ പൊടിതട്ടിയെടുക്കുന്നത്. നാല് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അപ്പോളോ ദൗത്യം തന്നെയാണ് നാസയുടെ ചന്ദ്ര ദൗത്യത്തിന്റെ അടിസ്ഥാനം. 

 

അപ്പോളോ ദൗത്യത്തില്‍ ചന്ദ്രനിലെത്തിയ എല്ലാവരും പുരുഷന്മാരായിരുന്നു. അതുകൊണ്ടുതന്നെ ആര്‍ട്ടിമിസ് ദൗത്യത്തില്‍ ഒരു വനിത ഭാഗമാകുമ്പോള്‍ നാസ പല വെല്ലുവിളികളേയും നേരിടേണ്ടതുണ്ട്. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ സോവിയറ്റ് യൂണിയന്റെ വാലന്റീന തെരഷ്‌കോവക്കു ശേഷം രണ്ട് പതിറ്റാണ്ടിന് ശേഷം 1983ല്‍ മാത്രമാണ് അമേരിക്ക ആദ്യ വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത്.

 

∙ നാസയുടെ സ്‌പേസ് സ്യൂട്ട് പാഠം

 

വനിതാ ബഹിരാകാശ സഞ്ചാരികള്‍ നേരിടുന്ന വെല്ലുവിളികളുടെ ഒരു ഉദാഹരണമായിരുന്നു ഏപ്രിലില്‍ സംഭവിച്ചത്. രണ്ട് വനിതാ ബഹിരാകാശ സഞ്ചാരികളെ വെച്ച് നാസ ബഹിരാകാശ നടത്തം പദ്ധതിയിട്ടു. അവസാന നിമിഷം ഒരു വനിതയും ഒരു പുരുഷനുമായി ഇത് മാറ്റേണ്ടി വന്നു. ഒരു വനിതക്ക് പാകമായ സ്‌പേസ് സ്യൂട്ട് മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്നതായിരുന്നു കാരണം. 

 

അറിഞ്ഞും അറിയാതെയും സ്വാഭാവികമായി പോയ ബഹിരാകാശത്തെ ഈ പുരുഷ മേധാവിത്വമാണ് നാസയുടേയും വനിതാ സഞ്ചാരിയുടേയും പ്രധാന വെല്ലുവിളി. അമേരിക്ക 1970വരെ വനിതകളെ ബഹിരാകാശ യാത്രകളില്‍ പരിഗണിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. അപ്പോളോ ദൗത്യത്തിനായി നാല് പതിറ്റാണ്ട് മുൻപ് നിര്‍മിച്ച 18 ബഹിരാകാശ സ്യൂട്ടുകളും സ്വാഭാവികമായും പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അന്ന് നിര്‍മിച്ചവയില്‍ നാലെണ്ണം മാത്രമാണ് ഇപ്പോഴും ഉപയോഗക്ഷമമെന്ന് കരുതപ്പെടുന്നത്. 

 

∙ കരുത്തുള്ള റോക്കറ്റ്

 

നാസ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കരുത്തുള്ള റോക്കറ്റാണ് ആര്‍ട്ടിമിസ് ദൗത്യത്തിനായി ഒരുക്കുന്നത്. ഒൻപത് ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്കുവരെ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്) ഉപയോഗിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. നോര്‍ത്രോപ് ഗ്രുമ്മാന്‍ കമ്പനിക്കാണ് അടുത്ത ആറ് സ്‌പേസ് ലോഞ്ച് സിസ്റ്റങ്ങള്‍ക്കുള്ള ട്വിന്‍ ബൂസ്റ്ററുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത്. ഏതാണ്ട് 49.5 മില്യണ്‍ ഡോളറിന്റെയാണ് (ഏതാണ്ട് 370 കോടി രൂപ) കരാര്‍.

∙ എപ്പോള്‍ പുറപ്പെടും

 

ആര്‍ട്ടിമിസ് ദൗത്യത്തിന് മുന്നോടിയായുള്ള യാത്രകള്‍ 2021ല്‍ തന്നെ നാസ ആരംഭിക്കും. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുൻപ് ചന്ദ്രനെ ചുറ്റുന്ന രണ്ട് ബഹിരാകാശ ദൗത്യങ്ങളും നടക്കും. ആര്‍ട്ടിമിസ് ഒന്ന് ദൗത്യത്തില്‍ എസ്എല്‍എസും ഓറിയോണ്‍ ബഹിരാകാശ വാഹനവുമായിരിക്കും പരീക്ഷിക്കുക. രണ്ടാം ആര്‍ട്ടിമിസ് ദൗത്യത്തില്‍ ബഹിരാകാശ സഞ്ചാരികളും കൂട്ടത്തിലുണ്ടാകും. ഇതിന് തൊട്ടടുത്ത വര്‍ഷം 2024ല്‍ ആര്‍ട്ടിമിസ് മൂന്നാം ദൗത്യത്തിന്റെ ഭാഗമായിട്ടാകും ആദ്യ വനിതയും അടുത്ത പുരുഷനും ചന്ദ്രനിലെത്തുക. 

 

∙ ചന്ദ്രനിലെത്തി എന്തുചെയ്യും?

 

ആദ്യചുവട് ചന്ദ്രനിലേക്കാണെങ്കിലും നാസയുടെ പരമമായ ലക്ഷ്യം ചൊവ്വാദൗത്യമാണ്. ബഹിരാകാശ ഗവേഷണത്തിന് ഏറ്റവും പറ്റിയ സാധ്യതയാണ് ചന്ദ്രന്‍. ഭൂമിയിലെ പല അമൂല്യമായ മൂലകങ്ങളും ചന്ദ്രനില്‍ നിന്നും ഭാവിയില്‍ കൊണ്ടുവരാനാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ചന്ദ്രനില്‍ കൃത്രിമ അന്തരീക്ഷമുണ്ടാക്കി മനുഷ്യന്റെ അന്യഗ്രഹ അതിജീവനത്തിന് നിര്‍ണായക വിവരങ്ങളും ആര്‍ട്ടിമിസിലൂടെ ലഭിക്കും. മനുഷ്യന്റെ ഭാവി ബഹിരാകാശ യാത്രകളുടെ ഇടത്താവളമായി ചന്ദ്രനെ മാറ്റാനാണ് ലക്ഷ്യം. ഭൂമിയില്‍ നിന്നും മൂന്ന് ദിവസത്തെ യാത്ര മാത്രമുള്ള ചന്ദ്രനാണ് മനുഷ്യന് അന്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും എളുപ്പവഴി. ചന്ദ്രനില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങളായിരിക്കും തിരിച്ചുവരവിന് അടക്കം മൂന്ന് വര്‍ഷമെടുക്കുന്ന ചൊവ്വാ ദൗത്യത്തിനനുള്ള വിലപ്പെട്ട പാഠങ്ങള്‍. 

 

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി സഞ്ചാരികള്‍ ഇറങ്ങുക. സൂര്യപ്രകാശം ലഭിക്കുന്നതും ലഭിക്കാത്തതുമായ പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്. ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും മികച്ച പ്രദേശമാണിതെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

 

Englis Summary: NASA's artemis mission aims to land first woman on the moon by 2024 all you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com