sections
MORE

ശാസ്ത്രലോകത്തിന് ചുരുളഴിക്കാൻ കഴിയാത്ത കൊറോണയുടെ 5 രഹസ്യങ്ങൾ

wuhan
SHARE

ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ സിരാകേന്ദ്രമായ, പതിനൊന്നു ദശലക്ഷം ജനസംഖ്യയുള്ള വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട അജ്ഞേയമായ ന്യുമോണിയ ബാധയെക്കുറിച്ചുള്ള വിവരങ്ങൾ ലോകമറിഞ്ഞുതുടങ്ങിയത് 2019 ഡിസംബർ മാസം അവസാനത്തോടെയാണ്. 2003-ൽ ചൈനയിൽ തന്നെ പിറവിയെടുത്ത സാർസ് വൈറസിന്റെ അകന്ന ബന്ധത്തിലുള്ള ഒരു പുതിയ കൊറോണ വൈറസാണ് രോഗകാരണമെന്ന് ചൈനയിലെ ശാസ്ത്രജ്ഞർ കണ്ടെത്തുകയും ചെയ്തു. നൂറ്റാണ്ടു കണ്ട ആഗോള മഹാമാരിയായി മാറിയ കോവിഡ്- 19 ആറു മാസങ്ങൾക്കിപ്പുറം ഒന്നരക്കോടിയോളം മനുഷ്യർക്ക് രോഗബാധ നൽകി, ആറു ലക്ഷത്തിലധികം മനുഷ്യരെ കൊന്നൊടുക്കി നിർബാധം മുന്നേറ്റം തുടരുകയാണ്. മനുഷ്യരാശിയെ മുച്ചൂടും നശിപ്പിക്കുമെന്ന ഭീഷണി പടർത്തിക്കൊണ്ട് കൊറോണ വൈറസ് ജൈത്രയാത്ര നടത്തിയ ആറു മാസങ്ങൾ ലോകമെമ്പാടുമുള്ള ഗവേഷകരും ഡോക്ടർമാരും ഏക മനസ്സായി കൈകോർത്ത ഒരു ഗവേഷണ വിപ്ലവത്തിനും നിമിത്തമായി. കോവിഡ്- 19 രോഗത്തെക്കുറിച്ചും സാർസ്-കോവ് - 2 വൈറസിനേക്കുറിച്ചും കൂടുതൽ അറിയാനുള്ള അഹോരാത്ര പരിശ്രമങ്ങൾ. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന രീതിയും, കോശങ്ങളെ കീഴടക്കുന്ന മാർഗങ്ങളും ഗവേഷകർ കണ്ടെത്തി. വൈറസിനോടു പടവെട്ടി ചിലർ വിജയിക്കുന്നതും മറ്റു ചിലർ ദയനീയമായി കീഴടങ്ങുന്നതും എങ്ങനെയെന്ന് അവർ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അനുരൂപമായ നിലവിലുള്ള ചില മരുന്നുകൾ വൈദ്യസമൂഹം തിരിച്ചറിയുകയും ചെയ്തു. ഗവേഷകരാകട്ടെ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ 200-ഓളം സാധ്യതാ വാക്സിനുകളും വികസിപ്പിക്കുകയുണ്ടായി. എന്നാൽ അറിഞ്ഞതിനേക്കാൾ എത്രയോ അധികമാണ് മറഞ്ഞിരിക്കുന്നതെന്ന ശാസ്ത്രസത്യത്തെ ശരിവെയ്ക്കുന്നവിധം, ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളും, അവ്യക്തതകളും നിലനിൽക്കുന്നുമുണ്ട്. ലോകത്തിലെ ഈടുറ്റ ശാസ്ത്ര ജേണലായ നേച്ചറിന്റെ ജൂലൈ 7 -ലക്കത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ശാസ്ത്രലോകത്തിന് ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാത്ത ഏറ്റവും സുപ്രധാനമായ അഞ്ചു ചോദ്യങ്ങൾ വിശദീകരിക്കുന്നു.

1. എന്തുകൊണ്ടാണ് കൊറോണ വൈറസ് മനുഷ്യർക്കിടയിൽ തിരിച്ചുവ്യത്യാസം കാണിക്കുന്നത് ?

സമത്വം എന്ന ആശയത്തെ തെല്ലും വകവെയ്ക്കാത്ത വൈറസിന്റെ ദുർഗുണമാണ് ഗവേഷകർക്ക് ഇനിയും പൂർണമായി മനസിലാക്കാൻ കഴിയാത്ത ആദ്യ സമസ്യ.

കോവിഡ് ബാധിതരായ ചിലർ ബാഹ്യ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരിക്കുമ്പോൾ, നല്ല ആരോഗ്യവാന്മാരെന്നു കാണപ്പെടുന്നവരിൽ പലർക്കും അതിതീവ്രവും മരണകാരണമാകാവുന്നതുമായ ന്യുമോണിയ പിടിപെടുന്നു. ഇത്തരം അതിനാടകീയമായ വ്യത്യാസം മനുഷ്യർ തമ്മിലുണ്ടാകാൻ എന്താണ് കാരണം? വൈറസ് പ്രകടിപ്പിക്കുന്ന തികച്ചും അനീതി നിറഞ്ഞ ഈ വ്യത്യാസത്തിനു കാരണം മനുഷ്യരുടെ ജനിതകഘടനയിൽ അല്ലെങ്കിൽ ജീനുകളിലെ വ്യത്യാസമാകാമെന്ന നിഗമനത്തിലാണ് ഗവേഷണപഠനങ്ങൾ മുന്നേറുന്നത്. ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ 4000 കോവിഡ് രോഗികളുടെ ജനിതകഘടനയേക്കുറിച്ച് പഠിച്ച സംഘം, കോവിഡ് രോഗത്തിന്റെ തീവ്രതയും ജനിതകപ്രത്യേകതകളുമായുള്ള ബന്ധത്തിന്റെ ആദ്യ തെളിവുകൾ പുറത്തുവിട്ടിരുന്നു. കോവിഡ് ബാധിച്ച് ശ്വസന പരാജയമുണ്ടായ വ്യക്തികൾ രണ്ടു പ്രത്യേക ജീൻ രൂപാന്തരങ്ങളിലൊന്ന് തങ്ങളുടെ ജനിതകത്തിൽ പേറുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്. ABO ബ്ലഡ് ഗ്രൂപ്പിനെ നിർണയിക്കുന്ന ജനിതക ഭാഗത്താണ് പ്രത്യേക ജീനിന്റെ ഒരു രൂപാന്തരം കാണപ്പെടുന്നത്. ജീനിന്റെ രണ്ടാമത്തെ വ്യതിയാനത്തിന് നിരവധി അയൽക്കാരായ ജീനുകളുണ്ട്. വൈറസുകൾ മനുഷ്യകോശങ്ങളിൽ പ്രവേശിക്കാൻ കാരണമാകുന്ന സ്വീകരണിയുമായി സമ്പർക്കം പുലർത്തുന്ന ഒരു പ്രോട്ടീൻ നിർമിക്കുന്ന ഒരു ജീൻ, രോഗപ്രതിരോധ തന്മാത്രകൾ നിർമിക്കാൻ സന്ദേശം നൽകുന്ന  രണ്ടു ജീനുകൾ എന്നിവയാണ് ഈ അയൽക്കാർ. കോവിഡ് രോഗത്തിന്റെ ജനിതകബാന്ധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്യുന്ന ആഗോള കൂട്ടായ്മയായ കോവിഡ്- 19 ഹോസ്റ്റ് ജനറ്റിക്സ് ഇനിഷ്യേറ്റീവിന്റെ ഭാഗമായ ശാസ്ത്ര സംഘമാണ് മേൽപ്പറഞ്ഞ കണ്ടെത്തലുകൾ നടത്തിയത്. അപ്പോഴും ഇപ്പോൾ വെളിപ്പെട്ടിരിക്കുന്ന ജീൻ രൂപാന്തരങ്ങൾ രോഗതീവ്രതയിൽ മിതമായ ഭാഗം മാത്രമാണ് വഹിക്കുന്നതെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. രോഗ തീവ്രതയിൽ മുഖ്യസ്ഥാനം വഹിക്കുന്നുവെന്ന് കരുതപ്പെടുന്ന ജനിതകമാറ്റങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്.

pathanamthitta news

2.  രോഗപ്രതിരോധശേഷിയുടെ സ്വഭാവവും ആയുസ്സും എത്രയാണ്?

സാർസ്- കോവ്-2 വൈറസിനെതിരെ മനുഷ്യ ശരീരം ആർജ്ജിക്കുന്ന രോഗപ്രതിശേഷിയുടെ സ്വഭാവവും, ദൈർഘ്യവുമാണ് ഇനിയും പൂർണമായി വെളിപ്പെടാത്ത മേഖല. വൈറസിന്റെ പ്രോട്ടീൻ കണികകളെ നേരിട്ടു തളച്ച് രോഗബാധയൊഴിവാക്കുന്ന നിർവീര്യമാക്കുന്ന ആന്റിബോഡികളെക്കുറിച്ച് നടത്തിയ പഠന പ്രകാരം, ഇത്തരം ആന്റിബോഡികളുടെ രക്തത്തിലെ അളവ് രോഗബാധയ്ക്കു ശേഷമുള്ള ഏതാനും ആഴ്ചകളിൽ ഉയർന്ന നിലയിൽ നിൽക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്നാൽ തീവ്ര രോഗബാധയുണ്ടായവരിൽ ഉയർന്ന അളവിൽ ദീർഘകാലം നിലനിൽക്കെണ്ടതാണ്. ‘കൂടുതൽ വൈറസ് എന്നാൽ കൂടുതൽ ആന്റിബോഡികൾ, ദീർഘകാല ആന്റിബോഡി സാന്നിധ്യം’ എന്നാണെന്ന് ശാസ്ത്രനിരീക്ഷണം. രോഗബാധയിൽ നിന്നും വിമുക്തനായ ഒരാൾക്ക് വീണ്ടും രോഗബാധയേൽക്കാതിരിക്കാൻ രക്തത്തിലുണ്ടായിരിക്കേണ്ട ആന്റിബോഡികളുടെ നിലയെക്കുറിച്ച് ഗവേഷകർക്ക് ഇപ്പോഴും തിട്ടമില്ല. മാത്രമല്ല സാർസ് കോവ് - 2 വൈറസിനെതിരായ പ്രതിരോധത്തിന്റെ പൂർണ ചിത്രത്തിൽ വൈറസിനെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ മാത്രമല്ല വരേണ്ടത്. വൈറസിനെതിരായ ശരീരത്തിന്റെ രോഗ പ്രതിരോധ പോരാട്ടത്തിന്റെ ദീർഘകാലത്തിലുള്ള വിജയത്തിന്,  T - കോശങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ കോശങ്ങളുടെ സാന്നിധ്യവും അനിവാര്യമാണ്. ഇതു സംബന്ധിച്ച പൂർണവിവരങ്ങൾ ഗവേഷകർക്ക് ഇനിയും മനസ്സിലാക്കാനായിട്ടില്ല.

alappuzha news

3. വൈറസിന് അപകടകരമായ ഏന്തെങ്കിലും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ?

മനുഷ്യരിൽ രോഗബാധയുണ്ടാക്കുന്നതിനൊപ്പം വൈറസുകൾക്ക് ജനിതകമാറ്റം സംഭവിക്കന്നത് സ്വാഭാവികമാണ്. ഇത്തരം മാറ്റങ്ങൾ പഠിക്കുന്നതിലൂടെ വൈറസിന്റെ ആഗോളവ്യാപനമൊക്കെ പിൻതുടരാൻ ഗവേഷകരെ സഹായിക്കും. ഇത്തരം ജനിതകവ്യതിയാനങ്ങൾ മൂലം വൈറസിന്റെ സ്വഭാവത്തിൽ കാതലായ മാറ്റങ്ങൾ വന്നോ എന്നതാണ് പ്രധാനം. കൂടുതൽ തീവ്ര രോഗ ബാധയുണ്ടാക്കുന്ന, അതിവേഗത്തിൽ പടർന്നു പിടിക്കുന്ന വ്യതിയാനങ്ങൾ ഉണ്ടാകുന്നതാണ് പ്രശ്നമായി മാറുന്നത്. ഇത്തരത്തിൽ തീവ്ര രൂപങ്ങളിലേക്ക് വൈറസിന് പരിണാമം സംഭവിക്കുന്നത് വാക്സിനുകളുടെ ഫലപ്രാപ്തിയും കുറയ്ക്കും. കാരണം ജനിതകമാറ്റം വന്ന വൈറസിനെ തിരിച്ചറിയാൻ ആന്റിബോഡികളും, T കോശങ്ങളും ബുദ്ധിമുട്ടും. കൊറോണ വൈറസ് ബാധ തുടക്കത്തിൽ പടർന്നു പിടിച്ച ഇറ്റലി, സ്പെയിൻ പോലുള്ള രാജ്യങ്ങളിലെ ഹോട്സ്പോട്ടുകളിൽ നിന്നുള്ള വൈറസുകൾ കാലക്രമത്തിൽ അതേ സ്ഥലത്തു നിന്നുള്ളതോ, പിന്നീട് രോഗബാധയുണ്ടായ സ്ഥലങ്ങളിൽ നിന്നു വേർതിരിച്ച വൈറസ് രൂപങ്ങളേക്കാൾ മാരകമാണെന്നു തോന്നാം. എന്നാൽ ഇത്തരം ബന്ധപ്പെടുത്തലുകൾ കാര്യമുള്ളതാവണമെന്നില്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം രോഗബാധയുടെ അനിയന്ത്രിതമായ തുടക്കകാലത്ത് ആരോഗ്യ പ്രവർത്തകർ തിരിച്ചറിയുന്നത് അതിതീവ്ര രോഗ ബാധിതരെയായിരിക്കും. വൈറസിന്റെ ചില പ്രത്യേക ജനിതക മാറ്റങ്ങൾ കൂടുതൽ വിശാലമായി പടരാൻ കാരണമായി പറയപ്പെടുന്നത് ഫൗണ്ടർ ഇഫക്ട് മൂലമാകാം. വൈറസിന്റെ തുടക്കത്തിലെ പ്രഭവകേന്ദ്രങ്ങളായ വുഹാൻ, ഇറ്റലി എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന വൈറസിന്റെ വംശാവലിയിൽപ്പെട്ടവയ്ക്ക് വന്ന ജനിതകമാറ്റം പേറിയ വൈറസുകൾ മറ്റുള്ള സ്ഥലങ്ങളിൽ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണമായതാണ് ഇതിനുള്ള  നിമിത്തം.

വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ ഉണ്ടായ ജനിതകമാറ്റം വ്യാപകമായി കാണപ്പെടുന്നത് ഫൗണ്ടർ ഇഫക്റ്റ് മൂലമാണോ അതോ വൈറസിനുണ്ടായ സ്വാഭാവി ജീവ ശാസ്ത്രപരമായ മാറ്റം മൂലമാണോയെന്ന തർക്കം ഗവേഷകർക്കിടയിലുണ്ട്. ഫെബ്രുവരി മാസത്തിൽ യൂറോപ്പിലാണ് വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തിയത്. യൂറോപ്പിൽ വ്യാപകമായി പടർന്ന വൈറസ് ഈ വ്യതിയാനത്തിലുള്ളവയായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും ഈ മാറിയ വൈറസ് ഇന്നും കാണപ്പെടുന്നുമുണ്ട്. സാർസ് കോവ് - 2 വൈറസിനുണ്ടായ ജനിതക വ്യതിയാനം ലബോറട്ടറി കോശങ്ങളിൽ പരീക്ഷിച്ചപ്പോൾ, വൈറസിന്റെ തീവ്രത കൂടിയതായാണ് കാണിച്ചത്. പക്ഷേ അപ്പോഴും കൊറോണ വൈറസിന്റെ ജനിതകമാറ്റം മനുഷ്യനിലെ രോഗബാധയെ എങ്ങനെ ബാധിച്ചു എന്നത് അവ്യക്തമായി തുടരുന്നു.

vaccine-russia

4. വാക്സിൻ എത്രമാത്രം ഫലപ്രദമായിരിക്കും?

കോവിഡിനെ പിടിച്ചുകെട്ടാൻ നമ്മുടെ മുൻപിലുള്ള ഒരേയൊരു വഴി ഫലപ്രദമായ വാക്സിനാണ്. ഇരുന്നൂറോളം സാധ്യതാ വാക്സിനുകൾ വികസനത്തിന്റെ പല ഘട്ടങ്ങളിലുണ്ട്. വിശാലവും വിപുലവുമായ ഫലപ്രാപ്തി പഠനങ്ങളിലേക്ക് ചില വാക്സിനുകൾ എങ്കിലും കടന്നു തുടങ്ങുകയാണ്. മൃഗങ്ങളിലെയും, മനുഷ്യനിലെയും ആദ്യ ഘട്ട പരീക്ഷണങ്ങൾ വഴി വാക്സിനുകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇപ്പോൾ. ചില ഗവേഷക സംഘങ്ങളെങ്കിലും മൃഗങ്ങളിൽ ‘ചലഞ്ച് ട്രയൽസ് ’ നടത്തിക്കഴിഞ്ഞിട്ടുണ്ട്. സാധ്യതാ വാക്സിനുകൾ നൽകിയ മൃഗങ്ങളിൽ മനപ്പൂർവ്വം സാർസ് കോവ് - 2 വൈറസ് രോഗബാധയുണ്ടാക്കുകയാണ് ട്രയലിൽ ചെയ്യുന്നത്. വാക്സിനുകൾ, രോഗബാധയിൽ നിന്നു സംരക്ഷണം നൽകുന്നുണ്ടോ എന്നറിയാനാണിത്. കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിനുകൾ ലഭിച്ചവ മൃഗങ്ങളിൽ ശ്വാസകോശ രോഗാണുബാധയും, ന്യൂമോണിയയും ഉണ്ടായില്ല. പക്ഷേ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ രോഗബാധ തടയാൻ കഴിഞ്ഞതുമില്ല.

മനുഷ്യനിൽ നടന്ന പരീക്ഷണങ്ങൾ നൽകുന്ന പരിമിതമായ വിവരമനുസരിച്ച് കോവിഡ് വാക്സിനുകൾ നമ്മുടെ ശരീരകോശങ്ങളിൽ വൈറസുകളെ പ്രവേശിപ്പിക്കാതെ നിർവീര്യമാക്കുന്ന ഫലപ്രദമായ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നുവെന്ന് പറയുന്നുണ്ട്. പക്ഷേ അപ്പോഴും വ്യക്തമാകാതെ ബാക്കിയാകുന്ന ചോദ്യമിതാണ്. മേൽപറഞ്ഞ ആന്റിബോഡികളുടെ അളവ്  പുത്തൻ രോഗാണുബാധയെ തടയാൻ പറ്റിയ അളവിലുണ്ടായിരിക്കുമോ? ഈ ആന്റിബോഡികൾ ശരീരത്തിൽ എത്ര കാലം നിലനിൽക്കും?

5. സാർസ് -കോവ് - 2 വൈറസിന്റെ ഉത്ഭവം എവിടെ നിന്ന്‌?

മിക്ക ഗവേഷകരും അഭിപ്രായ സമന്വയത്തിലെത്തിയ വിവരമനുസരിച്ച് വവ്വാലുകളിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം (ഹോർസ് ഷൂ ബാറ്റ്സ് എന്ന വിഭാഗത്തിൽ ). സാർസ്- കോവ്-2 വൈറസുമായി അടുത്ത ബന്ധമുള്ള രണ്ടു കൊറോണ വൈറസുകളെ ഈ വിഭാഗം വവ്വാലുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. RATG13 എന്ന കോറോണ വൈറസിനെ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്ന് 2013-ൽ ഇൻറർമീഡിയറ്റ് ഹോർസ് ഷൂ വവ്വാലുകളിൽ നിന്നാണ് ലഭിച്ചത്. കോവിഡ്- 19 -ന് കാരണമായ വൈറസുമായി 96 ശതമാനം ജനിതക സാദൃശ്യം ഇവയ്ക്കുണ്ട്. മലയൻ ഹോർസ് ഷൂ വവ്വാലിൽ നിന്നു വേർതിരിച്ചെടുത്ത RmYN02 എന്ന കൊറോണ വൈറസിന്റെ സാമ്യം 93%. സാർസ് -കോവ് - 2 വൈറസും ചൈനയിലെ വവ്വാൽ വൈറസും തമ്മിലുള്ള 4 ശതമാനം വ്യത്യാസം ദശകങ്ങളുടെ പരിണാമം മൂലമാകാം. 2003-ലെ സാർസ് രോഗം ഹോർസ് ഷൂ വവ്വാലുകളിൽ നിന്ന് മനുഷ്യരിലെത്തുന്നതിനു മുൻപ് മരപ്പട്ടികളെന്ന (civet cat ) എന്ന മധ്യവർത്തി ആതിഥേയനിലൂടെ കടന്നുപോയതുപോലെ സാർസ്-കോവ് - 2 ഉം ഇടക്കാല ആതിഥേയ ജീവിയിലൂടെയാവും മനുഷ്യനിലെത്തിയിട്ടുണ്ടാവുക.

wuhan-wet-market

ഇവിടെയാണ് വിഷമകരമായ പ്രശ്നം ഉദിക്കുന്നത്. മനുഷ്യനിലേക്ക് വൈറസ് എത്തിയ വഴി അർഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിയിക്കണമെങ്കിൽ വൈറസ് താമസിച്ചിന്ന ഒരു ഇടക്കാല ആതിഥേയമൃഗം ഉണ്ടെന്നു കണ്ടെത്തണം. അവയിൽ നിന്നു കണ്ടെത്തുന്ന കൊറോണ വൈറസിന് സാർസ് -കോവ് - 2 വൈറസുമായി 99 ശതമാനത്തിലധികം ജനിതക സാദൃശ്യവും ഉണ്ടാവണം. എന്നാൽ ലോകമെങ്ങും മനുഷ്യരിൽ പടർന്ന വൈറസ്, പല മൃഗങ്ങളിലേക്കും ( നായ,പൂച്ച, മിങ്ക്) ഇതിനകം പടർന്ന സംഭവങ്ങളുള്ളതിനാൽ മേൽപ്പറഞ്ഞ ഒരു മധ്യവർത്തിയായ മൃഗത്തെ കണ്ടെത്തുന്നത് ആശയക്കുഴപ്പങ്ങളുണ്ടാക്കാം. കന്നുകാലികൾ, വന്യ ജീവികൾ, വവ്വാലുകൾ, ഈനാംപേച്ചി, മരപ്പട്ടി തുടങ്ങിയ എണ്ണം പറഞ്ഞ ജീവികളിൽ ആരാണ് മനുഷ്യ ജാതിയ്ക്ക് ഇത്തരമൊരു ശാപ സമ്മാനമെത്തിക്കാൻ വഴിമരുന്നിട്ടതെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

English Summary: 5 Secrets of the corona that the scientific world has yet to unravel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA