ADVERTISEMENT

കൊറോണ വൈറസ് വവ്വാലുകളുടെ ശരീരത്തിലെത്തിയാല്‍ പോലും അവയ്ക്ക് അപകടം വരുത്താറില്ല. കൊറോണ വൈറസിനെ നിരുപദ്രവകാരിയാക്കുന്ന വവ്വാലുകളുടെ ശരീരത്തിലെ സൂത്രം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ബാറ്റ്1കെ പ്രൊജക്ടിലൂടെ ഗവേഷകര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആറുതരം വവ്വാലുകളുടെ ജനിതക വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് പഠനം നടത്തിയത്. കോവിഡിനേയും ഭാവിയില്‍ വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളേയും നേരിടാനുള്ള കരുത്ത് ഈ പഠനത്തില്‍ നിന്നും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

വവ്വാലുകളുടെ പ്രതിരോധ സംവിധാനത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഗവേഷക സംഘത്തിലെ ഡബ്ലിൻ യൂണിവേഴ്‌സിറ്റി കോളജിലെ പ്രൊഫ. എമ്മ പറയുന്നു. 'വവ്വാലുകളുടെ പ്രതിരോധ സംവിധാനത്തിന് പല വൈറസുകളേയും മാരകമാക്കാതെ ഒതുക്കി നിര്‍ത്താനാകും. ഇപ്പോള്‍ തന്നെ പ്രകൃതിയിലുള്ള കാര്യമാണിത്. പ്രത്യേകിച്ച് പുതുതായൊന്നും കണ്ടെത്തേണ്ടതില്ല. ഇതു മനസിലാക്കി സമാനമായ സാഹചര്യം മനുഷ്യരില്‍ വികസിപ്പിക്കുകയാണ് വേണ്ടത്' എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

ആറ് വവ്വാല്‍ ഇനങ്ങളിലെ 1421 വവ്വാലുകളുടെ ജനിതകഘടനയാണ് ബാറ്റ്1കെ പ്രൊജക്ട് വഴി വേര്‍തിരിച്ചെടുത്തത്. ഈ ജനിതക വിവരങ്ങള്‍ ഉപയോഗിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കുന്ന വവ്വാല്‍ വിദ്യ തിരിച്ചറിയാനാകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ. വവ്വാലുകളില്‍ നിന്നും മറ്റൊരു രോഗവാഹക ജീവിയിലൂടെയാണ് കോവിഡ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് കരുതപ്പെടുന്നത്. സാര്‍സ്, മെര്‍സ്, എബോള തുടങ്ങി പല രോഗങ്ങളും രോഗവാഹകരായ ജീവികളില്‍ നിന്നാണ് മനുഷ്യരിലേക്കെത്തിയത്.

 

രോഗവാഹകരാണെന്ന കാരണം പറഞ്ഞ് വവ്വാലുകളെ കൂട്ടത്തോടെ കൊല്ലാന്‍ ശ്രമിക്കരുതെന്ന് പരിസ്ഥിതി സംരക്ഷകരും മറ്റും ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വാഭാവിക അന്തരീക്ഷത്തില്‍ കഴിയുമ്പോള്‍ ഇവ മനുഷ്യന് അപകടമല്ലെന്നും പരിഭ്രാന്തിയിലാവുന്ന വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്കെത്താന്‍ കൂടുതല്‍ സാധ്യതയെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.

 

വവ്വാലുകളുടെ ജനിതക വിവരങ്ങള്‍ 42 മറ്റ് സസ്തനി വിഭാഗങ്ങളുമായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സംഘം താരതമ്യം ചെയ്തു. ഇതില്‍ നിന്നും പട്ടികളും പൂച്ചകളും അടങ്ങുന്ന മാംസഭുക്കുകളുടേയും കുളമ്പുള്ള ജീവികളുടേയും ഈനാംപേചികളുടേയും ജനിതകഘടനയുമായി വവ്വാലുകള്‍ക്ക് സാമ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത പ്രദേശങ്ങളിലെ വവ്വാലിനങ്ങള്‍ക്ക് അവരുടേതായ രീതിയില്‍ ജനിതക പരിണാമം ഉണ്ടായതായും ഇത് കൊറോണ വൈറസിനെതിരായ കാര്യത്തിലടക്കം നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈ ജനിതകാന്വേഷക സംഘം പറയുന്നു. 

 

വവ്വാലുകള്‍ക്കുണ്ടായ ഇത്തരം ജനിതക മാറ്റങ്ങളാണ് അവയെ കൊറോണ വൈറസിനെ നിര്‍വീര്യമാക്കുന്നതിനുള്ള ശേഷി നല്‍കുന്നതെന്നാണ് ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളികുലാര്‍ സെല്‍ ബയോളജി ആൻഡ് ജനറ്റിക്‌സിലെ ഡോ. മൈക്കല്‍ ഹില്ലര്‍ പറയുന്നത്. പല വൈറസ് രോഗങ്ങളിലും മനുഷ്യരില്‍ മരണകാരണമാകുന്നത് വൈറസല്ല. മറിച്ച് നമ്മുടെ രോഗപ്രതിരോധ സംവിധാനം താറുമാറാവുകയും അത് നമ്മുടെ തന്നെ ശരീരത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്നതിലൂടെയാണ്. എന്നാല്‍, വവ്വാലുകളുടെ പ്രതിരോധ സംവിധാനത്തിന് സ്വയം ഹാനികരമാകാതെ പരിധിയില്‍ നിര്‍ത്താനുള്ള ശേഷിയുണ്ട്. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തിയാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക നേട്ടമാകുമെന്നാണ് പ്രതീക്ഷ. നേച്ചുര്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Coronavirus: Cracking the secrets of how bats survive viruses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com