ADVERTISEMENT

വംശീയമായ വ്യത്യസങ്ങള്‍ മൂലം കൊറോണാവൈറസ് വാക്‌സിനുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരീക്ഷിച്ചറിയാനുള്ള മനുഷ്യരിലുള്ള പരീക്ഷണങ്ങള്‍ രാജ്യത്തു തുടങ്ങി. ഭാരത് ബയോ ടെക്കും, സൈഡസ് കാഡിലയും (Zydus Cadila) പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ആറു സംസ്ഥാനങ്ങളിലെ ആറു നഗരങ്ങളിലായി തുടങ്ങിയിരിക്കുകയാണ്. അവസാനം ഈ കുത്തിവയ്പ്പ് എടുത്തത് ഡല്‍ഹിയില്‍ എയിംസില്‍ ഒരു 30 കാരനാണ്. അദ്ദേഹം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ 0.5 എംഎല്‍ ഇന്‍ട്രാമസ്‌ക്യുലര്‍ കുത്തിവയ്പ്പാണെടുത്തത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ രണ്ടു മണിക്കൂര്‍ നേരം നിരക്ഷിച്ചു. പെട്ടെന്ന് ഒരു പാര്‍ശ്വഫലവും കാണാനായില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഭാരത് ബയോടെക്കിനും സൈഡസിനും അനുമതി ലഭിച്ചിട്ടുണ്ട്. ഇവരുടെ വാക്‌സിന്‍ ആദ്യം പരീക്ഷണാര്‍ഥം കുത്തിവച്ചത് ജൂലൈ 15നാണ്.

 

ലോകത്ത് ഇപ്പോള്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന വാക്‌സിനുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഓക്‌സഫെഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാനൊരുങ്ങുന്നത് സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ്. സിറം, ബ്രിട്ടന്റെ അസ്ട്രാ സെനെക്ക കമ്പനിയുമൊത്താണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. അനുമതി ലഭിച്ചു കഴിയുമ്പോള്‍ തന്നെ ഇന്ത്യയിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോവക്‌സിന്‍, ഐസിഎംആര്‍ അഥവാ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്, എന്‍ഐവി അഥവാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് വികസിപ്പിച്ചത്. ഇത് 12 ആശുപത്രികളില്‍ പരീക്ഷിക്കപ്പെടും. ഡല്‍ഹിയിലെയും പാറ്റ്‌നയിലെയും എയിംസ്, പിജിഐ റോഹ്തക് തുടങ്ങിയവ അടക്കമുള്ള കേന്ദ്രങ്ങളിലായിരിക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ്പു നല്‍കുക. ആദ്യ ഘട്ടത്തില്‍ 500 പേരിലായിരിക്കും വാക്‌സിന്‍ പരീക്ഷിക്കുക.

 

പരിപൂര്‍ണ്ണ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ, 18നും 55നും ഇടയില്‍ പ്രായമുള്ള, വാക്‌സിന്‍ പരീക്ഷിക്കാന്‍ താത്പര്യം കാണിക്കുന്നവരിലായിരിക്കും ഇതു കുത്തിവയ്ക്കുക. സൈഡസിന്റെ വാക്‌സിനായ സൈഡ്‌കോവ്-ഡി (ZyCoV-D), അഹമ്മദാബാദിലുള്ള അവരുടെ സ്വന്തം ഗവേഷണശാലയില്‍ മാത്രമാണ് പരീക്ഷണം തുടങ്ങിയിരിക്കുന്നത്. അത് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. പക്ഷേ, കോവാക്‌സിന്റെ പരീക്ഷണം ഹൈദരാബാദ്, പാറ്റ്‌ന, കാഞ്ചീപുരം, രോഹ്തക്, ഡല്‍ഹി എന്നിവടങ്ങളില്‍ തുടങ്ങി. ഇനി അത് ഭൂവനേശ്വര്‍, ബെല്‍ഗാം, ഗൊരാഖ്പൂര്‍, കാണ്‍പൂര്‍, ഗോവ, വിശാഖപട്ടണം എന്നിവടങ്ങളില്‍ തുടങ്ങും. ആരോഗ്യമുള്ളവരില്‍ നടത്തുന്ന ആദ്യ ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഏതളവിലാണ് വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് എന്ന് ഗവേഷകര്‍ തീരുമാനത്തിലെത്തുക.

 

∙ മൈക്രോസോഫ്റ്റിന്റെ ഇരട്ട സ്‌ക്രീനുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉടനെ അവതരിപ്പിച്ചേക്കും

 

20 Indian soldiers killed in Galwan Valley standoff, toll may rise

മൈക്രോസോഫ്റ്റിന്റെ ഇരട്ട സ്‌ക്രീനുള്ള ആന്‍ഡ്രോയിഡ് ഫോണായ സര്‍ഫസ് ഡൂവോ ഉടനെ അവതരിപ്പിച്ചേക്കും. അടുത്തയാഴ്ച തന്നെ ഇതു പുറത്തിറക്കാനുള്ള സാധ്യതയാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍, കൊറോണാവൈറസ് കാലത്ത് അത്തരം പ്രവചനങ്ങള്‍ സത്യമായി തീരണമെന്നില്ല. രണ്ട് 5.6-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുകള്‍ ആയിരിക്കും സര്‍ഫസ് ഡൂവോയ്ക്ക് ഉണ്ടാവുക എന്നാണ് പറയുന്നത്. സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറും 6 ജിബി റാമും പ്രതീക്ഷിക്കുന്നു.

 

∙ ചൈനീസ് അല്ലാത്ത ആപ്പുകളിലെ സുരക്ഷാ പ്രശ്‌നങ്ങളും പഠിക്കണമെന്ന് ഹൈക്ക് സ്ഥാപകന്‍

 

ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുവെങ്കിലും മറ്റ് ആഗോള ആപ്പുകള്‍ ഇവിടെ യഥേഷ്ടം പ്രചിരിക്കുന്നുണ്ടെന്നും അവയുടെ ഡേറ്റാ സുരക്ഷാ മാനദണ്ഡങ്ങളും പഠിക്കണമെന്നാണ് ഇന്ത്യയില്‍ തന്നെ നിര്‍മിച്ച സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ഹൈക്കിന്റെ സ്ഥാപകന്‍ കവിന്‍ ഭാര്‍തി മിത്തല്‍ ആവശ്യപ്പെട്ടത്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പോലെയുള്ള ആപ്പുകള്‍ വന്ന് ഉപയോക്താക്കളെ ആകര്‍ഷിച്ചെടുക്കുന്നു. ഇത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത ആപ്പുകള്‍ക്ക് ഭീഷണിയാണെന്നും കവിന്‍ പറയുന്നു. ചൈനീസ് ആപ്പുകള്‍ മാത്രമാണ് നിരോധിക്കപ്പെട്ടത്. ഫെയ്‌സ്ബുക് തുടങ്ങിയ ആപ്പുകള്‍ ഇവിടെ ധാരാളമായി ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു.

 

ചൈനീസ് ആപ്പുകള്‍ക്ക് ഫെയ്‌സബുക് തുടങ്ങിയ ആപ്പുകളെ വച്ച് കുറച്ച് ഉപയോക്താക്കളെ ഉണ്ടായിരുന്നുള്ളു എന്നും 33-കാരനായ കവിന്‍ പറയുന്നു. ആത്മനിര്‍ഭര്‍ മാനസികാവസ്ഥ പ്രോത്സാഹിപ്പിക്കുമ്പോള്‍ എല്ലാ വിദേശ ആപ്പുകളോടും ചൈനീസ് ആപ്പുകളോട് സ്വീകരിച്ച സമീപനം അല്ലേ വേണ്ടത് എന്നാണ് കവിന്റെ സംശയം. ഇന്ത്യ ടിക്‌ടോക്കിനെ ബാന്‍ ചെയ്തു. അത് ഇന്‍സ്റ്റഗ്രാമിന് ഉപകാരപ്പെടുമല്ലാതെ എന്തു ഗുണമാണ് ഉണ്ടാകുന്നതെന്നും കവിന്‍ ചോദിക്കുന്നു. അദ്ദേഹം തന്റെ ഹൈക്ക് ആപ് 2012ല്‍ തുടങ്ങിയതാണ്. ഇന്ത്യയെ പോലെയല്ലാതെ ചൈന മറ്റു രാജ്യങ്ങളുടെ സമൂഹ മാധ്യമ ആപ്പുകളും മറ്റും മൊത്തത്തില്‍ നിരോധിച്ച കാര്യവും ഹൈക്ക് സ്ഥാപകന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അടുത്ത കാലത്തേക്കെങ്കിലും വിദേശ ആപ് മുക്ത ഭാരതം എന്നത് കവിന്റെ സ്വപ്‌നമായി തുടരാനാണ് സാധ്യത. മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോമിലടക്കം മുതല്‍മുടക്കിയിരിക്കുന്ന ഫെയ്‌സ്ബുക്കിനെയും മറ്റും കെട്ടുകെട്ടിക്കല്‍ തത്കാലം നടന്നേക്കില്ല.

 

∙ നിരോധിച്ച 59 ആപ്പുകളെയും റിയല്‍മി പുറത്താക്കി

 

ബജറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഏറ്റവുമധികം നേട്ടം കൊയ്യുന്ന കമ്പനികളിലൊന്നായ ചൈനീസ് കമ്പനിയായ റിയല്‍മി, ഇന്ത്യ നിരോധിച്ച 59 ചൈനീസ് ആപ്പുകളും ഇല്ലാതെയാണ് തങ്ങളുടെ പുതിയ സ്മാര്‍ട് ഫോണായ റിയല്‍മി 6ഐ പുറത്തിറക്കിയിരിക്കുന്നത്. തങ്ങളുടെ ഫോണുകളിലൊന്നും ഈ ആപ്പുകള്‍ ഇനി നല്‍കില്ലെന്നും കമ്പനി വ്യക്തമാക്കി.  

 

∙ വാട്‌സാപ് അക്കൗണ്ട് താമസിയാതെ ഒന്നിലേറെ ഫോണുകളില്‍ ഉപയോഗിക്കാനായേക്കും

 

ഒരു വാട്‌സാപ് അക്കൗണ്ട് താമസിയാതെ ഒന്നിലേറെ ഫോണുകളില്‍ ഉപയോഗിക്കാനായേക്കുമെന്ന് അഭ്യൂഹങ്ങള്‍. ഒരു ഉപകരണത്തില്‍ നിന്നു ലോഗ്-ഔട്ട് ചെയ്യാതെ തന്നെ മറ്റ് ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്ന ലിങ്ക്ഡ് ഡിവൈസസ് ഫീച്ചര്‍ വാട്‌സാപ് ഇപ്പോള്‍ പരീക്ഷിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടക്കത്തില്‍ 4 ഡിവൈസുകളില്‍ ആയിരിക്കും സപ്പോര്‍ട്ട് ലഭിക്കുക. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

 

English Summary: Good information on Desi Corona Vaccine Covaxin, no response proven in trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com