ADVERTISEMENT

മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും മനുഷ്യരിലേക്കെത്തിയ കൊറോണവൈറസ് അടക്കമുള്ള രോഗങ്ങളാണ് കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി നമ്മുടെ പേടിസ്വപ്‌നം. ഭാവിയില്‍ രോഗങ്ങളുടെ പ്രഭവകേന്ദ്രം അന്യഗ്രഹങ്ങളിലെ സൂഷ്മജീവികളാകാമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ബ്രിട്ടനിലെ എക്‌സെറ്റര്‍, അബെര്‍ദീന്‍ സര്‍വ്വകലാശാലകളില്‍ നിന്നുള്ളവരുടെ പഠനമാണ് ഈ മുന്നറിയിപ്പിന് പിന്നില്‍. ഭൂമിയില്‍ സാധാരണ കണ്ടുവരാത്ത അമിനോ ആസിഡുകളുമായി നമ്മുടെ പ്രതിരോധ കോശങ്ങള്‍ സാവധാനത്തിലാണ് പ്രതികരിക്കുന്നതെന്നാണ് കണ്ടെത്തല്‍. അതായത് കൊറോണയേക്കാൾ ഭീകരമായ രോഗങ്ങളും മഹാമാരിയും ഭൂമിയിൽ സംഭവിച്ചേക്കാമെന്നതാണ് പ്രവചനം.

അന്യഗ്രഹങ്ങളിലെ ജീവന്‍ മനുഷ്യന് എക്കാലത്തും പ്രിയപ്പെട്ട വിഷയമാണ്. ചന്ദ്രനിലും ചൊവ്വയിലും വ്യാഴത്തിന്റേയും ശനിയുടേയും ഉഗ്രഹങ്ങളിലുമെല്ലാം ബഹിരാകാശ ശാസ്ത്രജ്ഞര്‍ ജീവന്റെ തെളിവുകള്‍ തേടുന്നുണ്ട്. സമീപഭാവിയില്‍ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെത്താനും ചൊവ്വയിലേക്ക് ആദ്യമായി മനുഷ്യന്റെ കാലടി പതിയാനും സാധ്യതകള്‍ ഏറെയാണ്. ജീവന്‍ തേടിയുള്ള അന്യഗ്രഹയാത്രകള്‍ക്കിടെ ബോധപൂര്‍വ്വമോ അല്ലാതെയോ അന്യഗ്രഹങ്ങളില്‍ നിന്നും സൂഷ്മജീവികള്‍ ഭൂമിയിലെത്തുകയും അവ മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പിന് തന്നെ ഭീഷണിയാകാനുള്ള സാധ്യതയാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ഇപ്പോള്‍ മനുഷ്യന് ഭീഷണിയായി ലോകം മുഴുവന്‍ പടര്‍ന്ന കോവിഡ് 19 രോഗത്തിന് പിന്നില്‍ ഒരു വൈറസാണ്. വൈറസുകളെ ജീവനില്ലാത്ത ജീവികളെന്നാണ് വിശേഷിപ്പിക്കാറ്. സ്വന്തമായി കോശവ്യവസ്ഥയില്ലാത്ത ജീവനുള്ള മറ്റുജീവികളുടെ കോശങ്ങളില്‍ മാത്രം നിലനില്‍ക്കാന്‍ ശേഷിയുള്ളവയാണ് വൈറസുകള്‍. ബാക്ടീരിയയുടെ നൂറിലൊന്ന് വലുപ്പം മാത്രമുള്ള വൈറസ് കുടുംബത്തിലെ ഒരംഗമാണ് ഇപ്പോള്‍ മനുഷ്യന് ഭീഷണിയായിരിക്കുന്ന കോവിഡിന് കാരണമായ സാര്‍സ് കോവ് 2 വൈറസ്.  

അന്യഗ്രഹങ്ങളില്‍ നിന്നുള്ള സൂഷ്മ ജീവികള്‍ നമുക്ക് എങ്ങനെ ഭീഷണിയാകും എന്ന പഠനത്തിനായി എലികളെയാണ് പ്രൊഫ. ഗോയും സംഘവും ഉപയോഗിച്ചത്. എലികളിലെ ടി സെല്ലുകള്‍ മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിന് സമാനമായാണ് പ്രതികരിക്കാറ്. ഭൂമിയില്‍ അപൂര്‍വ്വമായതും എന്നാല്‍ ഉല്‍ക്കകളില്‍ കണ്ടെത്തിയിട്ടുള്ളതുമായ അമിനോ ആസിഡുകളെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്.

എലികളിലെ ടി കോശങ്ങള്‍ ഈ അമിനോ ആസിഡുകളോട് കുറഞ്ഞ രീതിയിലാണ് പ്രതികരിച്ചത്. ഇവയുടെ പ്രതികരണ നിരക്ക് ഏതാണ്ട് 15 മുതല്‍ 61 ശതമാനം വരെയായിരുന്നു. ഭൂമിയിലെ സാധാരണ അമിനോ ആസിഡുകളോട് ശരാശരി 82-91 ശതമാനമാണ് ടി സെല്ലുകള്‍ പ്രതികരിക്കാറ്. 

ഭൂമിയിലെ ജീവന്‍ പ്രധാനമായും 22 അമിനോ ആസിഡുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നെതെന്നാണ് എക്‌സെറ്റര്‍ സര്‍വ്വകലാശാലയിലെ മൈക്രോ ബയോളജിസ്റ്റ് കാറ്റ ഷാഫെര ഓര്‍മ്മിപ്പിക്കുന്നത്. ഭൂമിയിലേതിന് സമാനമായ രീതില്‍ പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവന്‍ ഉത്ഭവിക്കുകയും അവയുടെ ഘടനയില്‍ വ്യത്യസ്ത രീതിയില്‍ അമിനോ ആസിഡുകള്‍ കാണുകയും ചെയ്താലോ എന്ന സാധ്യതയെയാണ് ഗവേഷകര്‍ പരിശോധിച്ചത്. ഭാവിയിലെ ബഹിരാകാശ, അന്യഗ്രഹ യാത്രകള്‍ ഈയൊരു അപകട സാധ്യത കൂടി മുന്നില്‍ കണ്ടുവേണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. പൂര്‍ണ പഠനഫലം മൈക്രോഓര്‍ഗാനിസംസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Could future pandemics originate in Space? Human immune systems may struggle to fight off 'alien' bacteria and viruses from other planets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com