sections
MORE

സമുദ്രജല വാഹക വ്യവസ്ഥക്ക് വേഗം കുറയുമ്പോൾ….

world-map
SHARE

സമുദ്രജലത്തിന്റെ പ്രവാഹത്തിന് കഴിഞ്ഞ 7 പതിറ്റാണ്ടുകൾക്കുള്ളിൽ 15 ശതമാനത്തോളം വേഗം കുറഞ്ഞെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥയെയും ജലനിരപ്പിനെയും ഇതു ബാധിക്കും. ഇതുവരെ പര്യയനവ്യവസ്ഥയുടെ ഗതിവേഗത്തിൽ 15 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. പ്രവാഹവേഗത മന്ദീഭവിക്കുന്നതിന്റെ ഫലമായി സമുദ്രജലപ്രവാഹങ്ങളിലൂടെ ഉത്തര അറ്റ്ലാന്റിക്കിലേക്ക് സംവഹിക്കപ്പെടുന്ന താപവും കുറയുന്നു. തൽഫലമായി തത്പ്രദേശത്തെ സമുദ്രജലം കൂടുതൽക്കാലം തണുപ്പേറിയ അവസ്ഥയിൽ തുടരുകയും, തപ്തജലം പശ്ചിമ അറ്റ്ലാന്റിക്കിൽ തന്നെ കൂടുതൽ സമയം നിലകൊള്ളുവാൻ കാരണമാവുകയും ചെയ്യുന്നു. ചൂടേറിയ സമുദ്രജലസാന്നിധ്യം മൂലം അമേരിക്കയുടെ കിഴക്കൻ തീരത്ത് മർദ്ദം കുറഞ്ഞ് അവിടേക്ക് കാറ്റുകൾ വീശുന്നതിന്  ഇടയാകുന്നു. കാറ്റിന്റെ തള്ളൽ മൂലം തൽപ്രദേശത്ത് സമുദ്രനിരപ്പുയരുന്നു. അതിമന്ദഗതി മൂലം മേൽസ്ഥിതി നീണ്ട് നിൽക്കുകയും തീരത്തോടടുത്ത സമുദ്രജലനിരപ്പ് ഗണ്യമായി ഉയരുകയും ചെയ്യുന്നു. ദക്ഷിണഅറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നാണ് പോഷകസമ്പന്നമായ ജലം ഉത്തരഅറ്റ്ലാന്റിക് സമുദ്രത്തിലെത്തിചേരുന്നത്.  പര്യയനവ്യവസ്ഥയുടെ ഗതിവേഗം കുറയുന്ന സാഹചര്യങ്ങളിൽ സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ അടിസ്ഥാന ഘടകങ്ങളായ കടൽ സസ്യങ്ങൾ, പായലുകൾ തുടങ്ങിയവയുടെ നിലനില്പിന്നാവശ്യമായ പോഷകങ്ങളുടെ വരവ് നിലക്കുന്നു. പര്യയനവ്യവസ്ഥ അതിമന്ദാവസ്ഥയിലാവുകയോ നിലക്കുകയോ ചെയ്യാനിടയായാൽ അത് യൂറോപ്പിൽ അതിശൈത്യത്തിന് കാരണമാവും. പര്യയനവ്യവസ്ഥയുടെ വടക്കോട്ടുള്ള ശാഖ വഴി യൂറോപ്യൻ തീരങ്ങളിൽ ഭൂമധ്യരേഖാപ്രദേശത്തു നിന്നുള്ള ചൂടേറിയ ജലം എത്തിച്ചേരാൻ താമസിക്കുകയോ, അഥവാ എത്താതിരിക്കുകയോ ചെയ്യുമെന്നതാണ് ഇതിനു കാരണം. യൂറോപ്പിലെ വേനൽ മാസങ്ങളോടനുബന്ധിച്ചാവട്ടെ, ഉത്തരഅറ്റ്ലാന്റിക്കിൽ തണുപ്പേറിയ ജലത്തിന്റെ സാന്നിധ്യം ഉണ്ടാവുന്നു. ഈ നൂറ്റാണ്ടിൽ പര്യയന വ്യവസ്ഥയുടെ വേഗം ഗണ്യമായ തോതിൽ മന്ദീഭവിക്കാമെങ്കിലും പൊടുന്നനെ നിലക്കാനിടയില്ലയെന്നാണ് ഗവേഷകർ കരുതുന്നത്.

ocean

∙"ആഗോള സമുദ്രജല വാഹകവ്യവസ്ഥ"

താപനം, ലവണാംശം എന്നീ ഘടകങ്ങളിൽ സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സംതുലനം ചെയ്യുന്നതിനുവേണ്ടി സമുദ്രജലം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഒരു വാഹകനാടയെ (conveyor  belt) അനുസ്മരിപ്പിക്കുന്ന രീതിയിൽ നിരന്തരം ചംക്രമണം ചെയ്യുന്ന ഈ സമുദ്രജല പ്രവാഹ വ്യവസ്ഥയാണ് "ആഗോള സമുദ്രജല വാഹകവ്യവസ്ഥ". ധ്രുവ പ്രദേശത്തോട് അടുത്ത് കിടക്കുന്ന ഉത്തര അറ്റ്ലാന്റിക്കിന്റെ ഉപരിതലത്തിൽ നിന്നാണ് ഈ പ്രവാഹ വ്യവസ്ഥ ആരംഭിക്കുന്നത്. 

ആർട്ടിക് മേഖലയിലെ തീരെ താഴ്ന്ന താപനിലമൂലം ഇവിടെ സമുദ്രജലം അതിശീതാവസ്ഥയിലായിരിക്കും. സമുദ്രജലം ഹിമമായി രൂപാന്തരം പ്രാപിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന ലവണാംശം ഖനീഭവനത്തിന് വിധേയമാകാതെ ചുറ്റുമുള്ള ജലത്തിൽ കലരുന്നു. തന്മൂലം ഈ പ്രദേശത്തെ ജലം അത്യധികം ലവണാംശം ഉള്ളതായിരിക്കും. അത്യധികമായ ലവണസാന്നിധ്യം മൂലം സാന്ദ്രതയേറിയ  ശീതാവസ്ഥയിലുള്ള ജലം അടിത്തട്ടിലേക്ക് ആഴ്ന്ന് എത്തുകയും അങ്ങിനെ പ്രവാഹവ്യവസ്ഥക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു. ആഴക്കടലിൽ എത്തിച്ചേരുന്ന ഘനത്വമുള്ള ഈ ശീതജലം ദക്ഷിണ ദിശയിലേക്ക് ഭൂഖണ്ഡങ്ങൾക്കിടയിലൂടെ ഒഴുകി  ഭൂമധ്യരേഖ മുറിച്ചു കടന്ന്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നീ വൻകരകളുടെ തെക്കേ മുനമ്പിൽ എത്തിച്ചേരുന്നു. തുടർന്ന്, അന്റാർട്ടിക്ക ഭൂഖണ്ഡത്തെ ചുറ്റി ഒഴുകുന്ന ഈ പ്രവാഹവ്യവസ്ഥ തൽ പ്രദേശത്തെ അഗാധ ജലപ്രവാഹങ്ങളുമായി ഇടകലരുകയും ചെയ്‌യുന്നു. തുടർന്ന്, അവിടെ വച്ച്  അന്റാർട്ടിക്ക ഭൂഖണ്ഡത്തെ ചുറ്റി രണ്ട് കൈവഴികളായി പിരിഞ്ഞ് ഉത്തര ദിശയിലേക്ക് നീങ്ങാനാരംഭിക്കുകയും ചെയ്യുന്നു. ഇതിൽ ഒരു കൈവഴി ഇന്ത്യൻ മഹാസമുദ്രത്തിലും മറ്റേ കൈവഴി പസഫിക് സമുദ്രത്തിലും എത്തി ചേരുന്നു. ഈ രണ്ട് കൈവഴികൾ ഭൂമധ്യരേഖക്ക് നേരെ ഒഴുകാനാരംഭിക്കുകയും അതോടെ, ഇരു കൈവരികളിലെയും പ്രവാഹ ജലം ചൂട് പിടിച്ച് സാന്ദ്രത കുറഞ്ഞ് മേൽത്തള്ളൽ മൂലം ഉപരിതലത്തിൽ എത്തുകയും ചെയ്യുന്നു. 

ഉപരിതലത്തിലെത്തുന്ന ഇരു പ്രവാഹ വഴികളും ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് ഒന്നുചേർന്ന്, ദക്ഷിണ ദിശയിലേക്കും പിന്നീട് പശ്ചിമ ദിശയിലേക്കും തിരിഞ്ഞ്, ദക്ഷിണ അറ്റ്ലാന്റിക്കിൽ എത്തി ചേരുന്നു. അവിടെ നിന്ന് പ്രവാഹ ചക്രം ആരംഭിച്ച ഉത്തര അറ്റ്ലാന്റിക്കിലേക്കും എത്തുന്നു.  വളരെ മന്ദഗതിയിലാണ് ഈ പ്രവാഹ വ്യവസ്ഥ സഞ്ചരിക്കുന്നത്; അതായത്, സെക്കൻഡിൽ ഏതാനും സെന്റിമീറ്റർ എന്ന കണക്കിൽ.

തെക്കേ അമേരിക്കക്ക് ചുറ്റുമുള്ള പസഫിക് സമുദ്ര മേഖലയിൽ ദക്ഷിണ അറ്റ്ലാന്റിക്കിൽ നിന്നുള്ള ശീതജലപ്രവാഹത്തിന്റെ കുറച്ചുഭാഗം പ്രവേശിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ തപ്ത പ്രവാഹമായ "അഗുൽഹാസ് പ്രവാഹം "(Agulhas current) ആഫ്രിക്കയുടെ തെക്കുകിഴക്കേ തീരത്തിനടുത്തു കൂടെ ഒഴുകി ദക്ഷിണാഫ്രിക്കയുടെ മുനമ്പിനടുത്തു വച്ച് വീണ്ടും കിഴക്കു ദിശയിലേക്ക് വെട്ടിത്തിരിഞ്ഞൊഴുകുന്നു. എന്നാൽ, അഗുൽഹാസ് വലയങ്ങൾ (agulhas rings ) എന്നറിയപ്പെടുന്ന വൻചുഴികൾ ഇപ്രകാരമെത്തുന്ന പ്രവാഹത്തെ ദക്ഷിണഅറ്റ്ലാന്റിക്കിലേക്ക് തന്നെ തിരിച്ച് വിടുന്നു. ഇപ്രകാരം ഭൂമധ്യരേഖക്ക് വടക്ക് ഭാഗത്തെത്തിച്ചേരുന്ന ജലം അവിടെ വച്ച് വീണ്ടും ചൂട് പിടിക്കുകയും കരീബിയൻ കടൽ വഴി ഗൾഫ് സ്ട്രീമിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. 

സമുദ്രജലപ്രവാഹങ്ങളും സമുദ്രങ്ങളിലെ അതിവിസ്തൃതമായ മറ്റ് പര്യയനവ്യവസ്ഥകളും ലോകത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റ് ഭാഗങ്ങളിലേക്ക് വൻതോതിൽ സമുദ്രജലം വഹിച്ചുകൊണ്ട് പോകുന്നവയാണ്. അതോടൊപ്പം തന്നെ താപം, ഊർജ്ജം എന്നിവയുടെ വിന്യാസം, പ്രാദേശിക//ആഗോള കാലാവസ്ഥാനിയന്ത്രണം എന്നീ ധർമ്മങ്ങളും സമുദ്രജല പ്രവാഹങ്ങൾ നിർവഹിക്കുന്നുണ്ട്. കാറ്റിനാൽ നിയന്ത്രിതമായ “കാലിഫോർണിയ ശീതജലപ്രവാഹം”, “ഗൾഫ് സ്ട്രീം” എന്നറിയപ്പെടുന്ന ഉഷ്ണജലപ്രവാഹം എന്നിവ അവ ഒഴുകുന്ന പ്രദേശത്തെ പ്രാദേശിക കാലാവസ്ഥയുടെ നിയന്താക്കളാണ്. എന്നാൽ, ഇത്തരം പ്രാദേശിക സ്വഭാവമുള്ള പ്രവാഹങ്ങളിൽ നിന്ന് വ്യത്യസ്തമാണ് മുകളിൽ പ്രതിപാദിച്ച ബൃഹത്തായ സമുദ്രജല പര്യയന വ്യവസ്ഥകൾ.

∙ മന്ദഗതിയിലുള്ള പര്യയന പ്രക്രിയ

സമുദ്രോപരിതലത്തിലെ ജലത്തോടൊപ്പം ആഴക്കടൽ ജലവും ഈ വ്യവസ്ഥയിൽ ഉൾപ്പെട്ടിരിക്കുന്നു. വളരെ മന്ദഗതിയിലുള്ള ഈ പര്യയന പ്രക്രിയ പൂർത്തീകരിക്കുന്നതിന് ഏകദേശം 1000 വർഷങ്ങളോളം വേണ്ടി വരും. പര്യയന വ്യവസ്ഥയുടെ വേഗത മുൻപെന്നത്തേക്കാൾ മന്ദഗതിയിലാണ് ഇപ്പോൾ. സമുദ്രജലത്തിന് ചൂടേറുമ്പോൾ നാശോന്മുഖമാകുന്ന പവിഴപ്പുറ്റുകൾ പുനർനിർമ്മിക്കപ്പെടുന്നത് ശീതജലസാന്നിധ്യം വഴി ചൂട് കുറയുമ്പോഴാണ്. എന്നാൽ, പുനർനിർമ്മാണ പ്രക്രിയകൾക്ക് വേണ്ടിവരുന്ന ഇടവേളകളുടെ ദൈർഘ്യവർധന സൂചിപ്പിക്കുന്നത് മേൽ പര്യയനവ്യവസ്ഥയുടെ ഗതിവേഗം കുറയുന്നുവെന്നതാണ്.

ഈ നൂറ്റാണ്ടിൽ പര്യയന വ്യവസ്ഥയുടെ വേഗത ഗണ്യമായ തോതിൽ മന്ദീഭവിക്കാമെങ്കിലും പൊടുന്നനെ നിലക്കാനിടയില്ലയെന്നാണ് ഗവേഷകർ കരുതുന്നത്. ഗ്രീൻലാൻഡ് ഭാഗത്തുനിന്നുള്ള മഞ്ഞുരുകിയ ജലം  അതിഭീമമായ തോതിൽ എത്തിചേർന്നാൽ മാത്രമേ ഇപ്രകാരം സംഭവിക്കാനുള്ള സാധ്യതയുള്ളൂ. 

വാത പ്രേരിതമോ, വേലിയേറ്റം/വേലിയിറക്കം എന്നിവ മൂലമോ ഉണ്ടാവുന്ന പ്രവാഹങ്ങൾക്ക് വരെ ഇതിനേക്കാൾ വേഗതയുണ്ടായിരിക്കും -സെക്കൻഡിൽ 10 മുതൽ 100 സെന്റീമീറ്ററുകൾ വരെ.  പര്യയന വ്യവസ്ഥയിലെ ഒരു ക്യൂബിക് മീറ്റർ ജലം ചംക്രമണം പൂർത്തീകരിക്കുന്നതിന് ഉദ്ദേശം 1000 വർഷങ്ങൾ വരെ എടുക്കാറുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. അതിബൃഹത്തായ അളവിൽ ജലം വഹിക്കുന്ന ഒന്നാണ് ഈ പ്രവാഹ വ്യൂഹം. അതായത്, ആമസോൺ നദി ഉൾക്കൊള്ളുന്ന ജലത്തേക്കാൾ 100 മടങ്ങിലേറെ. സമുദ്രത്തിലെ പോഷകങ്ങൾ, കാർബൺ ഡയോക്‌സൈഡ് എന്നിവയുടെ ചാക്രിക സഞ്ചാരം സാധ്യമാക്കുന്ന ഒരു സംവിധാനം കൂടിയാണ് ഈ പ്രവാഹ വ്യൂഹം. സമുദ്രത്തിലെ ചൂടേറിയ ഉപരിതലജലം സാധാരണഗതിയിൽ പോഷകരഹിതവും കാർബൺഡയോക്‌സൈഡ് വിമുക്തവുമായിരിക്കും. എന്നാൽ, ഇതേജലം ആഴക്കടലിലൂടെയോ അഥവാ സമുദ്രത്തിന്റെ അടിത്തട്ട് സ്പർശിച്ചുകൊണ്ടോ ചാക്രിക ഗമനം നടത്തുമ്പോൾ പോഷകസമ്പുഷ്ടവും കാർബൺഡയോക്‌സൈഡ് വിലയിതവുമാകുന്നു. കടൽപായലുകൾ, ആൽഗകൾ എന്നിവയുടെ വളർച്ചയെയും നിലനില്പിനെയും സഹായിക്കുന്നത് ഈ പര്യയനവ്യൂഹത്തിലെ ആഴക്കടലിൽ നിന്നുള്ള തണുത്തതും പോഷക സമ്പുഷ്ടവുമായ ജലമാണ്. തന്മൂലംആഗോള ഭക്ഷ്യശൃംഖല ഇത്തരം സമുദ്രജല പ്രവാഹങ്ങളെ ആശ്രയിച്ച്  നിലകൊള്ളുന്നു.  

kilauea-lava-streams-into-pacific-ocean

∙ സമുദ്രജലപര്യയന വ്യവസ്ഥ

ആഗോള സമുദ്രമേഖലയിലെ പരസ്പരബന്ധിതങ്ങളായ പ്രവാഹങ്ങൾ, പ്രതിപ്രവാഹങ്ങൾ, ആഴക്കടൽ പ്രവാഹങ്ങൾ, ചുഴികൾ എന്നിവയടങ്ങിയവയാണ് സമുദ്രജലപര്യയന വ്യവസ്ഥ. അതിസങ്കീർണ്ണ പ്രകൃതമുള്ള ഈ പര്യയന വ്യവസ്ഥക്ക്, പക്ഷെ, കൃത്യമായ ഒരു വിന്യാസം ഉണ്ട്. ഉപരിതലപ്രവാഹങ്ങളിൽ നിന്നുമുള്ള ജലം അഗാധതലങ്ങളിലെത്തിലേക്കെത്തിച്ചേരുകയും അവിടെ നിന്ന് വീണ്ടും ഉപരിതലപ്രവാഹ വ്യവസ്ഥയിൽ തിരിച്ചെത്തുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന പ്രക്രിയ.  ഈ ചാക്രിക ചലനത്തെ നിയന്ത്രിക്കുന്നത് രണ്ട് പ്രധാന പ്രേരക ഘടകങ്ങൾ ഉണ്ട്. കാറ്റ് ആണ് ഒരു ഘടകം. ഭൂമിയുടെ ഭ്രമണത്തോടൊപ്പം കാറ്റിന്റെ ശക്തിയും ചേരുമ്പോൾ സമുദ്രങ്ങളിലെ ജലം ചുഴറ്റപ്പെടുന്നു. തൽഫലമായി രൂപം കൊള്ളുന്ന വൻചുഴികളിൽ ചിലത് നൂറ് കണക്കിന് കിലോമീറ്റർ വ്യാസമുള്ളവയായിരിക്കും. ചുഴി പ്രദേശങ്ങളിലെ ജലം ശക്തമായി കറങ്ങിത്തിരിഞ്ഞ് സമുദ്രത്തിന്റെ ഉപരിഭാഗത്തേക്കും അവിടെ നിന്ന് ഇതരഭാഗകളിലേക്കും വ്യാപരിക്കുന്നു. രണ്ടാമത്തെ ഘടകം, സമുദ്രജലത്തിന്റെ സാന്ദ്രതയാണ്. ഊഷ്മാവ്, വിലയിതലവണങ്ങൾ എന്നിവ ജലസാന്ദ്രതയെ സ്വാധീനിക്കുന്നു. തണുപ്പേറിയതും ലവണാംശം കൂടുതലുള്ളതുമായ ജലത്തിന് സാന്ദ്രത കൂടുതലുണ്ടാകും. സാന്ദ്രതയേറുമ്പോൾ ജലം സമുദ്രാന്തർഭാഗത്തേക്ക് താഴുന്നു. 

ഗൾഫ് സ്ട്രീം, ഉത്തര അറ്റ്ലാന്റിക് പ്രവാഹം എന്നിവ ഉഷ്‌ണമേഖലാ പ്രദേശത്ത് നിന്ന് ചൂടേറിയതും ലവണാംശം കൂടിയതുമായ ജലത്തെ ഗ്രീൻലാൻഡ് സമുദ്രഭാഗത്തേക്കും, ലാബ്രഡോർ പ്രവാഹത്തിലേക്കും എത്തിക്കുന്നു. ആർട്ടിക് മേഖലയിലെ അതിശീതക്കാറ്റുകൾ ഇപ്രകാരം വന്നെത്തുന്ന ജലത്തെ തണുപ്പിക്കുമ്പോൾ അതിന്റെ സാന്ദ്രത ഏറുന്നു. തൽഫലമായി ഈ ജലം താഴ്ന്ന് സമുദ്രാന്തര്ഭാഗത്തുള്ള പ്രവാഹങ്ങളിലേക്കെത്തിച്ചേരുന്നു. അന്റാർട്ടിക്ക മേഖലയിൽ സ്ഥിതി ചെയ്യുന്ന വെഡ്ഡൽ കടൽ, റോസ്സ്  കടൽ എന്നിവയിലും ഇതേ പ്രക്രിയ നടക്കുന്നുണ്ട്. 

ഭൂമധ്യരേഖാ പ്രദേശത്തുനിന്ന് ധ്രുവമേഖലയിലേക്കും അവിടന്ന് തിരിച്ചും സഞ്ചരിക്കുന്ന സമുദ്രജലത്തിന്റെ ഊഷ്മാവ്, സാന്ദ്രത എന്നീ മാനങ്ങളിൽ അധിഷ്ഠിതമായ ഈ പര്യയന വ്യവസ്ഥ താപ-ലവണ പര്യയന വ്യവസ്ഥയെന്നാണ് (Thermo-haline circulation) അറിയപ്പെടുന്നത്. ഈ പ്രക്രിയ ഇല്ലായിരുന്നുവെങ്കിൽ സമുദ്രത്തിന്റെ അഗാധതലങ്ങളിൽ പ്രവാഹങ്ങൾ ഉണ്ടാവുകയില്ലായിരുന്നു. ആഗോള സമുദ്രജല വാഹക വ്യവസ്ഥ(Global Ocean Conveyor Belt) പ്രവർത്തിക്കുകയുമില്ലായിരുന്നു. സമുദ്രജലത്തിന്റെ സ്ഥാനാന്തരത്തിലൂടെ താപം, ലവണത്വം. എന്നീ ഘടകങ്ങളുടെ സംതുലിത വിന്യാസം ഉറപ്പാക്കുന്നവയാണ് പര്യയന വ്യവസ്ഥകൾ. 

∙ സംവേദന സ്വഭാവം

വ്യാപക സ്വാധീനശക്തിയുള്ളതാണെങ്കിൽ പോലും വിവിധ അക്ഷാംശങ്ങളെ മറികടന്നൊഴുകുന്ന ഉത്തര-ദക്ഷിണ ദിശകളിലുള്ള പര്യയന വ്യവസ്ഥകൾ അതീവ സംവേദന സ്വഭാവമുള്ളവയാണ്. ആകെ സമുദ്രോപരിതല വിസ്തൃതിയുടെ ഒരു ശതമാനത്തേക്കാൾ താഴെയാണ് അഗാധ സമുദ്രജലപ്രവാഹങ്ങൾ രൂപം കൊള്ളുന്ന ഇടങ്ങൾ. എന്നാൽ തന്നെ താപനിലയിലോ ലവണാംശത്തിലോ വ്യതിയാനങ്ങൾ ഉണ്ടാകുന്ന പക്ഷം അഗാധസമുദ്രജലപ്രവാഹങ്ങളുടെ രൂപീകരണപ്രക്രിയ മന്ദീഭവിക്കുകയോ ചിലപ്പോൾ നിലച്ചു പോകുകയോ ചെയ്യുന്നു. ലോക കാലാവസ്ഥയിൽ വർഷങ്ങളോളം തീവ്രവ്യതിയാനങ്ങൾ ഉളവാക്കുവാൻ പോന്ന ഇത്തരം ഒരു സ്തംഭനം പൗരാണിക കാലത്ത് സംഭവിച്ചിട്ടുണ്ട് എന്നതിന് ശക്തമായ തെളിവുകളുമുണ്ട്. ഉദ്ദേശം 11000 വർഷങ്ങൾക്ക് മുൻപ് അവസാനത്തെ ഹിമയുഗത്തിന്റെ പിൻവാങ്ങൽ കാലഘട്ടത്തിൽ അഗാസിസ് (Agasiz) എന്ന് പേരായ ഒരു വൻഹിമത്തടാകം മധ്യ കാനഡയിൽ ഉണ്ടായിരുന്നു. അതിവിസ്തൃതമായ ഈ ഹിമതടാകത്തിന്റെ ഭിത്തികൾ തകരാനിടയാവുകയും തടാകത്തിലെ സംഭരിത ജലം സെന്റ്‌ ലോറൻസ് നദി വഴി ഉത്തര അത്ലറ്റ്ലാന്റിക്കിൽ എത്തിച്ചേരുകയും ചെയ്തു. ബൃഹത്തായ തോതിൽ ശുദ്ധജലം മിശ്രണം ചെയ്യാനിടയായതിനാൽ ഉത്തര ധ്രുവത്തിലെ സമുദ്രജലം സാന്ദ്രത കുറഞ്ഞ് സമുദ്രത്തിന്റെ അഗാധതലത്തിലേക്ക് ആഴ്ന്നിറങ്ങാൻ പറ്റാത്ത അവസ്ഥ കൈവരിക്കുകയും ചെയ്തു. തന്മൂലം അക്ഷാംശാന്തരപര്യയനം (meridional circulation) ഏകദേശം നിലച്ച അവസ്ഥയിലെത്തി. തൽഫലമായി, അതിശീതകാലാവസ്ഥയും ഹിമാനിരൂപീകരണവും തുടർന്നും നിലനിന്നതിനാൽ  ഹിമയുഗം വീണ്ടും 1000 വർഷത്തോളം നീണ്ട് നിന്നു.

∙ സമാന സാഹചര്യങ്ങൾക്ക് സാധ്യത

ഇത്രത്തോളം തീവ്രതയില്ലെങ്കിൽ പോലും സമാന സാഹചര്യങ്ങൾ ഉണ്ടാവാനുള്ള സാധ്യത ആഗോളതാപന സാഹചര്യങ്ങളിൽ തീർച്ചയായും പ്രതീക്ഷിക്കേണ്ടതുണ്ട്. അന്തരീക്ഷത്തിലെ വർദ്ധിത താപനില മൂലം ഗ്രീൻലാൻഡ് മേഖലയിലെ വൻ ഹിമപാളികൾ ഉരുകാനിടയാകുന്നു. ഉരുകി ഒലിച്ചിറങ്ങുന്ന ശുദ്ധജലം ഉത്തരധ്രുവ സമുദ്രമേഖലകളിൽ എത്തിച്ചേരുകയും അത് മേൽപരാമർശിച്ച സാഹചര്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഈ വിധവും അക്ഷാംശാന്തര പര്യയനവ്യവസ്ഥ ദുർബലമാകുന്നതിനാൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള തപ്തജലം വടക്കോട്ടൊഴുകി ധ്രുവമേഖലകളിലെ സമുദ്രങ്ങളിലെത്തിച്ചേരുന്ന പ്രക്രിയ മന്ദീഭവിക്കപ്പെടുന്നു. ഇതുമൂലം വടക്ക്പടിഞ്ഞാറൻ യൂറോപ്പിലെ അന്തരീക്ഷതാപനിലയിൽ അഞ്ച് ഡിഗ്രി സെന്റിഗ്രേഡിന്റെ വരെ കുറവുണ്ടാകാം. മേൽ സാഹചര്യത്തിൽ ഗൾഫ് സ്ട്രീം എന്ന ഉഷ്ണജലപ്രവാഹം നിലച്ചുപോവുമെന്ന ധാരണ ശരിയല്ല. ഈ സാഹചര്യത്തിൽ, ഉഷ്ണമേഖലയിൽ നിന്ന് ഗൾഫ് സ്ട്രീമിലൂടെ വഹിക്കപ്പെടുന്ന ഉഷ്ണജലത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടാകും എന്ന വസ്തുത നിഷേധിക്കാനാവില്ല. 

എന്നാൽ, മേല്പറഞ്ഞതിൽ നിന്നും വിഭിന്നമായി അക്ഷാംശാന്തര പര്യയന വ്യവസ്ഥയുടെ ശോഷണം മറ്റൊരു ഹുമയുഗത്തിന് നാന്ദികുറിക്കുകയില്ല എന്നതാണ് വേറൊരു നിഗമനം. അന്തരീക്ഷതാപനം ഉയർന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ താപനില താഴുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ല എന്നുതന്നെ പറയാം. എന്നാൽ, മേല്പറഞ്ഞ രണ്ട് നിരീക്ഷണങ്ങളെ മാറ്റി നിർത്തിയാൽ പോലും അക്ഷാംശാന്തര പര്യയന വ്യൂഹത്തിൽ ഉണ്ടാക്കാവുന്ന ഏതൊരു വ്യതിയാനവും ദൂരവ്യാപകഫലങ്ങൾ ഉളവാക്കുവാൻ പര്യാപ്തമാണ്. ഭൂമധ്യരേഖ മറികടന്ന് ഉത്തരധ്രുവം ലക്ഷ്യമാക്കി തപ്തജലത്തിന്റെ ഒഴുക്ക് കുറയുമ്പോൾ ഭൂമധ്യരേഖയുടെ ദക്ഷിണഭാഗത്തുള്ള സമുദ്രങ്ങളിൽ ചൂടേറിയ ജലത്തിന്റെ സ്ഥിരസാന്നിധ്യം മൂലം ചൂടേറുന്നു. ഇതിന്റെ ഫലമായി ഭൂമധ്യരേഖയുടെ ഇരുപുറവുമായി കാണപ്പെടുന്ന താപമേഖലയുടെസ്ഥാനം ദക്ഷിണദിശയിലേക്ക് കൂടുതൽ സ്ഥാനാന്തരപ്പെടുന്നു.  ഇതിനെ തുടർന്ന് മഴയുടെ പ്രകൃതത്തിലും ലഭ്യതയിലും മാറ്റം വരുന്നു. ഉപരിതലജലം സമുദ്രത്തിന്റെ അഗാധതലങ്ങളിലേക്ക് താഴ്ന്നിറങ്ങുന്ന പ്രക്രിയ മന്ദീഭവിക്കുന്നതുമൂലം ആഴക്കടലിൽ ഓക്സിജൻ ശോഷണം അനുഭവപ്പെടുന്നു. അതുപോലെ അടിത്തട്ടിൽ നിന്നുള്ള ജലത്തിന്റെ മേൽത്തള്ളൽ കുറയുന്നതുമൂലം സമുദ്രോപരിതലത്തിലെത്തിച്ചേരുന്ന പോഷകങ്ങളുടെ അളവിലും കുറവുണ്ടാകുന്നു. ഈ രണ്ട സാഹചര്യങ്ങളും സമുദ്ര ആവാസവ്യൂഹങ്ങൾക്ക് അത്യന്തം ദോഷകരമാണ്. 

ആഗോളതാപനം കാരണമാകുന്നു …….

ഗ്രീൻലാൻഡിലെ ഹിമശേഖരങ്ങൾക്കുമേൽ ഉണ്ടാകുന്ന ശുദ്ധജല അധിനിവേശം, കനത്ത മഴ എന്നിവ മൂലം മഞ്ഞ് പാളികൾ ഉരുകുകയും സമുദ്രജലത്തിൻറെ ലവണത്വം കുറയുകയും ചെയ്യുന്നു. ലവണാംശം കുറഞ്ഞ ജലത്തിന് സാന്ദ്രത കുറവായതിനാൽ അത് അഗാധ സമുദ്രതലത്തിലേക്ക് ആഴ്ന്ന് എത്തുകയോ പ്രവാഹഗതി ദക്ഷിണദിശയിലേക്ക് തിരിച്ച് വിടുകയോ ചെയ്യുന്നില്ല. ആഗോളതാപനം ഉടനടി നിയന്ത്രണാധീനമാകുന്നില്ല എന്നിരിക്കട്ടെ, അറ്റ്ലാന്റിക്പ്രവാഹങ്ങൾ തിരിഞ്ഞൊഴുകുന്ന പ്രക്രിയ കൂടുതൽ മന്ദീഭവിക്കാൻ തന്നെയാണ് സാധ്യത. അന്റാർട്ടിക്ക് മേഖലയിലും സമാന പ്രക്രിയ തന്നെയാണ് സംഭവിക്കുന്നത്. നിലവിലെ താപനസാഹചര്യങ്ങളിൽ അന്റാർട്ടിക്മേഖലയിൽ അഗാധസമുദ്രതലങ്ങളിലേക്ക് ഉപരിതല ജലം ആഴ്ന്നിറങ്ങിയെത്തുന്ന പ്രക്രിയ മന്ദീഭവിക്കുന്നു. അന്റാർട്ടിക്ക മേഖലയിലെ ഹിമപാളികൾ വൻ തോതിൽ ഉരുകി തത്പ്രദേശങ്ങിൽ നിന്നുള്ള പ്രവാഹങ്ങളുടെ തിരിച്ചൊഴുക്കിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. താഴ്ന്ന അക്ഷാംശ മേഖലകളിൽ നിന്നുള്ള തപ്തജലപ്രവാഹത്തിന്റെ ഒഴുക്ക് മന്ദീഭവിക്കുന്നതിനാൽ ഉയർന്ന അക്ഷാംശ മേഖലകളിൽ (ഉദാ:ഇംഗ്ലണ്ട്) കടുത്ത ശൈത്യമനുഭവപ്പെടുന്നു. അതെ സമയം, ആഴക്കടലിൽ നിന്നുള്ള തണുത്ത ജലത്തിന്റെ മേൽത്തള്ളൽ മന്ദീഭവിക്കുന്നതുമൂലം മദ്ധ്യരേഖാ ഭൂപ്രദേശങ്ങളിൽ ഉയർന്ന ഉഷ്ണവും അനുഭവപ്പെടുന്നു. വൻ തോതിലുള്ള മഞ്ഞുരുക്കം സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമാകുന്നു. കടുത്ത കാലാവസ്ഥ അസ്ഥിരതയുമായി ബന്ധപ്പെട്ട് സമുദ്രപര്യയന വ്യവസ്ഥകളിൽ മുൻകാലങ്ങളിലും വ്യതിയാനങ്ങളുണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തര പര്യയന വ്യവസ്ഥ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്നുള്ള വേഗതയുടെ 54 ശതമാനം വരെ മന്ദീഭവിക്കുമെന്ന് ഐ പി സി സി യുടെ (ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) വിലയിരുത്തൽ റിപ്പോർട്ട് പറയുന്നു. നിയന്ത്രണങ്ങളില്ലാതെ അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്‌സൈഡ് അധികരിച്ച തോതിൽ ഉൽത്സർജ്ജനം ചെയ്യപ്പെടുന്ന  സാഹചര്യങ്ങളിലാണ് ഇത്തരം ഒരു അവസ്ഥ സംജാതമാവുക. അത്തരം  ഘട്ടത്തിൽ ഹരിതഗൃഹപ്രഭാവം മൂലം അന്തരീക്ഷതാപനിലയിൽ നാല് ഡിഗ്രി സെന്റിഗ്രേഡ് വരെ വർദ്ധനവ് ഉണ്ടാകാം. ഉത്സർജ്ജനം ഒട്ടും തന്നെയില്ലാത്ത സാഹചര്യത്തിൽ പ്രവാഹ മാന്ദ്യതാ സാധ്യത ഒരു ശതമാനം മാത്രം എന്ന തോതിൽ കുറയുന്നതായും അനുമാനിത പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ocean

∙ സമുദ്രപര്യയന വ്യവസ്ഥ ദുർബലാവസ്ഥയിൽ

അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തരീയ സമുദ്രപര്യയന വ്യവസ്ഥ കഴിഞ്ഞ ആയിരം വർഷത്തിനിടക്ക് ഇപ്പോഴാണ് ഏറ്റവും ദുർബലാവസ്ഥയിൽ ഉള്ളത് എന്നാണ് അഗാധസമുദ്രതലങ്ങളിലെ അവസാദനിക്ഷേപങ്ങൾ (sediments) വിശകലന വിധേയമാക്കിയതിൽ നിന്നും വെളിപ്പെടുന്നത്. അറ്റ്ലാന്റിക്കിലെ അഗാധജലപ്രവാഹങ്ങളിൽ 150 വർഷങ്ങൾക്ക് മുൻപാണ് നിലവിലെ ശോഷണം ആരംഭിച്ചത്. ആർട്ടിക്-അന്റാർട്ടിക്ക മേഖലകളിലെ ഹിമനിക്ഷേപം ഏറ്റവുമധികം ഉരുകിയിയൊലിക്കാനാരംഭിച്ചതും ഇക്കലയളവിൽ തന്നെയായിരുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകടലക്ഷണമായ ആഗോളതാപനമാണ് വൻതോതിലുള്ള മഞ്ഞുരുക്കത്തിന് പ്രധാന കാരണം. ആഗോളതാപനത്തിന്റെ സ്വാധീനഫലമായി ധ്രുവമേഖലയോട് അനുബന്ധിച്ചുള്ള അലാന്റിക് സമുദ്രത്തിലും ചുറ്റുമുള്ള ഭൂപ്രദേശങ്ങളിലും ലഭിക്കുന്ന മഴയിൽ വർദ്ധനവ് ഉണ്ടാകുന്നു. വടക്കേ അറ്റ്ലാന്റിക്കിന് ചേർന്നുള്ള ഭൂപ്രദേശങ്ങളിൽ നിന്ന് നദികൾ ഒഴുകി ചേരുന്നത് ഈ സമുദ്രമേഖലയിലാണ്. കൂടാതെ, ആർട്ടിക്-ഗ്രീൻലാൻഡ് മേഖലകളിലെ മഞ്ഞ് പാളികളുടെ വൻതോതിലുള്ള ഉരുകലും സമുദ്രത്തിലേക്ക് കൂടുതൽ അളവിൽ ശുദ്ധ ജലം എത്തിച്ചേരുവാൻ ഇടയാവുന്നു. സമുദ്രത്തിലെ ലവണാംശത്തിൽ കുറവ് വരികയും തന്മൂലം ഉപരിജലം താഴെത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്നത്തിന്റെ അളവിൽ കുറവുണ്ടാവുകയും ചെയ്യുന്നു. വ്യവസായ വിപ്ലവാനന്തര കാലഘട്ടത്തിൽ വൻതോതിൽ പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ആഗോളതാപനകാരികളായ ഹരിത ഗൃഹവാതകങ്ങളുടെ അന്തരീക്ഷ ഉത്സർജ്ജനം അടിയന്തിരമായി നിർത്തിവെച്ചാൽ പോലും ഇപ്പോൾ  തന്നെ അന്തരീക്ഷത്തിലുള്ള കാർബൺഡയോക്‌സൈഡിന്റെ ഉയർന്ന സാന്ദ്രതമൂലം, ഒരു പക്ഷെ, നൂറ്റാണ്ടുകളോളം തന്നെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞ്പാളികളെ   ഉരുക്കുവാൻ പോന്ന താപന പ്രഭാവം നിലനിൽക്കും. ഇക്കാരണത്താൽ തന്നെ, ധ്രുവപ്രദേശങ്ങളിലെ ഹിമപാളികൾ ഉരുകുന്നതുമൂലം ഉണ്ടാകുന്ന സമുദ്രപര്യയന വ്യതിയാനങ്ങൾക്ക് ഉടൻ പരിഹാരം ഇല്ലായെന്ന് തന്നെ പറയാം. 

അറ്റ്ലാന്റിക്കിൽ മാത്രമല്ല ......

താപന സാഹചര്യങ്ങളിൽ അറ്റ്ലാന്റിക് മേഖല മാത്രമല്ല, ഇതര സമുദ്രഭാഗങ്ങളും താപനം മൂലമുള്ള വ്യതിയാനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാര്യമെടുത്താൽ, 1950 കൾ മുതൽ പരിശോധിച്ചാൽ സമുദ്രോപരിതാപനിലയിൽ 1.0 ഡിഗ്രി സെന്റിഗ്രേഡിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത് ( പ്രതി ദശകം 0.15 ഡിഗ്രി സെന്റിഗ്രേഡ് എന്ന തോതിൽ). ആഗോള ശരാശരി 0.7 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നോർക്കണം ( പ്രതി ദശകം 0.11 ഡിഗ്രി സെന്റിഗ്രേഡ് എന്നതോതിൽ ) . കഴിഞ്ഞ 20 വർഷത്തെ സമുദ്രതാപന കണക്കുകൾ പരിശോധിച്ചാൽ ആകെ സമുദ്രമേഖലയിൽ ഉണ്ടായ താപസംഭരണത്തോതിന്റെ കാൽഭാഗത്തോളം ഉണ്ടായത് ഇന്ത്യൻ സമുദ്രമേഖലയിലാണ്. ഈ മേഖലയിലെ പ്രവാഹങ്ങളിൽ, വലിയ തോതിൽ താപ സ്ഥാനാന്തരണം നടത്തുന്ന വൻചുഴികൾ (gyres) ധാരാളമുണ്ട്. ദക്ഷിണേഷ്യയിലെ ജനസാന്ദ്രതയേറിയ തീരദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതക്രമത്തെയാണ് താപനവും അതുമൂലമുണ്ടാകുന്ന സമുദ്രപര്യയന വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും കൂടുതൽ ബാധിക്കുക. സമുദ്രജലവിതാനം ഉയരൽ, മാരക ഉഷ്‌ണതരംഗങ്ങളുടെ സാന്നിധ്യം, മൺസൂൺ മഴയിലുണ്ടാകുന്ന വ്യതിയാനം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്.

അതിവിസ്തൃതമായ പസഫിക് മേഖലയിൽ ആകട്ടെ, ഉപരിതലപ്രവാഹങ്ങൾ താപത്തെ കിഴക്കുനിന്നും പടിഞ്ഞാറേക്ക് വ്യാപിക്കുവാൻ ഇടയാക്കുന്നു. അറ്റ്ലാന്റിക് സമുദ്ര മേഖലയെക്കാൾ കൂടുതൽ തോതിൽ താപം പസഫിക് മേഖലയിൽ സ്ഥാനാന്തരം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ആഗോളതാപന പ്രത്യാഘാതം ഈ മേഖലയിൽ കൂടുതൽ പ്രകടവും വ്യാപകവുമായിരിക്കും. ദക്ഷിണഅമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ഭൂവിഭാഗങ്ങളുടെ പൂർവ്വതീരത്തുകൂടി ഉള്ള പ്രവാഹങ്ങൾ കഴിഞ്ഞ 50 വർഷങ്ങളെ അപേക്ഷിച്ച് 20 ശതമാനത്തോളം കൂടുതൽ താപോർജ്ജം വിമോചിതമാക്കുന്നുണ്ട്. ഇത് തൽപ്രദേശങ്ങളിൽ ശക്തമായ ചുഴലിവാതങ്ങളുടെ രൂപീകരണത്തിനും അതുവഴിയുള്ള നാശനഷ്ടങ്ങൾക്കും ഇടയാക്കുന്നുമുണ്ട്. 

അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തര പര്യയന വ്യവസ്ഥയെ (AMOC) ഇന്ത്യൻ മഹാ സമുദ്രം പരിപോഷിക്കുന്നുവോ?

ആഗോള താപനം കാലാവസ്ഥാ സംഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിരീക്ഷണ വിവരങ്ങൾ, കമ്പ്യൂട്ടർ മോഡലുകൾ എന്നിവയുടെ സഹായത്തോടെ, ഇത് മൂലം ഭാവിയിൽ ഉണ്ടാകാവുന്ന അനുമാനിത പ്രതികരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൻ പ്രകാരം ഇന്ത്യൻ മഹാസമുദ്രത്തെ  ആഗോള താപന പ്രത്യാഘാതങ്ങളുടെ ഊർജ്ജിത മേഖല എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിവേഗം ചൂടേറികൊണ്ടിരിക്കുന്ന ഈ സമുദ്രമേഖലയിൽ തന്മൂലം അധിക മഴ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ചൂടേറുന്നതു മൂലം താഴ്ന്ന അന്തരീക്ഷമർദ്ദം അനുഭവപ്പെടാനിടയുള്ളതിനാൽ, അറ്റ്ലാന്റിക് സമുദ്രമേഖല അടക്കമുള്ള ഭാഗങ്ങളിൽ നിന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്ക് വായു കൂടുതലായി വലിച്ചെടുക്കപ്പെടുന്നു. ഇന്ത്യൻ മഹാ സമുദ്രമേഖലയിൽ മഴലഭ്യത കൂടുവാനും അറ്റ്ലാന്റിക് മേഖലയിൽ മഴ കുറയാനും ഇത് കാരണമാകുന്നു. മഴ കുറയുന്നതുമൂലം ഉഷ്ണമേഖലാ പ്രദേശങ്ങളിലുള്ള അറ്റ്ലാന്റിക് സമുദ്രഭാഗങ്ങളിൽ ലവണാംശം വര്ധിക്കാനിടയാകുന്നു. സമുദ്രജലത്തിലെ ഉയർന്ന ലവണാംശം നേർപ്പിക്കുവാനുള്ള മഴവെള്ളം ഈ പ്രദേശങ്ങളിൽ ലഭ്യമാകുന്നില്ലായെന്നതാണ് ഇതിന് കാരണം. ലവണാംശമേറിയ ഈ ജലം ഉത്തരദിശയിലേക്ക് സഞ്ചരിച്ച് അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തരീയ പര്യയന വ്യവസ്ഥയുമായി കൂടി ചേരുന്ന സാഹചര്യത്തിൽ വളരെ പെട്ടെന്ന് തണൂക്കാനിടയാവുന്നു. സാന്ദ്രതയേറിയ തണുത്ത ഈ ജലം വളരെ വേഗത്തിൽ അഗാധതലങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. മേൽ സൂചിപ്പിച്ച പ്രക്രിയകൾ വഴി ഇന്ത്യൻ മഹാസമുദ്രം അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തരീയ പര്യയനവ്യവസ്ഥക്ക് ശക്തി പകരുകയും ഉത്തേജിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രം ഇത്തരത്തിൽ ഊർജ്ജിത താപന മേഖലയായി എത്രകാലം തുടരുമെന്ന് വ്യക്തമല്ല. ഊർജ്ജിത താപനം നടക്കുന്ന മേഖല, ഇന്ത്യൻ മഹാസമുദ്രം വിട്ട് മറ്റ് സമുദ്രമേഖലകളിലേക്ക് സ്ഥാനാന്തരണം ചെയ്യപ്പെടാനിടയായാൽ, അറ്റ്ലാന്റിക്കിലെ അക്ഷാംശന്തരീയ പര്യയന വ്യവസ്ഥക്ക് അതുവഴി ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണവും നിലച്ചേക്കാം. 

ഇരുപതാം നൂറ്റാണ്ടിൻറെ മദ്ധ്യത്തോട് കൂടിയാണ് അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തര പര്യയന വ്യവസ്ഥയിൽ (Atlantic Meridional Overturning Circulation-AMOC) ശോഷണ സ്വഭാവം പ്രകടമായി തുടങ്ങിയത്. മനുഷ്യപ്രേരിത കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളോടുള്ള ഒരു പ്രതികരണമായിരിക്കാം ഇതെന്ന് വിലയിരുത്തപ്പെടുന്നു. പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങളിൽ സംഭവിച്ച ഒരു സ്വാഭാവിക വ്യതിയാനത്തെ തുടർന്ന്  അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തര പര്യയനവ്യവസ്ഥയുടെ ശോഷണംസാധാരണ ഗതിയിൽ ആരംഭിക്കേണ്ടതിനേക്കാൾ 100 വർഷത്തോളം നേരത്തെ ആരംഭിച്ചുവെന്നാണ് മറ്റൊരു വിലയിരുത്തൽ. ആഗോളതാപനമോ അതല്ലെങ്കിൽ ഗ്രീന്ലാന്ഡിലെ ഹിമപാളികളുടെ ഉരുകലോ, കാരണം എന്തുതന്നെയായാലും ഇരുപതാം നൂറ്റാണ്ടിൽ തുടക്കം കുറിച്ച  അറ്റ്ലാന്റിക്ക് അക്ഷാംശാന്തര പര്യയനവ്യവസ്ഥയുടെ ശോഷണത്തിൽ ഒരു നൈരന്ത്യര്യ സ്വഭാവം ഉണ്ടെന്ന് തന്നെയാണ് നിരീക്ഷണങ്ങളിൽ നിന്ന് പൊതുവെ വിലയിരുത്തപ്പെടുന്നത്.   അറ്റ്ലാന്റിക്ക് അക്ഷാംശാന്തര പര്യയന വ്യവസ്ഥയിലൂടെ ഉത്തരദിശയിലേക്ക് വഹിക്കപ്പെടുന്ന തപ്തസ്വഭാവമുള്ള പ്രവാഹ ജലത്തിൽനിന്ന് അന്തരീക്ഷത്തിലേക്ക് താപം വിമോചിതമാകുന്നു. ഉത്തരാർദ്ധ ഗോളത്തിലെ സമുദ്രങ്ങളും അന്തരീക്ഷവും  തമ്മിലുള്ള താപവിനിമയത്തിന്റെ 25 ശതമാനത്തോളവും നിർവഹിക്കുന്നത് ഈ പ്രവാഹങ്ങളാണ്. പടിഞ്ഞാറേ യൂറോപ്പിൽ ചൂട് നിലനിർത്തുന്നതിൽ ഈ പ്രക്രിയക്ക് അതിനിർണ്ണായക പങ്കുണ്ട്. ഈ പര്യയന വ്യവസ്ഥ ഇല്ലായിരുന്നുവെങ്കിൽ യൂറോപ്പിൽ ശൈത്യകാലതാപനിലയിൽ ഇപ്പോഴുള്ളതിനേക്കാൾ അഞ്ച് ഡിഗ്രി സെന്റിഗ്രേഡിലേറെ കുറവുണ്ടാകുമായിരുന്നു. അതിനാൽ, ഈ പര്യയന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചെറു വ്യതിയാനങ്ങൾ പോലും യൂറോപ്പിന്റെ കാലാവസ്ഥമാറ്റിയെഴുതും; എന്ന് മാത്രമല്ല ലോകകാലാവസ്ഥയിൽ തന്നെ പ്രകടവ്യതിയാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം. 2004 മുതൽ മാത്രമാണ്  അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തര പര്യയന വ്യവസ്ഥയെ നേരിട്ടും തുടർച്ചയായും നിരീക്ഷണവിധേയമാക്കി വരുന്നത് എന്നതാണ് വ്യതിയാന പഠനങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധി. 

താപവാഹിയായ ഒരു പ്രവാഹം ആയതിനാൽ  അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തര പര്യയനവ്യവസ്ഥ ദുർബലപ്പെടുന്ന അവസരങ്ങളിൽ ഉത്തരദിശയിലേക്കുള്ള താപഗതാഗതം മന്ദീഭവിക്കുകയും അത് ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ ധ്രുവോപമേഖലകളെ  (sub polar region )അതിശൈത്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അഗാധ സമുദ്രമേഖലയിലൂടെ ദക്ഷിണ ദിശയിലേക്ക് സഞ്ചരിക്കുന്ന  അറ്റ്ലാന്റിക്ക് അക്ഷാംശാന്തര പര്യയന വ്യവസ്ഥയും സമുദ്രത്തിലെ അഗാധതലങ്ങളിലെ സാഹചര്യങ്ങളും കൂടി ചേരുമ്പോഴുണ്ടാകുന്ന അതിസങ്കീർണ്ണമായ പരസ്പര പ്രവർത്തനങ്ങൾ മൂലം ദുർബലമായ അവസ്ഥയിൽ ഗൾഫ് സ്ട്രീം പ്രവാഹത്തോട് ചേർന്ന നിലയിൽ ആണ് ഇത് എല്ലായ്‌പോഴും കാണപ്പെടുന്നത്. ഇത് അമേരിക്കയുടെ കിഴക്കൻ തീരങ്ങളെ ചൂട് പിടിപ്പിക്കുന്നു. 

1950 കൾ മുതൽ  അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തര പര്യയന വ്യവസ്ഥ യുടെ പ്രവാഹ തീവ്രതയിൽ 15 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ?.  അതായത്, ഒരു സെക്കൻഡിൽ പ്രവഹിക്കപ്പെടുന്ന ജലത്തിന്റെ അളവിൽ മൂന്ന്ദശലക്ഷം ഘനമീറ്റർ വരെ കുറവ്. അറ്റ്ലാന്റിക്കിലെ പര്യയനവ്യൂഹങ്ങൾ മന്ദീഭവിക്കുന്നതിന്റെ നേർ സാക്ഷ്യമാണിത്. RAPID കാലാവസ്ഥാ വ്യതിയാന പദ്ധതിയുടെ ഭാഗമായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഗാധ തലങ്ങളിൽ,വ്യത്യസ്ത ആഴങ്ങളില് ഊഷ്മാവ്, ലവണാംശം, പ്രവാഹ വേഗത എന്നിവ രേഖപ്പെടുത്തുന്നതിന് സ്ഥാപിക്കപ്പെട്ട ഉപകരണങ്ങൾ വഴി ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

മനുഷ്യരുടെ ഇടപെടലുകളുടെ പരിണത ഫലമായി അന്തരീക്ഷ താപനത്തിലുണ്ടായ വർദ്ധനവിനെ തുടർന്നാണ്  അറ്റ്ലാന്റിക്കിലെ അക്ഷാംശാന്തര പര്യയനവ്യവസ്ഥ മന്ദീഭവിക്കാൻ ആരംഭിച്ചത് എന്നതാണ് പൊതുവെ വിലയിരുത്തുന്നത്. ആഗോള താപനത്തിൻ മേൽ ഉണ്ടാകാവുന്ന സ്വാഭാവിക പ്രതികരണങ്ങളുടെ കൂട്ടത്തിൽ ഇതിന്റെ സാദ്ധ്യതകൾ മുൻകൂട്ടി അനുമാനിക്കപ്പെട്ടിട്ടുണ്ട്. അത്ലറ്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള അവസാദങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന വിധേയമാക്കിയതിൽ നിന്നും, വ്യവസായ വിപ്ലവത്തിന് തൊട്ട് മുൻപ് വരെ വലിപ്പമേറിയ അയിരുകൾ, ശിലാവശിഷ്ടങ്ങൾ ഏന്നിവ വഹിച്ചു കൊണ്ട് വരുവാൻ തക്ക ശക്തമായ ഒഴുക്ക് നിലനിന്നിരുന്നുവെന്ന് കണ്ടെത്താനായിട്ടുണ്ട്. കഴിഞ്ഞ 150 വർഷങ്ങൾക്കുള്ളിൽ പ്രവാഹത്തിന്റെ ശക്തി കുറഞ്ഞത് മൂലമാകാം വലിപ്പം കുറഞ്ഞ അവസാദ നിക്ഷേപങ്ങളാണ് മേൽപാളികകളിൽ കൂടുതലും കണ്ടെത്താനായത്. 

കഴിഞ്ഞ ഹിമയുഗകാലത്ത് ശക്തികുറഞ്ഞ സൗരവികിരണങ്ങൾ, തീവ്രമായ അഗ്നിപർവത സ്‌ഫോടനങ്ങൾ, സമുദ്രഹിമവും സമുദ്രജല പ്രവാഹങ്ങളുമായുള്ള പരസ്പര വർത്തനങ്ങൾ എന്നിവയുടെ ഫലമായി ഉത്തരാർദ്ധ ഗോളത്തിലെ ചിലഭാഗങ്ങളിൽ താപനില ഉദ്ദേശം രണ്ട് ഡിഗ്രി സെന്റിഗ്രേഡോളം താഴ്ന്നു. മനുഷ്യപ്രേരിത പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അറ്റ്ലാന്റിക്ക് അക്ഷാംശാന്തര പര്യയന വ്യവസ്ഥാ ശോഷണങ്ങളെ പ്രകൃതിജന്യകാരണങ്ങൾ കൊണ്ടുള്ള ശോഷണവുമായി വേർതിരിച്ചു തന്നെ കാണണം. മനുഷ്യപ്രേരിത അന്തരീക്ഷതാപനവും, അനുബന്ധ മഞ്ഞുരുകലും അറ്റ്ലാന്റിക്ക് അക്ഷാംശാന്തര പര്യയന വ്യവസ്ഥാശോഷണത്തിലേക്ക് വഴി തെളിയിക്കുന്നു. അറ്റ്ലാന്റിക്ക് അക്ഷാംശാന്തര പര്യയനവ്യവസ്ഥ ദുർബലമാകുന്ന സാഹചര്യങ്ങളിൽ ഉത്തരാർദ്ധഗോളത്തിലെ കാലാവസ്ഥാ പ്രകൃതങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായേക്കാം. യൂറോപ്പിലെ കാലാവസ്ഥയിൽ അറ്റ്ലാന്റിക്ക് അക്ഷാംശാന്തര പര്യയന വ്യവസ്ഥാ ശോഷണം ഇപ്പോൾ തന്നെ സ്വാധീനം ചെലുത്തുന്നുണ്ട്. 

ocean

ഭൂമിയുടെ വിസ്തീർണ്ണത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തോളം സമുദ്രങ്ങളാണെന്ന് നാം പഠിച്ചിട്ടുണ്ട്. അതിബൃഹത്തായ സമുദ്രമേഖലയിലെ പ്രവാഹവ്യൂഹങ്ങൾ സമുദ്രങ്ങളെപോലെ തന്നെ അതിബൃഹത്തും അതിസങ്കീർണ്ണവുമാണ്. ഇവയുടെ ഘടന, പ്രകൃതം, ഗതി എന്നിവയെ പൂർണ്ണമായി വിശകലനം ചെയ്യുവാനോ മനസ്സിലാക്കുവാനോ സാധിച്ചിട്ടില്ല. ഒരു സമുദ്രപര്യയനവ്യവസ്ഥ അതിന്റെ ചാക്രികഗമനം പൂർത്തിയാക്കാനെടുക്കുന്നത് ആയിരക്കണക്കിന് വര്ഷങ്ങളാണ്. അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ പര്യയനവ്യവസ്ഥകളെ എപ്രകാരം ബാധിക്കുന്നു എന്ന് ഗ്രഹിച്ചെടുക്കുവാൻ പ്രയാസമാണ്. കാരണം, ഒരു മനുഷ്യായുസ്സിനുള്ളിൽ പൂർത്തിയാവുന്നതല്ല ഇവയുടെ സഞ്ചാരക്രമം എന്നതുതന്നെ. ആഗോളതാപന സാഹചര്യങ്ങളിൽ ധ്രുവമേഖലകളിലെയും മറ്റ് ഹിമസാമ്രാജ്യങ്ങളിലെയും മഞ്ഞ് ഉരുകിയൊലിച്ച് സമുദ്രത്തിൽ എത്തിച്ചേരുന്നതിന് വേഗവും വ്യാപ്തിയും കൂടിയിട്ടുണ്ട്. ശുദ്ധജല സാന്നിധ്യം സമുദ്രജല പ്രവാഹങ്ങളുടെ ഗതി മന്ദീഭവിപ്പിക്കുമെങ്കിൽ തീർച്ചയായും അന്തരീക്ഷതാപനം ഉയർന്നു കൊണ്ടേയിരിക്കുന്ന നിലവിലെ സാഹചര്യങ്ങളിൽ പ്രവാഹവേഗത കൂടുതൽ മന്ദീഭവിക്കാനാണ് സാധ്യത. ചെറുതും വലുതുമായ, പ്രാദേശികവും ആഗോളതല സ്വഭാവമുള്ളതുമായ പ്രവാഹങ്ങൾ ഭൂഖണ്ഡങ്ങളിലെ കാലാവസ്ഥയെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് ഇപ്പോൾ കുറച്ചൊക്കെ നമുക്കറിയാം. ഒരു പക്ഷെ , ആഗോള താപനം എന്ന അവസ്ഥ സൃഷ്ട്ടിക്കുന്ന നൂതനമായ അനേകം പ്രശ്നങ്ങളിൽ ഒന്നാവാം സമുദ്രജലപ്രവാഹങ്ങൾക്കുണ്ടാകുന്ന പ്രകൃതമാറ്റം. ഈ മാറ്റങ്ങൾ സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തി ഒട്ടും ചെറുതാകാനിടയില്ല.

English Summary: Seawater Circulation Speed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA