sections
MORE

ഒടുവിൽ ശാസ്ത്രജ്ഞർ കണ്ടെത്തി! കൊറോണവൈറസ് ഇത്ര അപകടകാരിയാകാൻ കാരണമെന്തെന്ന്...

helmet-based ventilator in the COVID-19 usa corona virus
SHARE

ലോകമാകെ ദുരന്തം വിതച്ച മഹാമാരി കോവിഡ് ഇത്രത്തോളം മാരകമാവുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരമാണ് ഇതുവരെയും പിടിതരാത്ത സാര്‍സ് കോവ് 2 വൈറസിന്റെ പ്രത്യേകത തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ കണ്ടെത്തല്‍ കോവിഡിനെതിരായ ചികിത്സ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഏതെങ്കിലും രോഗാണു ശരീരത്തിലെത്തിയാല്‍ ഉടന്‍ തന്നെ നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിച്ചു തുടങ്ങും. ബാക്ടീരിയയോ വൈറസോ മറ്റേതെങ്കിലും സൂഷ്മാണുക്കളോ ആയാലും ഇതുണ്ടാകും. എന്നാല്‍ എല്ലാവരിലേയും രോഗപ്രതിരോധ സംവിധാനം ഒരേ വേഗത്തിലും കാര്യക്ഷമതയിലുമല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് കോവിഡ് 19 ബാധിക്കുന്ന ചിലരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രം കാണുന്നതും മറ്റു ചിലരില്‍ രോഗം രൂക്ഷമാകുന്നതും. രോഗപ്രതിരോധ സംവിധാനം പെട്ടെന്ന് പ്രതികരിച്ചില്ലെങ്കില്‍ കൊറോണ വൈറസ് മനുഷ്യരില്‍ ശ്വാസകോശത്തിലടക്കം എത്തുകയും ജീവന്‍ അപകടത്തിലാവുകയും ചെയ്യും. 

ചിലരിലെ രോഗപ്രതിരോധ സംവിധാനങ്ങള്‍ കോവിഡ് രോഗാണുവിനെതിരെ പതുക്കെ മാത്രം പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ കാരണമാണ് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 രോഗത്തിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിന്റെ മറഞ്ഞിരിക്കാനുള്ള കഴിവാണ് പെട്ടെന്ന് പ്രതിരോധ സംവിധാനങ്ങള്‍ക്ക് പിടികൊടുക്കാത്തതിന് പിന്നിലെന്നാണ് കണ്ടെത്തല്‍. നേച്ചുര്‍ മാഗസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാര്‍സ് കോവ് 2 വൈറസ് എന്‍എസ്പി 16 എന്ന പ്രത്യേകതരം മാംസ്യം നിര്‍മിക്കുകയും ആര്‍എന്‍എ പരിഷ്‌കരിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഏതെങ്കിലും കോശത്തിലെത്തിയാല്‍ അതേ കോശത്തിന്റെ ആര്‍എന്‍എ ഉപയോഗിച്ചാണ് ഇവ പിന്നീട് വലിയ തോതില്‍ പെരുകുന്നത്. പലപ്പോഴും നമ്മുടെ പ്രതിരോധ സംവിധാനം കോവിഡ് രോഗാണുവിനെ സ്വന്തം കോശമായി തെറ്റിദ്ധരിക്കുകയും ചെയ്യും. ഈ പ്രക്രിയയക്കിടെ കോശം നശിക്കുകയും പുതിയ കോശങ്ങളിലേക്ക് സമാനമായ പെരുകലുണ്ടാവുകയും ചെയ്യുന്നു. രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വൈറസിനേയും വൈറസ് ബാധിച്ച കോശങ്ങളേയും നശിപ്പിക്കും. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനം വൈകും തോറും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഒടുവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നതോടെ രോഗ പ്രതിരോധം തന്നെ പല രോഗികള്‍ക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നു. 

സാര്‍സ് കോവ് 2 വൈറസ് ബാധിക്കുന്ന കോശമായിട്ടാണ് പലപ്പോഴും പ്രതിരോധ സംവിധാനം വൈറസിനെ കാണുന്നത്. ഇത്തരത്തില്‍ മറഞ്ഞിരിക്കാനുള്ള കൊറോണ വൈറസിന്റെ കഴിവാണ് അവയെ അതീവ അപകടകാരികളാക്കുന്നതെന്നാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. കോവിഡിനെതിരായ ഭാവിയിലെ പോരാട്ടം കൂടുതല്‍ കൃത്യവും ഫലപ്രദവുമാക്കാന്‍ ഈ പഠനം കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

English Summary: Scientists finally figured out what makes the coronavirus so dangerous

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA