ADVERTISEMENT

പുതിയ ചൊവ്വാ പര്യവേഷണ പേടകം മാര്‍സ് 2020 നാസ വിജയകരമായി വിക്ഷേപിച്ചു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമാണ് 2020 മാര്‍സ് റോവറിന്റെ ലക്ഷ്യം. 'മാർസ് 2020 പെർസെവെറൻസ്' റോവർ ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. പേടകം അടുത്ത വർഷം ഫെബ്രുവരി 18ന് ചൊവ്വയിലെത്തും. ആദ്യം യുഎഇയും പിന്നാലെ ചൈനയും ചൊവ്വയിലെ രഹസ്യങ്ങൾ‍ തേടി പേടകങ്ങൾ വിക്ഷേപിച്ചിരുന്നു.

 

ഏഴ് മാസങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ 2021 മാര്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങും. ചൊവ്വയില്‍ ഇറങ്ങാന്‍ പോകുന്ന അഞ്ചാമത്തെ അമേരിക്കന്‍ പര്യവേഷണ വാഹനമാണ് 2020 മാര്‍സ് റോവര്‍. ചൊവ്വയിലെ ജീവന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് ഈ പേടകത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ചൊവ്വയില്‍ പല പരീക്ഷണങ്ങളും മാര്‍സ് 2020 നടത്തും. 23 ക്യാമറകളും രണ്ട് 'ചെവി'കളുമാണ് മാര്‍സ് റോവറിനുള്ളത്. ചൊവ്വയില്‍ വീശിയടിക്കുന്ന കാറ്റിനെക്കുറിച്ചുള്ള വിവരശേഖരണം ഈ ചെവികള്‍ വഴിയാകും നടക്കുക. ലേസറുകള്‍ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ രാസ പരിശോധന നടത്താനും പദ്ധതിയുണ്ട്.

mars-2020

 

ഒരു ചെറുകാറിനോളം വലിപ്പമുണ്ട് നാസയുടെ പുതിയ ചൊവ്വാ പേടകത്തിന്. മുന്‍ ചൊവ്വാ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റിയുടേതു പോലെ ആറ് ചക്രങ്ങളാണ് 2020 മാര്‍സ് റോവറിനും ഉള്ളത്. പാറകള്‍ നിറഞ്ഞ ചൊവ്വയുടെ പ്രതലത്തില്‍ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കുന്നതിന് വേണ്ടിയാണിത്.

mars-rover

 

വേഗത്തില്‍ പോകണമെന്നത് ചൊവ്വാ പേടകത്തെ സംബന്ധിച്ച് ഒരുലക്ഷ്യമേ അല്ല. അതുകൊണ്ട് വളരെ പതുക്കെയാവും 2020 മാര്‍സ് റോവറിന്റെ ചൊവ്വയിലെ സഞ്ചാരം. ഒരു ചൊവ്വാദിവസം (ഭൂമിയിലെ ഒരു ദിവസവും 37 മിനിറ്റും) കൊണ്ട് 180 മീറ്റര്‍ മാത്രമാണ് ഇത് സഞ്ചരിക്കുക. പ്രത്യേകമായി നിര്‍മിച്ച ചെറു ആണവറിയാക്ടറായിരിക്കും മാര്‍സ് 2020ക്ക് ആവശ്യമായ ഇന്ധനം നല്‍കുക. 

 

ഏഴ് അടി നീളമുള്ള കൃത്രിമ കൈകള്‍ ഉപയോഗിച്ചാകും ഈ പേടകം ചൊവ്വയുടെ പ്രതലം തുരന്ന് സാംപിളുകള്‍ ശേഖരിക്കുക. ചൊവ്വയില്‍ ജീവന്‍ സാധ്യമായ പ്രദേശം തിരിച്ചറിയുകയെന്ന ലക്ഷ്യം കൂടി ഈ യാത്രക്കു പിന്നിലുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന സാംപിളുകള്‍ അതാത് പ്രദേശങ്ങളില്‍ വൃത്തിയില്‍ പൊതിഞ്ഞശേഷം ഉപേക്ഷിക്കുകയാണ് 2020 മാര്‍സ് റോവര്‍ ചെയ്യുക. ഭാവിയില്‍ ഭൂമിയില്‍ നിന്നുള്ള ദൗത്യങ്ങളാകും ചൊവ്വാ പ്രതലത്തില്‍ നിന്നും ഇവ ശേഖരിക്കുക. ഇത് 2026ലാകുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. ഇതിന് കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് നാസ കരുതുന്നത്. 

 

ഒരു ചൊവ്വാ വര്‍ഷം ( ഭൂമിയിലെ 687 ദിവസം) നാസയുടെ മാര്‍സ് 2020 പേടകം ചൊവ്വയില്‍ ചുറ്റിത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, നാസയുടെ മുന്‍ ചൊവ്വാ ദൗത്യങ്ങള്‍ കണക്കിലെടുത്താല്‍ ഇതില്‍ കൂടുതല്‍ കാലം പേടകം ചൊവ്വയില്‍ കഴിയാനാണ് സാധ്യത. 2012ല്‍ ചൊവ്വയിലെത്തിയ ക്യൂരിയോസിറ്റി പേടകം ഇപ്പോഴും അവിടെയുണ്ട്. 687 ദിവസം കാലാവധി കണക്കാക്കിയിരുന്ന ക്യൂരിയോസിറ്റി 2703 ദിവസങ്ങള്‍ക്കുശേഷവും ചൊവ്വയിലെ പര്യവേഷണം നിര്‍ത്തിയിട്ടില്ല.

 

English Summary: NASA launches Mars rover Perseverance to seek signs of ancient life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com