ADVERTISEMENT

മിക്ക കമ്പനികളെയും കോവിഡ്-19 തളര്‍ത്തിയെങ്കില്‍ ഫാര്‍മാ കമ്പനികളടക്കം ചിലര്‍ക്ക് അത് ചാകരയും സമ്മാനിച്ചു. വാക്‌സിനൊന്നും വികസിപ്പിച്ചില്ലെങ്കില്‍ പോലും ലോട്ടറിയടിച്ച മൂഡിലാണ് പല ഫാര്‍മാ കമ്പനികളുടെ ഉദ്യോഗസ്ഥരെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നാം ലോക രാജ്യങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരം നാടകങ്ങളാണ് അമേരിക്കയില്‍ അരങ്ങേറുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണാവൈറസിന്റെ ആക്രമണത്തില്‍ നിന്ന് കോടിക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനായി വാക്‌സിന്‍ വികസിപ്പിക്കുക എന്ന ജോലിയാണ് ഫാര്‍മാ കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി അമേരിക്കയിലെ പല കമ്പനികള്‍ക്കുമായി സർക്കാർ ബില്ല്യന്‍ കണക്കിനു ഡോളര്‍ ഫണ്ടും നല്‍കുന്നുണ്ട്. അതൊക്കെ വേണ്ട കാര്യം തന്നെയാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഫാര്‍മാ കമ്പനികള്‍ ഇതുവരെ ഒരു വാക്‌സിനും വിജയകരമായി ഉണ്ടാക്കിയിട്ടൊന്നുമില്ലെങ്കിലും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവുമാര്‍ ദശലക്ഷക്കണക്കിനു ഡോളര്‍ അധികമായി കൈപ്പറ്റുന്നതായി കണ്ടെത്തിയിരികകുകയാണ്. അതും അമേരിക്കയിലെ നികുതിദായകന്റെ പണം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, 'ഓപ്പറേഷന്‍ വാര്‍പ് സ്പീഡ്' എന്ന പേരില്‍ ഒരു ഉദ്യമം നടത്തുന്നുണ്ട്. ഇതിന്റെ ലക്ഷ്യം ജനുവരി 2021ല്‍ 300 ദശലക്ഷം ഡോസ് വാക്‌സിന്‍ പുറത്തിറക്കുക എന്നതാണ്. സർക്കാർ തന്നെ ദശലക്ഷക്കണക്കിനു ഡോസ് വാങ്ങിച്ചോളാമെന്നും കരാറിലുണ്ട്. ഇതിനായി സർക്കാർ ബില്ല്യന്‍ കണക്കിനു ഡോളറാണ് കൊടുക്കുന്നത്. പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് മൈക് പെന്‍സും വാക്‌സിന്‍ നിര്‍മാണ യൂണിറ്റുകളില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനവും നടത്തിയിരുന്നു. ട്രംപ് മഹാമാരി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നു മുക്തമായി, അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളതെന്ന് ചിലര്‍ പറയുന്നു.

ഇതിനായി നോവാവാക്‌സ് എന്ന ഫാര്‍മാ കമ്പനിക്ക് 1.6 ബില്ല്യന്‍ ഡോളര്‍ അനുവദിച്ചു. മോഡേണ എന്ന കമ്പനിക്ക് 483 ദശലക്ഷം ഡോളറും അനുവദിച്ചു. മൊത്തം അഞ്ചു കമ്പനികള്‍ക്കാണ് ട്രംപ് ഭരണകൂടം സഹായധനം നല്‍കുന്നത്. വാക്‌സിന്‍ കണ്ടുപിടിക്കാനായി ഭീമാകാരമായ വ്യവസായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇത്ര ബ്രഹത്തായ സംഭവങ്ങളൊന്നും ലോകത്ത് നടന്നിട്ടില്ലെന്നു തട്ടിവിടുകയുമൊക്കെ ചെയ്തിട്ടുണ്ട് ട്രംപ്. എന്നാലിപ്പോള്‍, ഇതിന്റെ പേരില്‍ ട്രംപ് പ്രോത്സാഹിപ്പിക്കുന്ന ചില ഫാര്‍മാ കമ്പനികളുടെ ഉദ്യോഗസ്ഥര്‍ എഴുതിയെടുക്കുന്ന ബോണസിന്റെയും മറ്റും കണക്കുകളാണ് ചില നിരീക്ഷകരുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്.

ട്രംപിന്റെ ധനസഹായം ലഭിച്ച കമ്പനികളിലൊന്നായ മോഡേണയിലെ എക്‌സിക്യൂട്ടീവുമാര്‍ കമ്പനിയുടെ ഓഹരി വിറ്റു കാശുണ്ടാക്കിയതായി കണ്ടെത്തിയിരിക്കുകയാണ്. നിരീക്ഷകര്‍ പറയുന്നത്, നിർമിക്കാത്ത വാക്‌സിന്റെ പേരില്‍ നികുതിദായകന്റെ പണം കൈപ്പറ്റിയശേഷം നടത്തുന്ന കസര്‍ത്തുകള്‍ ശരിയല്ല എന്നാണ്. മോഡേണയുടെ സിഇഒ സ്‌റ്റെഫാനി ബാന്‍സെല്‍ ജനുവരി 1നും, ജൂണ്‍ 26നുമിടയില്‍ 21 ദശലക്ഷം ഡോളറിന്റെ ഓഹരി ഇടപാടുകള്‍ നടത്തി. ജൂലൈയില്‍ 30 ലക്ഷം ഡോളറിന്റെ ഇടപാടും നടത്തി. കമ്പനിയുടെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ റ്റാല്‍ സാക്‌സ് 80 ലക്ഷം ഡോളറിലേറെ തുകയ്ക്കുള്ള ഓഹരി ഇടപാടുകള്‍ നടത്തിയ കാര്യവും വെളിച്ചത്തുവന്നു. ഈ കമ്പനിയുടെ പ്രസിഡന്റ് സ്റ്റീവന്‍ ഹോജ് 12 ലക്ഷത്തിലേറെ ഡോളറിന്റെ ഇടപാടാണ് നടത്തിയിരിക്കുന്നത്. എന്നാല്‍, ഈ ഇടപാടുകളെല്ലാം നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്നും അവ പിന്‍വലിക്കാനാവില്ലെന്നുമാണ് ബാന്‍സെല്‍ പറഞ്ഞത്.

മേരീലാൻഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നോവാവാക്‌സിന്റെ ഉദ്യോഗസ്ഥരും ഓഹരികള്‍ പുനക്രമീകരിക്കുകയാണ്. സർക്കാരില്‍ നിന്ന് ധാരാളം ഫണ്ട് കൈപ്പറ്റിയ കമ്പനിക്ക് വാക്‌സിന്‍ നിർമിച്ച് മാര്‍ക്കറ്റിലെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ധാരാളമായി പണം ഉണ്ടാക്കാവുന്ന രീതിയിലാണ് ക്രമീകരണമൊക്കെ എന്നാണ് ആരോപണം. കമ്പനി വികസിപ്പിക്കുന്ന വാക്‌സിന്‍ രണ്ടാം പരീക്ഷണഘട്ടത്തിലേക്കു കടക്കുന്ന സമയത്ത്, കമ്പനിയുടെ സിഇഒയ്ക്കും പ്രധാന എക്‌സിക്യൂട്ടീവുമാര്‍ക്കും 10 കോടിയിലേറെ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ ഉപയോഗിക്കാന്‍ പാകത്തിനാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

സാന്‍ഫ്രാന്‍സികോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ കമ്പനിയാണ് വാക്‌സാര്‍ട്ട് (Vaxart). അവര്‍ നല്‍കിയ ഒരു വാർത്താക്കുറിപ്പില്‍ പറയുന്നത് തങ്ങളുടെ കോവിഡ്-19 വാക്‌സിന്‍ അമേരിക്കന്‍ സർക്കാരിന്റെ ഓപ്പറേഷന്‍ വാര്‍പ് സ്പീഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നാണ്. ആഴ്ചകള്‍ക്കു മുൻപേ കമ്പനിയുടെ അധികാരികളില്‍ പലര്‍ക്കും ധാരാളമായി വാക്‌സാര്‍ട്ടിന്റെ ഓഹരികള്‍ ലഭിച്ചതായാണ് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയെ നിയന്ത്രിക്കുന്ന ഹെജ് ഫണ്ടിന് അപ്പോള്‍ത്തന്നെ 20 കോടി ഡോളറിന്റെ 'ഭാഗ്യമാണ്' നിമിഷനേരത്തിനുള്ളില്‍ വന്നു കൂടിയതത്രെ. അതിനിടെ, കമ്പനിക്ക് അവരവകാശപ്പെടുന്ന രീതിയിലുള്ള പരിഗണനയൊന്നും സർക്കാരില്‍ നിന്നു ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. മോഡേണയോ വാക്‌സാര്‍ട്ടോ ഈ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു.

ഫാര്‍മാ കമ്പനി എക്‌സിക്യൂട്ടീവുമാര്‍ നടത്തുന്ന ഈ അടിച്ചുമാറ്റല്‍ അസാധാരണമാണെന്ന് നിരീക്ഷകര്‍ പറയുന്നു. വികസിപ്പിച്ച് മാര്‍ക്കറ്റിലെത്തിക്കാത്ത വാക്‌സിന്റെ പേരില്‍, അമേരിക്കയിലെ നികുതിദായകന്റെ പണം വീട്ടില്‍ കൊണ്ടുപോകുന്നതിനെതിരെയാണ് അവര്‍ രംഗത്തുവന്നിരിക്കുന്നത്. മരുന്നു കമ്പനികള്‍ക്ക് ബില്ല്യന്‍ കണക്കിനു ഡോളറാണ് നികുതിദാതാക്കളില്‍ നിന്നു ലഭിക്കുന്നത്. കമ്പനിയുടെ ഉദ്യോഗസ്ഥര്‍ അതു മുതലാക്കി പണം തട്ടുന്ന കാഴ്ച ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് അവര്‍ പറയുന്നത്. സ്വയം ബോണസും മറ്റും എഴുതിയെടുക്കുന്ന പ്രവണതയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. നടക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം വേണം. അവ സുതാര്യവുമായിരിക്കണമെന്നും അവര്‍ പറയുന്നു.

English Summary: Pharmaceutical executives are getting multimillion-dollar payouts – without even producing a vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com