ADVERTISEMENT

ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നിന്നും ഏറ്റവും കൂടുതല്‍ കടമെടുത്തിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നതിന്റെ കണക്കുകള്‍ പുറത്തുവന്നു. യുറേഷ്യൻ ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ (എഐഐബി) നിന്നും ഏതാണ്ട് 450 കോടി ഡോളറാണ് ഇന്ത്യ കടമായി എടുത്തിട്ടുള്ളത്. പ്രാദേശിക വികസന പദ്ധതികള്‍ക്കായി മറ്റൊരു 100 കോടി ഡോളര്‍ കൂടി ഇന്ത്യ കടമെടുത്തിട്ടുണ്ട്. ഇത് രണ്ടും ചേരുമ്പോള്‍ ഏതാണ്ട് ഇന്ത്യക്ക് ഈ ബാങ്കിലെ ബാധ്യത 41,100 കോടി രൂപയിലേറെ വരും.

ഏഷ്യ പസഫിക് മേഖലയിലെ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായിക്കുകയെന്ന ലക്ഷ്യത്തില്‍ 2016ലാണ് എഐഐബി സ്ഥാപിച്ചത്. അതിവേഗത്തിലാണ് ഈ ബാങ്ക് വികസിച്ചത്. ഇപ്പോള്‍ 102 അംഗങ്ങളുള്ള എഐഐബിയില്‍ ഇന്ത്യക്ക് 7.6 ശതമാനം മാത്രമാണ് വോട്ടിങ് പവറുള്ളത്. എന്നാല്‍ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കടമെടുത്തിട്ടുള്ള രാജ്യമാണ് ഇന്ത്യ. എഐഐബി ആകെ അനുമതി നല്‍കിയിട്ടുള്ള വായ്പയില്‍ 25 ശതമാനവും ഇന്ത്യക്കാണ് നല്‍കിയതെന്നതും ശ്രദ്ധേയം. 

കോവിഡുമായി ബന്ധപ്പെട്ട് ഒടുവില്‍ 500 ദശലക്ഷം ഡോളറും (ഏതാണ്ട് 3736 കോടി രൂപ) നേരത്തെ 750 ദശലക്ഷം ഡോളറുമാണ് ( ഏതാണ്ട് 5604 കോടി രൂപ) ഇന്ത്യ എഐഐബിയില്‍ നിന്നും കടമെടുത്തിട്ടുള്ളത്. ഇന്തൊനീഷ്യയും ഫിലിപ്പീന്‍സും എഐഐബിയില്‍ നിന്നും 750 ദശലക്ഷം ഡോളര്‍ കടമെടുത്തിട്ടുണ്ട്. 500 ദശലക്ഷം ഡോളര്‍ എടുത്ത പാക്കിസ്ഥാനും 250 ദശലക്ഷം ഡോളര്‍ കടമെടുത്ത ബംഗ്ലാദേശിനുമാണ് പിന്നെ കൂടുതല്‍ കോവിഡ് ബാധ്യതയുള്ളത്.

57 അംഗരാജ്യങ്ങളുമായി തുടങ്ങി ഇപ്പോള്‍ 102 ലെത്തി നില്‍ക്കുന്ന എഐഐബിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഓണ്‍ലൈന്‍ മീറ്റിങില്‍ പറഞ്ഞത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ തുടങ്ങി ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് എഐഐബിക്ക് സാന്നിധ്യം വിപുലപ്പെടുത്താനായെന്നും ഷി ജിന്‍പിങ് പറഞ്ഞിരുന്നു. ഏതാണ്ട് 2000 കോടി ഡോളറാണ് ( ഏതാണ്ട് 1.49 ലക്ഷം കോടി രൂപ ) അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വായ്പയായി എഐഐബി അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

കോവിഡ് 19 പ്രതിസന്ധിക്കിടെ അതിവേഗത്തില്‍ 1000 കോടി ഡോളര്‍ വായ്പ അനുവദിച്ച എഐഐബി നടപടിയെ ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 2020-25 കാലയളവില്‍ നടക്കുന്ന നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്‌ലൈന്‍ പദ്ധതിക്കടക്കം എഐഐബി വായ്പകള്‍ ഗുണമാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഏതാണ്ട് 1.4 ട്രില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

English Summary: India Biggest Borrower From China-Based Bank For COVID-19 Relief Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com