ADVERTISEMENT

തിരുവനന്തപുരം ∙ ബഹിരാകാശ രംഗത്തു സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ–സ്പേസ്) ഇസ്റോയ്ക്കു മുകളിൽ അധികാരമുള്ള സ്ഥാപനമാകും. സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച ഇൻ–സ്പേസിന്റെ തീരുമാനങ്ങൾ ഇസ്റോ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. സ്വകാര്യ കമ്പനികൾ പദ്ധതികൾക്ക് ഇസ്റോയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഇൻ– സ്പേസ് പ്രവർത്തന രേഖ വ്യക്തമാക്കുന്നു.

 

  ഇൻ–സ്പേസ് ?

ബഹിരാകാശ രംഗത്തു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള ഏകജാലക നോഡൽ ഏജൻസി. ബഹിരാകാശ മന്ത്രാലയത്തിനു കീഴിൽ സ്വയംഭരണാവകാശമുള്ള സ്ഥാപനം. ചെയർമാൻ, സ്പേസ്, അക്കാദമിക്, വ്യവസായ മേഖലകളിൽ നിന്നുള്ള വിദഗ്ധർ എന്നിവർക്കു പുറമേ പ്രധാനമന്ത്രിയുടെ ഓഫിസ്, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികളും ഭരണസമിതിയിലുണ്ടാകും. ടെക്നിക്കൽ, ലീഗൽ, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, മോണിറ്ററിങ് ആൻഡ് പ്രമോഷൻ ഡയറക്ടറേറ്റുകൾക്കാണ് ഏകോപനച്ചുമതല.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിൽ പ്രതിരോധം, വ്യോമയാനം എന്നിവയ്ക്കൊപ്പം ബഹിരാകാശ മേഖലയിലും സ്വകാര്യവൽക്കരണം കൊണ്ടുവരുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇൻ–സ്പേസ്.

 

 അധികാരം വാനോളം

സ്വകാര്യ കമ്പനികൾക്ക് വിക്ഷേപണ വാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണത്തിന് അനുമതി നൽകൽ, ബഹിരാകാശ സേവനങ്ങളിലെ പങ്കാളിത്തം, അടിസ്ഥാന സൗകര്യങ്ങൾ പങ്കിടൽ, ഇസ്റോ സ്ഥാപനങ്ങളിൽ സ്വകാര്യ മേഖലയ്ക്കു താൽക്കാലിക സൗകര്യങ്ങളൊരുക്കൽ എന്നിവയെല്ലാം ഇൻ–സ്പേസിന്റെ അധികാരപരിധിയിൽ വരും.

English Summary: Isro's IN-SPACe to be set up as single-window nodal agency for pvt sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com