ADVERTISEMENT

കൊറോണാവൈറസ് 17.2 ദശലക്ഷത്തിലേറെ പേരെ രാജ്യവ്യത്യാസമില്ലാതെ ബാധിച്ചിരിക്കുകയാണ്. 680,000 ലേറെ പേര്‍ മരിക്കുകയും ചെയ്തു. ഇതിനെതിരെ വാക്‌സിനോ മരുന്നോ വരുന്നുവെന്നു പറഞ്ഞാല്‍ എല്ലാവരും ആഹ്ലാദചിത്തരാകേണ്ടതാണ്. എന്നാല്‍, ലോകാരോഗ്യ സംഘടനയോ, അമേരിക്കയിലെ സാംക്രമിക രോഗ വിദഗ്ധനായ ആന്റണി ഫൗച്ചിയോ പുതിയ അവകാശവാദത്തില്‍ അശേഷം പ്രതീക്ഷ പ്രകടിപ്പിച്ചിട്ടില്ല. റഷ്യയും ചൈനയും വികസിപ്പിച്ചുവെന്നു പറയുന്ന വാക്‌സിനെ സംശദൃഷ്ടിയോടെ മാത്രം കണേണ്ടത് എന്തുകൊണ്ടാണ് എന്നു കൂടെ ഫൗച്ചി വിശദീകരിച്ചു. അതിലേക്കു വരും മുൻപ്, റഷ്യന്‍ വാക്‌സിന്‍ വികസനം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നു പരിശോധിക്കാം:

 

റഷ്യയുടെ വാക്‌സിന്‍ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം മാത്രമേ കടന്നിരിക്കാന്‍ സാധ്യതയുള്ളുവെന്നാണ് പറയുന്നത്. റഷ്യയുടെ സെച്ചനോവ് യൂണിവേഴ്‌സിറ്റിയാണ് തങ്ങള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്നും ലോകത്തെ ആദ്യത്തെ കൊറോണാവൈറസ് വാക്‌സിന്‍ തയാറാണെന്നും അറിയിച്ച് എത്തിയത്. എന്നാല്‍, ലോകാരോഗ്യ സംഘടന ജൂലൈ 7ന് ഇറക്കിയ കുറിപ്പില്‍ പറയുന്നത് അത് ആ സമയത്ത് പോലും ഒന്നാം ഘട്ട ട്രയലിലാണ് എന്നാണ്. എന്നു പറഞ്ഞാല്‍, 3-4 ഘട്ട ട്രയലുകള്‍ കൂടെ നടത്തിയാല്‍ മാത്രമെ അത് മനുഷ്യര്‍ക്ക് സുരക്ഷിതമായിരിക്കുമെന്ന് വിധിയെഴുതാനാകൂ. വിജയിക്കാന്‍ സാധ്യതയുള്ള 21 വാക്‌സിനുകളെക്കുറിച്ചും സംഘടന പറയുന്നു- അവയില്‍ ഏറ്റവും സാധ്യതകല്‍പ്പിക്കുന്നത് ചൈനയില്‍ നിന്നുള്ള സിനോവാകിനും (Sinovac), യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡും അസ്ട്രാ-സെനക്കയും വികസിപ്പിച്ചു വരുന്ന വൈറല്‍ വെക്ടര്‍ വാക്‌സിനുമാണ്. ( ഓക്‌സ്ഫഡിന്റെ വാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തും. വംശീയമായ വ്യത്യാസങ്ങള്‍ മൂലം എന്തു സംഭവിക്കുമെന്നു കൂടെ അറിയാനാണിത്. ) റഷ്യന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രധാന ഗവേഷകന്‍ പറയുന്നത് മനുഷ്യരുടെ മേലുള്ള എല്ലാ പരീക്ഷണവും തങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു എന്നാണ്.

 

പക്ഷേ, അവര്‍ പുറത്തുവിട്ട കണക്കു പ്രകാരം ആകെ 40 പേര്‍ മാത്രമാണ് ട്രയലില്‍ പങ്കെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന വച്ചിരിക്കുന്ന മാനദണ്ഡം പാലിക്കുകയാണെങ്കില്‍ രണ്ടാം ഘട്ടത്തില്‍ കുറഞ്ഞത് നൂറു പേരിലെങ്കിലും പരീക്ഷിക്കണം, മൂന്നാം ഘട്ടത്തില്‍ ആയിരങ്ങളില്‍ പരീക്ഷിക്കണം. ചുരുക്കി പറഞ്ഞാല്‍, റഷ്യന്‍ ട്രയലിന്റെ ആദ്യ ഘട്ടം മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. റഷ്യന്‍ വാക്‌സിന്റെ ട്രയല്‍ ആദ്യം തുടങ്ങുന്നത് ജൂണ്‍ 18നാണ് എന്നു കൂടെ ഓര്‍ക്കണം. ചില ഗവേശഷകര്‍ പറയുന്നത് കൊറോണാവൈറസ് വാക്‌സിന്‍ പൂര്‍ണമായി വികസിപ്പിക്കണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും എടുക്കുമെന്നും, അത് വിപണിയിലെത്താന്‍ തങ്ങള്‍ നല്‍കുന്ന സാധ്യത 6 ശതമാനമാണെന്നുമാണ്. മലേറിയ, എബോള, ഡെങ്കി തുടങ്ങിയവയുടെ വാക്‌സിന്‍ വികസിപ്പിക്കാന്‍ കുറഞ്ഞത് നാലു വര്‍ഷമെടുത്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. റഷ്യന്‍ വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നതാണെന്നു കണ്ടെത്തിയാല്‍ പോലും അത് സുരക്ഷിതമാണെന്ന് ലോകരോഗ്യ സംഘടനയും മറ്റും പറയാന്‍ സാധ്യതയില്ലെന്നും റഷ്യന്‍ സർക്കാർ വാക്‌സിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന വിക്രീയകള്‍ യാഥാര്‍ഥ്യത്തെ മൂടിവയ്ക്കുന്നുവെന്നും പറയന്നു. ആകാശത്തു നിന്ന് മാന്ത്രിക മരുന്നു വീണു കിട്ടിയെന്നു പറഞ്ഞാലും, അതു സുരക്ഷിതമാണോ എന്ന കാര്യത്തിനായിരിക്കും ശാസ്ത്ര ലോകം ഊന്നല്‍ നല്‍കുക എന്നും ഗവേഷകര്‍ പറയുന്നു.

 

∙ ഫൗച്ചിക്കു പറയാനുള്ളത്

 

റഷ്യയും ചൈനയും പുറത്തിറക്കാന്‍ തിരക്കുകൂട്ടുന്ന വാക്‌സിനുകളെക്കുറിച്ച് തന്റെ ഉല്‍കണ്ഠ രേഖപ്പെടുത്തുകയാണ് ഫൗച്ചി ചെയ്തിരിക്കുന്നത്. ഈ രണ്ടു രാജ്യങ്ങളും വികസിപ്പിക്കുന്ന വാക്‌സിന്‍ തന്റെ രാജ്യം ഉപയോഗിക്കാനുളള സാധ്യത വിരളമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനക്കാരും റഷ്യക്കാരും തങ്ങളുടെ വാക്‌സിന്റെ ടെസ്റ്റെങ്കിലും നടത്തുന്നുണ്ടെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറയുന്നു. കൂടാതെ, ചൈനയിലും റഷ്യയിലും വാക്‌സിന് അംഗീകാരം നല്‍കുന്ന അധികാരികള്‍ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്കു പരിശോധിച്ചു ബോധ്യംവരുത്താനായി നല്‍കുന്നില്ല. പക്ഷേ, 2021ല്‍ വാക്‌സിന്‍ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്ലാ ആമേരിക്കക്കാര്‍ക്കും അത് വരുമ്പോൾ തന്നെ ലഭിക്കണമെന്നില്ലെന്നും ഫൗച്ചി പറഞ്ഞു.

Tiktok

 

∙ ഇന്ത്യയിലെ മുഖ്യ രൂപഭേദം യൂറോപ്യന്‍ യാത്രക്കാര്‍ കൊണ്ടുവന്നത്

 

ഇന്ത്യയില്‍ സാര്‍സ്-കോവ്-2ന്റെ ജീനോമിനെക്കുറിച്ചു നടത്തിയ ആദ്യ പഠന റിപ്പോര്‍ട്ട് പറയുന്നത് യൂറോപ്യന്‍ രാജ്യക്കാര്‍ കൊണ്ടുവന്ന ഒരു കൊറോണാവൈറസ് രൂപഭേദമാണ് ഏറ്റവും മുഖ്യമെന്നാണ്. ഇത് രാജ്യമെമ്പാടുമുണ്ടെന്നും പറയുന്നു. ഈ പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ പറയുന്നത് ആദ്യ ലോക്ഡൗണ്‍ വിജയമായിരുന്നു എന്നാണ്. ആദ്യ സൂചനകള്‍ പ്രകാരം കൊറോണാവൈറസിന്റെ ഒന്നിലേറെ വംശങ്ങള്‍ ഇന്ത്യയില്‍ പ്രചരിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്, അമേരിക്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവയെല്ലാം രാജ്യത്തു പ്രചരിക്കുന്നുണ്ട്. ഡി614ജി ജനിതക പരിവർത്തനത്തോടു കൂടിയ എ2എ ഹാപ്ലോടൈപ് (A2a haplotype (20A/B/C) with D614G (gene) ആണ് പ്രധാനമായി കാണപ്പെടുന്നത് എന്ന് ഗവേഷകര്‍ പറയുന്നു. യൂറോപ്പില്‍ നിന്നെത്തിയ ഹാപ്ലോടൈപ് വ്യതിയാനമാണ് ഇന്ത്യയില്‍ മുഖ്യമായി പ്രചരിക്കുന്നതെന്ന് പഠനം പറയുന്നു.

twitter

 

∙ അമേരിക്കയിലെ ഓഹരി വില്‍ക്കാന്‍ തയാറാണെന്ന് ടിക്‌ടോക്

 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടിക്‌ടോക് ആപ് നിരോധിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ അമേരിക്കയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ തയാറാണെന്ന് കമ്പനിയുടെ ഉടമ ബൈറ്റ്ഡാന്‍സ് അറിയിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബൈറ്റ്ഡാന്‍സ് അമേരിക്കിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിഞ്ഞു പോകുകയും മൈക്രോസോഫ്റ്റ് അത് ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. എന്നാല്‍, ഇത് സ്വീകാര്യമാണോ എന്ന കാര്യത്തെക്കുറിച്ച് വൈറ്റ്ഹൗസ് ഒന്നും പറയാത്തതിനാല്‍ ടിക്‌ടോകിന്റെ ഭാവി ഇപ്പോഴും തുലാസിലാണെന്നു പറയുന്നു. അതേസമയം, മറ്റു പല കമ്പനികളും ടിക്‌ടോക് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായും അറിയുന്നു. അങ്ങനെ വന്നാല്‍, മറ്റൊരു സാധ്യത അമേരിക്കന്‍ യൂസര്‍മാരുടെ ഡേറ്റ മുഴുവന്‍ മൈക്രോസോഫ്റ്റിന്റെ നിയന്ത്രണത്തിനു വിടുകയും മറ്റേതെങ്കിലും അമേരിക്കന്‍ കമ്പനി ടിക്‌ടോക് ഏറ്റെടുക്കുന്നതുമായിരിക്കും.

 

∙ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍

 

സൗദി കമ്പനിയായ ആരാംകോയെ മറികടന്ന് അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ ആപ്പിള്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായിരിക്കുകയാണ്. 10 ശതമാനം വളര്‍ച്ച നേടിയ ആപ്പിളിന്റെ മൂല്യം 1.817 ട്രില്ല്യന്‍ ഡോളറിലെത്തിയിരിക്കുകയാണ്. ആരാംകോയുടെ മൂല്യം 1.76 ട്രില്ല്യനായാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

 

∙ പ്രശസ്തരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത് ടീനേജര്‍?

 

മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡ്ന്റ് ജോ ബൈഡന്റെയും, ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെയുമടക്കം അതിപ്രശസ്തരായ ചില ട്വിറ്റര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടത് ടെക്‌നോളജി കമ്പനികള്‍ക്ക് വളരെ നാണക്കേടുണ്ടാക്കിയ കാര്യമാണ്. ഈ കേസില്‍ ഫ്‌ളോറിഡക്കാരനായ ഒരു 17 വയസുകാരന്‍ അറസ്റ്റിലായിരിക്കുകയാണ്. ഗ്രയാം ഇവാന്‍ ക്ലാര്‍ക്ക് ആണ് കേസിലെ മുഖ്യപ്രതി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏപ്രിലില്‍ 700,000 ഡോളര്‍ വിലയുള്ള ബിറ്റ്‌കോയിന്‍ സീക്രട്ട് സര്‍വീസ് പിടിച്ചെടുത്തിരുന്നു. ട്വിറ്റര്‍ ഹാക്കിലൂടെ 180,000 ലേറെ ഡോളര്‍ വിലയ്ക്കുള്ള ബിറ്റ്‌കോയിന്‍ ആക്രമണകാരികള്‍ സമ്പാദിച്ചിരിക്കാമെന്നാണ് കരുതുന്നത്.

 

∙ ചൈനയിലെ അവസാന കംപ്യൂട്ടര്‍ ഫാക്ടറിയും സാംസങ് അടച്ചു

 

ചൈനയിലെ തങ്ങളുടെ അവസാന കംപ്യൂട്ടര്‍ ഫാക്ടറിയും സാംസങ് അടച്ചുപൂട്ടി. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ കമ്പനി വിസമ്മതിച്ചു. ചൈന തങ്ങളുടെ സുപ്രധാ വിപണിയായി തുടരുമെന്ന് അവര്‍ അറിയിച്ചു.

 

English Summay: Fact check: Did the Russians really develop vaccine etc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com