ADVERTISEMENT

പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് ചിലിയിലെ അറ്റകാമ കോസ്‌മോളജി ടെലസ്‌കോപ്. ഏതാണ്ട് 1377 കോടി വര്‍ഷങ്ങള്‍ക്ക് മുൻപാണ് പ്രപഞ്ചമുണ്ടായതെന്നാണ് ഈ ടെലസ്‌കോപ് ഉപയോഗിച്ച് കണ്ടെത്തിയിരിക്കുന്നത്. യൂറോപിന്റെ ബഹിരാകാശ ടെലസ്‌കോപായ പ്ലാങ്കും 2010 ഏതാണ്ട് സമാനമായ കണ്ടെത്തല്‍ നടത്തിയിരുന്നു. ഇതു രണ്ടും നേരത്തെ കണക്കാക്കിയ പ്രപഞ്ചത്തിന്റെ പ്രായത്തേക്കാള്‍ വ്യത്യസ്ഥമാണെന്നതാണ് ചര്‍ച്ചകളുടെ അടിസ്ഥാനം.

 

1929ല്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബിളാണ് പ്രപഞ്ചം വികസിക്കുന്നുവെന്ന് കണ്ടെത്തിയത്. പ്രപഞ്ച വികാസത്തിന്റെ നിരക്ക് കണക്കുകൂട്ടി ഹബിള്‍ സ്ഥിരാങ്കം കണ്ടെത്തുകയും അദ്ദേഹം ചെയ്തു. പിന്നീട് ഹബിള്‍ സ്ഥിരാങ്കം കൂടുതല്‍ കൃത്യമാക്കാനുള്ള ശ്രമങ്ങളും നടത്തി. എന്നാല്‍ നേരത്തെ കണ്ടെത്തിയ ഹബിള്‍ സ്ഥിരാങ്കവും പ്രപഞ്ച വികാസ നിരക്കില്‍ നിന്നും വ്യത്യസ്ത ഫളങ്ങളാണ് ഒരു പതിറ്റാണ്ട് മുൻപ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്ലാങ്ക് സ്‌പേസ് ഒബസര്‍വേറ്ററി മിഷനിലൂടെ ലഭിച്ചത്.

 

പ്ലാങ്ക് ദൂരദര്‍ശിനി പ്രപഞ്ചത്തിലെ 'ആദി പ്രകാശം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാവിസ്‌ഫോടനകാലത്തുണ്ടായ കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ടിനെയാണ് (സിഎംബി) പ്രപഞ്ചത്തിന്റെ പ്രായം കണക്കുകൂട്ടാന്‍ ഉപയോഗിച്ചത്. പ്രപഞ്ചം നിര്‍മിക്കപ്പെട്ട് ആദ്യത്തെ 3.80 ലക്ഷം വര്‍ഷങ്ങള്‍ പ്രപഞ്ചത്തിലാകെ അതാര്യമായ പ്ലാസ്മ നിറഞ്ഞിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പിന്നീട് പ്രകാശ രശ്മികള്‍ സഞ്ചരിച്ചു തുടങ്ങിയതോടെ അവയുടെ തരംഗ ദൈര്‍ഘ്യവും വര്‍ധിച്ചു തുടങ്ങി. പ്രകാശ രശ്മികള്‍ കാന്തികസ്‌പെക്ട്രത്തിലെ ഇന്‍ഫ്രാറെഡ് ശ്രണിയിലേക്കും ഒടുവില്‍ മൈക്രോവേവ് ഗ്രൂപ്പിലേക്കും എത്തിച്ചേരും. പ്ലാങ്ക് സ്‌പേസ്‌ക്രാഫ്റ്റും ചിലിയിലെ ടെലസ്‌കോപും ഇത്തരം മൈക്രോവേവുകളില്‍ പഠനം നടത്തിയാണ് പ്രപഞ്ചത്തിന്റെ പ്രായവും വികാസവും നിര്‍ണയിച്ചത്.

 

ചിലിയിലെ അറ്റക്കാമ ദൂരദര്‍ശിനി നിശ്ചയിച്ച ഹബിള്‍ സ്ഥിരാങ്കം ഓരോ 3.26 ദശലക്ഷം പ്രകാശ വര്‍ഷത്തിലും പ്രപഞ്ചം 67.6 കിലോമീറ്റര്‍ വികസിക്കുന്നുവെന്നാണ്. പ്ലാങ്ക് ദൂരദര്‍ശിനി കണ്ടെത്തിയ ഹബിള്‍ സ്ഥിരാങ്കം 67.4 കിലോമീറ്ററായിരുന്നു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്ലാങ്ക് ദൂരദര്‍ശിനി ബഹിരാകാശത്തു നിന്നാണ് വിവര ശേഖരം നടത്തിയതെങ്കില്‍ ചിലിയിലെ ദൂരദര്‍ശിനി ഭൂമിയില്‍ നിന്നാണ് കണ്ടെത്തല്‍ നടത്തിയത്. ഇതിന്റെ നേരിയ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നാണ് യുകെയിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയിലെ പ്രൊഫ. എര്‍മിനിയ കാലബ്രെസ് പറയുന്നത്. 

 

എന്നാല്‍, മറ്റു ദൂരദര്‍ശിനികള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ കണ്ടെത്തിയ പ്രപഞ്ചവികാസത്തിന്റെ ഹബിള്‍ സ്ഥിരാഗം 74 കിലോമീറ്റര്‍ പെര്‍ സെക്കൻഡ് പെര്‍ മെഗാപാര്‍ സെക്കൻഡായിരുന്നു. ഇതുപ്രകാരം പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത് ഏതാണ്ട് 1380 കോടി വര്‍ഷമാണ്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടേയും ദൂരദര്‍ശിനിക്ക് പിന്നാലെ ഇപ്പോള്‍ ചിലിയിലെ അറ്റക്കാമ കോസ്‌മോളജി ടെലസ്‌കോപിന്റേയും കണക്കുകളും പറയുന്നത് നമ്മുടെ പ്രപഞ്ചത്തിന് എതാനും കോടി വര്‍ഷങ്ങള്‍ പ്രായം കുറവാണെന്നാണ്.

 

English Summary: New view of nature’s oldest light adds fresh twist to debate over universe’s age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com