sections
MORE

ഇതായിരിക്കുമോ കേരളത്തിൽ കൊറോണ വ്യാപിക്കാൻ കാരണം? പുതിയ കണ്ടെത്തലുമായി ഗവേഷകർ

1200-covid-coronavirus-kerala-trivandrum
SHARE

ആദ്യ മാസങ്ങളിൽ കേരളത്തിൽ കൊറോണവൈറസ് വ്യാപനം കുറവായിരുന്നു. എന്നാൽ മഴ സജീവമായതോടെ കൊറോണവൈറസ് വ്യാപനം വർധിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലേതിനേക്കാൾ അതിവേഗമാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം കൂടിയത്. ഇതിന് കാരണം അന്തരീക്ഷത്തിലെ ഈർപ്പം ഒരു കാരണമായിരിക്കുമോ?

ഈര്‍പ്പം കൂടിയ അന്തരീക്ഷത്തില്‍ കൊറോണ വൈറസ് 23 മടങ്ങ് വരെ അധികം അപകടകാരിയാകുമെന്നാണ് ഗവേഷകരുടെ പഠന റിപ്പോർട്ട് പറയുന്നത്. തണുപ്പേറിയ അന്തരീക്ഷത്തില്‍ 16 മീറ്റര്‍ അകലേക്ക് വരെ രോഗാണുക്കള്‍ അടങ്ങിയ സൂഷ്മജലകണികകള്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ മിസൗറി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് 2വൈറസ് വായുവിലൂടെ പകരുന്നതിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും കുറവാണ്. വായുവിലൂടെ കൊറോണവൈറസ് പടരുന്നതിനെക്കുറിച്ച് ഇപ്പോഴും വിദഗ്ധര്‍ രണ്ട് തട്ടിലാണ്. അനുകൂലസാഹചര്യത്തില്‍ വായുവിലൂടെ കൊറോണവൈറസ് വലിയ തോതില്‍ അപകടകാരിയാകുമെന്നാണ് യുഎസ് ഗവേഷക സംഘത്തിന്റെ പഠനം പറയുന്നത്. അന്തരീക്ഷ ഊഷ്മാവ്, ഈര്‍പ്പം, കാറ്റ് തുടങ്ങിയവയെല്ലാം കൊറോണ വൈറസിന്റെ വ്യാപനത്തെ സ്വാധീനിക്കുന്നുവെന്ന് പഠനം പറയുന്നു.

പരീക്ഷണ മാതൃകകളും സാധ്യതാ പഠനങ്ങളും ഉള്‍പ്പെടുന്നതാണ് അമേരിക്കന്‍ ഗവേഷകരുടെ പഠനം. വ്യത്യസ്ത വലുപ്പങ്ങളിലുള്ള സൂഷ്മജലകണികകള്‍ ഈര്‍പ്പവും ഊഷ്മാവും കാറ്റുമെല്ലാം മാറുന്നതിനനുസരിച്ച് എങ്ങനെ പെരുമാറുന്നുവെന്നാണ് പഠനവിധേയമാക്കിയത്. സാധാരണ ഒരു മനുഷ്യന്റെ ഉച്ഛ്വാസവായുവിലെ സൂഷ്മജലകണികകള്‍ക്ക് പത്തിലൊന്ന് മൈക്രോ മീറ്റര്‍ മുതല്‍ ആയിരം മൈക്രോ മീറ്റര്‍ വരെയാണ് വലുപ്പമുണ്ടാവുക. മനുഷ്യന്റെ മുടിയിഴകള്‍ക്ക് എഴുപത് മൈക്രോമീറ്ററാണ് ശരാശരി വ്യാസം. സൂഷ്മജലകണികകളുടെ വായുവിലൂടെയുള്ള സഞ്ചാരം മാത്രമല്ല ഇവയുടെ ബാഷ്പീകരണം അടക്കമുള്ളവക്ക് കാരണമാകുന്ന അന്തരീക്ഷത്തിലെ സാഹചര്യങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്. 

അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ള സമയത്ത് 100 മൈക്രോ മീറ്റര്‍ വ്യാസമുള്ള സൂഷ്മകണങ്ങള്‍ ആറ് അടി അകലം വരെയാണ് സഞ്ചരിക്കുക. 50 മൈക്രോമീറ്റര്‍ വ്യാസമുള്ളവ 16.4 അടി വരെ സഞ്ചരിക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറവുള്ള സമയത്ത് ഇത്രദൂരത്തേക്ക് സൂഷ്മകണികകള്‍ എത്തുന്നില്ല. അന്തരീക്ഷത്തില്‍ 50 ശതമാനം ഈര്‍പ്പമുള്ളപ്പോള്‍ 50 മൈക്രോമീറ്റര്‍ വ്യാസമുള്ള സൂഷ്മകണികകള്‍ 11.4 അടി ദൂരം വരെയാണ് സഞ്ചരിക്കുക. 

ഇത് വ്യക്തമാക്കുന്ന ഗ്രാഫും ഗവേഷകസംഘം പുറത്തുവിട്ടുണ്ട്. അന്തരീക്ഷത്തില്‍ ഈര്‍പ്പമില്ലാത്ത ഊഷ്മാവ് കൂടിയ അവസ്ഥയില്‍ സൂഷ്മകണികകള്‍ വളരെക്കുറിച്ച് ദൂരത്തേക്ക് മാത്രമേ സഞ്ചരിക്കുന്നുള്ളൂ. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴാണ് വലിയ തോതില്‍ സൂഷ്മജലകണികകള്‍ പുറത്തുവരുന്നത്. ഈ സമയം മാസ്‌ക് ധരിക്കുകയാണെങ്കില്‍ പരമാവധി ഏതാനും അടി ദൂരത്തേക്ക് മാത്രമേ സൂഷ്മകണികകള്‍ സഞ്ചരിക്കുന്നുള്ളൂ. 

ചോളത്തിന്റെ പൂമ്പൊടി ഉപയോഗിച്ചായിരുന്നു ഒരു പരീക്ഷണം നടത്തിയത്. ഏതാണ്ട് 87 മൈക്രോമീറ്ററാണ് ഇത്തരം പൂമ്പൊടിയുടെ വ്യാസം. ചുമയിലൂടെയും തുമ്മലിലൂടെയും പുറത്തുവരുന്ന ഒട്ടുമിക്ക സൂഷ്മകണികകളുടേയും വ്യാസം ഏതാണ്ടിതിനോട് അടുപ്പിച്ചായിരിക്കും. ചുമയും തുമ്മലും അനുകരിക്കുന്ന രീതിയില്‍ കൃത്രിമ ജെറ്റ് മോഡലുണ്ടാക്കിയും സൂഷ്മകണികകള്‍ എത്രത്തോളം ദൂരം സഞ്ചരിക്കുന്നുവെന്ന് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചു. 

കോവിഡിനെ നിയന്ത്രിക്കാന്‍ മാസ്‌ക് ധരിക്കേണ്ടതിന്റേയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റേയും പ്രാധാന്യമാണ് ഈ പഠനം കാണിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബിന്‍ബിന്‍ വാങ് പറഞ്ഞു. ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡിലാണ് പഠനം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Coronavirus droplets survive in humid air up to 23 times longer than they do in dry conditions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA