ADVERTISEMENT

അടുത്ത വര്‍ഷം അവസാനിക്കുന്നതിനു മുൻപ് കൊറോണാവൈറസ് ബാധ അവസാനിക്കുമെന്ന് മൈക്രോസോഫ്റ്റ് മുന്‍ മേധാവിയും ശതകോടീശ്വരനുമായ ബില്‍ ഗെയ്റ്റ്‌സ് പ്രവചിക്കുന്നു. പക്ഷേ, അതിനു മുന്‍പ് ദശലക്ഷക്കണക്കിനാളുകള്‍ മരിച്ചേക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ മുന്നറിയിപ്പ്. ഈ മരണങ്ങളില്‍ പലതും കൊറോണാവൈറസ് മൂലമായിരിക്കില്ല, മറിച്ച് ഓരോ സ്ഥലത്തുമുള്ള ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത മൂലവും, തകരാറിലായിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ മൂലവുമായിരിക്കും സംഭവിക്കുക എന്നും ഗെയ്റ്റ്‌സ് പറയുന്നു. ഈ രോഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയും ഗൂഢാലോചനാ വാദക്കാര്‍ക്കെതിരെയും ( ഇത്തരക്കാരില്‍ പലര്‍ക്കും പ്രധാന വില്ലന്‍ ഗേറ്റ്സ് തന്നെയാണ് ) അദ്ദേഹം ആഞ്ഞടിച്ചു. ഇതു രണ്ടും വൈറസിനെ തളയ്ക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, അദ്ദേഹം ഇപ്പോള്‍ നല്‍കുന്ന പ്രതീക്ഷയുടെ നാമ്പ് ഇതാണ് - 2021 അവസാനത്തോടെ സാമാന്യം ഫലപ്രദമായ ഒരു വാക്‌സീന്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുമെന്നും, ഇത് ലോകത്തെ മിക്കവാറും ആളുകളെയെല്ലാം കുത്തിവയ്പ്പു നടത്താന്‍ ഇടയാക്കുമെന്നുമാണ്.

അടുത്തിടെ ഗേറ്റ്സ് തന്റെ സമയം വന്‍തോതില്‍ വൈറസുകളെക്കുറിച്ചു ചിന്തിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നു വേണം കരുതാന്‍. അദ്ദേഹം 2015ല്‍ തന്നെ ഇത്തരം ഒരു വൈറസ് വന്നേക്കാമെന്നും അതിനുളള മുന്നൊരുക്കം നടത്തണമെന്നും പറഞ്ഞിരുന്നു. ചെയ്യേണ്ടത് എന്താണെന്നും അദ്ദേഹം അന്നേ പറഞ്ഞിരുന്നു: ഓരോ രാജ്യത്തെയും പട്ടാളക്കാര്‍ വന്നേക്കാവുന്ന യുദ്ധങ്ങള്‍ക്ക് സജ്ജരാകാന്‍ മോക് ഡ്രില്ലുകള്‍, അല്ലെങ്കില്‍ വാര്‍ ഗെയ്മുകള്‍ നടത്താറുണ്ട്. അതായത്, യുദ്ധത്തിനു സമാനമയാ സഹചര്യം സൃഷ്ടിച്ച് തങ്ങളുടെ കഴിവുകളും പോരായ്മകളും സ്വയം വിലയിരുത്തും. അതുപോല, രോഗാണു കളികള്‍, അഥവാ ജേം ഗെയിംസ് കളിച്ചു സജ്ജരാകണം എന്നായിരുന്നു അദ്ദേഹം അന്നു നല്‍കിയ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെയും ഭാര്യയുടെ കീഴിലുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗെയ്റ്റ്‌സ് ഫൗണ്ടേഷന്‍ ഇതേ വരെ കൊറോണാവൈറസിനുള്ള പ്രതികരണമെന്നവണ്ണം 350 ദശലക്ഷം ഡോളര്‍ വിവിധ കാര്യങ്ങള്‍ക്കായി നല്‍കിക്കഴിഞ്ഞു. ഇതില്‍ കൂടുതലും വികസിത രാജ്യങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവിട്ടിരിക്കുന്നത്. എന്നാല്‍, ഇനിയും എല്ലാവരും ചേര്‍ന്ന് കോടിക്കണക്കിനു ഡോളര്‍ ചെലവിടണം. അല്ലെങ്കില്‍, നിലവിലെ സാഹചര്യം ട്രില്ല്യന്‍ കണക്കിനു ഡോളറിന്റെ സാമ്പത്തികാഘാതം വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

 

പാവപ്പെട്ട രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന കൃത്യതയില്ലാത്ത ഡേറ്റ അവിടങ്ങളില്‍ വൈറസ് ഏല്‍പ്പിക്കുന്ന ആഘാതത്തെത്തുറിച്ചുള്ള വ്യക്തമായ ചിത്രം കിട്ടുന്നതിന് തടസമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഓഗസ്റ്റ് 17 വരെ ആഫ്രിക്ക സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കു പ്രകാരം ഭൂഖണ്ഡത്തില്‍ ഏകദേശം പത്തു ലക്ഷം പേര്‍ രോഗബാധിതരാകുകയും, 25,000 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍  52,000 പേര്‍ മരിച്ചുവെന്നാണ് പറയുന്നത്. ഈ രണ്ടു പ്രദേശങ്ങളിലെയും ശരിയായ മരണ സംഖ്യ മിക്കവാറും ഇതില്‍ കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, കൊറോണാവൈറസ് മാത്രമല്ല വികസ്വര രാജ്യങ്ങളില്‍ ഇപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും പറയുന്നു. 

 

ഗേറ്റ്സ് പ്രവചിക്കുന്ന ദശലക്ഷക്കണക്കിനു മരണങ്ങള്‍ കോവിഡ്-19 നേരിട്ടുണ്ടാക്കുന്നതായിരിക്കില്ല. ഇവയില്‍ 90 ശതമാനവും പരോക്ഷമായ കാരണങ്ങളാലായിരിക്കും സംഭവിക്കുക. ലോക്ഡൗണുകള്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നതിനും മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭിക്കുന്നതിനും പ്രശ്‌നം സൃഷ്ടിക്കും. മലേറിയ, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുമെന്നും ഗേറ്റ്സ് പ്രവചിക്കുന്നു. വേണ്ടത്ര കൃഷി ചെയ്യാത്തതിനാല്‍ പട്ടിണി പെരുകും. വിദ്യാഭ്യാസ നിലവാരം താഴും. പട്ടിണിക്കെതിരെയുള്ള യുദ്ധത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നേടിയത് കൊറോണാവൈറസിനു മുന്നില്‍ മനുഷ്യരാശി അടിയറവയ്ക്കുമെന്നും ഗെയ്റ്റ്‌സ് പറയുന്നു.

 

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വാക്‌സീന്‍ വാങ്ങി നല്‍കണമെന്ന് ഗേറ്റ്സ് നിര്‍ദ്ദേശിക്കുന്നു. ഇതിനെ അങ്ങനെ നിസ്വാര്‍ഥ സേവനമായിട്ടൊന്നും കാണേണ്ട. ചിലയിടങ്ങളില്‍ വൈറസ് നിലനിന്നാല്‍ അതു മറ്റു രാജ്യങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുമെന്നുള്ള കാര്യവും മനസില്‍ വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങളില്‍ വാക്‌സീന്‍ കൂടിയ വിലയ്ക്കു കുത്തിവച്ചാല്‍, അതിന്റെ ഗവേഷണത്തിനും, ക്ലിനിക്കല്‍ ട്രയലുകള്‍ക്കും, ഫാക്ടറികള്‍ നിര്‍മിക്കുന്നതിനും മറ്റുമായി ചെലവിട്ട പണം തിരിച്ചു പിടിക്കുകയും പാവപ്പെട്ട രാജ്യങ്ങളില്‍ വിലകുറച്ചു നല്‍കുകയും ചെയ്യാം. ഇങ്ങനെ ചെയ്താല്‍ പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ എത്തിക്കാന്‍ 10-12 ബില്ല്യന്‍ ഡോളറെ ചെലവു വരികയുള്ളു എന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ തുകയും അമേരിക്ക ചെലവിടുമെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍, അമേരിക്കയില്‍ അടുത്തിടെ ഉണ്ടായിരിക്കുന്ന അപ്രതീക്ഷിത ചേരിതിരിവ് ഇതിലെല്ലാം ഇടങ്കോലിട്ടേക്കാമെന്നും അദ്ദേഹം പറയുന്നു. മാസ്‌ക് ധരിക്കുന്നതുവരെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു. ഇത്തരം ആവശ്യമില്ലാത്ത വിവാദങ്ങള്‍ മനസില്‍ കയറിപ്പറ്റിക്കഴിഞ്ഞാല്‍ അവ പിന്നെ തിരുത്താനാവില്ലെന്ന് അദ്ദേഹം പറയുന്നു.

 

അമേരിക്കയില്‍ നേരാംവണ്ണമുളള നേതൃത്വമില്ലാത്തതും പ്രശ്‌നങ്ങള്‍ വഷളാക്കാനിടയാക്കുന്നുണ്ടെന്നും ഗേറ്റ്സിന് അഭിപ്രായമുണ്ട്. ലോകത്തെ ഒറ്റ സൂപ്പര്‍ പവര്‍ രാജ്യം നേരത്തെ തന്നെ കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കേണ്ടതായിരുന്നു. വാക്‌സീന്‍ വികസിപ്പിച്ചെടുത്താല്‍ മാത്രം പോര. അവ ജനങ്ങള്‍ സ്വീകരിക്കുകയും വേണം. അടുത്തിടെ നടത്തിയ ഒരു സര്‍വെ കണ്ടെത്തിയത് അമേരിക്കയില്‍ മൂന്നില്‍ ഒരാള്‍ എഫ്ഡിഎ അംഗീകരിച്ച വാക്‌സീന്‍ എടുക്കാന്‍ വിസമ്മതിക്കും എന്നാണ്. ഫ്രീ ആയി നല്‍കിയാല്‍ പോലും വേണ്ടെന്നു വയ്ക്കുമത്രെ. ഭാഗ്യവശാല്‍ നിലവിലെ വിലയിരുത്തല്‍ പ്രകാരം ലോകത്തെ 30-60 ശതമാനം പേര്‍ വാക്‌സീന്‍ സ്വീകരിച്ചാല്‍ പോലും കോവിഡ്-19 നിയന്ത്രണത്തില്‍ കൊണ്ടുവരാമത്രെ. ലോകമെമ്പാടുമായി 150 ലേറെ വാക്‌സീനുകള്‍ വികസിപ്പിക്കുന്നുണ്ട്. ഇവയില്‍ ആറെണ്ണം അന്തിമ ഘട്ടത്തിലുമാണ്.

 

English Summary: Covid-19 will end by 2021; but millions might die, hunger may spread, says Gates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com