ADVERTISEMENT

കൊറോണവൈറസിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി കടൽ‌പ്പായലുകളെക്കുറിച്ചുള്ള കൊച്ചിയിലെ സി‌ഐഎഫ്‌ടി ഗവേഷകരുടെ പ്രവർത്തനത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കോവിഡിനെതിരെ പോരാടുന്നതിന് ഫലപ്രദമായ ഇമ്യൂണോ തെറാപ്പിയായി കടൽപ്പായൽ നിർദ്ദേശിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്റ്റ്) പഠന റിപ്പോർട്ടാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. ഇത് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

സി‌ഐഎഫ്‌ടി ഗവേഷണ ലേഖനം കറന്റ് സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടൽപ്പായലിൽ നിന്നുള്ള സൾഫേറ്റഡ് പോളിസാക്രറൈഡുകൾക്ക് കോവിഡ് മഹാമാരിക്കെതിരെ രോഗപ്രതിരോധവും ചികിത്സാ പരിഹാരവും നൽകാൻ കഴിയുമോ? എന്നതായിരുന്നു പഠനം. ഗവേഷകരായ ആഷിഷ് കെ. ഝാ, സുശീല മാത്യു, സി.എൻ. രവിശങ്കർ എന്നിവരാണ് പഠന റിപ്പോർട്ട് തയാറാക്കിയത്. കൊറോണ വൈറസിനെതിരെ ഫലപ്രദമായ രോഗപ്രതിരോധ ചികിത്സയായി കടൽപ്പായലിന്റെ ശേഷിയാണ് ഡബ്ല്യുഎച്ച്ഒ അംഗീകരിച്ച റിപ്പോർട്ടിൽ ഉയർത്തിക്കാട്ടുന്നത്. 

സമുദ്രവിഭവത്തിൽ നിന്നും കൊറോണയെ നേരിടാൻ എന്തു ലഭിക്കുമെന്നതിൽ നിന്നാണ് ഈ കണ്ടെത്തലുണ്ടായത്. സാർസ്-കോവ് 2നെതിരെ പോരാടുന്നതിനുള്ള ഇതൊരു അദ്ഭുത മരുന്നായി പ്രവർത്തിക്കുന്നു എന്നാണ് സി‌ഐഎഫ്‌ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. സമുദ്ര ആവാസവ്യവസ്ഥയിൽ എളുപ്പത്തിൽ ലഭ്യമാകുന്നതും സമൃദ്ധവുമായ  ഇനങ്ങളിലൊന്നാണ് കടൽപ്പായൽ. കടൽപ്പായലിന്റെ ഡെറിവേറ്റീവുകൾ‌ക്ക് ധാരാളം പോഷകഗുണങ്ങളുണ്ട്. ചുവപ്പ്, പച്ച കടൽ‌പ്പായലുകളിൽ നിന്ന് വേർതിരിച്ചെടുത്ത നിരവധി പോളിസാക്രറൈഡുകൾ അതിന്റെ ആന്റിവൈറൽ സ്വഭാവസവിശേഷതകൾക്കായി വിലയിരുത്തി. ഇതിന് ഹോസ്റ്റ് സെല്ലുകളിലേക്കുള്ള കൊറോണ വൈറസിന്റെ പ്രാരംഭ അറ്റാച്ചുമെന്റിനെ തടയാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തി. ഇത് മനുഷ്യ ശരീരത്തിലേക്കുള്ള വൈറൽ പ്രവേശനത്തെ ഫലപ്രദമായി തടയുന്നുണ്ടെന്നും ഗവേഷകർ തെളിയിച്ചു.

ജലദോഷം, ഇൻഫ്ലുവൻസ വൈറസ് എച്ച് 1 എൻ 1 പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സാ ഏജന്റായി ചുവന്ന കടൽപ്പായലിൽ നിന്നുള്ള സൾഫേറ്റഡ് പോളിസാക്രറൈഡ് കാരഗെജനൻ ഇതിനകം പരീക്ഷിച്ചു വിജയിച്ചതാണ്. നോവൽ പാൻഡെമിക് എച്ച് 1/ എൻ 1/2009 ഇൻഫ്ലുവൻസയ്‌ക്കെതിരെ അയോട്ട-കാരഗെജനൻ സജീവമാണെന്ന് വിട്രോ പഠനം കാണിക്കുന്നു. സൾഫേറ്റഡ് പോളിസാക്രറൈഡിന്റെ ഉപയോഗം ഇന്റർഫെറോൺ, ഇന്റർലൂക്കിൻ എന്നിവയുടെ സ്രവങ്ങൾ വർധിപ്പിക്കുമെന്നും ഇത് ശക്തമായ രോഗപ്രതിരോധ ഉത്തേജകമാണെന്നും സൂചിപ്പിക്കുന്നു. ലഭ്യമായ ശാസ്ത്രീയ അറിവ് കണക്കിലെടുക്കുമ്പോൾ, കോവിഡ് മഹാമാരിക്കെതിരെ പോരാടാനുള്ള ശക്തമായ ഒരു തന്മാത്രയാണ് കടൽപ്പായലിൽ നിന്നുള്ള സൾഫേറ്റഡ് പോളിസാക്രൈഡ് എന്ന് കരുതുന്നു.

English Summary: WHO recognises seaweed’s anti-virus potency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com