ADVERTISEMENT

ലോകത്തെ ആകാംക്ഷയിലാഴ്ത്തി ചെറുഗ്രഹം ഭൂമിക്കരികിലേക്ക് വരുന്നു. ഈ വരുന്ന നവംബര്‍ മൂന്നിനാണ് ചെറുഗ്രഹം ഭൂമിയെ കടന്നുപോവുക. അതേസമയം, ഭൂമിയുമായി ഛിന്നഗ്രഹം ഇടിക്കാന്‍ 0.41 ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന നവംബര്‍ മൂന്നിന്റെ അന്നാണ് ചെറുഗ്രഹം അടുത്തെത്തുക. 2018 വിപി1 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ചെറിയ സാധ്യതയുണ്ടെന്ന് നാസ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാൽ, ഇത്തരം ചെറുഗ്രഹങ്ങളെ നേരിടാൻ നിലവിൽ സംവിധാനങ്ങളില്ല.

 

ഏതാണ്ട് 0.002 കിലോമീറ്റര്‍ (6.5 അടി) മാത്രമാണ് ഈ കുഞ്ഞന്‍ ഛിന്നഗ്രഹത്തിന്റെ വലുപ്പം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് ഈ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2018ല്‍ കാലിഫോര്‍ണിയയിലെ പലോമാര്‍ ഒബ്‌സര്‍വേറ്ററിയിലാണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്. അതാണ് 2018വിപി1 എന്ന പേരിന് കാരണമായത്. 

 

കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു കാറിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയോട് വളരെ അടുത്തുകൂടെ പോയത് വാര്‍ത്തയായിരുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഭൂമിയോട് ഏറ്റവും അടുത്തുകൂടെ പോയ ഛിന്നഗ്രഹമായിരുന്നു 2020ക്യുജി. കഴിഞ്ഞ ഞായറാഴ്ച്ച ഇന്ത്യന്‍ മഹാസമുദ്രത്തിന് 2950 കിലോമീറ്റര്‍ മുകളിലൂടെ ഇന്ത്യന്‍ സമയം രാത്രി 09.38നായിരുന്നു ഛിന്നഗ്രഹം പോയത്. 

 

ഭൂമിയോട് ഏറ്റവും അടുത്തുകൂടെ പോയ ശേഷം ആറ് മണിക്കൂര്‍ കഴിഞ്ഞാണ് നാസയുടെ സംവിധാനങ്ങള്‍ ഈ ഛിന്നഗ്രഹത്തെ തിരിച്ചറിയുന്നത്. ഇന്ത്യക്കാരായ ഐഐടി മുംബൈയിലെ രണ്ട് വിദ്യാര്‍ഥികളാണ് ഈ കണ്ടെത്തലിന് പിന്നിലെന്നതും നമുക്ക് അഭിമാനിക്കാവുന്ന വിവരമാണ്. പൂനെ, ഹരിയാന സ്വദേശികളായ കുനാല്‍ ദേശ്മുഖ്, കൃതി ശര്‍മ്മ എന്നിവരായിരുന്നു അത്. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഛിന്നഗ്രഹങ്ങള്‍ എന്ന വിഷയത്തിലായിരുന്നു ഇരുവരുടേയും ഗവേഷണം. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാലിഫോര്‍ണിയയിലെ റോബോട്ടിക് സ്വിസ്‌കി ട്രാന്‍സിറ്റ് സംവിധാനം വഴി 2020 ക്യുജി എന്ന ഈ ഛിന്നഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു.

 

English Summary: Asteroid 2018VP1 measuring about 6.5 feet to pass near Earth a day before the US elections on November 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com