sections
MORE

മരണസംഖ്യ കുറഞ്ഞു, കൊറോണ വൈറസിനുണ്ടായ ജനിതക 'മാറ്റം നല്ലത്' : ആരോഗ്യവിദഗ്ധര്‍

1200-covid-vaccine-india
SHARE

കൊറോണ വൈറസിനുണ്ടായ ജനിതക 'മാറ്റം നല്ലതാ'ണെന്ന് ആരോഗ്യവിദഗ്ധര്‍. കോവിഡ് 19 രോഗകാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിനുണ്ടായ ജനിതകമാറ്റം വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും വൈറസ് ബാധിക്കുന്നവരിലെ മരണസംഖ്യ കുറഞ്ഞുവെന്നതാണ് ആശ്വാസകരം. ഡി614ജി എന്ന് പേരിട്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഉപവിഭാഗം യൂറോപിലും അമേരിക്കയിലും ഏഷ്യയിലെ പല ഭാഗങ്ങളിലും വളരെ വേഗത്തില്‍ പടരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപൂരിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ പോള്‍ ടാംബയായാണ് ലഭ്യമായ തെളിവുകള്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന ഉപവിഭാഗമായ ഡി614ജി വീര്യം കുറഞ്ഞതാണെന്ന് അറിയിച്ചിരിക്കുന്നത്. മരണനിരക്കിലുള്ള കുറവ് രേഖപ്പെടുത്തിയതോടെയാണ് ഈ കോവിഡ് രോഗാണുവിനെ അപകടം കുറഞ്ഞ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'കൂടുതല്‍ പേരിലേക്ക് പകരുന്നുണ്ടെങ്കിലും മരണനിരക്ക് കുറയുന്നുണ്ട്. കോവിഡ് രോഗാണുവിനെ സംബന്ധിച്ച് ഈ ജനിതകമാറ്റം ശുഭകാര്യമാണ്' ഡോ. ടാംബയ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

ഏതാണ്ട് ഫെബ്രുവരി തുടക്കത്തില്‍ തന്നെ ഈ കൊറോണ വൈറസിന്റെ ഉപവിഭാഗത്തെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിരുന്നു. യൂറോപിലും അമേരിക്കയിലുമാണ് ആദ്യം ഡി614ജി വൈറസിനെ കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന തന്നെ അറിയിച്ചിട്ടുണ്ട്. ഈ ജനിതകമാറ്റം കൂടുതല്‍ അപകടകാരിയായെന്നതിന് തെളിവില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിരുന്നു. 

ഡി614ജി കൊറോണ വൈറസിന്റെ രണ്ട് ക്ലസ്റ്ററുകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുൻപ് മലേഷ്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് നൂര്‍ ഹിഷാം അബ്ദുള്‍ ഇക്കാര്യം അധികൃതര്‍ക്ക് മുന്നറിയിപ്പായി നല്‍കിയിരുന്നു. 

സാധാരണ കൊറോണ വൈറസിനേക്കാള്‍ പത്തിരട്ടി വേഗത്തിലാണ് ഈ ജനിതക മാറ്റം വന്ന കോവിഡ് രോഗാണു പരക്കുന്നതെന്നാണ് നൂര്‍ ഹിഷാം അറിയിച്ചിരിക്കുന്നത്. കണ്ടെത്തുന്ന പ്രതിരോധ കുത്തിവെപ്പ് ഈ കോവിഡ് രോഗാണുവിനെതിരെ വിജയകരമാകുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈവര്‍ഷം തുടക്കത്തെ അപേക്ഷിച്ച് കോവിഡ് 19 രോഗം അപകടം വിതക്കുന്നതിന്റെ തോത് കുറഞ്ഞെന്ന് ജൂണില്‍ തന്നെ ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ അവകാശപ്പെട്ടിരുന്നു. കൊറോണ വൈറസ് വലിയ മരണം വിതച്ച മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറയുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞത്. കോവിഡ് രോഗികളിലെ ശരീരത്തിലെ അവയവങ്ങളില്‍ കാണപ്പെടുന്ന കൊറോണ വൈറസിന്റെ അളവിലും കുറവുണ്ടായെന്നും ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസ് തുടക്കകാലത്തെ അപേക്ഷിച്ച് നിഴല്‍ മാത്രമാണിപ്പോഴെന്നായിരുന്നു ഇറ്റാലിയന്‍ സംഘത്തിന്റെ വാദം. 

അതേസമയം ഇറ്റാലിയന്‍ ആരോഗ്യവിദഗ്ധരുടെ ഈ വാദത്തെ മറ്റുപലരും തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫ. ബ്രണ്ടന്‍ റെന്‍ പറയുന്നത് ഒന്നിലേറെ ഘടകങ്ങള്‍ കൊറോണ വൈറസിന്റെ തീവ്രത കുറക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നാണ്. രോഗത്തെക്കുറിച്ചുള്ള ധാരണ വര്‍ധിച്ചതും ചികിത്സയിലെ പുതിയ രീതികളും സഹായകരമായിട്ടുണ്ടെന്നും പ്രൊഫ. ബ്രണ്ടന്‍ റെന്‍ പറയുന്നു. 

ഡി614ജി എന്ന കോവിഡ് 19ന് കാരണമാകുന്ന വൈറസിന് സാധാരണ സാര്‍സ് കോവ് 2 വൈറസിനേക്കാള്‍ നാലോ അഞ്ചോ മടങ്ങ് പ്രഹരശേഷിയുള്ളതാണ്. ഇത് തന്നെയാണ് ഡി614ജിയെ കൂടുതല്‍ വേഗത്തില്‍ പകരാന്‍ സഹായിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ ശരീരത്തിനെത്തി കഴിഞ്ഞാല്‍ വൈറസ് പെരുകുന്നതിന് ഈ അധികമുള്ള ശേഷി സഹായിക്കുന്നില്ല. അതുകൊണ്ടുതന്നെ വൈറസ് വേഗത്തില്‍ പകരുമെങ്കിലും മരണകാരണമാകുന്ന തരത്തിലേക്ക് ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ കുറവാണെന്നാണ് ഗവേഷകരുടെ നിഗമനം.

പല രാജ്യങ്ങളിലും ജനിതകമാറ്റത്തിലൂടെ വന്ന കൊറോണ വൈറസായ ഡി614ജി മുന്‍തൂക്കം നേടിയിട്ടുണ്ടെന്ന് അമേരിക്കയിലേയും ബ്രിട്ടനിലേയും ഗവേഷകര്‍ കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജര്‍മനിയില്‍ ഫെബ്രുവരിയിലാണ് ആദ്യമായി ഈ കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന രൂപത്തെ തിരിച്ചറിഞ്ഞത്. പിന്നീട് ഏതെല്ലാം മേഖലകളില്‍ പഴയ കൊറോണ വൈറസും പുതിയ വൈറസും വന്നോ അവിടെയെല്ലാം ജനിതകമാറ്റം വന്ന വൈറസിന് മുന്‍തൂക്കം ലഭിക്കുകയും അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുകയുമായിരുന്നു.

English Summary: New mutation of the coronavirus 'may be a good thing': expert claims

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA